സാമൂഹ്യമാറ്റവും സമരങ്ങളും: ശരിയും തെറ്റും

Posted on: 20 Sep 2011


വി.ശാന്തകുമാര്‍



ഒരു സാങ്കല്പിക സംഭവത്തില്‍ നിന്ന് തുടങ്ങാം. രാജ മന്ത്രിയായിരുന്ന സമയത്ത്, സ്‌പെക്ട്രം വിതരണം ചെയ്ത സമയത്ത് എന്തോ ചില ക്രമക്കേട് ഉണ്ടെന്നു പ്രധാനമന്ത്രിക്കു വിവരം കിട്ടുന്നു. രാജ രാജിവക്കണമെന്ന് അദ്ദേഹം നിര്‍ബന്ധിക്കുന്നു. സര്‍ക്കാരിനുള്ള പിന്തുണ ഡി.എം.കെ പിന്‍വലിക്കുന്നു. സര്‍ക്കാര്‍ വീഴുന്നു. ബി.ജെ.പി അധികാരത്തില്‍ വരുന്നു; അല്ലെങ്കില്‍ ഒരു ഭരണ പ്രതിസന്ധി ഉണ്ടാകുന്നു. ഇക്കാര്യത്തില്‍ നമ്മള്‍ പ്രധാനമന്ത്രിയെ അന്ന് ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ വിലയിരുത്തും.

രാജ അഴിമതി കാട്ടിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. അദ്ദേഹം രാജിവക്കുന്നു. അഴിമതി സമൂഹത്തെ (കോടതിയെയും) ഞെട്ടിക്കുന്നു. സമൂഹ പ്രതികരണത്തിന്റെ കൂടി പ്രതിഫലനം ആയി അദ്ദേഹം ഇന്ന് ജയിലില്‍ കിടക്കുന്നു. രാജ മാത്രമല്ല അക്കാലയളവില്‍ ഉണ്ടായിട്ടുള്ള അഴിമതികളോട് രാജ്യത്തിലെ ഒരു നല്ല വിഭാഗം ജനങ്ങള്‍ക്കുള്ള പ്രതികരണത്തിന്റെ കൂടി ഫലമായി കുറെ അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇന്ന് ജയിലില്‍ കിടക്കുന്നു. ഇങ്ങനെ ഒരു സാഹചര്യം സമൂഹത്തിന്റെ പ്രതികരണം ഇല്ലാതെ ഒരു പ്രധാനമന്ത്രിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണോ? (അതും സ്വന്തം പാര്‍ട്ടിയിലും ഭരണ മുന്നണിയിലും വേണ്ടത്ര സ്വാധീനം ഇല്ലാത്ത ഒരു പ്രധാനമന്ത്രിക്കു).

സമൂഹചലനങ്ങളുടെ ദീര്‍ഘകാല യുക്തി നോക്കാതെ വ്യക്തികളുടെ നന്മതിന്മയിലും അന്നത്തെ ശരിതെറ്റിലും അമിതമായി ശ്രദ്ധ ഊന്നിയാല്‍ നമ്മുടെ നിഗമനങ്ങള്‍ പാളിപ്പോകും.

മറ്റൊരു യഥാര്‍ഥ സംഭവത്തിലേക്ക് വരാം. അമേരിക്കയുമായി ആണവ ക്കരാര്‍ ഉണ്ടാക്കുന്നതിന്റെ പേരില്‍ ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. കുറെ ചര്‍ച്ചകളും മറ്റും നടന്നതല്ലാതെ കാര്യമായ ചലനങ്ങള്‍ ഇന്ത്യയില്‍ ആണവ നിക്ഷേപതിനായി ഇതുവരെയും ഉണ്ടായില്ല. എന്നാല്‍ അമേരിക്കയുമായി ഇന്ത്യ കൂടുതല്‍ സൗഹൃദം സ്ഥാപിച്ചു. ഇടതു പക്ഷം പിന്തുണ പിന്‍വലിക്കാതെ ആണവക്കാര്യത്തിലും അഴിമതി ക്കാര്യത്തിലും കുറച്ചു കൂടി ശക്തമായ കരുതലോടുകൂടിയുള്ള നടപടി എടുക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുക ആയിരുന്നില്ലേ നല്ലത് എന്നും ആലോചിക്കാം. ഇടതിന്റെ പിന്തുണ കാരണം രാജയ്ക്ക് എതിരെ അന്ന് തന്നെ നടപടി എടുക്കാന്‍ കഴിഞ്ഞിരുന്നെങ്കിലോ? അമേരിക്കന്‍ മുതല്‍മുടക്കിനോട് ഇടതുപക്ഷത്തിനു എതിര്‍പ്പ് ഒന്നും ഇല്ലെന്നു നമ്മള്‍ വിക്കിലീക്‌സ് വഴി അറിഞ്ഞു. മന്‍മോഹന്‍ സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചത് തെറ്റായി എന്ന് ബംഗാളിലെ ചില സി.പി.എം നേതാക്കള്‍ കരുതുന്നു. ആണവ കരാറിന്റെ പേരില്‍ പുറത്തു പോയതാണോ ശരി അതോ അഴിമതി തടയാന്‍ ഉള്ളില്‍ നില്‍ക്കുന്നതിയിരുന്നോ ശരി? ഏതായിരുന്നു രാജ്യത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ ഗുണകരം? ഇടതു പക്ഷം എതിര്‍ത്തപ്പോള്‍ സര്‍ക്കാര്‍ ആണവ കരാറില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചു. അങ്ങനെ കുറച്ചു ജയം നേടുന്നതാണോ ശരി അതോ തങ്ങളുടെ നിലപാടിന്റെ ശുദ്ധത വെളിവാക്കാന്‍ കടുത്ത നടപടി എടുക്കുന്നതാണോ ശരി? ഇവിടെയും സമൂഹത്തിന്റെ ദീര്‍ഘകാല ശരിയും തെറ്റും അന്നന്നത്തെ ശരിയും തെറ്റുമായും വ്യക്തികളുടെ ധാര്‍മിക നിലപാടുകളുമായും കൂട്ടികുഴക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.

അണ്ണാ ഹസാരെയുടെ സമരം നാം കണ്ടു. അങ്ങനെയൊക്കെ കടുത്ത സമരം ചെയ്തില്ലെങ്കില്‍ സര്‍ക്കാരുകളും രാഷ്ട്രീയക്കാരും അഴിമതിയോടു തണുപ്പന്‍ സമീപനം സ്വീകരിക്കും. അപ്പോള്‍ സമരം ശരി. എന്നാല്‍ രാഷ്ട്രീയക്കാരും പാര്‍ലമെന്റും വഴിയല്ലാതെ നമ്മള്‍ ഭരണം നന്നാക്കാന്‍ ശ്രമിച്ചാലോ? നന്നാക്കുമെന്ന് പറയുന്നവരെ നമ്മള്‍ ജനങ്ങള്‍ എങ്ങനെ നിയന്ത്രിക്കും? ഒരു വ്യക്തി അല്ലെങ്കില്‍ കുറച്ചാളുകള്‍ സ്വയം കരുതുന്നത് ശരിയാവണം എന്നുണ്ടോ? അവരുടെ തെറ്റിനെ നാം എങ്ങനെ തിരുത്തും? പൗരാവകാശ രേഖയും ഒരു നിയമ സംവിധാനവും ഉണ്ടാക്കിയാലേ സമരം നിറുത്തൂ എന്ന് അണ്ണയും കൂട്ടരും പറഞ്ഞപ്പോള്‍ എനിക്ക് ചിരിക്കാനാണ് തോന്നിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവകാശ ബോധമുള്ള നാടാണ് കേരളം. നമ്മുടെ നാട്ടില്‍ പൗരാവകാശരേഖയുണ്ട്. ഞാന്‍ അതിന്റെ ഉപയോഗത്തെ കുറിച്ച് പഠിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സേവനം കിട്ടാന്‍ താമസിച്ചാലും ബഹു ഭൂരിപക്ഷം ആളുകളും അത് ഉപയോഗിക്കുന്നില്ല. ചെറിയ കൈക്കൂലി കൊടുത്തോ രാഷ്ട്രീയക്കാരെ പിടിച്ചോ നമ്മള്‍ കാര്യം സാധിക്കുന്നു. കേരളത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ കാര്യം പറയണോ? ഒരു നിയമ സംവിധാനം ഇല്ലാഞ്ഞിട്ടാണോ ബാംഗ്ലൂര്‍ നഗരത്തില്‍ ട്രാഫിക് പോലീസുകാര്‍ യാതൊരു മടിയും കൂടാതെ കൈക്കൂലി വാങ്ങുന്നത്. പൗരാവകാശ രേഖയും നിയമ സംവിധാനവും ഉണ്ടാക്കിയാല്‍ അഴിമതിക്കെതിരെയുള്ള യുദ്ധത്തിന്റെ ഒരു പ്രധാന നടപടി ആയി എന്ന് കരുതുന്ന പൗരപ്രമുഖന്‍മാരുടെ ശരിയും തെറ്റും ചിന്തനീയം.

അഴിമതി മുഖ്യ വിഷയം ആയപ്പോള്‍ നരേന്ദ്ര മോഡി തനിക്കു സ്വാധീനം ഉറപ്പിക്കാന്‍ പറ്റുമോ എന്ന് നോക്കുന്നു. അദ്ദേഹം അഴിമതി കുറഞ്ഞ നേതാവ് ആയിരിക്കാം. (മറ്റു പല നേതാക്കളും അങ്ങനെ ഉള്ളവരാണ്.) അദ്ദേഹത്തിന് ഗുജറാത്തില്‍ ചില ശക്തമായ നടപടികള്‍ എടുക്കാന്‍ കഴിഞ്ഞു. (അതുകൊണ്ട് ഇന്ത്യയില്‍ കഴിയുമോ? ബി ജെ പി ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമോ? കിട്ടിയില്ലെങ്കില്‍ മറ്റു കക്ഷികള്‍ പറയുന്ന കാര്യം കേള്‍ക്കേണ്ടി വരില്ലേ?) ഒരു 'നല്ല' നേതാവിനെക്കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളാണോ ഇന്ത്യ നേരിടുന്നത്? നരേന്ദ്രമോഡി നല്ല നേതാവിന്റെ പ്രതീകമാണോ? അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം പ്രചരണമാണെന്ന് തള്ളിക്കളഞ്ഞാലും ഗുജറാത്ത് കലാപത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഇന്നുവരെ പശ്ചാത്തപിച്ചു കണ്ടിട്ടുണ്ടോ? നരേന്ദ്ര മോഡിയും ബിജെപിയും നവ-ലിബറല്‍ നയങ്ങള്‍ നടപ്പാക്കില്ലേ? ഇവിടെയും അന്നന്നത്തെ ശരിയും തെറ്റും കൂടിക്കുഴഞ്ഞു കിടക്കുന്നു.

ഇന്നത്തെ ശരിതെറ്റുകളില്‍ നിന്ന് മാറി ചിന്തിക്കുന്ന രീതി ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു സമൂഹത്തില്‍ കുറച്ചാളുകള്‍ മാത്രമാണ് സാമ്പത്തിക വളര്‍ച്ചയുടെയും ആധുനികതയുടെയും ഗുണഭോക്താക്കളെങ്കില്‍ അവിടെ ഒരു സത്ഭരണം നിലനിര്‍ത്താന്‍ കഴിയില്ല. കൂടുതല്‍ ജനങ്ങള്‍ അധികാരത്തിന്റെ ഭാഗം പങ്കുവയ്‌ക്കേണ്ട അവസ്ഥ അനിവാര്യമാണ്. ഈ ജനാധിപത്യവത്കരണം സുഗമമാകണമെന്നില്ല. അത് കുറേയേറെ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ട് സംഭവിക്കുന്ന ഒന്നാണ്. ലാലുവും മായാവതിയും അഴിമതിക്കാരാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അല്പം ശരിയുണ്ടാകാം. പക്ഷെ ലാലു മായവതിമാര്‍ ഉണ്ടാകുന്നതിലൂടെയാണ് ഇന്ത്യയില്‍ ജനാധിപത്യവത്കരണം സംഭവിക്കുന്നത്. കൈക്കൂലി വാങ്ങുന്ന പോലീസുകാരനോട് തര്‍ക്കിക്കാന്‍ സാധാരണ ജനത്തിന് കഴിയുന്നത് ജനാധിപത്യവത്കരണത്തിലൂടെയാണ്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും മോശമെന്ന് (അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളെ മറ്റൊരു കൂട്ടര്‍ കൊല്ലുന്നത് ഒരിക്കലും അനുവദനീയം അല്ലെന്നു) തോന്നുന്നത് ഒരു സമൂഹത്തിന്റെ ബഹുഭൂരിപക്ഷം ആളുകളുടെയും വളര്‍ച്ചയിലൂടെയാണ്, ആധുനികവത്്ക്കരനതിലൂടെയാണ്. ജനാധിപത്യവത്കരണം ഇല്ലാതെ വളര്‍ച്ചയും ആധുനികതയും ഇല്ല. അല്ലാതെ സാമൂഹ്യ മാറ്റം സംഭവിക്കുന്നത് ഏതെങ്കിലും ചില വ്യക്തികളുടെ ധാര്‍മികനിലപാടുകളിലൂടെയല്ല.

നമ്മുടെ ഇന്നത്തെ നടപടികള്‍ ആ വളര്‍ച്ചയെ, ജനാധിപത്യവത്കരണത്തെ, ആധുനികവത്കരണത്തെ സഹായിക്കുണ്ടോ എന്നതിലാണ് ആത്യന്തികമായ ശരി ഉള്ളത്. ഇവിടെ ചില താത്കാലിക ഒത്തുതീര്‍പ്പുകള്‍ അനിവാര്യമാകാം.

 

Tags: Social change and protests: Article by V Santhakumar
»  News in this Section