പൗരബോധത്തിന് മീതെ ധാര്‍മിക ബോധം

Posted on: 16 Aug 2012


വി.ശാന്തകുമാര്‍



രാമന്‍കുട്ടി ബീഫ് കഴിക്കാറില്ല. അയാള്‍ക്ക് ഇക്കാര്യത്തെ രണ്ട് രീതിയില്‍ സ്വയം ന്യായീകരിക്കാം. ഒന്ന്: 'ബീഫ് കഴിക്കുന്നത് എനിക്കിഷ്ടമില്ല; അതിന്റെ രുചി എനിക്ക് ഇഷ്ടമല്ല; ബീഫ് കഴിക്കുമ്പോള്‍ നല്ല സുഖം തോന്നുന്നില്ല; അതിന്റെ വില എനിക്ക് താങ്ങാന്‍ കഴിയില്ല; ബീഫിന്റെ മണം ഭാര്യക്ക് ഇഷ്ടമില്ല'; ഇങ്ങനെയുള്ള ഏതെങ്കിലും കാരണം കൊണ്ടു രാമന്‍കുട്ടി ബീഫു കഴിക്കാതിരിക്കുമ്പോള്‍ അത് അയാളുടെ താല്പര്യത്തിനു അനുഗുണമായ ഒരു തീരുമാനമാകുന്നു.

വേറൊരുതരം കാരണം കൊണ്ട് രാമന്‍കുട്ടിക്കു ബീഫു കഴിക്കാതിരിക്കാം. അത് കഴിക്കുന്നത് അദ്ദേഹത്തിന്റെ ധാര്‍മ്മിക ബോധത്തിന് അനുഗുണം അല്ല. ബീഫു കഴിക്കുന്നത് ശരിയല്ല എന്നാണ് തന്റെ മൂല്യബോധം തന്നോട് പറയുന്നത്. ഇത് വേറൊരു സമീപനം.

ഈ രണ്ട് സമീപനങ്ങളും സമൂഹത്തില്‍ വ്യത്യസ്ത പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ആദ്യത്തെ നിലപാട് കൊണ്ടാണ് രാമന്‍കുട്ടി ബീഫു കഴിക്കാതിരിക്കുന്നതെങ്കില്‍ അത് കഴിക്കുന്ന കൃഷ്ണന്‍ കുട്ടിയോട് അയാള്‍ക്ക് ആഴത്തിലുള്ള അനിഷ്ടം തോന്നേണ്ട കാര്യമില്ല. 'അത് അയാളുടെ ഇഷ്ടം അല്ലെങ്കില്‍ താല്പര്യം' എന്ന് കരുതാന്‍ കഴിയും. രണ്ടാമത്തെ കാരണമാകുമ്പോള്‍ രാമന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം കൃഷ്ണന്‍കുട്ടി അധാര്‍മികനാണ്. അയാളുമായി ബന്ധപ്പെടുന്നത് ശരിയല്ല. കഴിയുമെങ്കില്‍ അധാര്‍മികനായ അയാളെ ശിക്ഷിക്കണം.

ബീഫു കഴിക്കല്‍ ഒരു നിസ്സാരമായ ഉദാഹരണമായി എടുത്തു എന്ന് മാത്രം. മദ്യം കഴിക്കല്‍, വിവാഹം കഴിക്കാതെ ഒരു പെണ്‍കുട്ടിയുമായി ജീവിക്കല്‍ (അല്ലെങ്കില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തുപോകല്‍) തുടങ്ങി നമ്മളെ നേരിട്ട് ബാധിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ പോലും അധാര്‍മികരായി കാണാനും അവരെ ശിക്ഷിക്കാനും ഉള്ള ത്വര നമ്മുടെ സമൂഹത്തില്‍ കാര്യമായി നിലനില്‍ക്കുന്നു. അധാര്‍മികരെ നേരിട്ട് ശിക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് ധാര്‍മികമായി ശരിയാകുന്നു. ഒരു സമൂഹത്തില്‍ വ്യത്യസ്ത താല്പര്യങ്ങളും അവ തമ്മില്‍ സംഘര്‍ഷങ്ങളും ഉണ്ടാകുക സാധാരണമാണ്. എന്നാല്‍ ഇവിടെ തര്‍ക്കങ്ങള്‍ 'ധാര്‍മികതയുടെ' അളവുകോല്‍ വച്ച് വിലയിരുത്തപ്പെടുന്നു. തന്റെ താല്പര്യത്തെ എതിര്‍ക്കുന്നവന്‍ 'അധാര്‍മികന്‍' ആകുന്നു. അത് അവനുമായി ചര്‍ച്ച ചെയ്തു പ്രശ്‌ന പരിഹാരം ഉണ്ടാക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുന്നു. അതിനു പകരം എങ്ങനെയെങ്കിലും ശിക്ഷിക്കുക എന്നതാണു എന്റെ ആഗ്രഹം. അപ്പോള്‍ 'അധാര്‍മികനെ' അക്രമിക്കലും കൊലപ്പെടുത്തുന്നുന്നതുമൊക്കെ ധാര്‍മികമാകുന്നു.

ഇത് എന്ത് കൊണ്ടാണ്? വ്യക്തികള്‍ ധാര്‍മിക ബോധത്തിന് അടിസ്ഥാനമായി സമൂഹത്തില്‍ ഇടപെടുന്നത് ഒരു തരത്തില്‍ പിന്നോക്ക സമൂഹങ്ങളുടെ ലക്ഷണമാണ്. എന്തുകൊണ്ടാണ് പിന്നോക്ക സമൂഹങ്ങള്‍ 'ധര്‍മത്തെ' അധികമായി ആശ്രയിക്കുന്നത്? വ്യക്തികള്‍ക്ക് ഓരോ സാഹചര്യത്തിലും തങ്ങള്‍ക്കും സമൂഹത്തിനു എന്താണോ നല്ലതെന്ന് ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയുണ്ടാവാം. അപ്പോള്‍ എന്താണ് ശരിയും തെറ്റും എന്ന് 'ചിലര്‍' തീരുമാനിക്കുന്ന കാര്യങ്ങള്‍ 'ധാര്‍മ്മിക ബോധത്തിന്റെ' രൂപത്തില്‍ ഭൂരിപക്ഷത്തെ പഠിപ്പിക്കും. 'നിങ്ങള്‍ ഈ രീതിയില്‍ നിന്ന് മാറിയാല്‍' നിങ്ങളെ ദൈവം ശിക്ഷിക്കും എന്ന് പറഞ്ഞു പഠിപ്പിക്കും. ഒരു പരിധി വരെ 'മോനെ അപ്പം കഴിച്ചില്ലെങ്കില്‍ ഭൂതം വരും' എന്ന് അമ്മമാര്‍ കൊച്ചു കുട്ടികളോട് പറയുന്നതുപോലെയാണ് ഇത്. ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചില്ലെങ്കില്‍ പിന്നോക്ക സമൂഹങ്ങളിലെ ആളുകള്‍ തങ്ങള്‍ക്കു തല്‍ക്കാലത്തേക്ക് ഗുണം ഉള്ളതും മറ്റുള്ളവര്‍ക്കും (തനിക്കു ദീര്‍ഘ കാലത്തിലും) ദോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യും. മറ്റൊരാളിന്റെ കയ്യിലുള്ളത് മോഷ്ടിക്കാം, പണം കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കില്ല, ഒരാള്‍ ഒരു സാധനം വില ഉറപ്പിച്ചു തന്നാല്‍ അതിനുള്ള വില കൊടുക്കാതിരിക്കാം, അങ്ങനെ സമൂഹത്തിന്റെ നിലനില്‍പ്പിനു ദോഷകരമായ പല കാര്യങ്ങളും ചെയ്യാം. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഭൂരിപക്ഷത്തെ 'ധാര്‍മ്മിക ബോധത്തിന്റെ' വഴിയിലൂടെ ശരിയായി നടത്താന്‍ ശ്രമിക്കും.

ഈ ധാര്‍മിക ബോധം ഒരു പ്രത്യേക കാലഘട്ടത്തിലെ സാമൂഹ്യസാമ്പത്തിക, സാംസ്‌കാരിക സാഹചര്യങ്ങളുടെയും അറിവിന്റെയും ഒക്കെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്നതാണ്. എന്നാല്‍ ധാര്‍മിക ബോധം മാറുന്നില്ല. സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ മാറുമ്പോള്‍, സാമൂഹ്യ വിജ്ഞാനം വളരുമ്പോള്‍, ഒരു പ്രത്യേക ധാര്‍മിക ബോധം അപ്രസക്തമാകും. എന്നാല്‍ അപ്രസക്തവും അകാലികവുമായ ധാര്‍മിക ബോധം കൊണ്ടുനടക്കുന്നവര്‍ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടാണ് ധാര്‍മിക ബോധത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹം സമാധാനപരമായി നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്തത്. വളരെ പിന്നോക്കം നില്‍ക്കുന്ന ആഫ്രിക്കന്‍ സമൂഹങ്ങളില്‍ പോലും ഒരു വംശം മറ്റൊരു വംശത്തില്‍ പെടുന്ന ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്നതില്‍ പോലും 'ഒരു ധാര്‍മിക ബോധം' ഉണ്ട്. അല്ലെങ്കില്‍ നിങ്ങള്‍ക്കു 'ഞങ്ങളുടെ' ധാര്‍മിക ബോധം ഇല്ലാത്തതാണ് പ്രശ്‌നം എന്ന് ചിലര്‍ പറയും. പിന്നെ ചിലര്‍ തങ്ങളുടെ ധര്‍മിക ബോധം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പ്പിക്കാനായി അവരെ കൊന്നൊടുക്കും.

എങ്ങനെയാണ് ആധുനിക സമൂഹത്തില്‍ ആളുകള്‍ മറ്റുള്ളവരുടെ വസ്തുക്കള്‍ മോഷ്ടിക്കാതെയും മറ്റുള്ളവരെ കൊല്ലാതെയും ജീവിക്കുന്നത്. ഇവിടെയാണ് സമൂഹം ധാര്‍മിക ബോധത്തില്‍ നിന്നും പൗര ബോധത്തിലേക്ക് മാറുന്നത്. പൗര ബോധത്തിന് പല തലങ്ങളുണ്ട്. ചില കാര്യങ്ങള്‍/പ്രവൃത്തികള്‍ തങ്ങളെ മാത്രം ബാധിക്കുന്നതും അല്ലെങ്കില്‍ മറ്റുള്ളവരെ ബാധിച്ചാല്‍ അതിനു നാം വില നല്‍കുന്നതുമാണ്. ഒരാള്‍ ബീഫ് കഴിച്ചാല്‍ അതിന്റെ നേട്ടവും ദോഷവും അയാള്‍ക്കാണ്. അയാള്‍ ഇറച്ചിയുടെ വില അതിന്റെ ഉടമസ്ഥന് നല്‍കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ വ്യക്തികളുടെ താല്പര്യത്തിനു അനുസരിച്ച് നടക്കും. ഒരാള്‍ ഒരു സാധനം മറന്നു വച്ചാല്‍, അത് തിരികെ കൊടുക്കാനുള്ള മര്യാദ, അല്ലെങ്കില്‍ ഒരാള്‍ നമുക്കൊരു സാധനം വില ഉറപ്പിച്ചു തന്നാല്‍ അതിന്റെ പ്രതിഫലം (അയാള്‍ അടിക്കും എന്നു പേടിച്ചല്ലാതെ) നല്‍കാനുള്ള മര്യാദ, ടാക്‌സി പിടിച്ചു വീട്ടില്‍ ചെന്നാല്‍ അതിന്റെ പണം (ഡ്രൈവര്‍ ബഹളം ഉണ്ടാക്കും എന്ന് കരുതി അല്ലാതെ) നല്‍കാനുള്ള മര്യാദ ഒക്കെ ഒരു പ്രത്യേക ധാര്‍മിക ബോധത്തിന്റെ അടിസ്ഥാനമില്ലാതെ രൂപപ്പെടും.

ഒരാള്‍ മറ്റൊരാളിനെ ആക്രമിക്കാന്‍ അല്ലെങ്കില്‍ അയാളുടെ വസ്തുക്കള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള മറുപടി/ശിക്ഷ നല്‍കാനുള്ള ചുമതല സമൂഹത്തെ പ്രതിനിധീകരിക്കുന്ന സര്‍ക്കാരിനു കൈമാറും. അല്ലാതെ നേരിട്ട് പ്രതിയെ കണ്ടെത്തി ശിക്ഷിക്കാന്‍ ശ്രമിക്കില്ല. സൗമ്യയുടെ കൊലയാളി എന്ന് കരുതപെട്ട ആളിനെ നേരിട്ട് ശിക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ച കാര്യം നമ്മള്‍ കണ്ടല്ലോ. എന്നാല്‍ ഒരു ആധുനിക സമൂഹത്തില്‍ ഇക്കാര്യം നമ്മള്‍ കോടതിക്കും പോലീസിനും വിട്ടുകൊടുക്കും. എല്ലാവരും നിയമത്തിന്റെ മുമ്പില്‍ തുല്യരാകും. അല്ലാതെ ഒരു പാര്‍ട്ടിയുടെ നേതാവിനെ പോലീസ് നിയമപരമായി ജയിലില്‍ അടച്ചാല്‍ പൊതു സമൂഹത്തില്‍ അക്രമം അഴിച്ചു വിടില്ല. എല്ലാ സമൂഹത്തിലും അക്രമകാരികളായ ചിലര്‍ ഉണ്ടാകും. എന്നാല്‍ അവര്‍ വളരെ ചെറിയ ന്യൂനപക്ഷവും അവരുടെ മേല്‍ സമൂഹത്തിന്റെ നിയന്ത്രണവും ഉണ്ടാകും.

കേരളത്തില്‍ നമ്മള്‍ പൗരബോധം ഉള്‍കൊണ്ടിട്ടില്ല. നമ്മള്‍ ഇപ്പോഴും വ്യത്യസ്ത ധാര്‍മിക ബോധങ്ങളുടെ തടവുകാരാണ്. ഓരോ ധാര്‍മിക ബോധക്കാരും മറ്റൊരു ബോധക്കാരെ നേരിട്ട് ശിക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇത് ഒരു പിന്നോക്ക സമൂഹത്തില്‍ മനസ്സിലാക്കാം. എന്നാല്‍ കേരളത്തിലെ ആളുകള്‍ വിദ്യാഭ്യാസത്തിലും മറ്റു സൗകര്യങ്ങളിലും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതിനു അനുസരിച്ച് നമ്മള്‍ പൗരബോധത്തില്‍ ഉറച്ച ഒരു സമൂഹം ആയി മാറിയിട്ടില്ല. പണ്ടില്ലാതിരുന്നതിനേക്കാള്‍ നമ്മള്‍ ചില സങ്കുചിത ധാര്‍മിക ബോധങ്ങള്‍ക്ക് അടിമകളായിട്ടുണ്ടോ എന്ന് ഒരു സംശയം. കേരളത്തിനകത്ത് വേണ്ടത്ര വികസനം ഉണ്ടാകാതിരിക്കുകയും എന്നാല്‍ പുറത്ത് ജോലി ചെയ്തും അല്ലാതെയും കിട്ടുന്ന പണത്തിനെ ആശ്രയിക്കുന്ന ഒരു സമൂഹം ആയതുകൊണ്ടാണോ ഇങ്ങനെ ധാര്‍മിക ബോധത്തിന്റെ കുരുക്കുകള്‍ കേരളത്തില്‍ മുറുകുന്നത് എന്നാണ് എന്നെ പോലുള്ളവര്‍ സംശയിക്കുന്നത്.

 

Tags: Moral sense and citizenship obligations
»  News in this Section
ഗ്രാം2615.00
പവന്‍20920.00
വെള്ളി
ഗ്രാം54.00