മാര്‍ക്‌സിസവും മുതലാളിത്തവും ചില സമീപകാല വായനകള്‍

Posted on: 27 Nov 2011


വി.ശാന്തകുമാര്‍



പൊതു സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പലപ്പോഴും കറുപ്പും വെളുപ്പും മാത്രമേ ഉള്ളൂ. ഒന്നുകില്‍ വളരെ നല്ലത്, അല്ലെങ്കില്‍ വളരെ മോശം. ഓരോന്നിന്റെയും പ്രസക്തിയും പരിമിതികളും മനസ്സിലാക്കാന്‍ അത്തരം പൊതു ചര്‍ച്ചകള്‍ക്ക് കഴിയാറില്ല. ഇവിടെ എന്നെ പോലുള്ള അക്കാദമിക് എഴുത്തുകാര്‍ ചെയ്യേണ്ടത്, അപ്പോഴത്തെ വികാരങ്ങള്‍ക്ക് കീഴ്‌പെടാതെ പ്രത്യക്ഷത്തില്‍ പ്രകടമാകാത്ത യുക്തിയനുസരിച്ച് വസ്തുതകള്‍ സമൂഹശ്രദ്ധയിലേക്ക് കൊണ്ടു വരിക എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ മുതലാളിത്തത്തെയും മാര്‍ക്‌സിസത്തെയും കുറിച്ച് നടക്കുന്ന പൊതു ചര്‍ച്ചകളുടെ നെല്ലും പതിരും പരിശോധിക്കാം.

പൊതു സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പലപ്പോഴും കറുപ്പും വെളുപ്പും മാത്രമേ ഉള്ളൂ. ഒന്നുകില്‍ വളരെ നല്ലത്, അല്ലെങ്കില്‍ വളരെ മോശം. ഓരോന്നിന്റെയും പ്രസക്തിയും പരിമിതികളും മനസ്സിലാക്കാന്‍ അത്തരം പൊതു ചര്‍ച്ചകള്‍ക്ക് കഴിയാറില്ല. ഇവിടെ എന്നെ പോലുള്ള അക്കാദമിക് എഴുത്തുകാര്‍ ചെയ്യേണ്ടത്, അപ്പോഴത്തെ വികാരങ്ങള്‍ക്ക് കീഴ്‌പ്പെടാതെ പ്രത്യക്ഷത്തില്‍ പ്രകടമാകാത്ത യുക്തിയനുസരിച്ച് വസ്തുതകള്‍ സമൂഹശ്രദ്ധയിലേക്ക് കൊണ്ടു വരിക എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ മുതലാളിത്തത്തെയും മാര്‍ക്‌സിസത്തെയും കുറിച്ച് നടക്കുന്ന പൊതു ചര്‍ച്ചകളുടെ നെല്ലും പതിരും പരിശോധിക്കാം.

മാനവരാശിയുടെ മുന്നേറ്റത്തെക്കുറിച്ച് വസ്തുനിഷ്ടമായി വിശകലനം നടത്തിയിട്ടുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ ശാസ്ത്രഞ്ജന്‍മാരില്‍ വളരെ മുന്നിലാണ് കാറല്‍ മാര്‍ക്‌സിന്റെ സ്ഥാനം. (ഇക്കാര്യം ഏതൊരു സാമൂഹ്യ ശാസ്ത്രജ്ഞനും അംഗീകരിക്കും. എന്നാല്‍, മാര്‍ക്‌സിനു ശേഷം ഉള്ള ചില ശാസ്ത്രം കൊള്ളാം മറ്റു ചിലത് കൊള്ളില്ല എന്നത് രാഷ്ട്രീയപരമോ അല്ലെങ്കില്‍ വിശ്വാസപരമോ ആയ നിലപാടാണ്, അല്ലാതെ ശാസ്ത്രീയ നിലപാട് അല്ല.)

മാര്‍ക്‌സിന്റെ കാലത്ത് നിലവില്‍ നിന്ന സാമൂഹ്യ സാഹചര്യത്തെ വിവിധ വിഭാഗങ്ങള്‍ (അല്ലെങ്കില്‍ വര്‍ഗങ്ങള്‍) തമ്മിലുള്ള താല്പര്യസംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതില്‍ അദ്ദേഹം വളരെ വിജയിച്ചു. ചുരുക്കം ചില മുതലാളിമാര്‍ മാത്രം ഉത്പാദന ഉപാധികള്‍ കൈവശം വച്ചിരുന്ന കാലമായിരുന്നു അന്ന്. ബഹുഭൂരിപക്ഷം ജനങ്ങളും വെറും കായിക ജോലി മാത്രം ചെയ്യാന്‍ കഴിവുള്ളവരായിരുന്ന അന്നത്തെ അവസ്ഥയില്‍, സാമ്പത്തിക പ്രവര്‍ത്തനം കൊണ്ടുള്ള അധിക വരുമാനത്തിന്റെ മുഖ്യ പങ്കും മുതലാളിമാരുടെ കയ്യിലായിരുന്നു. തൊഴിലാളികള്‍ക്ക് കഷ്ടിച്ച് കഴിയാനുള്ള വേതനം മാത്രം കിട്ടി. അന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ശരിയായ വിശകലനമായിരുന്നു ഇത്.

എന്നാല്‍ അന്നത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യസമൂഹത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് പ്രവചിച്ചതിലും അതിനു അടിസ്ഥാനമായ ഒരു രാഷ്ട്രീയ പദ്ധതിക്ക് തുടക്കമിട്ടതിലും മാര്‍ക്‌സിനു കാര്യമായ തെറ്റുപറ്റി. മുതലാളിമാരും കഷ്ടിച്ച് കഴിയാനുള്ള വരുമാനം മാത്രം കിട്ടുന്ന തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ചു. തൊഴിലാളികള്‍ (അല്ലെങ്കില്‍ അവരുടെ പാര്‍ട്ടി) ഉത്പാദന ഉപാധികളും ഭരണവും കൈവശപ്പെടുത്തി സോഷ്യലിസവും പിന്നീടു കമ്യൂണിസവും സ്ഥാപിക്കും എന്നാണ് മാര്‍ക്‌സ് പ്രവചിച്ചത്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും വികസിച്ചത് മാര്‍ക്‌സ് പ്രവചിച്ച രീതിയില്‍ ആയിരുന്നില്ല. സാമ്പത്തിക വളര്‍ച്ചക്ക് ഏറ്റവും കൂടുതല്‍ ഉത്തേജനം നല്‍കുന്നത് മുതലാളികളോ തൊഴിലാളികളോ അല്ല, മറിച്ച് ഒരു നിശ്ചിത അളവ് വിഭവത്തില്‍ നിന്നും കൂടുതല്‍ ഉത്പാദനം നടത്താന്‍ കഴിയുന്ന അല്ലെങ്കില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ് എന്നതാണു ഈ രാജ്യങ്ങളിലെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച പഠിച്ചിട്ടുള്ളവരുടെ നിരീക്ഷണം.

തൊഴില്‍ പ്രാവീണ്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ഉത്പാദന പ്രക്രിയ, സാങ്കേതികമായ പുന:രാവിഷ്‌ക്കരണം, മെച്ചപ്പെട്ട വിപണനം തുടങ്ങിയ വഴിയാണ് ഉത്പാദനക്ഷമത വര്‍ധിച്ചത്. കൂടുതല്‍ വിദ്യാഭ്യാസം ലഭിച്ച ആളുകള്‍ വഴിയാണ് ഇത്തരത്തിലുള്ള മാറ്റം സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഉണ്ടായത്. ഈ വിദ്യാഭ്യാസം ലഭിച്ച തൊഴിലാളികള്‍ക്കും മാനേജര്‍മാര്‍ക്കും മാര്‍ക്‌സ് കരുതിയതിനേക്കാള്‍ കൂടുതല്‍ വരുമാനം കിട്ടി, അല്ലെങ്കില്‍ കിട്ടുന്നുണ്ട്.

ഇതിനോടൊപ്പം മൂലധന വിപണിയില്‍ മാറ്റങ്ങള്‍ സംഭവിച്ചു. ഒരു സാമ്പത്തിക സ്ഥാപനത്തിന്റെ ഉടമയാകാന്‍ അല്ലെങ്കില്‍ ഒരു കമ്പനി ഉണ്ടാക്കാന്‍ സ്വന്തം കുടുംബത്തിന്റെ വമ്പന്‍ ആസ്തി ഉണ്ടെങ്കില്‍ മാത്രമേ കഴിയൂ എന്ന സാഹചര്യം വികസിത രാജ്യങ്ങളിലെങ്കിലും മാറി.

ലാഭം ഉണ്ടാക്കാന്‍ നല്ലൊരാശയമുള്ള വ്യക്തിക്ക് അത് നടപ്പിലാക്കാനുള്ള മൂലധനം ലഭിക്കാന്‍ തുടങ്ങി. മാത്രമല്ല, കമ്പനിയുടെ ഉടമസ്ഥാവകാശം ഒന്നോ രണ്ടോ ആളുകളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളിലേക്ക് മാറുന്നതിനു വഴിയൊരുക്കുന്ന ഓഹരി വിപണിയും നിലവില്‍ വന്നു. ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇത്തരം കമ്പനികളുടെ നടത്തിപ്പുകാരായി.

പണക്കാരനായി ജനിച്ചില്ലെങ്കിലും തന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചിലര്‍ക്കെങ്കിലും പണക്കാരനോ മുതലാളിമാരോ ആകാമെന്ന സ്ഥിതിയുണ്ടായി. നേരത്തെ സൂചിപിച്ച വിദഗ്ധ തൊഴിലാളി/മാനേജര്‍മാരില്‍ ഒരു വിഭാഗം ഉയര്‍ന്ന മധ്യവര്‍ഗവും അവരില്‍ ചിലര്‍ പണക്കാരുമായി. വിദ്യാഭ്യാസവും കഴിവും കൊണ്ട് സമൂഹത്തില്‍ ഉയര്‍ച്ച ഉണ്ടാകുമെന്ന ധാരണയുണ്ടാവാന്‍ ഇത് സഹായിച്ചു.

ഇതോടൊപ്പം നമ്മള്‍ കണ്ടത്, എവിടെയൊക്കെ സോഷ്യലിസം സ്ഥാപിച്ചോ അവിടെയൊക്കെ ഉദ്ദേശിച്ച ഗുണമുണ്ടായില്ല എന്നതാണ്. ചിലര്‍ പൂര്‍ണമായി സോഷ്യലിസ്റ്റ് പാത ഉപേക്ഷിച്ചു. മറ്റു ചിലര്‍ രാഷ്ട്രീയത്തില്‍ മാത്രം ജനാധിപത്യം അനുവദിക്കാതെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കമ്പോളം ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ മുതലാളിത്തത്തിന് ശരിയായ ഒരു ബദല്‍ ഉണ്ടെന്നു ഇന്നുവരെയുള്ള അനുഭവം കാണിക്കുന്നുമില്ല.

എന്നാല്‍ മുതലാളിത്തം എന്നതുകൊണ്ട് എപ്പോഴും അര്‍ത്ഥമാക്കുന്നത് സമ്പത്തിക വളര്‍ച്ചയെന്നല്ല. ചില സമയങ്ങളില്‍ പ്രതിസന്ധികളുണ്ടാവും. അതിനു കാരണം മുതലാളിത്തം മുന്നോട്ടു പോകുന്നത് വ്യക്തികളും സ്ഥാപനങ്ങളും കമ്പോളത്തില്‍ നിന്നും സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് എടുക്കുന്ന ഒറ്റതിരിഞ്ഞ തീരുമാനങ്ങളിലൂടെയാണ് എന്നതാണ്.

ഓരോരുത്തരും തീരുമാനം എടുക്കുന്നത് ഭാവി എന്തായിരിക്കും എന്ന തങ്ങളുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉള്‍കൊള്ളുന്ന സന്ദേശങ്ങളും നിഗമനങ്ങളും ചിലപ്പോള്‍ തെറ്റാം. ഒരുപാടുപേര്‍ക്ക് തെറ്റുപറ്റുമ്പോള്‍ സാമ്പത്തിക വ്യവസ്ഥ സ്വയം തിരുത്താന്‍ തുടങ്ങും. പക്ഷെ അതിനു സമയമെടുക്കും. അപ്പോള്‍ വളര്‍ച്ച കുറയും. ചിലര്‍ക്ക് തൊഴിലും വരുമാനവും നഷ്ടപ്പെടും. ചിലപ്പോള്‍ സര്‍ക്കാര്‍ ഇടപെടുമെങ്കിലും എപ്പോഴും സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയിക്കണമെന്നില്ല. ഇത് ചില ആളുകളില്‍ അസംതൃപ്തിയുണ്ടാക്കും. അപ്പോള്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍, അല്ലെങ്കില്‍ ലണ്ടന്‍ വളയല്‍ തുടങ്ങിയ പ്രക്ഷോഭങ്ങള്‍ നടക്കും.

എന്നാല്‍ ഈ പ്രക്ഷോഭങ്ങള്‍ നടത്തുന്നവരോട് 'നിങ്ങള്‍ക്കു ചൈനയിലെ പോലെ ആയാല്‍ മതിയോ' എന്ന് ചോദിച്ചാല്‍ അവര്‍ അംഗീകരിക്കണം എന്നില്ല. കാരണം അവിടെ അസംതൃപ്തി പ്രകടിപ്പിക്കാന്‍ തെരുവില്‍ ഇറങ്ങാന്‍ കഴിയില്ല എന്നതുതന്നെ.
 

Tags: Recent readings on Marxism
»  News in this Section