പണമുണ്ടാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച്

Posted on: 19 Nov 2012


വി.ശാന്തകുമാര്‍പണമുണ്ടാക്കാനുള്ള ആഗ്രഹവും അത് സാമ്പത്തിക വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും വളരെ ആഴത്തിലുള്ള ചിന്തക്ക് വിധേയമായിട്ടുണ്ട്. കൂടുതല്‍ പണം ഉണ്ടാക്കണം എന്ന ചിന്ത എല്ലാ കാലത്തും എല്ലാ മനുഷ്യരിലും ഉണ്ടായിരുന്നു എന്ന് കരുതാന്‍ വഴിയില്ല. ഒന്നാമതായി അത്തരമൊരു സാധ്യത മുന്നിലില്ലാതിരുന്ന മനുഷ്യ സമൂഹങ്ങളും ഉണ്ടായിരുന്നു. തങ്ങളുടെ ജീവിതം വലിയ ബുദ്ധിമുട്ടില്ലാതെ കഴിയണം എന്നും അതിനു വേണ്ട നടപടികള്‍ എടുക്കണം എന്നും ഉള്ള ചിന്ത മിക്കവാറും എല്ലാ സമൂഹത്തിലും ഉണ്ടായിരുന്നു.

എന്നാല്‍ ഈ ചിന്ത ചില കാലഘട്ടങ്ങളില്‍ ചില സമൂഹങ്ങളില്‍/ വ്യക്തികളില്‍ ശക്തി പ്രാപിച്ചു. ഇന്നത്തെ ആധുനിക സമൂഹത്തില്‍ ഇത് വ്യാപകമാണ്. ഇത് പൊതുവില്‍ ഗുണകരവും സമ്പദ്‌വ്യവസ്ഥക്ക് ഉത്തേജനം നല്‍കുന്നതുമാണ്. എന്നാല്‍ ഇക്കാര്യം കുറച്ചുകൂടി വിശദമായി പരിശോധിക്കേണ്ടതുണ്ട്.

സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഷയില്‍ പണവും ധനവും രണ്ടായി കാണാം. ഒരാളുടെ കയ്യില്‍ കുറച്ചു സ്വര്‍ണമുണ്ട്. അയാള്‍ അത് വര്‍ധിപ്പിക്കാനായി മറ്റൊരാളുടെ കയ്യിലെ സ്വര്‍ണം പിടിച്ചെടുക്കുന്നു. അത് ഒരാളുടെ 'പണം' കൂട്ടുന്നു. എന്നാല്‍, ഇത് സാമ്പത്തികശാസ്ത്രപരമായി സമൂഹത്തിന് ഗുണകരമല്ല. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഒരാള്‍ക്ക് എത്ര അധികം കിട്ടിയോ അത്രയും മറ്റൊരാള്‍ക്ക് നഷ്ടപ്പെട്ടു. ഇവിടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ധനം കൂടിയില്ല. ഇങ്ങനെയുള്ള പിടിച്ചെടുക്കല്‍ ഗുണകരമല്ല എന്നു പറയുന്നതിന് വേറൊരു കാരണം കൂടിയുണ്ട്. ഇതിനായി ഒരു ഉദാഹരണം പറയാം. നാം ഭീമയില്‍ പോയി ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ സമൂഹത്തിന്റെ സമ്പത്ത് കൂടും. ഇത് എങ്ങനെയാണ്?

കടയുടമ ഒരു ലക്ഷം രൂപയ്ക്ക് നമുക്ക് ആഭരണം തരണമെങ്കില്‍ അതുകൊണ്ട് അയാള്‍ക്കുള്ള നഷ്ടം അതിലും കുറവായിരിക്കണം. നമ്മള്‍ ഒരു ലക്ഷം കൊടുത്തു വാങ്ങുമ്പോള്‍ അതുകൊണ്ട് നമുക്കുള്ള നേട്ടം നമുക്ക് ചെലവായ തുകയേക്കാള്‍ അല്പമെങ്കിലും കൂടുതല്‍ ആയിരിക്കും. നമുക്കുള്ള നേട്ടത്തിന്റെയും കടയുടമയുടെ നഷ്ടത്തിന്റെയും വ്യത്യാസമാണ് ഈ കച്ചവടം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അധിക നേട്ടം.

ഇത്തരത്തില്‍ ധനം കൂടുന്ന പ്രക്രിയ നേരത്തെ പറഞ്ഞ പിടിച്ചെടുക്കല്‍ പ്രക്രിയയില്‍ ഇല്ല. അവിടെ ധനം കുറയാനാണ് സാധ്യത. (ഒരാള്‍ക്ക് അയാളുടെ പൂര്‍വ പിതാക്കന്മാര്‍ നല്‍കിയ 'അമൂല്യമായ' ആഭരണങ്ങള്‍ മറ്റൊരാള്‍ പിടിച്ചെടുത്ത് സ്വര്‍ണത്തിന്റെ കമ്പോള വിലയ്ക്ക് വിറ്റാല്‍ ധനം കുറയും.)

അപ്പോള്‍ പരസ്പര സമ്മതത്തോടുള്ള ക്രയവിക്രയവും അതിന് വേണ്ടി സാധനങ്ങള്‍/ സേവനങ്ങള്‍ സൃഷ്ടിക്കലും സമൂഹത്തിന്റെ ധനം വര്‍ധിപ്പിക്കും. ഇങ്ങനെ ധനം കൂടുതല്‍ സൃഷ്ടിക്കുന്നത് സമൂഹത്തിനു ഗുണം ചെയ്യും. ചിലര്‍ ഇങ്ങനെ കൂടുതല്‍ ധനം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ ധനവാന്മാരാകും. ഇങ്ങനെ ധനികനാകണം എന്ന ചിന്ത കൂടുതല്‍ ആളുകളില്‍ ഉണ്ടായാല്‍ സമൂഹത്തില്‍ കൂടുതല്‍ ധനം സൃഷ്ടിക്കപ്പെടും. അത് സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വഴിവക്കും.

അങ്ങനെ ഒരാള്‍ക്ക് ധനികനാകണമെങ്കില്‍ അയാള്‍ തന്റെ മുതലുകള്‍ /കഴിവുകള്‍ ധനം വര്‍ധിപ്പിക്കുന്ന തരത്തില്‍ വിനിയോഗിക്കണം. അതിനു തന്റെ മുതല്‍ എടുത്തു 'പുട്ടടിക്കുന്ന' സ്വഭാവം നിറുത്തണം. ഇങ്ങനെ ചെയ്യാന്‍ ക്രിസ്തു മതത്തില്‍ മാറ്റങ്ങള്‍ക്കു വഴിവച്ച (കാല്‍വിനെ പോലുള്ളവര്‍ തുടങ്ങി വച്ച) പ്രൊട്ടസ്റ്റന്റ് ചിന്ത യൂറോപ്പിലെ ചില രാജ്യങ്ങളില്‍ സാമ്പത്തിക മുന്നേറ്റത്തിനു വഴിവച്ചു. ഇന്ത്യയിലെ മാര്‍വാടികള്‍ പോലുള്ള കൂട്ടരും കിട്ടുന്ന പണം വലിയ ധൂര്‍ത്തടിക്കാതെ വ്യവസായ-വ്യാപാര വിപുലീകരണത്തിന് ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്.

പണം ഉണ്ടാക്കുന്നതെന്തിനു? നേരത്തെ പറഞ്ഞ രീതിയില്‍ ഭാവി ജീവിതം സുരക്ഷിതമാക്കാനാകാം. അല്ലെങ്കില്‍ കൂടുതല്‍ സന്തോഷത്തിനുവേണ്ടി പണം ചെലവഴിക്കാനാകാം. പക്ഷെ കുറെയേറെ പണം ഉണ്ടായി കഴിഞ്ഞാല്‍ അതു കൂടുതലൊന്നും തരില്ല. എന്നാല്‍ 'കൂടുതല്‍ ധനം വീണ്ടും സൃഷ്ടിക്കുക' എന്നതിന് വേണ്ടി മാത്രം (അല്ലെങ്കില്‍ അങ്ങനെ ചെയ്യുമ്പോഴുള്ള സന്തോഷത്തിനു വേണ്ടി) ആ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുണ്ട്.

വികസിത രാഷ്ട്രങ്ങളില്‍ കുട്ടികളുടെ ഭാവി അത്ര അരക്ഷിതമല്ല. അതുകൊണ്ട് അച്ഛനമ്മമാര്‍ ഉണ്ടാക്കുന്ന പണം മുഴുവന്‍ കുട്ടികള്‍ക്ക് കൈമാറാനുള്ള താല്പര്യം ഇല്ല. അതുകൊണ്ട് അവര്‍ പൊതു കാര്യങ്ങള്‍ (വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലുള്ളവ)യ്ക്ക് വേണ്ടി സമ്പാദിച്ച പണത്തിന്റെ ഒരു നല്ല പങ്കു ചെലവഴിക്കും.

 

Tags: Its about desire for making money
»  News in this Section