വ്യവസായ ഭൂമി ഇടപാടുകള്‍ : ചില അടിസ്ഥാന പ്രശ്‌നങ്ങള്‍

Posted on: 10 Jun 2013


വി.ശാന്തകുമാര്‍വാണിജ്യ - വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഭൂമിയിടപാടുകളുടെ ശരിതെറ്റുകള്‍ ചികയുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ ഇവയുടെ എല്ലാം അടിസ്ഥാനമായ ചില സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ട്.

ആദ്യം സാമ്പത്തിക ശാസ്ത്രം: സാധാരണ രീതിയില്‍ നല്ലൊരു പങ്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് സ്വകാര്യ നിക്ഷേപകരാണ്. ഇത് വന്‍ മുതലാളിമാര്‍ക്ക് മാത്രമല്ല ചെറുകിട കച്ചവടക്കാര്‍ക്കും ബാധകമാണ്. അങ്ങനെ ചെയ്യുമ്പോള്‍ അതിനു വേണ്ടിവരുന്ന മുഴുവന്‍ ചെലവും അവര്‍ വഹിക്കാന്‍ തയ്യാറാകണം. ആര്‍ക്കെങ്കിലും ഏതെങ്കിലും ചെലവു കുറച്ചു കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയല്ല. അതുപോലെ ഒരാളിന്റെ സാമ്പത്തിക പ്രവര്‍ത്തനം കൊണ്ടുള്ള ചെലവിന്റെ ഒരു ഭാഗം സമൂഹത്തിന്റെ തലയില്‍ വീഴുകയാണെങ്കില്‍ അക്കാര്യത്തില്‍ നിക്ഷേപകന്‍ ആ ചെലവു കൂടി വഹിക്കാന്‍ തയ്യാറാകുന്നു എന്ന് ഉറപ്പുവരുത്തേണ്ട ചുമതല സര്‍ക്കാരിനാണ്. ഒരു പച്ചക്കറിക്കടക്കാരന്‍ തന്റെ കടയിലെ ചപ്പുചവറുകള്‍ റോഡില്‍ കൂട്ടിയിട്ടു ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാല്‍ അത് മാറ്റുന്നതിനുള്ള ചെലവു അയാള്‍ വഹിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതല (തദ്ദേശ സ്ഥാപനം) സര്‍ക്കാരിനാണ്. ഒരാള്‍ കട നടത്തുമ്പോള്‍ അതുകൊണ്ട് ട്രാഫിക് തടസ്സം ഉണ്ടാക്കിയാല്‍ അത് മാറ്റുന്നതിനുള്ള ചെലവു അയാള്‍ വഹിക്കണം.
ഒരാള്‍ തന്റെ സാമ്പത്തിക പ്രവര്‍ത്തനം നടത്തുന്നതിനുള്ള ഭൂമി കമ്പോള വില കൊടുത്തു വാങ്ങണം. പാലങ്ങള്‍ , റോഡുകള്‍ , തുറമുഖങ്ങള്‍ , വിമാനത്താവളങ്ങള്‍ തുടങ്ങിയ ഒരു പ്രത്യേക സ്ഥലത്ത് തന്നെ ഒരുക്കേണ്ട പൊതു സംവിധാനങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സ്ഥലം നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കാന്‍ പാടുള്ളൂ. മറ്റെല്ലാ കാര്യങ്ങള്‍ക്കും സ്വകാര്യ/ പൊതുമേഖല നിക്ഷേപകര്‍ സ്ഥലം കമ്പോളത്തില്‍ നിന്നും വാങ്ങണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഗുണ്ട / മാഫിയ ബന്ധം ഉപയോഗിച്ച് വില കുറക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.
അങ്ങനെ സാമ്പത്തിക പ്രവര്‍ത്തനം നടത്താന്‍ ആവശ്യമായ സ്ഥലം നിക്ഷേപകര്‍ക്ക് വാങ്ങുന്നതിന് തടസ്സം നില്‍ക്കുന്ന അനാവശ്യ നിയമങ്ങള്‍ മാറ്റണം.

എന്നാല്‍ വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ സ്ഥലം കൈവശം വച്ചിട്ടുണ്ട്. ഇപ്പോള്‍ അവയില്‍ ചിലത് 'വില്‍ക്കാന്‍ ' തയ്യാറായിട്ടുണ്ട്. എന്നാല്‍ ഇത് എങ്ങനെ വില്‍ക്കണം എന്നത് ഒരു പ്രശ്‌നമാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പനയും ഈ പ്രശ്‌നം നേരിടുന്നു. കഴിഞ്ഞ കാലത്തില്‍ ഇങ്ങനെ നടത്തിയ ചില വില്‍പനകള്‍ സുതാര്യമല്ലാതെ രാഷ്ട്രീയക്കാരും മുതലാളിമാരും ചേര്‍ന്നു സമൂഹത്തിനു ഗുണകരമല്ലാത്ത തരത്തില്‍ നടന്നിട്ടുണ്ട്. ഇത് ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് സുതാര്യമായി മത്സരിച്ചു കമ്പോള വില കൊടുത്താണ് മുതലാളിമാര്‍ സര്‍ക്കാരിന്റെ കയ്യിലുള്ള എന്നാല്‍ വില്‍ക്കാവുന്ന (ഭൂമി ഉള്‍പ്പെടെയുള്ള) ആസ്തികള്‍ വങ്ങേണ്ടത്. ഇക്കാര്യം രാഷ്ട്രീയക്കാര്‍ മുഖേനയല്ല നടത്തേണ്ടത്. സിഎജി പോലുള്ള ഒരു സ്വതന്ത്ര സംവിധാനം ഉണ്ടാക്കുന്നതായിരിക്കും നല്ലത്. അവര്‍ തെറ്റ് ചെയ്താല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രീയ ഭരണ സംവിധാനത്തിന് കഴിയും. അല്ലാതെ ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അഴിമതിക്കുള്ള സാധ്യത കൂടും. ശരിക്കും അഴിമതി ഇല്ലെങ്കിലും ഇക്കാര്യം ജനങ്ങളെ ബോധിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.

വേരൊരു പ്രശ്‌നം കൂടിയുണ്ട്. ഇത് നിയമനിര്‍മാണത്തിന്റെ കാര്യം. വന്‍കിട ഭൂമി കുത്തകകളെ ഒഴിവാക്കാന്‍ 15 ഏക്കറില്‍ കൂടുതല്‍ ഒരാള്‍ക്ക് വാങ്ങാന്‍ പാടില്ലെന്നും നെല്‍കൃഷി സംരക്ഷിക്കാന്‍ പാടം നികത്താന്‍ പാടില്ലെന്നും നാം നിയമം ഉണ്ടാക്കും. എന്നാല്‍ ചില കാര്യങ്ങള്‍ക്ക് ഈ നിയമം പാലിക്കാന്‍ കഴിയില്ല എന്ന് നമുക്കറിയാം. അവയ്ക്ക് നിയമത്തിന്റെ പരിധിയില്‍ നിന്നും ഇളവ് കൊടുക്കും. ഇത് നേരിട്ടോ പരോക്ഷമായോ അഴിമതിക്ക് വളം വയ്ക്കലാണ്. അതിനു പകരം നിര്‍ബന്ധമായും എല്ലാവര്‍ക്കും ബാധകമായ തരത്തിലും നടപ്പാക്കാന്‍ കഴിയുന്ന നിയമങ്ങള്‍ മാത്രമേ ഉണ്ടാക്കാവൂ. മുദ്രാ വാക്യം വിളിക്കുന്ന, ആഗ്രഹം തോന്നുന്ന, ആരോടെങ്കിലും വിരോധം തീര്‍ക്കാനുള്ള, ഗുണകരമാണോ അല്ലയോ എന്ന് വ്യക്തമായി അറിയാത്ത, കാര്യങ്ങള്‍ക്കെല്ലാം നിയമം ഉണ്ടാക്കരുത്. അങ്ങനെ ഉണ്ടാക്കിയാല്‍ അവ അഴിമതിക്കുള്ള വളംവയ്ക്കല്‍ ആയിരിക്കും.

ഇതുവരെ സൂചിപ്പിച്ചത് എങ്ങനെ ആയിരിക്കണം എന്ന ഒരു കാഴ്ചപ്പാട്. എന്നാല്‍ സമൂഹങ്ങളുടെ വളര്‍ച്ച പരിശോധിച്ചാല്‍ രാഷ്ട്രീയക്കാരും മുതലാളിമാരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിലൂടെ പൊതു സ്വത്തു ഉപയോഗപ്പെടുത്തി വ്യവസായങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഗുണം മുതലാളിമാര്‍ നേടും. അതിന്റെ ഒരു ഭാഗം രാഷ്ട്രീയക്കാര്‍ക്ക് നേരിട്ടോ പരോക്ഷമായിട്ടോ കിട്ടും. ഈ അവസ്ഥക്കെതിരെ സമൂഹം പ്രതികരിക്കുന്നത് ഇടത്തരക്കാര്‍ ജനാധിപത്യത്തില്‍ സജീവ പങ്കുവഹിക്കുമ്പോഴാണ്. അങ്ങനെയൊരു സമൂഹമാണ് കേരളം. (അതിനെ നാം പുരോഗമനപരമായി കാണണം). അതുകൊണ്ട് തന്നെ രാഷ്ട്രീയ - മുതലാളി കൂട്ടുകെട്ട് കൊണ്ടുള്ള വ്യവസായവത്കരണം കേരളത്തില്‍ (രാഷ്ട്രീയക്കാര്‍ വിചാരിച്ചാലും) നടക്കില്ല. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച വ്യക്തി അധിഷ്ഠിതമല്ലാത്ത ആര്‍ക്കും ബാധകമായ നിയമ സംവിധാനങ്ങളെ ആശ്രയിക്കെണ്ടതിന്റെ പ്രസക്തി.

കേരളത്തിലെ ഇരു മുന്നണികളിലെയും രാഷ്ട്രീയക്കാര്‍ ഇക്കാര്യം മനസ്സിലാക്കിയിട്ടില്ല (അല്ലെങ്കില്‍ മനസ്സിലാക്കിയാലും അത് ഉള്‍കൊള്ളാന്‍ തയാറായിട്ടില്ല). വ്യക്തിപരമായ സാമ്പത്തിക നേട്ടം ഒരു കാരണം ആയിരിക്കാം. വ്യവസായികളും രാഷ്ട്രീയക്കാരുമായി ചില 'ബന്ധങ്ങള്‍ ' സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. താരതമ്യേന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന രാഷ്ട്രീയക്കാര്‍ വ്യവസായികളുമായുള്ള വ്യക്തിബന്ധങ്ങളിലൂടെയുള്ള ചില്ലറ നേട്ടങ്ങളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്.

കേരളത്തിലെ രാഷ്ട്രീയക്കാര്‍ നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മാറ്റം വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടില്ല. വ്യവസായികളും രാഷ്ട്രീയക്കാരും തമ്മില്‍ വളരെ കൃത്യമായ അകലം പാലിക്കാന്‍ കഴിഞ്ഞാല്‍ , അത് കേരളത്തിന്റെ അവസ്ഥയില്‍ ഇരു കൂട്ടര്‍ക്കും നല്ലത്. അത് നാടിന്റെ വികസനത്തിനും നല്ലത്.

Tags: Industrial land deals-Issues behind multi crore land deals in Kerala
»  News in this Section