
എന്താണ് ഉടമസ്ഥത? നാം കടയില്‍ പോയി ഒരു സോപ്പ് വാങ്ങുമ്പോള്‍ നമ്മള്‍ അതിന്റെ ഉടമസ്ഥനാകുന്നു. പക്ഷെ അത് കുറച്ചു ദിവസം കൊണ്ട് ഉപയോഗിച്ച തീരുന്നതു കൊണ്ട്, അത് ഒരു ഉപഭോഗവസ്തു മാത്രമാണ്. ഒരു കാറോ ഒരു ഫ്രിഡ്‌ജോ ആണെങ്കിലോ? കുറെ നാള്‍ നിലനില്‍ക്കും. ഇവിടെയും കാര്‍ അല്ലെങ്കില്‍ ഫ്രിഡ്ജ് കുറെനാള്‍ നിലനില്ക്കൂന്ന, അതിനു ശേഷം അതിന്റെ മൂല്യം കുറയുന്ന ഒരു ഉപഭോഗവസ്തുവാണ്. പക്ഷെ കാറിന്റെ കാര്യത്തില്‍, അത് നമുക്ക് തരുന്ന സൗകര്യത്തെക്കാള്‍ 'ഞാന്‍ ഒരു കാറിന്റെ ഉടമസ്ഥനാണ്' എന്ന വസ്തുത തന്നെ അധിക സന്തോഷം തരുന്ന സ്ഥിതി ഉണ്ട്. സമൂഹത്തില്‍ മറ്റു പലര്‍ക്കും കാര്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണത്. ഇന്ന് കേരളത്തിലെ ഇടത്തരക്കാര്‍ ആരെങ്കിലും എനിക്ക് ഒരു ഫ്രിഡ്ജ് ഉണ്ടെന്നു പൊങ്ങച്ചം പറയുമോ? ചുരുക്കത്തില്‍ കാര്‍ പോലും ആത്യന്തികമായി ഒരു ഉപഭോഗ വസ്തു ആണ്.
ഉപഭോഗ വസ്തുക്കളുടെ കാര്യത്തില്‍ നാം വിലമതിക്കുന്നത് അത് ഒരു നിശ്ചിത കാലം നമുക്ക് തരുന്ന സേവനത്തെയാണ്. ഫ്രിഡ്ജ് നമുക്ക് കുറേക്കാലം ഭക്ഷണം കേടു കൂടാതെ സൂക്ഷിക്കാന്‍ ഉള്ള സേവനം തരുന്നു. കാര്‍ നമുക്ക് കുറെ നാള്‍ സ്വയം ഓടിച്ചോ അല്ലാതെയോ സഞ്ചരിക്കാന്‍ ഉള്ള സേവനം നല്‍കുന്നു. എന്തുകൊണ്ട് ഇവ നാം സ്വന്തമാക്കുന്നു? സഞ്ചാരത്തിന് ആവശ്യമുള്ളപ്പോള്‍ ടാക്‌സി പിടിച്ചാല്‍ പോരെ?
ഒന്നാമതായി, നാം നേരത്തെ പറഞ്ഞ രീതിയില്‍ കാറിന്റെ ഉടമസ്ഥനാണ് എന്നത് മൂലം നമുക്ക് കിട്ടാന്‍ ഇടയുള്ള സന്തോഷം. ഇത് മാത്രമല്ല, എല്ലായിടത്തും നമ്മള്‍ ഉദ്ദേശിക്കുന്ന സമയത്ത്, നമുക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ടാക്‌സിയുടെ സേവനം കിട്ടില്ല. അങ്ങനെ സേവനം കിട്ടേണ്ടത് ആവശ്യമാണെങ്കില്‍ കാറിന്റെ ഉടമസ്ഥനാകേണ്ടി വരും. ചിലയിടങ്ങളില്‍ എങ്കിലും സ്വന്തം കാര്‍ അമിത ഭാരമാകും. ന്യൂയോര്‍ക്കില്‍ പാര്‍ക്കിങ് ബുദ്ധിമുട്ടും ടാക്‌സി കിട്ടാന്‍ എളുപ്പവുമായതു കൊണ്ട് ശശി തരൂര്‍ സ്വന്തമായി കാര്‍ വാങ്ങിയിരുന്നില്ല എന്ന് വായിച്ചതു ഓര്‍ക്കുന്നു. ഫ്രിഡ്ജിന്റെ കാര്യത്തില്‍, നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ എടുക്കാനും പറ്റുന്ന ഒരു കട ഉണ്ടാകാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ വലിയ വാഷിങ് മെഷീനും ഉണക്ക് യന്ത്രവും തേപ്പു സൗകര്യവും ഉള്ള കടകള്‍ ആളുകള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ഉണ്ടാകാനും അവ ഉപയോഗിക്കുന്നതാണ് സ്വന്തമായി ഈ സാധനങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ നല്ലതെന്ന് കരുതുന്നവരെ ഞാന്‍ വികസിത രാജ്യങ്ങളില്‍ കണ്ടിട്ടുണ്ട്. ചുരുക്കത്തില്‍, ഉടമസ്ഥത എന്നതിന് അതിന്റേതു മാത്രമായ ആത്യന്തിക വിലയൊന്നുമില്ല ('എനിക്ക് കാറുണ്ട്' എന്ന സന്തോഷം പോലും കുറെ നാള്‍ കഴിയുമ്പോള്‍ ഇല്ലാതാകും). മറിച്ചു ചില വസ്തുക്കള്‍ നമുക്ക് ചില കാലങ്ങളില്‍ നല്‍കുന്ന സേവനം കിട്ടുന്നതിനുള്ള വിവിധ ഉപാധികളില്‍ ഒന്ന് മാത്രമാണ് ഉടമസ്ഥത. ചില ഉപാധികള്‍ ചില സ്ഥലങ്ങളില്‍ ചില സാഹചര്യങ്ങളില്‍ പ്രാവര്‍ത്തികമാകാത്തതു കൊണ്ട് നാം ഉടമസ്ഥത എന്ന ഉപാധി സ്വീകരിക്കുന്നു.
അപ്പോള്‍ വീടിന്റെയും സ്വര്‍ണത്തിന്റെയും മറ്റു തരത്തിലുള്ള സമ്പത്തിന്റെയും ഉടമസ്ഥതയോ? വീട് ആദ്യം എടുക്കാം. അത് പല സേവനങ്ങള്‍ നല്‍കുന്നു. താമസിക്കാനുള്ള സൗകര്യം, സാമ്പത്തിക (ചിലപ്പോള്‍ സാമൂഹിക) സുരക്ഷിതത്വം, ചില വീടുകള്‍ (പ്ലോട്ടുകള്‍) ഭാവിയില്‍ വിറ്റാല്‍ കൂടുതല്‍ പണം കിട്ടാന്‍ സാധ്യത ഉണ്ടെന്നതിനാല്‍ പണം നിക്ഷേപിക്കുന്നതിനുള്ള ഒരു ഉപാധി തുടങ്ങിയ സേവനങ്ങള്‍. മക്കള്‍ക്ക് കൈമാറാന്‍ പറ്റിയ ഒരു സമ്പത്ത് എന്നും കരുതാം. എല്ലാവര്‍ക്കും വീടില്ലാത്തപ്പോള്‍ 'എനിക്ക് ഒരു വീടുണ്ട്' എന്ന അധിക സന്തോഷവും കിട്ടിയേക്കാം.
ഈ സേവനങ്ങള്‍ ഒക്കെ കിട്ടുമ്പോഴും അവ ലഭിക്കുന്നതിനുള്ള ഒരു ഉപാധി മാത്രമാണ് ഉടമസ്ഥത എന്ന് നാം ഓര്‍ക്കണം. അല്ലാതെ ഉടമസ്ഥതയ്ക്ക് തനതായ ഗുണമൊന്നുമില്ല. (മറിച്ചു ദോഷങ്ങളുണ്ട്. അവയിലേക്കു നമുക്ക് വരാം.) ഒരു പണക്കാരന്‍ തേക്കടിയില്‍ പോയി വര്‍ഷത്തിലെപ്പോഴെങ്കിലും അവധിക്കാലം ചെലവഴിക്കാന്‍ ഒരു വീട് വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാം. അവിടെ സൗകര്യത്തിനു താമസിക്കാന്‍ ഹോട്ടല്‍ ഒന്നും ഇല്ലെങ്കില്‍, അയാള്‍ മിക്കവാറും എല്ലാ വര്‍ഷവും തേക്കടിയില്‍ മാത്രമേ അവധിക്കാലം ചെലവഴിക്കാന്‍ സാധ്യത ഉള്ളൂ എങ്കിലും അങ്ങനെ ഒരു വീടിന്റെ ഉടമസ്ഥനാകുന്നതില്‍ അര്‍ത്ഥമുണ്ട്. ഇല്ലെങ്കില്‍ ഈ ഉടമസ്ഥത നഷ്ടമുണ്ടാക്കും. അയാള്‍ ഉപയോഗിക്കുന്നത് കഴിച്ചുള്ള സമയം വീട് പൂടിയിടനം, അല്ലെങ്കില്‍ വാടകയ്ക്ക് കൊടുക്കാന്‍ ആളെ കണ്ടു പിടിക്കണം. പൂട്ടിയിട്ട വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയാല്‍, അവിടെ അത് സൗകര്യപ്പെടുത്തിയിടാന്‍ ആളെ വെക്കണം, അങ്ങനെ തുടങ്ങി ധാരാളം തലവേദനകള്‍. അതുകൊണ്ട് തന്നെ, ആവശ്യത്തിനു പണവും, അവിടെ ഹോട്ടലുകളും ഉണ്ടെങ്കില്‍, ഈ ഉടമസ്ഥത 'ഒഴിവാക്കുക'യാകും ഭേദം.
ഇനി ഒരു സ്ഥലത്ത് താമസിക്കും എന്ന് ഉറപ്പുള്ളവര്‍ സ്വന്തം വീട് വാങ്ങുന്നതില്‍ യുക്തിയുണ്ട്. പക്ഷെ ഈ ഉറപ്പു എത്ര കാലത്തേക്ക്? മക്കള്‍ സ്വന്തം നാട്ടില്‍ താമസിക്കും എന്ന് കരുതി ഒരു വീട് വച്ചാലോ? അവര്‍ക്ക് തൊഴില്‍ കിട്ടുന്ന സ്ഥലത്ത് പോണ്ടേ? സ്വന്തം വീട് ഒരു സ്ഥലത്ത് ഉണ്ടെന്നു കരുതി അകലെ തൊഴില്‍ സ്വീകരിക്കാതിരുന്നാല്‍ അത് ശരിയായ തീരുമാനമാകുമോ? അപ്പോള്‍ എവിടെയാണോ സൗകര്യപ്രദമായ ജോലി അവിടെ താമസിക്കാനുള്ള സൗകര്യം കിട്ടുകയെന്നതാണ് പ്രധാനം.
നമുക്ക് ഒരു വീട് വാങ്ങിയിട്ടാല്‍, അത് വിറ്റ് വേറൊരു സ്ഥലത്ത് വീട് വാങ്ങാമല്ലോ? ഇന്നത്തെ അവസ്ഥയില്‍ വീടിനും വസ്തുക്കള്‍ക്കും വില കൂടുന്ന സ്ഥിതിക്ക് വീടിനെ ഒരു സമ്പാദ്യം ആയി കണക്കാക്കാം. വീട് വില്‍കുന്നതിനു ചില ചിലവുകള്‍ ഉണ്ട്. നമ്മള്‍ ഉദ്ദേശിക്കുന്ന സമയത്ത് നല്ല വില കിട്ടണമെന്നില്ല. ഇതൊക്കെയാണെങ്കിലും ചില സാഹചര്യങ്ങളില്‍ വീടും വസ്തുവും വാങ്ങുന്നത് ചിലപ്പോള്‍ മറ്റുള്ള സമ്പാദ്യ മാര്‍ഗങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട മാര്‍ഗമാകം. പക്ഷെ ഇവിടെ നമ്മള്‍ പണം നിക്ഷേപിക്കാനുള്ള ഒരു ഉപാധി മാത്രമായി വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥത കാണണം. ചില സാമ്പത്തിക സാഹചര്യങ്ങളില്‍ മറ്റു നിക്ഷേപങ്ങള്‍ (സ്വര്‍ണം, ഷെയര്‍ തുടങ്ങിയവ) മെച്ചമുള്ളതാകം. ഇവിടെയും വീടിന്റെയും വസ്തുവിന്റെയും ഉടമസ്ഥത ഒരു ഉപാധി മാത്രമായി കാണാതെ തനതായ മൂല്യമുള്ള ഒന്നായി കാണുന്നതില്‍ തകരാറുണ്ട്.
വീടിന്റെയും വസ്തുവിന്റെയും ഉടമസ്ഥനായില്ലെങ്കില്‍ പണത്തിന്റെയും ഷെയര്‍, സ്വര്‍ണം തുടങ്ങിയവയുടെയും ഉടമസ്ഥനായല്ലേ കഴിയൂ? ശരിയാണ്. പണം ഉണ്ടാകുന്നത് നമ്മുടെ പ്രവര്‍ത്തന കാലഘട്ടത്തിലാണ്. വയസ്സായാല്‍ നമുക്ക് സേവനം കിട്ടണമെങ്കില്‍ കുറെ പണം ഏതെങ്കിലും രൂപത്തില്‍ (വസ്തുക്കളായോ , സ്വര്‍ണമായോ, ബാങ്ക് നിക്ഷേപം, ഷെയര്‍ തുടങ്ങിയ രൂപത്തിലോ) സമ്പാദിച്ചു വെക്കുമ്പോള്‍ നാം അതിന്റെ ഉടമസ്ഥനാകുന്നു. പക്ഷെ ഇവിടെയും നാം മനസ്സിലാക്കേണ്ടത് ഉടമസ്ഥത എന്നത് ഒരു ഉപാധി മാത്രമാണ് എന്നതാണു. ഒരു സമൂഹത്തില്‍, അയാള്‍ റിട്ടയര്‍ ചെയ്യുന്നതിനു മുമ്പുള്ള സൗകര്യങ്ങള്‍ ജീവിതകാലം മുഴുവന്‍ ലഭിക്കും എന്ന് ഉറപ്പുണ്ട് എന്നിരിക്കട്ടെ. അവിടെ സമ്പത്തിന്റെ ഉടമസ്ഥത അനിവാര്യം അല്ലാതാകുന്നു. പിന്നോക്ക സമൂഹങ്ങളില്‍ വാര്‍ധക്യ കാലത്തെ ജീവിതം മക്കളെ ആശ്രയിച്ചാണ്. ഇവിടെ മക്കളുടെ 'ഉടമസ്ഥരാകേണ്ട' സ്ഥിതിയുണ്ട്. എന്നാല്‍ സ്വന്തം വാര്‍ധക്യ കാലം മക്കളെ ആശ്രയിക്കാതെ നടത്താന്‍ കഴിയുന്ന ഇടങ്ങളില്‍, മാതാപിതാക്കള്‍ക്ക് മക്കളോട് കുറച്ചു കൂടി 'ഉദാരമായ' സമീപനം സ്വീകരിക്കാന്‍ കഴിയും.
കഴിവുള്ള കാലത്ത് കുറെ സമ്പത്ത് ഉണ്ടാക്കി അതിന്റെ ഉടമസ്ഥര്‍ ആയില്ലെങ്കില്‍ മക്കള്‍ക്ക് കൊടുക്കാന്‍ എന്തെങ്കിലും വേണ്ടേ? ഈ രീതിയില്‍ സമ്പത്തിന്റെ ഉടമസ്ഥര്‍ ആയി ആ ഉടമസ്ഥത അനന്തര തലമുറകള്‍ക്ക് കൈമാറുന്നതും ഒരു പ്രത്യേക സാമൂഹ്യ സാമ്പത്തിക സാഹചര്യത്തില്‍ നാം സ്വീകരിക്കുന്ന ഉപാധി മാത്രമാണ്. മക്കള്‍ക്ക് വിദ്യാഭ്യാസം കിട്ടാന്‍ (അല്ലെങ്കില്‍ അതിനു ലോണ്‍ കിട്ടാന്‍), വിദ്യാഭ്യാസം ലഭിച്ചാല്‍ തൊഴില്‍ കിട്ടാന്‍, സ്വയം ഒരു വ്യവസായ സ്ഥാപനം തുടങ്ങാന്‍ പണം കിട്ടാന്‍, ഒക്കെ എളുപ്പമുള്ള ഒരു സമൂഹത്തില്‍ മാതാപിതാക്കാന്മാര്‍ തങ്ങളുടെ സമ്പാദ്യം മുഴുവന്‍ (അധികമൊന്നും ചിലവഴിക്കാതെ) മക്കള്‍ക്ക് കൈമാറുന്ന രീതി മാറും. അതുകൊണ്ടാണ് വികസിത രാജ്യങ്ങളില്‍ മാതാപിതാക്കള്‍ തങ്ങളുടെ സമ്പാദ്യം പൂര്‍ണ്ണമായി മക്കള്‍ക്ക് കൈമാറാത്തത്. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു നല്ല ഭാഗം തങ്ങളുടെ വാര്‍ധക്യ കാലത്തെ സന്തോഷങ്ങള്‍ക്ക് (അത് വിനോദ യാത്ര പോകുന്നതിനും മറ്റുമാകാം) ചെലവഴിക്കാന്‍ തയ്യാറാകുന്നത്. ഇവിടെ ഉടമസ്ഥതക്ക് (അല്ലെങ്കില്‍ ഭാവി തലമുറയുടെ സുരക്ഷക്കായി സമ്പത്തിന്റെ ഉടമസ്ഥതക്ക്) പ്രാധാന്യം കുറയുന്നു.
ഉടമസ്ഥതയെ ഒരു വസ്തുവിനോടുള്ള അമിതമായ അടുപ്പം എന്ന് കൂടി വ്യാഖ്യാനിക്കാം. മാതാപിതാക്കളുടെ വാര്‍ധക്യ കാലം മക്കളെ ആശ്രയിച്ചാകുമ്പോള്‍ (അല്ലാതെ തങ്ങളുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ നിന്നോ പെന്‍ഷന്‍ ഫണ്ടില്‍ നിന്നോ ഉള്ള വരുമാനത്തെ ആശ്രയിച്ചല്ലതാകുമ്പോള്‍) അച്ഛനമ്മമാര്‍ക്ക് മക്കളോട് അമിതമായ അടുപ്പം കൂടുന്നു. മക്കള്‍ ആരെ കല്യാണം കഴിക്കണം എന്നത് പോലും അച്ഛനമ്മമാര്‍ക്ക് വല്ലാത്ത തലവേദന ആകുന്നു. മക്കളുടെ വിദ്യാഭ്യാസവും ഭാവി ജീവിതവും അച്ഛനമ്മമാരുടെ സമ്പാദ്യത്തെ ആശ്രയിച്ചാകുമ്പോള്‍ (അല്ലാതെ വിദ്യാഭ്യാസ ലോണോ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകളെയോ ആശ്രയിച്ചല്ലാതാകുമ്പോള്‍) മക്കള്‍ക്ക് മാതാപിതാക്കളോട് അമിതമായ അടുപ്പം തോന്നും. അപ്പോള്‍ വൃദ്ധനായ അച്ഛന്‍ അല്ലെങ്കില്‍ അമ്മ രണ്ടാമത് കല്യാണം കഴിക്കാന്‍ ആലോചിക്കുമ്പോള്‍ മക്കള്‍ക്ക് പിടിക്കാതാകും. ഈ സാഹചര്യത്തില്‍ അച്ഛനമ്മമാര്‍ തങ്ങള്‍ മരിക്കുമ്പോള്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഏതെങ്കിലും സാമൂഹ്യ കാര്യത്തിന് (ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് കുറച്ചു പണം മാറ്റി വയ്ക്കുന്നതുപോലെ) നല്‍കാന്‍ തീരുമാനിക്കാന്‍ തയ്യാറാകില്ല. മറിച്ച് അങ്ങനെ ചെയ്താല്‍ അത് മക്കള്‍ക്ക് ഇഷ്ടപെടില്ല. ഭാര്യയുടെ അല്ലെങ്കില്‍ മക്കളുടെ സാമൂഹ്യസാമ്പത്തിക സുരക്ഷ വിവാഹത്തിന് അകത്തു മാത്രമേ കിട്ടൂ എന്ന് വന്നാല്‍ വിവാഹബന്ധത്തിന്റെ കെട്ടുപാടുകള്‍ കൂടും. ഇവിടെ വേര്‍പിരിയലും പുനര്‍വിവാഹവും അധാര്‍മികമായി കണക്കാക്കപ്പെടും.
ഉടമസ്ഥത എന്നത് മനുഷ്യ സമൂഹം ചില പ്രത്യേക പരിതസ്ഥിതിയില്‍ സ്വീകരിച്ചിട്ടുള്ള ഒരു ഉപാധി മാത്രമാണ്. അത് അതിന്റെ തീവ്രതയോടെ എന്നും നിലനില്‍ക്കണം എന്നില്ല. മാത്രമല്ല ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ ഇതിനേക്കാള്‍ നല്ല ഉപാധികള്‍ ഉണ്ടായെന്നു വരാം. അവ ഇപ്പോള്‍ തന്നെ ഉണ്ട്.