
എങ്ങനെയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി പങ്കിടേണ്ടത്? ഏതു രീതിയില്‍ പങ്കിട്ടാലാണ് സമൂഹത്തിന് ഏറ്റവും ഗുണപ്രദമായിത്തീരുക? ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ അല്പം 'ശാസ്ത്രീയമായി' ചിന്തിക്കേണ്ടതുണ്ട്.
സംസ്ഥാന സര്‍ക്കാരിന് സ്വന്തമായി വിമാനത്താവളം നിര്‍മ്മിച്ചുകൂടേ? കണ്ണൂരില്‍ ഒരു വിമാനത്താവളം നിലനിര്‍ത്താനാവശ്യമായ യാത്രക്കാര്‍ സമീപഭാവിയിലുണ്ടാകുമെന്ന് വേണ്ടത്ര പഠനങ്ങളിലൂടെ ഉറപ്പാക്കിയാല്‍ പിന്നെ സര്‍ക്കാരിന് സ്വന്തമായി ഉണ്ടാക്കിക്കൂടെ. അത്തരം പഠനം ആര് (സര്‍ക്കാര്‍/സ്വകാര്യവ്യവസായി) വിമാനത്താവളം ഉണ്ടാക്കുമ്പോഴും നടത്തേണ്ടതുണ്ട്.
ഇവിടെ സര്‍ക്കാര്‍ നേരിടുന്ന പ്രധാനപ്രശ്‌നം വേണ്ടത്ര പണമില്ല എന്നതാണ്. മാത്രമല്ല ഇപ്പോള്‍തന്നെ സര്‍ക്കാരിന് കടം കൂടുതലാണ്. കൂടുതല്‍ കടം വാങ്ങുന്നതിന് തടസ്സങ്ങളുമുണ്ട്. ഇക്കാര്യത്തിനായി കുറഞ്ഞ നിരക്കില്‍ ഏതെങ്കിലും ബാങ്കുകള്‍ കടം നല്‍കാന്‍ തയ്യാറാകുമെന്ന് ഉറപ്പുമില്ല. ഈയവസ്ഥയില്‍ സ്വകാര്യവ്യക്തികളില്‍/വ്യവസായികളില്‍ നിന്നുകൂടി ഓഹരി പിരിച്ച് വിമാനത്താവളം ഉണ്ടാക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നു.
ഇനി നമുക്ക് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യം സങ്കല്‍പ്പിക്കാം. കണ്ണൂരില്‍ ഒരു വിമാനത്താവളം ഉണ്ടാക്കുന്ന കാര്യം എന്തുകൊണ്ട് ഒരു സ്വകാര്യവ്യക്തിയെ ഏല്‍പ്പിച്ചുകൂടാ? ആ വ്യവസായി മുഴുവന്‍ പണവും (കുറച്ച് കടം വാങ്ങിയും) ചെലവഴിച്ച് വിമാനത്താവളമുണ്ടാക്കുന്നു. യാത്രക്കാരില്‍നിന്നും പിരിക്കുന്ന ചാര്‍ജ്ജിലൂടെയും വിമാനക്കമ്പനികളില്‍നിന്നും ഈടാക്കുന്ന ഇറക്കുകൂലിയില്‍ (landing fees) നിന്നും അയാള്‍ക്ക് മുടക്കിയ പണവും ലാഭവും തിരികെ ലഭിക്കുന്നു. ഈ പൂര്‍ണ്ണസ്വകാര്യമാതൃകയ്ക്ക് എന്താണ് കുഴപ്പം?
ഒന്ന്) ഒരു വ്യവസായി വിചാരിച്ചാല്‍ ഒരു സ്ഥലത്ത് വിമാനത്താവളത്തിനാവശ്യമായ ഭൂമി ഒരുമിച്ച് വാങ്ങാന്‍ കഴിയില്ല. അഞ്ഞൂറ് ഏക്കര്‍ ഒരുമിച്ച് വേണ്ട സ്ഥലത്ത്, അതിന് നടുക്കുള്ള ഒരു അമ്പതുസെന്റുകാരന്‍ സ്വന്തം വസ്തു വില്‍ക്കാന്‍ തയ്യാറല്ല എന്നു പറഞ്ഞാല്‍, വിമാനത്താവളം ഉണ്ടാക്കാന്‍ കഴിയില്ല. ജനാധിപത്യരാജ്യത്ത് ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ സര്‍ക്കാരിനുമാത്രമേ കഴിയൂ. സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് അയാളില്‍നിന്ന് ഭൂമി ഏറ്റെടുക്കണം. (ജനാധിപത്യം ഇല്ലാത്ത അല്ലെങ്കില്‍ വേണ്ടത്ര വികസിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ കുറച്ചു 'ഗുണ്ടകളെ' വിട്ട് ഈ പ്രശ്‌നം പരിഹരിക്കാമായിരിക്കും. ചൈനയിലും മറ്റും ഈ രീതിയില്‍ പ്രശ്‌നപരിഹാരം നടക്കുന്നുണ്ട്. അത് ഏതായാലും കേരളത്തില്‍ നടപ്പില്ല). ചുരുക്കത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സഹായിക്കണം.
രണ്ട്) വിമാനത്താവളമുണ്ടായാല്‍ സ്വകാര്യ വ്യവസായി എത്ര രൂപ യാത്രക്കാരനില്‍നിന്നും അല്ലെങ്കില്‍ വിമാനങ്ങളില്‍ നിന്നും ഇറക്കുകൂലിയായി ഈടാക്കുമെന്ന് പരിശോധിക്കാം. നല്ലതുപോലെ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വിദേശത്തെ ഒരു സ്ഥലത്തുനിന്നും (ഉദാ: ദുബായ്) കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഏതാണ്ട് ഒരു ചാര്‍ജ്ജായിരിക്കും. കണ്ണൂര്‍കാരനായ ഒരു യാത്രക്കാരന്‍, കോഴിക്കോട് (മലപ്പുറം) വിമാനത്താവളത്തിലിറങ്ങി കണ്ണൂരിലെത്തണമെങ്കില്‍ ഏതാണ്ട് 2000 രൂപ ടാക്‌സി വാടകയായും അതിനു പുറമേ മൂന്നു-നാലു മണിക്കൂര്‍ അധികമായും ചെലവഴിക്കേണ്ടി വരും. ഇത് മനസ്സിലാക്കുന്ന കണ്ണൂര്‍ വിമാനത്താവള ഉടമ കണ്ണൂരിലെത്തുന്ന ഒരു യാത്രക്കാരനില്‍ നിന്നും 1000 രൂപവരെ (നേരിട്ടോ അല്ലെങ്കില്‍ വിമാനക്കമ്പനി വഴിയോ) എയര്‍പോര്‍ട്ട് ഫീസായി ഈടാക്കും. ഈ തുക സാമാന്യം നല്ല ലാഭമുണ്ടാക്കുന്ന നിരക്കാണ്. ഇങ്ങനെ നല്ല ലാഭമുണ്ടാക്കാന്‍ കഴിയുന്നതിന്റെ കാരണം, ഒരു പ്രത്യേക പ്രദേശത്ത് വിമാനത്താവളത്തിന് കുത്തക സ്വഭാവമുണ്ട് എന്നുള്ളതുകൊണ്ടാണ്. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ വിമാനത്താവളം സ്വകാര്യവ്യവസായി ഉണ്ടാക്കിയാലും എത്ര രൂപ ചാര്‍ജ്ജീടാക്കണമെന്ന് സര്‍ക്കാരോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന റഗുലേറ്ററോ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകണം.
ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് സര്‍ക്കാരും സ്വകാര്യവ്യവസായികളും ചേര്‍ന്ന് വിമാനത്താവളമുണ്ടാക്കുന്ന രീതി. സര്‍ക്കാരിന് മുന്‍തൂക്കം ലഭിക്കാനാണ് 51 ശതമാനം ഓഹരി സ്വന്തം കൈയില്‍ വച്ച് 48-49 ശതമാനം മാത്രം സ്വകാര്യ വ്യവസായികള്‍ക്ക് നല്‍കുന്നത്. ഇങ്ങനെ നല്‍കുന്ന 48 ശതമാനം ഓഹരി ഒന്നോ രണ്ടോ മൂന്നോ വന്‍കിട സ്വകാര്യകമ്പനികള്‍ക്ക് വീതിച്ച് നല്‍കിയാല്‍ എന്താണ് കുഴപ്പം?
രണ്ടു പ്രശ്‌നങ്ങള്‍ കണക്കിലെടുക്കണം.
ഒന്ന്) നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിനകത്ത് സര്‍ക്കാരുദ്യോഗസ്ഥരും (അല്ലെങ്കില്‍ രാഷ്ട്രീയക്കാരും) രണ്ടോ മൂന്നോ വന്‍കിട വ്യവസായികളും ചേര്‍ന്ന് (എത്ര രൂപ ചാര്‍ജ്ജീടാക്കണമെന്ന കാര്യത്തിലുള്‍പ്പെടെ) തീരുമാനമെടുക്കുമ്പോള്‍ സ്വകാര്യ വ്യവസായികളുടെ താല്പര്യം കാര്യമായി സ്വാധീനിക്കുമോ എന്ന് നാം ഭയപ്പെടുന്നു. (ഇന്ത്യയിലെ അവസ്ഥ കാണുന്നവര്‍ ഇത്തരം ഭയം അസ്ഥാനത്താണെന്ന് പറയില്ല.) അങ്ങനെ സംഭവിച്ചാല്‍ അത് പൊതുസമൂഹത്തിന്റെ താല്പര്യത്തിനെതിരാകും.
രണ്ട്) ഓരോ വ്യവസായിക്കും ഒരു നിശ്ചിത ശതമാനം ഓഹരി നല്‍കുമ്പോള്‍ അതിന് എത്ര രൂപ ഈടാക്കണം എന്ന ചോദ്യമുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് ആകെ 1000 കോടി രൂപ ചെലവുണ്ടെന്നിരിക്കട്ടെ. അപ്പോള്‍ കമ്പിനിയില്‍ 16 ശതമാനം ലീലാകൃഷ്ണന്‍ നായര്‍ക്കു നല്‍കാന്‍ തീരുമാനിച്ചാല്‍, അദ്ദേഹത്തില്‍നിന്നും 160 കോടി രൂപ ഈടാക്കിയാല്‍ മതിയോ? നിക്ഷേപത്തിനുള്ള ചെലവായിരിക്കണമെന്നില്ല, അതിനുള്ള വില നിശ്ചയിക്കുന്നത്. ഇത്രയും ഓഹരി വാങ്ങാന്‍ മറ്റുള്ളവര്‍ എത്ര രൂപ മുടക്കാന്‍ തയ്യാറാകും എന്നു കണക്കിലെടുത്താണ് ഓഹരിയുടെ കമ്പോളവില നിശ്ചയിക്കേണ്ടത്. ഇതിനായി, കേരളസര്‍ക്കാര്‍ 48 ശതമാനം ഓഹരി വാങ്ങാന്‍ തയ്യാറുള്ളവരില്‍നിന്നെല്ലാം, അതിന് എത്ര വില നല്‍കാന്‍ തയ്യാറാണ് എന്ന തരത്തില്‍ (കമ്പനികള്‍ തങ്ങളുടെ ഓഹരി പ്രാഥമിക വിപണനം നടത്തുന്നതിന് സമാനമായ രീതിയില്‍) 'ക്വാട്ടേഷനുകള്‍' ക്ഷണിച്ചു എന്നിരിക്കട്ടെ. അപ്പോള്‍ 10 രൂപ വിലയുള്ള ഓരോ ഓഹരിയ്ക്കും 15 രൂപവരെ ഈടാക്കിയാലും വാങ്ങാന്‍ തയ്യാറായിട്ട് ആളുകള്‍ ഉണ്ട് എന്നിരിക്കട്ടെ. (ഇങ്ങനെ സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. ഇത്തരം കുത്തക സ്വഭാവമുള്ള ദീര്‍ഘകാല നിക്ഷേപങ്ങളില്‍ പണം മുടക്കാന്‍ തയ്യാറുള്ള ധാരാളം ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്.) അങ്ങനെയാണെങ്കില്‍ ഒരു വ്യവസായിക്ക് സര്‍ക്കാര്‍ 10 ശതമാനം ഓഹരി നല്‍കിയാല്‍ 150 കോടി രൂപ ഈടാക്കാന്‍ കഴിയും. ഇങ്ങനെ 48 ശതമാനം ഓഹരിയിലൂടെ 720 കോടി സമാഹരിക്കാന്‍ കഴിയും. (വ്യവസായികളുമായുള്ള ചര്‍ച്ചയിലൂടെ പങ്കു വച്ചിരുന്നെങ്കില്‍ 480 കോടി മാത്രമാണ് കിട്ടുമായിരുന്നതെന്നോര്‍ക്കുക.) ഇത് വിമാനത്താവളത്തിന്റെ മുതല്‍മുടക്ക് വര്‍ധിപ്പിക്കുന്നതിനോ, സര്‍ക്കാരിന് അധികഭാരമില്ലാതെ തങ്ങളുടെ നിക്ഷേപവിഹിതം നല്‍കുന്നതിനോ ഇടയാക്കും. ഇത് സമൂഹത്തിന് ഗുണകരമാണ്.
ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏതെങ്കിലും ഒന്നോ രണ്ടോ വ്യവസായികളുമായി കരാര്‍ ഏര്‍പ്പെടുന്നതിനുപകരം 48 ശതമാനം ഓഹരി ഉയര്‍ന്ന വില നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് വ്യാപകമായി വിതരണം ചെയ്യാന്‍ ശ്രദ്ധിക്കുന്നതായിരിക്കും ഉചിതം.
ഇതുവരെ നമ്മള്‍ ചിന്തിച്ചത് വിമാനത്താവളത്തിന്റെ ഉടമസ്ഥതയെക്കുറിച്ചാണ്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനംതന്നെ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുകയും ചെയ്താലോ? സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന വിമാനത്താവളങ്ങളില്‍ ടോയ്‌ലറ്റുകള്‍ നല്ല രീതിയില്‍ വൃത്തിയാക്കുന്നതിനോ, യാത്രക്കാര്‍ക്ക് നല്ല സേവനം നല്‍കുന്നതിനോ സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറാകാത്തതിന്റെ ദുരനുഭവം നമ്മുടെ മുന്നിലുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമത വേണം. അതിനായി വിമാനത്താവളത്തിന്റെ ദൈനംദിന പ്രവര്‍ത്തനം (എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഒഴികെ) സ്വകാര്യ ഏജന്‍സികള്‍ക്ക് ഒരു നിശ്ചിതകാലത്തേക്ക് വ്യക്തമായ കോണ്‍ട്രാക്റ്റ് വ്യവസ്ഥകളോടെ നല്‍കുന്നതിനേക്കുറിച്ച് ആലോചിക്കാവുന്നതാണ്.