വിവാഹ ചെലവും എന്‍എസ്എസ്സിന്റെ ഇടയലേഖനവും

Posted on: 01 Nov 2011


വി.ശാന്തകുമാര്‍



വിവാഹത്തിന് വേണ്ട ചെലവു കുറയ്ക്കണമെന്നും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും എന്‍എസ്എസ് സ്വന്തം സമുദായാംഗങ്ങളെ നിര്‍ബന്ധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കി എന്ന് വാര്‍ത്ത കണ്ടു. എന്തുകൊണ്ട് വിവാഹ ചെലവു കൂടുന്നു എന്ന് എന്‍എസ്എസ് വേണ്ടത്ര ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

വിവാഹ ചെലവിനെ സ്വാധീനിക്കുന്ന ചില സാമൂഹ്യ സാമ്പത്തിക കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം. (ചിലരുടെ കയ്യില്‍ പണമുണ്ട്, അതിനാല്‍ അവര്‍ കൂടുതല്‍ ചെലവഴിക്കുന്നു.... തുടങ്ങിയ കാരണങ്ങള്‍ മാറ്റിവെയ്ക്കാം.)

ഒന്ന്:
തങ്ങളുടെ പെണ്‍കുട്ടിക്ക്, കിട്ടാവുന്നതില്‍ ഏറ്റവും നല്ല ചെറുക്കനെ കിട്ടണം എന്ന താല്പര്യം വിവാഹ ചെലവു വര്‍ധിപ്പിക്കും. ഇത്, കൊടുക്കുന്ന സ്ത്രീധനത്തിലോ ഇടുന്ന സ്വര്‍ണത്തിന്റെ അളവിലോ മാത്രമല്ല പ്രതിഫലിക്കുന്നത്. ഏത് ഹാളില്‍ വച്ച് കല്യാണം നടത്തണം, എന്ത് ഭക്ഷണം കൊടുക്കണം, ഏതെല്ലാം ചടങ്ങ് നടത്തണം, എത്ര പേരെ കല്യാണത്തിന് വിളിക്കണം തുടങ്ങിയ കാര്യങ്ങളെയും സ്വാധീനിക്കും. എന്തുകൊണ്ടാണ്, ഈ ഭാരമെല്ലാം പെണ്ണിന്റെ മാതാപിതാകളുടെ മേല്‍ വീഴുന്നത്? ഇവിടെയാണ് നമ്മുടെ സാമൂഹ്യ സാമ്പത്തിക ചുറ്റുപാടിന്റെ പ്രസക്തി. പെണ്‍കുട്ടിയുടെ ജീവിതസുരക്ഷയും സന്തോഷവും വിവാഹത്തിനകത്തു നിന്ന് (മാത്ര)മാണ് കിട്ടേണ്ടത് എന്ന് നമ്മുടെ സമൂഹം കരുതുന്നു. സ്വന്തമായി വരുമാനം ഇല്ലാത്ത പെണ്‍കുട്ടികളുടെ കാര്യം മാത്രമല്ല ഈ പ്രശ്‌നം. ജോലിയുള്ള പെണ്ണിന് ഒറ്റയ്ക്ക് കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ കഴിയാന്‍ നമ്മുടെ നാട്ടില്‍ കഴിയുമോ? സുരക്ഷിതത്വവും സന്തോഷവും വിവാഹത്തിന് അകത്തുനിന്ന് മാത്രം കിട്ടേണ്ടത് കൊണ്ട് ഓരോ പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിക്ക് കമ്പോളത്തില്‍ കിട്ടാവുന്ന ഏറ്റവും 'നല്ല' ചെറുക്കനെ നേടാന്‍ ശ്രമിക്കുന്നു. ഇതറിയുന്ന ചെറുക്കന്മാര്‍ തങ്ങള്‍ക്കു നല്ല വില കിട്ടാന്‍ വേണ്ടി വില പേശുന്നു. അത് ചെറുക്കന്മാരുടെ കമ്പോള വില വര്‍ധിപ്പിക്കുന്നു. കമ്പോള വില വിവിധ രീതിയില്‍ നല്‍കുന്നു. അത് വിവാഹ ചെലവും വര്‍ധിപ്പിക്കും.

ഇനി നമുക്ക് വേറൊരു രീതിയില്‍ ചിന്തിക്കാം. സ്ത്രീക്കും പുരുഷനും ജീവിത സുരക്ഷിതത്വവും സന്തോഷവും കിട്ടാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. സന്തോഷം വിവാഹത്തിന് അകത്തു നിന്നും ആകാം. അപ്പോള്‍ രണ്ടു പേര്‍ തങ്ങളുടെ സമ്മതപ്രകാരം വിവാഹം കഴിക്കാന്‍ തയ്യാറാകും. ഇവിടെ ഒരാള്‍ മറ്റൊരാളെ വാങ്ങാന്‍, അല്ലെങ്കില്‍ വാങ്ങുന്നതിന് വേണ്ടി കൂടുതല്‍ ചെലവു ചെയ്യാന്‍ തയ്യാറാവില്ല. വിവാഹ ബന്ധത്തില്‍ ഇത്തരത്തില്‍ ഒരു മാറ്റം സ്വാഗതം ചെയ്യാന്‍ എന്‍എന്‍എസ്സിന് കഴിയുമോ?

രണ്ട്:
എല്ലാ സമൂഹത്തിലും വ്യക്തികള്‍ സാമൂഹ്യ ബന്ധപെടലുകള്‍ക്കു വേണ്ടി പണം ചെലവു ചെയ്യും. വ്യക്തികള്‍ സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കുക എന്നത് അത്തരം ഒരു കാര്യമാണ്. നമ്മുടെ നാട്ടില്‍ ആണുങ്ങള്‍ കൂട്ടുകാരോടൊപ്പം പുറത്തുപോയി 'വെള്ളമടിക്കുമെങ്കിലും' ഇത്തരത്തിലുള്ള സാമൂഹ്യ ബന്ധപെടലുകള്‍ വേണ്ടത്ര ഉണ്ടെന്നു പറയാന്‍ കഴിയില്ല. ഒരു സ്ഥലത്ത് തലമുറകള്‍ ആയി ജനിച്ചു വളര്‍ന്നവര്‍ ധാരാളം ഉള്ള നമ്മുടെ നാട്ടില്‍ സാമൂഹ്യ ബന്ധങ്ങള്‍ ബന്ധുക്കളിലും നാട്ടുകാരിലും ആയിരിക്കുന്നതില്‍ അത്ഭുതമില്ല. ജനസംഖ്യ വര്‍ധനവിന് അനുസരിച്ച് ബന്ധുകളുടെയും നാട്ടുകാരുടെയും എണ്ണം കൂടും. വിവാഹം, സഞ്ചയനം തുടങ്ങിയവയാണ് നമ്മുടെ നാട്ടില്‍ സാമൂഹ്യബന്ധം നിലനിര്‍ത്തുന്ന ചടങ്ങുകള്‍. അതുകൊണ്ട് വിവാഹ ചെലവിന്റെ ഒരു ഭാഗം സാമൂഹ്യ ബന്ധത്തിന്റെ ചെലവാണ്. ഈ ഭാഗം കുറയണമെങ്കില്‍ നമ്മള്‍ കുറേക്കൂടി 'അന്യര്‍' ആകുന്ന ഒരു നഗരവത്കരണത്തിന് വിധേയമാകണം. (ഈ നഗരവത്കരണം ചുറ്റുപാടില്‍ മാത്രം പോര നമ്മുടെ മനസ്സിലും സംഭവിക്കണം.)

മൂന്ന്:
തനിക്കുള്ള സമ്പത്ത് മറ്റുള്ളവരെ കാണിക്കാന്‍ ഉള്ള ഒരു ത്വര വിവാഹ ചെലവു വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഇത്രയധികം സ്വര്‍ണം വിവാഹത്തിന് ധരിക്കുന്നത് എനിക്ക് രണ്ടേക്കര്‍ പറമ്പുണ്ടെന്ന് ബോര്‍ഡ് എഴുതി കഴുത്തില്‍ തൂക്കുന്നതുപോലെ വൃത്തികേടായിട്ടുണ്ട്. ഇത്രയധികം സ്വര്‍ണം ഒട്ടും തന്നെ സൗന്ദര്യം വര്‍ധിപ്പിക്കുന്നില്ല. നേരത്തെ സൂചിപ്പിച്ച നഗരവത്്കരണത്തിന്റെ അഭാവം ഇക്കാര്യത്തിലും കാണാം. സ്വര്‍ണക്കാര്യത്തില്‍ മാത്രമല്ല ഈ വൃത്തികെട്ട പ്രദര്‍ശനം. നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും കല്യാണത്തിനും സഞ്ചയനത്തിനും എംഎല്‍എ, എംപി, മന്ത്രി, സിനിമ താരം, ബിഷപ്പ് എന്നിവരൊക്കെ വേണം. (അതുവഴി എംഎല്‍എ യും എംപിയും തങ്ങള്‍ ചെയ്യേണ്ട ജോലി ചെയ്യുന്നില്ല.) തന്റെ സാമൂഹ്യമുതല്‍ നാട്ടുകാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് കല്യാണവും മരണാനന്തര ചടങ്ങുകളും. നമ്മുടെ ഗ്രാമ്യത, സംസ്‌കാരം, പാരമ്പര്യം, സമുദായബന്ധം ഒക്കെ ഇത്തരം പ്രദര്‍ശനത്തെ സഹായിക്കുന്ന കാര്യങ്ങളാണ്. അവ പുന:പരിശോധിക്കാന്‍ എന്‍എന്‍എസ്സിനു കഴിയുമോ?

 
Tags: Marriage expenses and NSS circular-Article by V Santhakumar
»  News in this Section