അധികാരത്തിന്റെ സമ്പദ് ശാസ്ത്രം

Posted on: 06 Sep 2013


വി.ശാന്തകുമാര്‍ആധുനിക സമൂഹത്തില്‍ 'അധികാര'പ്രയോഗമില്ലേ?
പണ്ടൊക്കെ ഭൂമി ചിലരുടെ കൈവശത്തായിരുന്നതും മറ്റുള്ളവര്‍ അവരുടെ പണിയാളുകള്‍ ആയിരുന്നതും അധികാരത്തെ നിര്‍ണയിച്ചു. വ്യവസായ വിപ്ലവത്തോടെ ചിലര്‍ മാത്രം മുതലാളികള്‍ ആയപ്പോഴും ബഹുഭൂരിപക്ഷം ജനങ്ങള്‍ വെറും കായികശക്തി കൊണ്ട് പണിയെടുത്തു. കഷ്ടിച്ച് ജീവിക്കാനുള്ളതു മാത്രം നേടിയപ്പോഴും അധികാരം എളുപ്പം നിര്‍ണയിക്കാന്‍ കഴിയും. രാഷ്ട്രങ്ങളുടെ 'ഭരണം', പട്ടാളത്തിന്റെ ശക്തി ഉപയോഗിച്ച് ഒരാളോ ഒരു ചെറു സംഘമോ നടത്തിയപ്പോള്‍ ഇക്കാര്യത്തിലുള്ള അധികാര ശ്രേണിയും വ്യക്തമായിരുന്നു.

എന്നാല്‍ ഒരു ആധുനിക വ്യവസ്ഥയില്‍ ഇക്കാര്യങ്ങള്‍ അവ്യക്തമായ അവസ്ഥയിലാണ്. നമ്മള്‍ ഒരു കടയില്‍ പോയി സോപ്പ് വാങ്ങുമ്പോള്‍ ആ സോപ്പുകമ്പനി ഉടമ എത്ര പണക്കാരന്‍ ആയിരുന്നാലും നമുക്കു മേല്‍ അധികാരമൊന്നുമില്ല. ഞാന്‍ അടുത്ത മുക്കില്‍ പോയി ഒരു ഒറീസ്സക്കാരനെ ഒരു ദിവസത്തേക്ക് പണിക്കു വിളിക്കുമ്പോള്‍ , അംബാനി മുംബയിലെ ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുമ്പോള്‍ , സേവനം തരുന്ന ആളിനുമേല്‍ അധികാരം പ്രയോഗിക്കാനുള്ള കാര്യമായ സാധ്യത ഒന്നുമില്ല.

ജനാധിപത്യത്തില്‍ കൂടുതല്‍ 'അധികാരം' കാണിക്കുന്ന രാഷ്ട്രീയക്കാരന്‍ വീട്ടിലിരിക്കാന്‍ സാധ്യത ഉണ്ട്. അപ്പോള്‍ ആധുനിക സമൂഹത്തില്‍ 'അധികാര'പ്രയോഗമില്ലേ? ഉണ്ട്. നമ്മള്‍ ഒരു സ്ഥാപനത്തില്‍ തൊഴിലാളി ആയി തുടര്‍ച്ചയായി പണിയെടുക്കുമ്പോള്‍ അധികാരത്തിന്റെ 'ഭാരം' താങ്ങേണ്ടി വരും. പുറത്ത് അതേ ശമ്പളത്തില്‍ വേറെ പണി കിട്ടാന്‍ എളുപ്പമാണെങ്കില്‍ കടുത്ത ഭാരം താങ്ങാന്‍ നമ്മളും അത്ര ഭാരം നമുക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ തൊഴില്‍ദാതാവും തയ്യാറാവില്ല. എന്നിരിക്കിലും സ്ഥാപനങ്ങളില്‍ അധികാരമുണ്ട്. അത് എന്തുകൊണ്ടാണ്?

നമുക്ക് ഇന്ത്യന്‍ ആര്‍മിയെ കണക്കിലെടുക്കാം. അവര്‍ക്ക് ഒരു നല്ല തോക്ക് വേണമെങ്കില്‍ ഒരു കമ്പനിയില്‍ നിന്ന് വാങ്ങും. ഇവിടെ അധികാര പ്രയോഗത്തിന് സാധ്യത ഇല്ല. അവര്‍ക്ക് നല്ല കെട്ടിട സമുച്ചയം പണിയണമെങ്കില്‍ ഒരു ആര്‍ക്കിടെക്ടിനെ വാടകക്കെടുക്കാം. ഇവിടെയും അധികാര പ്രയോഗത്തിന് കാര്യമായ സാധ്യത ഇല്ല. എന്നാല്‍ ശത്രുവിന്റെ ആക്രമണത്തെ നേരിടാന്‍ അധികാര
ശ്രേണി ഉപയോഗിക്കേണ്ടി വരുന്നു. ഇവിടെ സേനയുടെ മേല്‍ മേധാവികള്‍ക്ക് കാര്യമായ അധികാരമുണ്ട്.

അപ്പോള്‍ ആധുനിക സമൂഹത്തില്‍ അധികാരം ചില 'പ്രവര്‍ത്തനങ്ങളുടെ സ്വഭാവത്തെ' ആശ്രയിച്ചിരിക്കും.

എന്നാല്‍ ഇക്കാര്യത്തിലും 'സാമൂഹ്യ മാറ്റം' വേണ്ടത്ര വേഗതയില്‍ പോകണമെന്നില്ല. പരമ്പരാഗത സമൂഹങ്ങളില്‍ അധികാരം അനുഭവിച്ചവരുടെ പിന്മുറക്കാരോ, അല്ലെങ്കില്‍ ആ അധികാരത്തിന്റെ കൈപ്പനുഭവിച്ചവരുടെ അടുത്ത തലമുറക്കാരോ , തങ്ങള്‍ക്കു ഇക്കാലത്തും ചില അധികാരങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യാം. അതു തങ്ങള്‍ ഇടപെടുന്ന പ്രവര്‍ത്തനത്തിന് ആവശ്യമുള്ളതാകണം എന്നില്ല. ചിലപ്പോള്‍ ദോഷം വരുത്താനുമിടയുണ്ട്. എന്നാലും നാം അധികാരപ്രയോഗം ആഗ്രഹിച്ചു ആകെ കുളമാക്കും.

അധികാരത്തിന്റെ ചില സവിശേഷതകള്‍ കൂടി മനസ്സിലാക്കണം. അതുകൊണ്ടുള്ള 'സന്തോഷം' തികച്ചും ആപേക്ഷികമാണ്. ഒരാളും തീര്‍ത്തും അധികാരിയായിരിക്കുന്നില്ല. കിട്ടുന്ന അധികാരത്തിനു നാം മറ്റുള്ളവരോട് കണക്കു പറയേണ്ടി വരും. ആധുനിക സമൂഹങ്ങളില്‍ ആരും സ്ഥിരമായി കൈകാര്യം ചെയ്യുന്നില്ല. ഇത് അധികാരമില്ലാത്ത അവസ്ഥയിലും സന്തോഷത്തോടെ ജീവിക്കേണ്ടതെങ്ങനെ എന്ന് മനസില്ലാക്കാന്‍ വ്യക്തികളെ സജ്ജരാക്കും. അപ്പോള്‍ അധികാരമെന്നതു ഒരു നിശ്ചിത കാലത്ത് ഒരു പ്രത്യേക പ്രവര്‍ത്തനം നടത്താനുള്ള സൗകര്യം മാത്രമായി അതു ചുരുങ്ങും.

ഇതു മനസ്സിലാക്കിയില്ലെങ്കില്‍ ചില 'അധികാരങ്ങള്‍ക്ക്' പിറകെ പോകാനും കിട്ടിയ ചില അധികാരങ്ങളില്‍ കടിച്ചു തൂങ്ങാനും അതു നഷ്ടപ്പെടുമ്പോള്‍ വിലപിക്കാനും സമയം പാഴാക്കി സന്തോഷകരമായ ജീവിതത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കും. ധാരാളം ആളുകള്‍ ഇങ്ങനെ പെരുമാറുമ്പോള്‍ അതു ഗുണകരമായ സാമൂഹ്യ മാറ്റത്തെ പിറകോട്ടു വലിക്കും.
 


Tags: The Economics of Socio-Political Power
»  News in this Section