കേരളം ഗുജറാത്തായി മാറണോ?

Posted on: 17 Mar 2013


വി.ശാന്തകുമാര്‍ഉമ്മന്‍ചാണ്ടിയും നരേന്ദ്രമോഡിയും ഹസ്തദാനം നടത്തുന്നു
ഗുജറാത്തില്‍ നടക്കുന്നതു പോലുളള വ്യവസായ വികസനവും അടിസ്ഥാനസൗകര്യ വികസനവും കേരളത്തില്‍ നടക്കുന്നില്ല എന്ന് പരിതപിക്കുന്നവര്‍ ഏറെയാണ്. അവര്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ഒരു പ്രദേശത്ത് ഏതു തരത്തിലുള്ള വ്യവസായവത്കരണം നടക്കും, അതില്‍ സര്‍ക്കാര്‍ ഏതു തരത്തിലാണ് ഇടപെടേണ്ടത് എന്നതില്‍ അവിടത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തിനും ഒരു പ്രധാന പങ്കുണ്ട്.

ഒരു ആധുനിക വികസിത സമൂഹത്തിലെ സ്ഥിതി ആദ്യമെടുക്കാം. അവിടെ ഒരു പുതിയ വ്യവസായ യുണിറ്റ് സ്ഥാപിക്കപ്പെടുന്നതെങ്ങനെയാണ്? നിലവിലുള്ളവരോ പുതിയവരോ ആയ വ്യവസായസംരംഭകര്‍ സ്വന്തം പണമുപയോഗിച്ചോ മൂലധന കമ്പോളത്തിന്റെ സഹായത്തോടെയോ, നിലവിലുള്ള നിയമങ്ങള്‍ പാലിച്ചുകൊണ്ട് പുതിയ സംരംഭം തുടങ്ങുന്നു. സമൂഹത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള നിയമങ്ങളായിരിക്കും അവിടെ ഉണ്ടായിരിക്കുക. നിയമങ്ങള്‍ പാലിക്കുന്നവരെ വട്ടം ചുറ്റിക്കാത്ത ചട്ടക്കൂടായിരിക്കും അവിടെ നിലനില്ക്കുന്നത്. അല്ലാതെ മുഖ്യമന്ത്രിയുടെ അല്ലെങ്കില്‍ വ്യവസായ മന്ത്രിയുടെ പ്രത്യേക കഴിവോ സ്വാധീനമോ വ്യക്തിബന്ധങ്ങളോ മൂലമല്ല അവിടെ പുതിയ വ്യവസായങ്ങള്‍ വരുന്നത്. മുതലാളിമാരെ ചുവപ്പുപരവതാനി വിരിച്ചു ആനയിച്ചു കൊണ്ടുവന്നല്ല വ്യവസായം തുടങ്ങുന്നത്. അങ്ങനെയൊക്കെ സംഭവിച്ചാല്‍ അതില്‍ എന്തോ തകരാറുണ്ടാകാം എന്ന് ചിന്തിക്കുന്ന ഒരു മധ്യവര്‍ഗ്ഗവും അവരുമായി സംവദിക്കുന്ന മാധ്യമങ്ങളുമുണ്ടാകും.

അവര്‍ പേടിക്കുന്ന ചില കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. രാഷ്ട്രീയക്കാരും മുതലാളിമാരും തമ്മിലുള്ള കൂട്ടുകെട്ടിലൂടെ ഉണ്ടാകുന്ന സംരംഭങ്ങളില്‍ അഴിമതി ഉണ്ടാകാം, നിലവിലുള്ള നിയമങ്ങള്‍ പാലിക്കപെടാതിരിക്കാം, വന്‍കിട മുതലാളിമാര്‍ക്കായിരിക്കും രാഷ്ട്രീയക്കാരുമായി എളുപ്പം അടുപ്പം സ്ഥാപിക്കാന്‍ കഴിയുക എന്നത് കുത്തകവത്കരണത്തിന് കാരണമായേക്കാം. ഇങ്ങനെയുള്ള സാധ്യതകള്‍ മുന്നില്‍കണ്ടാണ് രാഷ്ട്രീയക്കാരെയും വ്യവസായികളെയും പരസ്പരം കുറച്ച് അകലത്തില്‍ നിര്‍ത്താന്‍ ആധുനിക സമൂഹം ആഗ്രഹിക്കുന്നത്.

കേരളം ഇക്കാര്യത്തില്‍ ഒരു ആധുനിക സമൂഹത്തിനോട് ഏറെ അടുത്തു നില്ക്കുന്നു. അതിനു കാരണം കേരളത്തില്‍ മധ്യവര്‍ഗത്തിനാണ് മുന്‍തൂക്കം. അവര്‍ തങ്ങള്‍ക്കിഷ്ടപ്പെടാത്ത സര്‍ക്കാരിനെ എളുപ്പം താഴെയിറക്കും. അഴിമതിക്കാരെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കും. ഇക്കാര്യത്തില്‍ ഗുജറാത്ത് കേരളത്തിന് പിന്നിലാണ്. അവിടെ സാമൂഹ്യ വികസനം ഇനിയും കേരളത്തിനോടൊപ്പം എത്തേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും മറ്റും ഉയര്‍ന്ന ഒരു മധ്യവര്‍ഗം അവിടെ ഒരു നിര്‍ണായക ശക്തി ആയിട്ടില്ല. അതുകൊണ്ട് അവിടെ മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് മറ്റെല്ലാ എതിര്‍പ്പുകളെയും മറികടക്കുന്ന വ്യവസായവത്കരണം നടക്കും. ഇത് കേരളത്തില്‍ നടക്കുകയില്ല. ഇക്കാര്യത്തില്‍ നാം അഭിമാനിക്കുകയാണ് വേണ്ടത്.

കേരളത്തില്‍ വ്യവസായവത്കരണം വെല്ലുവിളികള്‍ നേരിടുന്നില്ല എന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്. കേരളം ഇക്കാര്യത്തില്‍ നേരിടുന്ന തടസ്സങ്ങളെ പൊതുവില്‍ രണ്ടായി തിരിക്കാം. ഒന്ന്, കേരളത്തിന്റെ സാമൂഹ്യ വികസനം കാരണം ഉണ്ടാകുന്ന തടസ്സങ്ങള്‍ . ഉദാഹരണം: കേരളത്തില്‍ കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ ആളെ കിട്ടാത്ത അവസ്ഥ. രണ്ട്, മാറാത്ത ചട്ടക്കൂടുകളും ശീലങ്ങളും കാര്യശേഷി ഇല്ലായ്മയും. ഉദാഹരണം: നോക്കുകൂലി.

ഇവയില്‍ രണ്ടാമത് സൂചിപ്പിച്ച തടസ്സങ്ങളെക്കുറിച്ച് നാം ആകുലരാകണം. അവ മാറ്റാന്‍ ഏറെ ശ്രദ്ധിക്കണം. എന്നാല്‍ ഒന്നാമതായി സൂചിപ്പിച്ച തടസ്സങ്ങള്‍ കാരണം കേരളത്തില്‍ ചില വ്യവസായങ്ങള്‍ വന്നില്ലെങ്കില്‍ അതില്‍ നാം പരിതപിക്കേണ്ട കാര്യമില്ല.
 

Tags: Should Kerala be Gujarat
»  News in this Section