
മറ്റെല്ലാ വ്യവസായങ്ങളുടെ കാര്യത്തില്‍ പിന്നിലായിരുന്നാലും ദൈവ വിശാസത്തിന്റെ വ്യവസായ സാദ്ധ്യതകള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്നതില്‍ ജാതി-മത വ്യത്യാസമില്ലാതെ മലയാളി മുന്നിലാണ്. റോഡു മാര്‍ഗം പാറശ്ശാല വഴിയോ മഞ്ചേശ്വരം വഴിയോ കേരളനാട്ടില്‍ കയറുന്നവരോട് 'മങ്കുളത്കാവി' ലേക്ക് ഇത്ര കിലോമീറ്റര്‍ എന്ന ബോര്‍ഡു വെച്ച വിപണന തന്ത്രം നമ്മള്‍ കണ്ടു.
'നമ്പൂതിരി ശ്രേഷ്ഠന്‍മാര്‍' പങ്കെടുക്കുന്ന പൂജയാണ്, സഹകരിക്കുക എന്ന വിപണന വിളംബരം ഇടക്കൊക്കെ കേള്‍ക്കാം. (ശുദ്ധ ഈഴവന്‍ ചെത്തിയ കള്ള് കിട്ടും, പുരാതന ബാര്‍ബര്‍ കുടുംബത്തിലെ അംഗങ്ങള്‍ മുടി വെട്ടുന്ന സ്ഥലം തുടങ്ങിയ പരസ്യങ്ങള്‍ ഉണ്ടാകാം). ശബരിമലയിലേക്ക് പോകുന്ന തമിഴന്റെയും തെലുങ്കന്റെയും കീശയിലെ അല്‍പം പണം കിട്ടുമോ എന്ന് നോക്കാന്‍ വഴിയോരത്തു 'ശുദ്ധ' വെജിറ്റേറിന്‍ ഹോട്ടലുകള്‍ മാത്രമല്ല, അനേകം ചെറിയ അമ്പലങ്ങളും ഇന്നുണ്ട്്.
ആറ്റുകാല്‍ പൊങ്കാലയുടെ സാമ്പത്തിക വിജയം തലസ്ഥാനത്തെ ധാരാളം ചെറുകിട അമ്പലങ്ങളെ പൊങ്കാല ബിസിനസ് നടത്താന്‍ പ്രേരിപ്പിച്ചു. നമ്പൂതിരിമാരുടെ ജീവിത സാഹചര്യം പരിശോധിച്ചാല്‍ ഇംഗ്ലീഷ് ഭാഷയിലെ 'യു' അക്ഷരം പോലെയാണ്. ഒരിക്കല്‍ താരതമ്യേന ഉയര്‍ന്ന ജീവിതനിലവാരം ഉണ്ടായ്രിരുന്ന അവര്‍ സാമൂഹ്യമാറ്റം കൊണ്ടും ഭൂപരിഷ്‌കരണം കൊണ്ടും ക്ഷയിച്ചു.
എന്നാല്‍, ഇപ്പോള്‍ തന്ത്രി, പൂജ, ജ്യോതിഷം, പരിഹാരക്രിയ തുടങ്ങിയവയുടെ ഡിമാണ്ട് അഭൂതപൂര്‍വമായി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അവരില്‍ നല്ല വരുമാനം ഉണ്ടാക്കുന്നവരുമുണ്ട്. കേരളത്തിലെ പൂജാരിമാര്‍ക്ക് കേരളത്തിനു പുറത്തും നല്ല ഡിമാണ്ട ആണത്രെ. ഇതിനു പുറമേ മറ്റു ജാതിക്കാരും ചില പുത്തന്‍ ദൈവ, പൂജ ഉത്പന്നങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഏതൊരു വ്യവസായത്തിലുമെന്ന പോലെ അതിലും ചിലര്‍ പച്ച പിടിക്കുന്നു. ചിലര്‍ കുറെ നാളത്തെ വിലസലിനു ശേഷം സന്തോഷ് മാധവനെ പോലെ ജയിലില്‍ പോകുന്നു, ചിലര്‍ കാര്യമായ വളര്‍ച്ച ഇല്ലാത്ത ചെറുകിട വ്യവസായമായി നിലനില്‍കുന്നു.
കേരളത്തിലെ വ്യവസായ സാദ്ധ്യതകള്‍ തിരിച്ചറിയുന്നതില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ക്രിസ്ത്യാനികള്‍ക്ക് കുറച്ചു കൂടി കഴിവും താല്‍പര്യവും ഉണ്ട്. ഭക്തി വ്യവസായത്തിലും അവര്‍ മുന്നിലാണ്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പുറം കരാര്‍ ജോലികളുടെ കാര്യത്തില്‍ കേരളം പുറകില്‍ ആണെങ്കിലും പ്രാര്‍ത്ഥനയുടെ പുറം കരാര്‍ പണിയില്‍ നമ്മള്‍ വളരെ മുന്നിലാണത്രെ. പ്രാര്‍ത്ഥനയുടെ സമയത്തിന്റെ 'വില' വര്‍ധിച്ചപ്പോള്‍, പ്രാര്‍ത്ഥനയുടെ ഇടനിലക്കാരന്‍ പണി അത്ര ആകര്‍ഷകമാല്ലതയായി. ഈ അവസരത്തിലാണ് യൂറോപ്പ്യര്‍ മറ്റു രാജ്യക്കാരെ അന്വേഷിച്ചു തുടങ്ങിയത്.
ഈ അവസരം മലയാളി ശരിക്കും ഉപയോഗിച്ചു. അവിടെ പോയി ഇടനിലക്കാരന്‍ പണി ചെയ്യുക, ഇവിടുത്തെ പ്രാര്‍ത്ഥനതള്‍ക്ക് ഇവിടെ പണം വാങ്ങുക, തുടങ്ങി ലാഭകരമായ ധാരാളം കരാര്‍ അവസരങ്ങള്‍ കിട്ടി തുടങ്ങി.
ഈ അടുത്തകാലത്ത് ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയ ഒരു കുറിപ്പ് പ്രകാരം, ബിഷപ്പിനെ സ്വാധീനിച്ചു പുറത്തെ പള്ളി സര്‍വകലാശാലയില്‍ നിന്ന് ഒരു ഫെല്ലോഷിപ്പ് സംഘടിപ്പിച്ചു വിദേശത്ത് പോയി അവിടെ പ്രാര്‍ത്ഥന നടത്തി നല്ല വരുമാനം ഉണ്ടാക്കുന്ന 'അച്ചന്മാര്‍' ഉണ്ടത്രേ. ആരാണ് പറഞ്ഞത് മലയാളിക്ക് വ്യവസായം തുടങ്ങാനുള്ള കഴിവില്ല എന്ന്?!
കന്യാസ്ത്രീ ആകാന്‍ യുറോപ്പ്യന്‍ സ്ത്രീകള്‍ തയ്യാറാകാതെ വന്നപ്പോള്‍ ആ അവസരവും മലയാളി ഉപയോഗിച്ചു. നേഴ്‌സ്, ഹോം നേഴ്‌സ് തുടങ്ങിയ സേവനങ്ങള്‍ യൂറോപ്പ്യര്‍ക്ക് നല്‍കി വരുമാനം ഉണ്ടാക്കുന്നതില്‍ നമ്മള്‍ വളരെ മുന്നില്‍ ആണ്. ഇതില്‍ നിര്‍ണായകമായത് നമുക്ക് ദൈവ വ്യവസായത്തിലുള്ള പരിചയം തന്നെ.
ഇസ്ലാം രാഷ്ട്രങ്ങളിലെ സമ്പന്നര്‍ മറ്റു രാജ്യങ്ങളില്‍ ഇസ്ലാം പ്രചരിപ്പിക്കുന്നതിനു പണം ചെലവഴിക്കാന്‍ തുടങ്ങിയപ്പോള്‍, അതിന്റെ ഒരു നല്ല പങ്കു സംഘടിപ്പിക്കാനും, ഈ ഇസ്ലാം പ്രചാരണ പദ്ധതിയുടെ നടത്തിപ്പുകാരാകാനും കുറച്ചു മലയാളികള്‍ക്ക് കഴിഞ്ഞു. മറുവശത്ത് ഉസാമ ബിന്‍ ലാദന്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഉപകൊണ്ട്രാക്ടര്‍മാര്‍ നടത്തുന്ന തീവ്ര പദ്ധതികളിലും ചെന്നു പെടുന്ന മലയാളികളുമുണ്ട്.
ഇസ്ലാമിക ദൈവ വ്യവസായത്തിലുള്ള നമ്മുടെ പരിചയവും ഗള്‍ഫിലേക്കുള്ള കുടിയേറ്റവും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ഇസ്ലാമിലാകട്ടെ വ്യവസായവും മത മൂല്യങ്ങളും തമ്മില്‍ അടുത്ത ബന്ധമാണ്. ഏത് മത പ്രവര്‍ത്തനം, ഏത് വ്യവസായ പ്രവര്‍ത്തനം എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ (ഇസ്ലാമിക ബാങ്ക് ഒരു ഉദാഹരണം.) മതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ജീവിതവരുമാനം കണ്ടെത്തുന്ന മുസ്ലിം സഹോദരന്മാരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ഇത് വായിക്കുമ്പോള്‍ ഈ ലേഖനം ദൈവ വിശ്വാസത്തിനു എതിരാണെന്നോ ലേഖകന്‍ ഒരു നിരീശ്വരവാദിയാണെന്നോ കരുതിയാല്‍ തെറ്റി. ഞാനും അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. മറ്റുള്ളവരുടെ ദൈവവിശ്വാസത്തെ സ്വന്തം സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ഉപകരണം ആക്കുന്നതില്‍ മലയാളി മുന്നിലാണ് എന്ന് മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളും (അത് പ്രണയമോ ദൈവ വിശ്വാസമോ ഒക്കെയാവാം) വാണിജ്യവതക്കരണം എന്ന പ്രതിഭാസത്തില്‍ പെട്ടുപോകും. നമ്മള്‍ ഇടക്കൊക്കെ കച്ചവട താല്പര്യതിനെതിരെ സംസാരിക്കുമെന്ന് മാത്രമേയുള്ളു.
ദൈവ വിശ്വാസവും സാമ്പത്തിക പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം കൌതുകകരമാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യവും ദൈവ വിശ്വാസവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല. കാരണം നല്ലൊരു വിഭാഗം ജനങ്ങളും ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്തുന്നത്, ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചിന്തിച്ചിട്ടേ അല്ല.
മറിച്ച് തങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവിധ ശ്രമങ്ങളില്‍ ഒന്ന് മാത്രമായി പ്രാര്‍ത്ഥനയും മാറുന്നുവെന്നേ ഉള്ളു. ജീവിതത്തില്‍ നാം ഏറെ അനിശ്ചിതത്വം നേരിടുന്നു. ഭാവി ശരിയായിരിക്കാന്‍, ദോഷകരമല്ലാതെയാവാന്‍ നാം പലതും ചെയുന്നു; കൂട്ടത്തില്‍ ഗണപതിക്ക് തേങ്ങയും ഉടക്കുന്നു. ഇക്കാര്യത്തില്‍ കിഴിവിലത്തെ ബെബിക്കുട്ടിയെ കണ്ടാല്‍ ശരിയാകുമെങ്കില്‍ നമ്മള്‍ അതും ചെയും. സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി ഭാവിയിലെ അനിശ്ചിതത്വം വര്‍ധിക്കും. അപ്പോള്‍ ദൈവ വിശ്വാസം കൂടാനും സാധ്യതയുണ്ട്. ചൈനയില്‍ കാണുന്ന പ്രതിഭാസം ഇതാണ്.
ഏതെല്ലാം കാര്യങ്ങളില്‍ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കണം എന്ന കാര്യത്തില്‍ സാമൂഹ്യ സാമ്പത്തിക കാര്യങ്ങള്‍ക്കും ഒരു പങ്കുണ്ട്. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഭാരമായി കണക്കാക്കുന്ന സമൂഹത്തില്‍ ഒരു പെണ്‍കുട്ടി ഉള്ള അമ്മ ഇനി പെണ്‍കുട്ടി വേണ്ട ആണ്‍കുട്ടി മതി എന്ന് പ്രാര്‍ത്ഥിക്കും. എന്നാല്‍ ആണ്‍-പെണ്‍ വ്യതാസമില്ലാതെ കുട്ടികള്‍ക്ക് വളരാന്‍ പറ്റുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യം ഉള്ളപ്പോള്‍ ഇങ്ങനെ ഒരു പ്രാര്‍ത്ഥനയുടെ ആവശ്യമില്ല. വളര്‍ച്ച കൈവരിച്ച സമ്പദ് വ്യവസ്ഥയില്‍ സാമൂഹ്യസുരക്ഷിത സംവിധാനങ്ങളും മറ്റും വികസിക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന കുറയും. (കുറേക്കൂടി ആഴത്തിലുള്ള അസ്തിത്വ പ്രശ്‌നങ്ങള്‍ ഉണ്ടാകാം, അതിനായി പ്രാര്‍ത്ഥനയും മറ്റു ആത്മീയ പ്രവര്‍ത്തനങ്ങളും ഉണ്ടായേക്കാം.)