സൗദിയില്‍ നിന്ന് മടങ്ങിയെത്തുന്നവരെ എങ്ങനെ സംരക്ഷിക്കണം?

Posted on: 03 Apr 2013


വി.ശാന്തകുമാര്‍
സൗദി അറേബ്യയിലെ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് കാരണം കുറെ മലയാളികള്‍ തിരികെ വരേണ്ടിവരുമെന്ന് കരുതി കേരളം ആശങ്കയിലാണ്. ഇങ്ങനെ തിരികെവരുമ്പോള്‍ വ്യക്തികള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ അവരെ എങ്ങനെയെല്ലാം സഹായിക്കാന്‍ കഴിയുമോ അതൊക്കെ ചെയ്യേണ്ടതുണ്ട്. എന്നിരിക്കിലും പ്രവാസി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നാം കുറച്ചുകൂടി അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇക്കാര്യത്തില്‍ വികാരത്തോടൊപ്പം വിവേകവും ആവശ്യമാണ്.

കഴിഞ്ഞയാഴ്ച പെരുമ്പാവൂര്‍ സ്വദേശിയായ ഒരു ചെറുപ്പക്കാരനുമായി കുറേനേരം സംസാരിക്കാന്‍ ഇടയായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ധാരാളം തൊഴിലാളികള്‍ തമ്പടിച്ചിട്ടുള്ള സ്ഥലമാണ് പെരുമ്പാവൂര്‍ . അവരെ സഹായിക്കാന്‍ മുസ്ലിം പള്ളിയുടെയും മറ്റു ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയാണ് ഇയാള്‍ . ഈ തൊഴിലാളികള്‍ക്ക് കിട്ടുന്ന സാമാന്യം നല്ല വരുമാനം, നാട്ടുകാര്‍ക്ക് ഇവരെ കൊണ്ടുള്ള ആവശ്യം അല്ലെങ്കില്‍ നേട്ടം, എന്നാല്‍ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ വേണ്ടത്ര ആശാവഹമല്ലാതിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ആ ചെറുപ്പക്കാരന്‍ പങ്കു വച്ചു.

നമ്മുടെ നാട്ടില്‍ പണിയെടുക്കാന്‍ വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സാമാന്യം നല്ല വരുമാനം കിട്ടുന്നു. അതുകൊണ്ട് ഗള്‍ഫില്‍ നിന്ന് മലയാളി തൊഴിലാളികള്‍ തിരിച്ചുവരുന്നവര്‍ക്കും ഈ വരുമാനം കിട്ടും എന്ന് ഉറപ്പുപറയാന്‍ കഴിയില്ല. തൊഴിലെടുക്കാന്‍ കൂടുതല്‍ ആളുകള്‍ തയാറാകുമ്പോള്‍ വേതനം കുറയാനിടയുണ്ട്. എന്നിരിക്കിലും അന്യ സംസ്ഥാന തൊഴിലാളികളുടെ അവസ്ഥയില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാന്‍ നമുക്ക് കഴിയും. മിക്കവാറും കേരളത്തില്‍ ഒരു തൊഴിലാളിക്ക് കിട്ടാവുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ കിട്ടാനായിരിക്കും (അല്ലെങ്കില്‍ അതിനു ആയിരിക്കണം) മലയാളികള്‍ കേരളത്തിന് പുറത്തു പണിയെടുക്കുന്നത് (അല്ലെങ്കില്‍ പണി എടുക്കേണ്ടത്). കേരളത്തില്‍ കിട്ടുന്നതിനേക്കാള്‍ അല്പം കൂടി കൂടുതല്‍ കിട്ടിയാല്‍ പോര. കാരണം കുടുംബ കാര്യങ്ങള്‍ താല്കാലികമായി നോക്കാനാകാതെ ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് അവര്‍ ഗള്‍ഫു രാജ്യങ്ങളില്‍ പണിയെടുക്കുന്നത്.

ഇത് ഒരു പൊതുതത്വമാണ് എങ്കിലും കുറെ പേരെങ്കിലും കേരളത്തില്‍ കിട്ടാവുന്നതിനേക്കാള്‍ കാര്യമായ ലാഭമൊന്നും ഇല്ലാത്ത പണി ഗള്‍ഫില്‍ ചെയ്യുന്നു. ഇതിനു വിവിധ കാരണങ്ങള്‍ ഉണ്ടാകാം. കൂടുതല്‍ കിട്ടുമെന്ന് കരുതി പോയി ചതിക്കപ്പെട്ടതാകാം. നാട്ടില്‍ ഇതേ ജോലി ചെയ്യാനുള്ള മടിയാകാം. നാട്ടിലാണെങ്കില്‍ കിട്ടുന്ന കാശെല്ലാം ഷാപ്പില്‍ കൊടുക്കുന്ന സ്വഭാവമുള്ളവരാകാം. ഈ പ്രശ്‌നങ്ങള്‍ ഗൗരവമുള്ളവയാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് നമ്മുടെ നാട്ടിലും കുറെയേറെ വ്യക്തിപരമായ തലത്തിലാണ്. ചുരുക്കത്തില്‍ വിസക്കും യാത്രക്കുമായി ചെലവഴിക്കേണ്ട പണവും അവിടെ സഹിക്കേണ്ട ബുദ്ധിമുട്ടും കണക്കിലെടുക്കുമ്പോള്‍ കേരളത്തില്‍ കിട്ടാവുന്നതിനേക്കാള്‍ കാര്യമായ അധിക വരുമാനം കിട്ടുമെന്ന് ഉറപ്പുള്ളവര്‍ മാത്രം പുറത്തു പോവുകയാണ് വേണ്ടത്. ഇതിനു വേണ്ട നടപടികള്‍ വ്യക്തികള്‍ എടുക്കണം. അതിനു അവരെ പ്രാപ്തരാക്കാനാണ് സര്‍ക്കാരും മറ്റു സംഘടനകളും ശ്രമിക്കേണ്ടത്.

ഇനി നമ്മുടെ നാട്ടില്‍ കിട്ടാവുന്നതിനെക്കാള്‍ അധികമായി വരുമാനം കിട്ടുന്നവരും അവിടെയുള്ള പ്രശ്‌നങ്ങള്‍ കാരണം തൊഴില്‍ രഹിതരാകാം. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ വരുമാനം കിട്ടുന്ന അവസരങ്ങള്‍ തേടുമ്പോള്‍ അതില്‍ കുറെയേറെ സ്വാഭാവികമായി തന്നെ അനിശ്ചിതത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഈ അനിശ്ചിതത്വം നാം വ്യക്തികള്‍ എന്ന നിലയിലും സമൂഹം എന്ന നിലയിലും എങ്ങനെ സമീപിക്കുന്നു എന്നതാണ് കുറേക്കൂടി പ്രധാനപ്പെട്ട പ്രശ്‌നം. അനിശ്ചിതത്വം ഉണ്ടെന്നു കരുതി ഉയര്‍ന്ന വരുമാനം വേണ്ടെന്നു വയ്ക്കുന്നത് യുക്തിപരമല്ല. എന്നാല്‍ അനിശ്ചിതത്വത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടാകണം. അത്തരം തയ്യാറെടുപ്പുകള്‍ക്ക് നമ്മെ പ്രേരിപ്പിക്കാന്‍ ഉതകുന്ന സര്‍ക്കാര്‍ നയങ്ങളും സമീപനങ്ങളുമാണ് വേണ്ടത്.

സാധാരണ അനിശ്ചിതത്വം നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായിക്കും. എന്നാല്‍ ജോലി നഷ്ടപ്പെടുന്നത് പോലെയുള്ള നഷ്ടങ്ങള്‍ നേരിടാന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ക്ക് കഴിയണമെന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു ചിലതൊക്കെ ചെയ്യാന്‍ കഴിയും. പക്ഷെ ഇതിനുള്ള ചെലവു മുഴുവന്‍ സര്‍ക്കാരിന് വഹിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഏതൊരു ഇന്‍ഷുറന്‍സ് പദ്ധതിയിലെയും പോലെ ഗുണഭോക്താക്കള്‍ ഭാരം വഹിക്കണം. നാട്ടില്‍ കിട്ടാവുന്നതിനേക്കാള്‍ ഉയര്‍ന്ന വരുമാനം കിട്ടാന്‍ ശ്രമിക്കുന്നവര്‍ നേരിടുന്ന അനിശ്ചിതത്വം കുറയ്ക്കാന്‍ പൊതുപണം ചെലവഴിക്കണമെന്ന വാദഗതി ശരിയല്ല. പൊതുപണം കൊണ്ട് ആവശ്യം ചെയ്യേണ്ട മറ്റു കാര്യങ്ങളുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ നല്കുന്ന വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യ ബോധാത്തോടെയുള്ളവ ആകണമെന്നില്ല. തിരിച്ചു വരുന്നവരെ പുനഃരധിവസിപ്പിക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞാലും അത് കാര്യമായ ഗുണം ചെയ്യില്ല എന്ന് മിക്കവാറും പ്രവാസികള്‍ക്കറിയാം. ചുരുക്കത്തില്‍ ഇക്കാര്യത്തില്‍ വ്യക്തികളുടെ ഉത്തരവാദിത്തബോധം ഊട്ടിയുറപ്പിക്കുന്ന നടപടികളാണ്
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. അതേസമയം, വിദേശത്ത് തട്ടിക്കൊണ്ടു പോകപ്പെടുന്ന പ്രവാസിയുടെ കാര്യത്തില്‍ സ്വദേശ സര്‍ക്കാരുകള്‍ കുറേക്കൂടി സക്രിയമായി ഇടപെടണം. കാരണം ഇവിടെ വ്യക്തികള്‍ക്കല്ല സര്‍ക്കാരുകള്‍ക്കാണ് കൂടുതല്‍ ചെയ്യാന്‍ കഴിയുന്നത്.

ഒരു വിദേശ രാജ്യത്ത് തൊഴിലെടുക്കാന്‍ പോകുമ്പോള്‍ അവിടുത്തെ സാഹചര്യങ്ങള്‍ നമ്മുടെ വരുമാനത്തെ അല്ലെങ്കില്‍ നിലനില്പ്പിനെ സ്വാധീനിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രവാസി തൊഴിലാളിയെ കൊണ്ട് ഒരു വശത്ത് ഗുണവും മറ്റു തരത്തില്‍ ദോഷവും അതിഥി രാജ്യം നേരിടും. അപ്പോള്‍ കൂടുതല്‍ പ്രവാസി തൊഴിലാളികളെ കൊണ്ട് വരാനും ഉള്ളവരെ പുറത്താക്കാനും വ്യത്യസ്ത വിഭാഗങ്ങള്‍ ശ്രമിക്കും. ഈ സംഘര്‍ഷത്തിന്റെ ആകെത്തുകയായിരിക്കും അവിടത്തെ നയങ്ങള്‍ നിശ്ചയിക്കുന്നത്. ഇതാണ് എല്ലാ രാജ്യങ്ങളിലെയും സ്ഥിതി.

ഗള്‍ഫ് രാജ്യങ്ങളില്‍ ചില പ്രത്യേക സാഹചര്യങ്ങളുമുണ്ട്. ജനസംഖ്യയുടെ ശരാശരി പ്രായം കുറയുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കൂടാം. ജനാധിപത്യത്തെ പേടിച്ചോ ജനാഭിലാഷം കണക്കിലെടുത്തോ ഭൂരിപക്ഷം തദ്ദേശവാസികളുടെ (അതും പണക്കാര്‍ അല്ലാത്തവരുടെ) താല്പര്യം കണക്കിലെടുക്കാന്‍ അവിടുത്തെ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകും. വിസ സ്‌പോണ്‍സോര്‍ഷിപ്പ് തുടങ്ങിയ നടപടികള്‍ മുമ്പ് സ്വീകരിച്ചിരുന്നത് പ്രവാസി തൊഴിലാളികളെ സംരക്ഷിക്കാന്‍ കൂടി ഉദ്ദേശിച്ചാണ്. എന്നാല്‍ ഇത് വിസയുടെയും തൊഴിലിന്റെയും കരിച്ചന്തകള്‍ക്ക് വഴിവെച്ചു. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നിയമങ്ങള്‍ ഗുണം ചെയ്യും. അതിനു ഈ രാജ്യങ്ങളെ പ്രേരിപ്പിക്കാന്‍ ഇന്ത്യയുടെ വിദേശ ബന്ധങ്ങള്‍ സഹായിച്ചേക്കാം.

പക്ഷെ ആത്യന്തികമായി ഇക്കാര്യത്തിലുള്ള പരിഹാരം വിദേശ തൊഴില്‍ തേടുന്ന വ്യക്തികളുടെ ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടത്.

 

Tags: Nitaqat and Kerala Economy
»  News in this Section