റീട്ടെയില്‍ മേഖലയിലെ വിദേശ നിക്ഷേപവും രാഷ്ട്രീയവും

Posted on: 13 Dec 2011


വി.ശാന്തകുമാര്‍



ചില്ലറ വ്യാപാര (റീട്ടെയില്‍) മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പി, സി.പി.എം, തൃണമുല്‍ കോണ്‍ഗ്രസ്, കരുണാനിധി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ എതിര്‍പ്പ് വിജയത്തിലെത്തി. ലക്ഷകണക്കിന് ചില്ലറ വ്യാപാരികളെ ഈ തീരുമാനം ബാധിക്കും എന്നതാണു എതിര്‍ത്തവര്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നം. ഈ പ്രശ്‌നത്തെ നമുക്ക് കുറച്ചുകൂടി യുക്തിപരമായി സമീപിക്കാം. രാഷ്ട്രീയക്കാര്‍ ഇതിനെ യുക്തിപരമായല്ല എതിര്‍ത്തത് എന്നല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്. അവരുടെ ശരിയായ യുക്തി മനസ്സിലാക്കാനുള്ള ശ്രമമാണിത്.

രാഷ്ട്രീയക്കാര്‍ പറഞ്ഞ കാര്യം - ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ ബാധിക്കും എന്ന കാര്യം - യാഥാര്‍ഥ്യമായി സംഭവിക്കും എന്നുതന്നെ എടുക്കാം. (വമ്പന്‍ വ്യാപാരശാലകള്‍ വന്നാലും കുറെയേറെ ചെറുകിട കച്ചവടക്കാര്‍ നില നില്‍ക്കും എന്നതാണു ലോകത്തില്‍ ഒന്നാകെയുള്ള അനുഭവം കാണിക്കുന്നത്. വാള്‍മാര്‍ട്ട് പോലുള്ള വമ്പന്‍ കടകള്‍ എല്ലാ താമസ സ്ഥലത്തും അടുത്തുണ്ടാകണമെന്നില്ല. കുറച്ചു സാധനങ്ങള്‍ വീടിനടുത്തുള്ള 'കൊറിയ'ക്കാര്‍ നടത്തുന്ന കടകളില്‍ നിന്നോ, പെട്രോള്‍ പമ്പുകളോട് ചേര്‍ന്ന കടകളില്‍ നിന്നോ ആണ് അമേരിക്കക്കാര്‍പോലും വാങ്ങുന്നത്. നഗരങ്ങളിലെ തിരക്കുള്ള കേന്ദ്രഭാഗങ്ങളില്‍ വിവിധ ഗുണനിലവാരത്തിലുള്ള സാധനങ്ങള്‍ വില്‍ക്കുന്ന ചെറുതോ ഇടത്തരം വലിപ്പമുള്ളതോ ആയ കടകള്‍ മിക്ക വികസിത രാജ്യങ്ങളിലും കാണാം. ഇടത്തരക്കാരായ ധാരാളം ആളുകള്‍ വാങ്ങുന്ന തരം സാധനങ്ങളാണ് വന്‍കിട ശാലകളില്‍ വില്‍ക്കുന്നത്. പ്രത്യേക ഗുണമുള്ള കുറച്ചാളുകള്‍ വാങ്ങുന്ന സാധനങ്ങള്‍ അവര്‍ വില്‍ക്കാറില്ല. അതുകൊണ്ടുതന്നെ കുറേ ചെറുകിട വ്യാപാരികള്‍ നിലനില്‍ക്കും.)

എന്നിരിക്കിലും, വമ്പന്‍ വ്യാപാര ശാലകള്‍ വന്നാല്‍ ചെറുകിട വ്യാപാരികളെ ബാധിക്കും എന്ന് തന്നെ എടുക്കാം.


വമ്പന്‍ കടകള്‍ വന്നാല്‍ ചെറുകിട കടകള്‍ക്ക് ദോഷം സംഭവിക്കണമെങ്കില്‍, ഉപഭോക്താക്കള്‍ വന്‍ കടകളിലേക്ക് ആകര്‍ഷിക്കപ്പെടണം. എന്തെങ്കിലും ഗുണമില്ലാതെ ആളുകള്‍ വന്‍ കടകളില്‍ നിന്നും സാധനം വാങ്ങുമോ? മിക്കവാറും വന്‍കടകളില്‍ ഒരു നിശ്ചിത ഗുണം ഉള്ള സാധനത്തിനു വില കുറവോ അല്ലെങ്കില്‍ ഒരു നിശ്ചിത വില ഉള്ള സാധനത്തിനു ഗുണം കൂടുതലോ ആയിരിക്കും. അതുകൊണ്ട് ആളുകള്‍ വന്‍കിട കടകളിലേക്ക് പോകുമ്പോള്‍, ചെറുകിട കടകള്‍ പൂട്ടുന്നു. അപ്പോള്‍ ഉപഭോക്താകളുടെ കാര്യമെടുത്താല്‍ വന്‍കിട കടകള്‍ ഗുണകരം എന്നര്‍ത്ഥം. അപ്പോള്‍ രാഷ്ട്രീയക്കാര്‍ പറയുന്ന കാര്യം ശരിയായാല്‍ കോടിക്കണക്കിനു വരുന്ന ഉപഭോക്താക്കള്‍ക്ക് നേട്ടം ഉണ്ടാകും.

അപ്പോള്‍ പറയുന്ന കാര്യം, വന്‍കിടക്കാര്‍ ആദ്യം വില കുറച്ചു കൊടുത്തു ആളുകളെ ആകര്‍ഷിച്ചു ചെറുകിട വ്യാപാരികളെ തകര്‍ത്ത ശേഷം വില വളരെ കൂട്ടി ഉപഭോക്താക്കളെ പിഴിയും എന്നതാണ്. ഇതിന്റെ യുക്തി ഒന്ന് മനസ്സിലാക്കാം. ചെറുകിട വ്യാപാരികള്‍ 'നശിച്ചു' കഴിയുമ്പോള്‍ നമ്മുടെ നാട്ടിലെ 'വാള്‍മാര്‍ട്ട്' വില കൂട്ടി വന്‍ ലാഭമുണ്ടാക്കിയാല്‍, പഴയ വ്യാപാരി ഹുസൈന്‍ കുഞ്ഞിനു ഒരു കട തുടങ്ങി, വില അല്പം കുറച്ചു വിറ്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടോ?

അഞ്ചു ലക്ഷം രൂപയും മൂന്നു മാസവും കൊണ്ട് ഒരു ചെറുകിട കട തുടങ്ങാം. അതുകൊണ്ടാണ് മറ്റൊരാള്‍ക്ക് എളുപ്പം സ്ഥാപനം തുടങ്ങി മത്സരിക്കാന്‍ കഴിയുന്ന മേഖലകളില്‍ ഏതെങ്കിലും ഒരാള്‍ക്ക് കുത്തക സ്ഥാപിച്ചു വില വര്‍ധിപ്പിക്കാന്‍ കഴിയില്ല എന്ന് സാമ്പത്തിക ശാസ്ത്രം പറയുന്നത്. അത്തരം മേഖലയില്‍ ഒരു സ്ഥാപനം കുത്തക ആയിരിക്കണമെങ്കില്‍, അത് ഏറ്റവും കുറഞ്ഞ ചെലവില്‍ സാധനം വില്‍ക്കാന്‍ തയ്യാറാകണം.

എങ്ങനെയാണ് വമ്പന്‍ വ്യാപാര ശൃംഖലകള്‍ക്ക് സാധനത്തിനു വില കുറച്ചു വില്‍ക്കാന്‍ കഴിയുന്നത്? അവര്‍ക്ക് കൂടുതലായി സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. കരാറുകള്‍ മുഖേന വില മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയും. സാധനങ്ങള്‍ ആവശ്യമുള്ള ഭാഗത്തേക്ക് ചെലവു കുറഞ്ഞ രീതിയില്‍ എത്തിക്കുന്നതിന് കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ചരക്കു നീക്കം നടത്താന്‍ കഴിയും. സാധനങ്ങള്‍ ശേഖരിച്ചു കേടുകൂടാതെ സൂക്ഷിക്കാന്‍ വിപുലമായ ഗോഡൗണ്‍ സംവിധാനങ്ങള്‍ ഉണ്ടാകും. സാധനങ്ങളുടെ ശേഖരണം മുതല്‍ വിപണനം
വരെയുള്ള കാര്യങ്ങളില്‍ ആധുനിക മാനേജ്‌മെന്റ് കഴിവുകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. ഇങ്ങനെ വില കുറച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ വന്‍കിട വ്യാപാര ശാലകള്‍ക്കു നിലനില്‍ക്കാന്‍ കഴിയൂ. അപ്പോള്‍ രാഷ്ട്രീയക്കാര്‍ പേടിക്കുന്ന കാര്യം സംഭവിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഗുണം കിട്ടണം.

എന്തുകൊണ്ടാണ് കോടിക്കണക്കിനു ഉപഭോക്താക്കള്‍ക്ക് ഗുണം കിട്ടുന്ന കാര്യത്തെ ലക്ഷക്കണക്കിന് വ്യാപാരികള്‍ക്കു ദോഷം ഉണ്ടാകുമെന്ന് പറഞ്ഞു രാഷ്ട്രീയക്കാര്‍ എതിര്‍ക്കുന്നത്. വ്യാപാരികള്‍ സംഘടിതരാണ്. നമ്മള്‍ ഉപഭോതാക്കള്‍ കൂട്ടായി വിലപേശുന്നില്ല. രാഷ്ട്രീയക്കാര്‍ക്ക് സംഭാവന നല്‍കുന്നവരില്‍ മുമ്പിലാണ് വ്യാപാരികള്‍. ബി.ജെ.പി ആണെങ്കില്‍ വര്‍ഗപരമായി തന്നെ ഒരു കച്ചവടക്കാരുടെ പാര്‍ട്ടിയാണ്. കേരളത്തിലെ ഇരു മുന്നണികളിലും വ്യാപാരികള്‍ക്കുള്ള സ്വാധീനം നമുക്കറിയാം. ചെന്നിത്തല പെട്ടെന്ന് സോഷ്യലിസ്റ്റ് ആകുന്നതില്‍ അത്ഭുതമില്ല.

ഇങ്ങനെ നഷ്ടത്തിലാകുന്ന എല്ലാ വ്യാപാരികള്‍ക്കും വേണ്ടി രാഷ്ട്രീയക്കാര്‍ ഇറങ്ങുമോ? കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി എന്റെ എല്ലാ വിദേശ യാത്രകള്‍ക്കും വേണ്ട ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത് തിരുവനന്തപുരത്തെ കേരള ട്രാവല്‍സ് എന്ന സ്ഥാപനവും അവിടുത്തെ വിജയകുമാറുമാണ്. ഒരിക്കല്‍ ബാങ്കോക്കില്‍ വച്ച് എന്റെ പേഴ്‌സും പണവുമെല്ലാം നഷ്ടപ്പെട്ടപോള്‍ ഒരു കേടും കൂടാതെ നാട്ടില്‍ എത്തിച്ചത് അവരുടെ ഇടപെടല്‍ കൊണ്ടാണ്. ട്രാവല്‍ ബിസിനസ് ഇന്ന് നേരിടുന്ന
പ്രതിസന്ധികളെ പറ്റി വിജയകുമാറിനെ കാണുമ്പോഴെല്ലാം സംസാരിക്കാറുണ്ട്. ഇക്കാര്യത്തില്‍ വ്യക്തിപരമായി എനിക്കും എന്നെ പോലുള്ളവര്‍ക്കും സങ്കടമുണ്ട്. പക്ഷെ എന്തുചെയ്യാം. ഇതു കുറേയൊക്കെ സാമൂഹ്യമാറ്റത്തിന്റെ അനിവാര്യ ഭാഗമാണ്. ഇന്ന് നമുക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒരു കമ്പ്യൂട്ടറും ക്രെഡിറ്റ് കാര്‍ഡും മതി.

ടിക്കറ്റ് ബുക്കിങ് ഇങ്ങനെ നടക്കുമ്പോള്‍ മറ്റു സേവങ്ങള്‍ മാത്രം നല്‍കി പിടിച്ചു നില്‍കാന്‍ ട്രാവല്‍ ഏജന്റുമാര്‍ ബുദ്ധിമുട്ടുന്നു. ഇന്ന് കമ്പ്യൂട്ടര്‍ വഴി വിവിധ വിമാന കമ്പനികളിലെ (അതോടൊപ്പം ട്രെയിന്‍) ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ രണ്ടോ മൂന്നോ കമ്പനികള്‍ മാത്രം മുന്നിട്ടു നില്‍ക്കുന്നു. അവര്‍ക്ക് എളുപ്പം സേവനം നല്‍കാന്‍ കഴിയുന്നു.





സാമൂഹ്യ മാറ്റത്തെ തടുത്തു നിര്‍ത്താന്‍ വ്യാപാരികളുടെ രാഷ്ട്രീയക്കാര്‍ (അല്ലെങ്കില്‍ രാഷ്ട്രീയ വ്യാപാരികള്‍) ശ്രമിക്കുന്നു. അതുകൊണ്ട് നമ്മള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നു.

 
Tags: FDI in Indian Retail Sector and its Politics
»  News in this Section