
ഒരാളിന്റെ അഭിപ്രായത്തിനെ നാം എങ്ങനെയാണ് വില കല്‍പ്പിക്കുന്നത്? 'ഇപ്പോള്‍ പകലാണ്' എന്ന് രാത്രിസമയത്ത് രാജാവ് പറഞ്ഞാല്‍, 'അതെ' എന്ന് കരുതുന്നവരോ പറയുന്നവരോ ഉണ്ടായിരിക്കും. ഇത് ഒരു പ്രതിഭാസത്തിന്റെ പ്രതിഫലനമാണ്. അഭിപ്രായത്തെ അതിന്റേതായ ശരി തെറ്റുകളുടെ അടിസ്ഥാനത്തിലല്ല സമൂഹം പലപ്പോഴും വിലയിരുത്തിയിട്ടുള്ളത്. മറിച്ച്, പറയുന്നയാളിന്റെ സ്ഥാനം നോക്കിയിട്ടാണ്.
ഇത് ശരിയായ രീതി അല്ല എന്ന് ഇന്ന് നമുക്കൊക്കെ അറിയാം. ആരു പറഞ്ഞു എന്ന് നോക്കാതെ എന്തു പറഞ്ഞു എന്ന് നോക്കി വിലയിരുത്തുന്നതാണ് ശരിയായ രീതിയെന്ന് ഈ ലേഖനം വായിക്കുന്നവരില്‍ ഭൂരിഭാഗവും സമ്മതിക്കും. ഞങ്ങള്‍ ഗവേഷണം നടത്തുന്നവര്‍ ഒരു പ്രബന്ധം തയ്യാറാക്കി അംഗീകാരമുള്ളയൊരു ജേര്‍ണലിന് അയച്ചു കൊടുത്താല്‍, അവര്‍ ആര് എഴുതി എന്ന് മറച്ചു വച്ച് അതിനെ വിലയിരുത്താനായി മറ്റൊരാളിനു അയച്ചു കൊടുക്കും. ആരാണ് അത് വിലയിരുത്തിയതെന്ന് പ്രബന്ധകാരന്‍ അറിയുകയുമില്ല. ഇത് എഴുതിയത് ആരെന്ന് നോക്കാതെ എഴുതിയിട്ടുള്ള കാര്യം വിലയിരുത്താന്‍ വേണ്ടിയാണ്.
എന്നാല്‍ ഇത്തരത്തിലുള്ള വിലയിരുത്തല്‍ സാധാരണ ജീവിതത്തിലും പൊതുകാര്യങ്ങളിലും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണ്. എല്ലാ അഭിപ്രായങ്ങളും അതിന്റേതായ ശരി തെറ്റുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനുള്ള കഴിവ് ആര്‍ക്കുമില്ല. ചില അഭിപ്രായങ്ങളുടെ ശരിതെറ്റുകള്‍ വിലയിരുത്താന്‍ മാത്രമേ എല്ലാവര്‍ക്കും കഴിയൂ. (നേരത്തെ സൂചിപ്പിച്ച പ്രബന്ധത്തിന്റെ കാര്യത്തില്‍ ജേര്‍ണലിന്റെ എഡിറ്റര്‍ ആ പ്രബന്ധത്തില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യം വിലയിരുത്താന്‍ കഴിയുന്ന ഒരാളിനെയാണ് ആ ചുമതല ഏല്‍പ്പിക്കുന്നത്.) അതുകൊണ്ട് തന്നെ മറ്റൊരാളിന്റെ അഭിപ്രായത്തെ വിലയിരുത്താനായി നാം വിവിധ തരത്തിലുള്ള അഭിപ്രായ ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു.
ഒരര്‍ഥത്തില്‍ അഭിപ്രായത്തെ അധികാരവുമായി കൂട്ടിക്കുഴക്കുന്ന രാജാവ് രാത്രി സമയത്ത് പകലാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കുന്ന രീതി ഈ പ്രശ്‌നത്തിന്റെ ഒരു കടുത്ത രൂപം മാത്രമാണ്. ഇത്ര കടുത്ത രൂപത്തില്‍ അല്ലെങ്കിലും ഈ പ്രതിഭാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഒരു അക്കാദമിക് സെമിനാറില്‍ മന്ത്രി വന്നാല്‍ അദ്ദേഹം തന്റെ (പ്രൈവറ്റ് സെക്രട്ടറി എഴുതി തയ്യാറാക്കിയ) പ്രസംഗം വായിച്ചു പോയാല്‍ അതിനു കിട്ടുന്ന പ്രാമുഖ്യം ഇതിനു ഉദാഹരണമാണ്. ഇന്ത്യയിലെ ഏറ്റവും നല്ല ആണവ അല്ലെങ്കില്‍ ബഹിരാകാശ ശാസ്ത്രഞ്ജന്‍ അവയ്ക്കുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്മാരാണെന്ന് സാമാന്യ ജനം കരുതുന്നത് മറ്റൊരു ഉദാഹരണം.
സംന്ന്യാസിയോ (അധികാരത്തിലും ഉപഭോഗത്തിലും വലിയ താത്പര്യമില്ലാത്ത) പൂജാരിയോ ദൈവത്തിന്റെ പ്രതിനിധിയോ പറയുന്ന കാര്യങ്ങള്‍, അവയുടെ ശരിതെറ്റു നോക്കാതെ ധാരാളം ആളുകള്‍ അംഗീകരിക്കുന്നതിനു പിന്നിലും ഇതാണ് കാരണം. അയാള്‍ സ്വന്തം താത്പര്യങ്ങള്‍ ത്യജിച്ചിട്ടുള്ള ആളായതുകൊണ്ട്, അയാള്‍ സ്വന്തം താത്പര്യത്തിനു വേണ്ടി 'തെറ്റ്' പറയാന്‍ സാധ്യതയില്ല എന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ജനം ഇത്തരം 'സംന്ന്യാസികള്‍' അല്ലെങ്കില്‍ 'ദൈവ പ്രതിനിധികളുടെ' വാക്കുകള്‍ വിശ്വസിക്കുന്നത്. ഇങ്ങനെ ഒരു സമൂഹത്തില്‍ താന്‍ പറയുന്നത് ജനം കേള്‍ക്കണമെങ്കില്‍ പറയുന്നത് ശരിയായാല്‍ മാത്രം പോര, അത് ശരിയാണെന്ന് തോന്നാന്‍ കുറെ 'ത്യാഗവും' വേണം. ചുരുക്കത്തില്‍ സംന്ന്യാസിമാരും പാതിരിമാരും ചിലതൊക്കെ ത്യജിക്കുന്നതില്‍ ചില സാമൂഹ്യ യുക്തിയും ഉണ്ടെന്നു സാരം.
ഇതേ പാത ചില സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തുടര്‍ന്നു. ത്യാഗികളായ രാഷ്ട്രീയ നേതാക്കളുടെയും രാഷ്ട്ര നിര്‍മാതാക്കളുടെയും വാക്കുകള്‍ ജനം ശരിയാണെന്ന് വിശ്വസിച്ചു. അവയില്‍ ചിലത് തെറ്റെന്നു പിന്നീട് ജനത്തിന് മനസ്സിലായെങ്കിലും ത്യാഗവും അഭിപ്രായങ്ങളും തമ്മിലുള്ള ബന്ധം കാരണം അത് മനസ്സിലാക്കാന്‍ സമൂഹം സമയമെടുത്തേക്കും.
ആധുനിക കാലഘട്ടത്തിലും നാം അഭിപ്രായേതര രീതികള്‍ ഉപയോഗിച്ച് അഭിപ്രായത്തെ വിലയിരുത്താറുണ്ട്. ഒരു ഡോക്ടര്‍ക്ക് എഫ്.ആര്‍.സി.എസ് ഉണ്ടെങ്കില്‍ അയാളുടെ അഭിപ്രായത്തിനു നാം വില കൂടുതല്‍ കൊടുത്തേക്കാം. അയാള്‍ പി.എച്ച്.ഡി ഉള്ള ആളാണ് അല്ലെങ്കില്‍ സര്‍വകലാശാല പ്രൊഫസര്‍ ആണ് എന്നതൊക്കെ നാം അഭിപ്രായങ്ങള്‍ വിലയിരുത്താനുള്ള സൂചകങ്ങളായി സ്വീകരിച്ചേക്കാം.
എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നാം എത്രത്തോളം സ്വീകരിക്കണമെന്ന കാര്യത്തില്‍ 'അത് കൊണ്ട് നമുക്ക് എന്ത് ഗുണം കിട്ടും' എന്ന ചിന്തയും ഉണ്ട്. ഒരു രോഗിക്ക് ഡോക്ടറുടെ അഭിപ്രായം സ്വീകരിക്കാന്‍ തോന്നും. എന്നാല്‍ ഈ രോഗിക്ക് ഏതെങ്കിലും പൊതുകാര്യത്തില്‍ ഒരു വിദഗ്ദ്ധന്റെ അഭിപ്രായം സ്വീകരിക്കണമെന്ന് തോന്നണം എന്നില്ല. അത് സ്വീകരിച്ചില്ലെങ്കിലും തനിക്കു വലിയ നഷ്ടമില്ല എന്നതു കൊണ്ടാണിത്. വിദേശ ശക്തികളെ 'സാമ്രാജ്യ നയത്തിന്റെ' പേരില്‍ എതിര്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ചെറിയ അസുഖം വന്നാല്‍ ചികിത്സിക്കാന്‍ ബ്രിട്ടനിലേക്കോ അമേരിക്കയിലേക്കോ പറക്കുന്നത് പോലെയാണിത്.
ഒരാളിന്റെ അഭിപ്രായം രൂപപ്പെടുന്നതില്‍ വിവിധ ഘടകങ്ങള്‍ സ്വാധീനിക്കുന്നു. തനിക്കു വിഷയത്തിലുള്ള അറിവ് (അല്ലെങ്കില്‍ അറിവില്ലായ്മ) ഒരു ഘടകം മാത്രം. ചില കാര്യങ്ങള്‍ നമ്മുടെ താത്പര്യവുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു. റബ്ബര്‍ ഇറക്കുമതി നിരോധിക്കുന്നതാണ് ശരി എന്ന് ഒരു കേരള കര്‍ഷകന്‍ അഭിപ്രായപ്പെടുമ്പോള്‍ അവിടെ അതിയാന്റെ താത്പര്യവും പ്രതിഫലിക്കും. എന്നാല്‍ മിക്കയാളുകളും, 'ഇതാണ് എനിക്ക് നല്ലത്, അതുകൊണ്ട് ഞാന്‍ ഈ നിലപാട് എടുക്കുന്നു' എന്ന് പറയാറില്ല. 'ഇതാണ് ലോകത്തിനു നല്ലത്' എന്ന രീതിയിലുള്ള സാമാന്യവല്കരണം നടത്തും.
ചില കാര്യങ്ങളില്‍ സന്ദേശം നോക്കി അഭിപ്രായം സ്വീകരിക്കുന്നതു പോലെ, നാം മറ്റു ചില കാര്യങ്ങളില്‍ സന്ദേശം നോക്കി അഭിപ്രായം തിരസ്‌കരിക്കും. 'അത് അയാളുടെ താത്പര്യത്തിനനുസരിച്ചുള്ളതാണ്, അതുകൊണ്ട് ഇക്കാര്യത്തില്‍ അയാളുടെ അഭിപ്രായം കണക്കിലെടുക്കേണ്ട' എന്ന നിലപാട് സ്വീകരിക്കും. എന്റെ മകള്‍ നല്ല പാട്ടുകാരിയാണെന്ന് ഞാന്‍ പറഞ്ഞാല്‍ ആരെങ്കിലും പരിഗണിക്കുമോ?
അറിയാവുന്നതും അറിയാത്തതുമായ എല്ലാ കാര്യങ്ങളിലും അഭിപ്രായം ഉണ്ടാവണം എന്ന ചിന്ത ചില ആളുകളില്‍ ചില സമയങ്ങളില്‍ ഉണ്ടാകുന്നുണ്ട് തോന്നുന്നു. (അവര്‍ സ്വന്തം ജീവിതത്തെ ബാധിക്കുന്ന രോഗം പോലുള്ള ചില കാര്യങ്ങളില്‍ വിദഗ്ധ അഭിപ്രായം സ്വീകരിച്ചേക്കാം.) ഏതെങ്കിലും ഒരു കാര്യത്തില്‍ അഭിപ്രായം ഇല്ലെങ്കില്‍ താന്‍ പിന്നിലാകുമോ എന്ന കൗമാരക്കാര്‍ക്കുള്ള പേടി ചിലരെ പിന്തുടരുന്നില്ലേ എന്ന ഒരു സംശയം എനിക്കുണ്ട്. ചില കാര്യങ്ങള്‍ എനിക്ക് അറിയില്ല എന്ന് പറയുന്നത് ഒരു 'വളര്‍ന്ന' സമൂഹത്തിന്റെ ലക്ഷണമാണ്. നമ്മള്‍ അത്തരം വളര്‍ച്ച നേടിയിട്ടുണ്ടോ എന്നാണ് സംശയം.
ഇന്റര്‍നെറ്റ് പോലെ പരസ്പരം സംവദിക്കാന്‍ കഴിയുന്ന വേദികള്‍ അഭിപ്രായങ്ങളെ 'ജനാധിപത്യ'വത്ക്കരിച്ചിട്ടുണ്ട് . ആരുടെ അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ ഉള്ള അവസരം ഇന്നുണ്ട്. ഒരാള്‍ എഴുതിയാല്‍ അതിനുള്ള മറുപടി ഈ മാധ്യമം വഴി പ്രകടിപ്പിക്കാന്‍ കഴിയുന്നു. വേണ്ടത്ര അംഗീകാരമില്ലാതിരുന്ന പല ആളുകള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അതിനു അംഗീകാരം നേടാനുമുള്ള അവസരം പുതിയ മാധ്യമം ഒരുക്കുന്നുണ്ട്. ഇക്കണോമിക്‌സ് രംഗത്ത് അത്ര പരിഗണിക്കപ്പെടാതിരുന്ന ചിലരുടെ അഭിപ്രായങ്ങള്‍ ബ്ലോഗ്ഗുകള്‍ വഴി ശ്രദ്ധിക്കപ്പെട്ടതിനെക്കുറിച്ചും അവയ്ക്ക് ഈ മാന്ദ്യകാലത്ത് അംഗീകാരം കിട്ടിയതിനെ കുറിച്ചും അടുത്ത കാലത്ത് ലേഖനങ്ങള്‍ വന്നിരുന്നു.
ആര് പറഞ്ഞു എന്ന് നോക്കാതെ എന്ത് പറഞ്ഞു എന്ന് നോക്കാനുള്ള സാദ്ധ്യതകള്‍ ഈ പുതിയ മാധ്യമങ്ങള്‍ തുറന്നു തരുന്നു. പക്ഷെ നമ്മളെല്ലാവരും എന്തിനെക്കുറിച്ചും എല്ലാവര്‍ക്കും അഭിപ്രായം പറയണമെന്ന് ചിന്തിച്ചാല്‍, പുതു മാധ്യമം കുറെ ശബ്ദങ്ങളുടെ കോലാഹലം മാത്രമാകും.