എന്തുകൊണ്ട് പെന്‍ഷന്‍ പ്രായം കൂട്ടണം?

Posted on: 05 Sep 2011


വി.ശാന്തകുമാര്‍



ഞാന്‍ കേരള സര്‍ക്കാരിന്റെ ഒരു ജീവനക്കാരന്‍ അല്ല എന്ന കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ. പക്ഷെ, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ടത് സര്‍ക്കാരിന്റെയും നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും ആരോഗ്യത്തിനു അത്യാവശ്യമാണ്. അതിലേക്കു കടക്കും മുമ്പ് മറ്റൊരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം എന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്ത ആളുകളുടെ മനസ്സില്‍ കാര്യമായ അനുഭാവം ഉണ്ടാവുകയില്ല. സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നാല്‍ മറ്റുള്ളവരേക്കാള്‍ അധികം ശമ്പളവും ലീവും മറ്റു ആനുകൂല്യങ്ങളും ഉള്ള, എന്നാല്‍ പണിയെടുക്കാത്ത, സാധാരണ ജനങ്ങളോട് സൗമ്യമായി പെരുമാറാത്ത ഒരാളിന്റെ ചിത്രമാണ് സാധാരണ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്നത്. (സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാര്‍ക്ക് കൂടുതല്‍ ശമ്പളം കിട്ടിയാലും അവര്‍ക്ക് കടുത്ത ജോലിയും പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും മറ്റും ഇല്ലെന്നും സാമാന്യ ജനങ്ങള്‍ക്ക് അറിയാം.) ഈ ചിത്രം ഒരു പരിധി വരെ ശരിയാണ്. ഇങ്ങനെയുള്ള ജീവനക്കാര്‍ക്ക് ഇനി പെന്‍ഷന്‍ പ്രായം കൂട്ടി നല്‍കണോ എന്ന് ചിന്തിക്കുന്നത് സ്വാഭാവികം.

പക്ഷെ ഇവിടെ നമ്മള്‍ മറ്റൊരു വസ്തുത മനസ്സിലാക്കണം. നിയമിക്കുന്ന ജീവനക്കാരനില്‍ നിന്നും കാര്യക്ഷമമായ ജോലിയും ജനങ്ങളോട് സൗമ്യമായ പെരുമാറ്റവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. അതിനു കഴിയണം. എന്നാല്‍ പെന്‍ഷന്‍ പ്രായം കൂട്ടാതിരിക്കുന്നത് ഈ പ്രശ്‌നത്തിനുള്ള മരുന്നല്ല. മാത്രമല്ല, നേരത്തെ റിട്ടയര്‍ ചെയ്യിപ്പിച്ചു അന്ന് മുതല്‍ ശമ്പളത്തിന്റെ പകുതി വിലക്കയറ്റം കണക്കാക്കി വര്‍ധിപ്പിച്ചു ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ ആയി നല്‍കിയാല്‍ അത് കാര്യക്ഷമത ഇല്ലായ്മ കൊണ്ടുള്ള സമൂഹത്തിന്റെ ഭാരം വര്‍ധിപ്പിക്കും. ഒരാളിനെ നിയമിച്ചാല്‍ അയാളെ കൊണ്ട് പണിയെടുപ്പിക്കാന്‍ കഴിയുകയും (അങ്ങനെ ചെയ്തില്ലെങ്കില്‍ അയാളെ ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ പറഞ്ഞയക്കുകയും) അയാള്‍ക്ക് പണിയെടുക്കാന്‍ കഴിയുന്ന കാലം പൂര്‍ണമായി ജോലി ചെയ്യിപ്പിച്ചതിനു ശേഷം മാത്രം പെന്‍ഷന്‍ നല്‍കുകയും ആണ് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഉള്ള മാര്‍ഗം.

കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും 60-65 വയസ്സുവരെ എങ്കിലും ജോലി (പ്രത്യേകിച്ചും സര്‍ക്കാര്‍ ജോലി) എടുക്കാന്‍ കഴിയും. അങ്ങനെ അവരുടെ കര്‍മശേഷി സമൂഹത്തിനു പ്രയോജനപ്പെടുത്തിയിട്ടു വേണം അവര്‍ക്ക് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ നല്‍കാന്‍. ഇല്ലെങ്കില്‍ സമൂഹത്തിനു ഗുണകരമായി ഉപയോഗപ്പെടുത്താവുന്ന ഒരു വിഭവം ഉപയോഗപ്പെടുത്താതെ അതിന്റെ ചെലവ് മാത്രം വഹിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാവും. ഇത് സമൂഹത്തിനും സമ്പദ് വ്യവസ്ഥക്കും ദോഷകരമാണ്.

കേരള സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാനാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തിലുള്ള ഭാരം യുക്തിസഹമാകണമെങ്കില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം. പെന്‍ഷന്‍ പരിഷ്‌കരണവും ആലോചിക്കണം. സര്‍ക്കാര്‍ പണം സമൂഹത്തിനു ആവശ്യമുള്ള മറ്റു പല കാര്യങ്ങള്‍ക്കും ഇന്ന് ചെലവഴിക്കാന്‍ കഴിയുന്നില്ല. ഒന്നുകില്‍ ഈ ആവശ്യങ്ങള്‍ വേണ്ടത്ര നിറവേറ്റപ്പെടുന്നില്ല. അല്ലെങ്കില്‍ അതിനായി സര്‍ക്കാര്‍ കൂടുതല്‍ പണം കടം വങ്ങേണ്ടി വരുന്നു. (കിട്ടുന്ന നികുതി പണത്തിന്റെ ഒരു നല്ല ഭാഗം പലിശ കൊടുക്കാന്‍ മാത്രം ചെലവഴിക്കുന്നു.) അങ്ങനെ കടഭാരം വര്‍ധിക്കുന്നു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ടത് പൊതുപണം കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഏറ്റവും ആവശ്യമായ നടപടിയാണ്.

ഇന്നത്തെ ചെറുപ്പക്കാര്‍ കുറച്ചുകൂടി സ്വകാര്യ മേഖലയിലെ ജോലി ചെയ്യാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ ഇനിയും, നമ്മുടെ ചെറുപ്പക്കാര്‍ ഈ മേഖലയിലേക്ക് കടന്നുവരേണ്ടതുണ്ട്. സര്‍ക്കാര്‍ ജോലി മറ്റേതൊരു ജോലിയും പോലെയാകണം. അല്ലാതെ സര്‍ക്കാര്‍ ജോലി കൂടുതല്‍ ആകര്‍ഷണീയമാകുന്നതു സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമതക്ക് നല്ലതല്ല. അതുകൊണ്ട് ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാനായി പെന്‍ഷന്‍ പ്രായം കുറച്ചു വയ്ക്കുകയല്ല വേണ്ടത്. അവര്‍ കൂടുതലായി സ്വകാര്യ മേഖലയില്‍ ജോലി അന്വേഷിക്കണം എന്ന സന്ദേശം നല്‍കുകയാണ് വേണ്ടത്. അതിനായി കേരളത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്‌സാഹിപ്പിക്കേണ്ടതുമുണ്ട്. അല്ലാതെ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു സര്‍ക്കാര്‍ ജോലി കിട്ടും എന്ന സ്വപ്നം നല്‍കി അവരെ മറ്റു ജോലികളില്‍ നിന്നും വിമുഖരാക്കുന്നത് ഒരു ആധുനിക സമൂഹത്തിനും ചേര്‍ന്ന കാര്യമല്ല.

എന്നാല്‍ ഒരാള്‍ സര്‍ക്കാര്‍ ജോലിക്ക് കയറി അയാള്‍ ജോലി ചെയ്താലും ഇല്ലെങ്കിലും പ്രൊമോഷന്‍ ഒക്കെ കിട്ടി ഉയര്‍ന്ന തസ്തികയില്‍ നിന്നും വിരമിക്കാം എന്ന സ്ഥിതിവിശേഷം മാറണം. ജോലിയിലുള്ള കാര്യക്ഷമത കൂടി പ്രൊമോഷന് പരിഗണിക്കുന്ന സ്ഥിതി ഉണ്ടാവണം. ഒരാള്‍ തന്റെ ജോലി നേരെ ചെയ്തില്ലെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയാളെ ശിക്ഷിക്കാനുള്ള അവസരം ഉണ്ടാവണം. ഇത് കടലാസില്‍ ഉണ്ടെങ്കിലും ട്രേഡ് യൂണിയന്‍ ശക്തി കാരണം നടപ്പാക്കാന്‍ കഴിയാറില്ല. കാര്യക്ഷമത അല്ലാതെ മറ്റെന്തെങ്കിലും വ്യക്തിവൈരാഗ്യം വെച്ച് മേലധികാരികള്‍ ശിക്ഷാ നടപടികള്‍ എടുത്താല്‍ അക്കാര്യം പരിശോധിക്കാനുള്ള ഓംബുഡ്‌സ്മാന്‍ സംവിധാനങ്ങള്‍ ഉണ്ടാവണം.

ഇങ്ങനെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ എടുക്കുന്നതോടൊപ്പം പെന്‍ഷന്‍ പ്രായം 60 - 62 വയസ്സ് വരെയെങ്കിലും വര്‍ധിപ്പിക്കേണ്ടത് നമ്മുടെ സമ്പദ് വ്യവസ്ഥക്ക് അനിവാര്യമാണ്.

 
Tags: Pension age should be increased in Kerala-Article by V Santhakumar
»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00