അസമത്വം: എന്തുകൊണ്ട്? അത് എങ്ങനെ കുറയ്ക്കാം?

Posted on: 14 Jan 2013


വി.ശാന്തകുമാര്‍സാമ്പത്തിക മാന്ദ്യത്തിന്റെ കാലമായതുകൊണ്ടാകാം ഇന്ന് ലോകമൊട്ടാകെ അസമത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഇന്ത്യയിലും അടുത്ത ബജറ്റില്‍ പണക്കാര്‍ക്കുള്ള നികുതി വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

ആദ്യകാലത്ത് ഭൂവുടമസ്ഥതയിലുള്ള വ്യത്യാസമാണ് അസമത്വത്തിനു കാരണമായിരുന്നത്. എന്നാല്‍ പതുക്കെ അസമത്വത്തിനുള്ള കാരണം സാമ്പത്തിക മൂലധനമായി മാറി. ഭൂമിയില്ലെങ്കിലും കച്ചവടത്തിലൂടെ മൂലധനം സമാഹരിച്ചവരും പണക്കാരായി. എന്നാല്‍ ആധുനിക സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുന്ന പ്രധാന കാരണം ചിലര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞതും മറ്റുള്ളവര്‍ക്ക് അത് നേടാന്‍ കഴിയാത്തതുമാണ്. പണ്ട് ഭൂമി ഉണ്ടായിരുന്ന ചിലര്‍ക്ക് വിദ്യാഭ്യാസം നേടാന്‍ എളുപ്പം കഴിഞ്ഞു എന്ന കാര്യം മറക്കുന്നില്ല. ഭൂമിയും മറ്റു വരുമാനവും ഇല്ലാത്തവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ചെലവ് താങ്ങാന്‍ കഴിഞ്ഞില്ല. ചുരുക്കത്തില്‍ ഭൂമി, മൂലധനം, വിദ്യാഭ്യാസം എന്നിവയില്‍ ഏതെങ്കിലും ആസ്തികള്‍ ചിലര്‍ക്കുണ്ടായിരിക്കുകയും മറ്റു ചിലര്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ അസമത്വം വര്‍ധിക്കും.

അസമത്വം കുറയ്ക്കാന്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും? ഭൂവിതരണത്തിലുള്ള അസമത്വം മിക്ക സമൂഹങ്ങളിലും തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചില രാജ്യങ്ങള്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കി. എന്നാല്‍ ഇന്ത്യ പോലുള്ള മറ്റു ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തി. ഇക്കാര്യത്തില്‍ ചില നടപടികള്‍ ഇപ്പോഴും സാധ്യമാണെങ്കിലും ഭൂപരിഷ്‌കരണം കൊണ്ടുമാത്രം ആധുനികകാലത്തെ അസമത്വം മാറ്റാന്‍ കഴിയില്ല. കൃഷിയെ മാത്രം ആശ്രയിക്കുന്നവര്‍ വരുമാനത്തില്‍ പിന്നില്‍ ആകുന്നസ്ഥിതിയാണ് ഇപ്പോഴുള്ളത്.

ചില ബിസിനസ്സുകാര്‍ കൂടുതല്‍ പണക്കാരാകുന്നത് അവര്‍ക്ക് കുത്തകയായി നിലനില്‍ക്കാന്‍ കഴിയുന്നതുകൊണ്ടാണ്. അതുമല്ലെങ്കില്‍ കമ്പനികളുടെ ദുര്‍ഭരണമോ വേണ്ടത്ര സുതാര്യമല്ലാതെ ഇടപാടുകള്‍ നടത്തുന്നതുകൊണ്ടോ അതുമല്ലെങ്കില്‍ അഴിമതി കൊണ്ടോ ആണ്. ഇക്കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ഇടപെടേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതുകൊണ്ട് സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന അസമത്വം കുറയ്ക്കാന്‍ കഴിയില്ല.

അതുപോലെ അസമത്വം കുറയ്ക്കാനായി ഉത്പാദനവ്യവസ്ഥ മുഴുവന്‍ സര്‍ക്കാരിനുകീഴില്‍ കൊണ്ട് വന്ന സോഷ്യലിസ്റ്റ് സംവിധാനം ശരിയായിരുന്നു എന്ന് ഇന്ന് ചൈനയും ക്യൂബയും പോലും കരുതുന്നില്ല. സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ടി വ്യക്തികളുടെ ധനസമ്പാദന താല്‍പര്യവും ക്രയശേഷിയും പ്രോത്സാഹിപ്പിക്കുകയാണ് (അല്ലെങ്കില്‍ അതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ്) അവര്‍ ഇന്ന് ചെയ്യുന്നത്.

ജനിച്ച കുടുംബത്തിന്റെ അവസ്ഥ കാരണം ചിലര്‍ക്ക് വിദ്യാഭ്യാസം കിട്ടാതിരിക്കുന്ന അവസ്ഥ ഒഴിവാക്കുക എന്നതാണ് അസമത്വം കുറയ്ക്കാനുള്ള ഒരു വഴി. എല്ലാവര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസവും പഠിക്കാന്‍ കഴിവുള്ള എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസവും കിട്ടണം. ഇതിനുള്ള മുഴുവന്‍ ഭാരവും സര്‍ക്കാര്‍ വഹിക്കണം എന്നില്ല. പണക്കാര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഒക്കെ ഇക്കാര്യത്തില്‍ കുറേ ചുമതല നിര്‍വഹിക്കാന്‍ കഴിയും.

എന്താണ് അസമത്വം കൊണ്ടുള്ള ദോഷം? നമ്മള്‍ ദാരിദ്ര്യം ഒഴിവാക്കാന്‍ ശ്രദ്ധിച്ചാല്‍ പോരേ, അസമത്വത്തെ കുറിച്ച് ആകുലരാകണോ എന്ന ഒരു ചിന്ത ഉണ്ടായിരുന്നു. എന്നാല്‍ കടുത്ത അസമത്വം പണക്കാര്‍ക്ക് പോലും ദോഷമുണ്ടാക്കും എന്ന ധാരണ ഉറച്ചിട്ടുണ്ട്. കടുത്ത അസമത്വം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കും. അത്തരമൊരു സമൂഹത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുഗുണമായ ഭരണ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയണമെന്നില്ല.

പണമുണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് അസൂയയും അസ്വസ്ഥതയും ഉണ്ടാകുന്ന തരത്തില്‍ ചെലവഴിക്കുന്നതിനുപകരം അത് വ്യവസായ വളര്‍ച്ചയ്‌ക്കോ സമൂഹത്തിന്റെ പൊതുവായ നന്മക്കോ വിനിയോഗിക്കണം എന്നു കരുതുന്ന സമ്പന്നന്മാരും നമുക്കിടയിലുണ്ട്. എനിക്ക് ശമ്പളം തരുന്നത് അങ്ങനെയുള്ള ഒരാളാണ്.
 

Tags: Financial imbalances
»  News in this Section