പരാജയപ്പെടുന്നവരെക്കുറിച്ച് വേവലാതിപ്പെടുമ്പോള്‍

Posted on: 13 Nov 2011


വി.ശാന്തകുമാര്‍



നമ്മുടെ അനേകം സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ അഡ്മിഷന്‍ കിട്ടുന്ന കുട്ടികളില്‍ ഒരു നല്ല ശതമാനം പരീക്ഷ പാസ്സാകുന്നില്ല. പാസ്സാകുന്നവരില്‍ ഒരു നല്ല വിഭാഗത്തിന് എന്‍ജിനീയറായി ജോലി കിട്ടുന്നില്ല. സര്‍ക്കാര്‍ ഓഫീസില്‍ ക്ലാര്‍ക്കായും മറ്റും ജോലിയില്‍ കയറുന്നു. അങ്ങനെയെങ്കില്‍ എന്തിനു നാം ഇത്രയും കുട്ടികളെ എന്‍ജിനീയറിങ് കോളേജില്‍ ചേരാന്‍ അനുവദിക്കണം? അല്ലെങ്കില്‍, എന്തിനു ഇത്രയും കോളേജുകള്‍ അനുവദിക്കണം?

ഈ പ്രശ്‌നത്തെ നാം കുറച്ചുകൂടി വിപുലമായി, വിശദമായി, ചിന്തിക്കേണ്ടതാണ്? ധാരാളം ആളുകള്‍ സ്വത്തും സ്വര്‍ണവും മറ്റും വിറ്റ് വിസ സംഘടിപ്പിച്ചു ഗള്‍ഫില്‍ പോകുന്നു. അതില്‍ ചിലര്‍ ജോലി കിട്ടാതെ (ജോലി കിട്ടിയാല്‍ തന്നെ കാര്യമായ വരുമാനം ഇല്ലാതെ) വിഷമിക്കുന്നു. അതുകൊണ്ട് നാം എല്ലാവരേയും ഗള്‍ഫില്‍ പോകാന്‍ അനുവദിക്കണമോ? സര്‍ക്കാര്‍ ഇടപെട്ടു കുറച്ചുപേരെ മാത്രം വിട്ടാല്‍മതിയോ?

കുറച്ചു കൂടി നിസ്സാര പ്രശ്‌നങ്ങള്‍ എടുക്കാം. കുട്ടിക്കാലത്ത് എല്ലാവര്‍ക്കും ഒരു നല്ല പാട്ടുകാരന്‍ ആകണമെന്നോ ഒരു സ്‌പോര്‍ട്‌സ് താരം ആകണമെന്നോ താത്പര്യമുണ്ടാകും. അതിനു വേണ്ടി കുറെ സമയവും പണവും ചെലവഴിക്കും. എന്നാല്‍ ഒരു വളരെ നല്ല പാട്ടുകാരന്‍ (യേശുദാസിനെപ്പോലെ) ആകുന്നതു ഒരു കോടി ആളുകളില്‍ ഒരാളോ മറ്റോ ആയിരിക്കും. അത്രയും ആയില്ലെങ്കിലും പാട്ട് കൊണ്ട് ഒരു സാമാന്യ വരുമാനം കിട്ടാന്‍ കഴിയുന്നവര്‍ ലക്ഷത്തില്‍ ഒരാളോ മറ്റോ ആയിരിക്കും. എന്നാലും അനേകം (ലക്ഷക്കണക്കിന്) കുട്ടികള്‍ അതിനു വേണ്ടി ശ്രമിക്കാതിരിക്കുന്നില്ല.

പക്ഷെ ഈ ശ്രമം കൊണ്ട് കുട്ടികള്‍ക്കോ സമൂഹത്തിനോ കാര്യമായ നഷ്ടം ഉണ്ടാകുന്നില്ല. സ്‌കൂള്‍ തല മത്സരങ്ങളില്‍ തന്നെ പൊട്ടി പാളീസാകുന്നതോടെ മിക്കവരും ഈ ശ്രമം നിറുത്തും. ഒരു ജോലി കിട്ടാനായി പഠിത്തത്തില്‍ ശ്രദ്ധിക്കും. എന്നാലും ചിലര്‍ ശ്രമം നിറുത്തണം എന്നില്ല. സിനിമ താരമാകാന്‍ മോഹിച്ചു കോടാമ്പക്കത്തു പോയി ജീവിതം ഹോമിച്ചവരുടെ കഥകള്‍ നമ്മള്‍ കേട്ടിരിക്കുന്നു. അവരില്‍ ചിലരെങ്കിലും ചില 'എക്‌സ്ട്രാ'പണികള്‍ ചെയ്തു കഷ്ടിച്ച് ജീവിക്കാനുള്ള വക കണ്ടെതിയിട്ടുണ്ടാകാം. ഈ കഥ കേട്ടു വിഷമിച്ചു നമ്മള്‍ കോടാമ്പക്കം (അല്ലെങ്കില്‍ പുതിയ സിനിമ കേന്ദ്രങ്ങളില്‍) ജീവിതം 'ഹോമിക്കാന്‍' പോകുന്നവര്‍ക്കായി ഒരു സര്‍ക്കാര്‍ വക സ്‌ക്രീനിങ് സംവിധാനം ഉണ്ടാക്കിയാലോ?

ഇതിനു സമാനമായ ഒരു പ്രശ്‌നം സാമ്പത്തിക ശാസ്ത്രത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്. ഗ്രാമങ്ങളില്‍ നിന്നും തൊഴില്‍ അന്വേഷിച്ചു നഗരങ്ങളില്‍ കുടിയേറുന്നവരുടെ കാര്യം. ഗ്രാമ പ്രദേശത്ത് ഒരു ദിവസം കിട്ടാവുന്ന വരുമാനം നൂറു രൂപയാണ് എന്നിരിക്കട്ടെ. നഗരത്തില്‍ ഇരുനൂറ്റി അന്‍പതും. നഗരത്തില്‍ ജീവിക്കാന്‍ അമ്പതു രൂപ അധിക ചെലവുണ്ടെന്നിരിക്കട്ടെ. അപ്പോള്‍ നഗരത്തില്‍ അധികം കിട്ടാവുന്നത് നൂറു രൂപ. പക്ഷെ ഇത് എല്ലാവര്‍ക്കും കിട്ടണമെന്നില്ല. നഗരത്തില്‍ ജോലി കിട്ടിയാല്‍ മാത്രമേ ഈ അധിക വേതനം കിട്ടൂ. പക്ഷെ ഇപ്പോള്‍ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് തനിക്കു നഗരത്തില്‍ തൊഴില്‍ കിട്ടാനുള്ള സാധ്യത അമ്പത് ശതമാനം ആണെങ്കില്‍ പോലും കുടിയേറും. അപ്പോള്‍ കുടിയേറുന്നവരില്‍ ഏകദേശം പകുതിയോളം പേര്‍ നഗരത്തില്‍ ഉദ്ദേശിച്ച തൊഴില്‍ കിട്ടാത്തവരായി മാറും. ഈ കണക്കു പ്രകാരം, കുടിയേറുന്നവരില്‍ 30-40 ശതമാനം ആളുകള്‍ ഉദ്ദേശിച്ച തൊഴില്‍ കിട്ടാതെ അലഞ്ഞാലും ഗ്രാമവാസികള്‍ നഗരത്തിലേക്ക് കുടിയേറാന്‍ ശ്രമിക്കും. ഇനി സര്‍ക്കാര്‍ ഇടപെട്ടു നഗരത്തിലെ തൊഴില്‍ സാധ്യത വര്‍ധിപ്പിച്ചാല്‍, നഗരത്തിലെ (പാവപ്പെട്ടവര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ) സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ ആളുകള്‍ നഗരത്തില്‍ എത്തുകയും ഉദ്ദേശിച്ച തൊഴില്‍ കിട്ടാതെ അലയുകയും ചെയ്യും. ഇവര്‍ നമ്മുടെ നഗരങ്ങളില്‍ എന്തെങ്കിലും തൊഴില്‍ ചെയ്തു (അനൗദ്യോഗിക മേഖലയില്‍) കഴിഞ്ഞു കൂടും (താരം ആകാന്‍ പോയി എക്‌സ്ട്രാ ആകുന്നപോലെ).

അങ്ങനെ പരാജയപ്പെടുകയും അതുവഴി കാര്യമായ നഷ്ടം സംഭവിക്കുകയും ചെയ്യുന്ന പ്രശ്‌നത്തിന് എന്താണ് ഒരു പോംവഴി? ഈ പ്രശ്‌നം പല തട്ടുകളില്‍ കൈകാര്യം ചെയ്യണം.

ഒന്ന്:
തങ്ങള്‍ക്കു ഏറ്റവും അനുയോജ്യം ഏതെന്നു തിരഞ്ഞെടുക്കാനുള്ള കഴിവ് വ്യക്തികള്‍ ആര്‍ജിക്കുക. തങ്ങളുടെ കഴിവുകളുടെ സാധ്യതകളും പരിമിതികളും കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ മനസ്സിലാക്കാന്‍ നമ്മുടെ വിദ്യാഭ്യാസവും ചുറ്റുപാടും സഹായിക്കണം. പലപ്പോഴും സമൂഹം ഇക്കാര്യത്തില്‍ നല്ല സന്ദേശം നല്‍കണമെന്നില്ല (കഴുതയുടെ പുറത്ത് കയറാനോ കഴുതയെ ചുമലില്‍ വഹിക്കാനോ ഉപദേശിക്കുന്ന സമൂഹം പഴയ കഥയിലെ പോലെയാകാം).

രണ്ട്:
കുട്ടികള്‍ക്ക് യാഥാര്‍ത്ഥ്യ ബോധത്തോടെ സന്ദേശങ്ങള്‍ നല്‍കുന്ന കുടുംബങ്ങള്‍ ഉണ്ടാകണം (ഇത് അവരെ എല്ലാ പരിശ്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതാകരുത്). എന്നാല്‍ പത്താം ക്ലാസ്സില്‍ കണക്കിന് കഷ്ടിച്ച് ജയിക്കുന്ന കുട്ടിയോട് നീ എന്‍ജിനീയറാകണം എന്ന് പറയുന്ന തരത്തില്‍ ആകരുത്.

മൂന്ന്:
സര്‍ക്കാരും സമൂഹവും ശരിയായ സന്ദേശങ്ങള്‍ നല്‍കണം. ഗള്‍ഫില്‍ വീട്ടുജോലിക്ക് പോകുന്ന യുവതിയോട് സൂക്ഷിച്ചില്ലെങ്കില്‍ 'ലൈംഗിക ചൂഷണം' നേരിടാന്‍ സാധ്യതയുണ്ടെന്നു പറയണം. അല്ലാതെ അവര്‍ പോകുന്നത് നിരോധിക്കുക അല്ല വേണ്ടത്. വരുംവരായ്കകള്‍ അറിഞ്ഞു കൊണ്ട് തീരുമാനം എടുക്കാന്‍ വ്യക്തികളെ സമൂഹവും സര്‍ക്കാരും സഹായിക്കണം.

എന്നാല്‍ ഇതിനു പകരം വ്യക്തികള്‍ പരാജയപ്പെടുന്ന പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനു കൂടുതല്‍ അധികാരം കൊടുത്താലോ? ഓരോ വ്യക്തിയും തന്റെ കഴിവിനൊത്ത് എന്തു ചെയ്യണം എന്തു ചെയ്യാതിരിക്കണം എന്ന കാര്യം തീരുമാനിക്കാന്‍ സര്‍ക്കാരിനു അധികാരം കൊടുത്താലോ? കഴിവില്ലാത്തവര്‍ എന്‍ജിനീയറാകാന്‍ ശ്രമിച്ചു പരാജയപ്പെടും എന്ന് കരുതി എന്‍ജിനീയറിങ് സീറ്റുകള്‍ (കോളേജുകള്‍) കുറച്ചാലോ? പെണ്ണുങ്ങള്‍ ലൈംഗിക ചൂഷണം നേരിടുമെന്നു കരുതി അവര്‍ ഒറ്റയ്ക്ക് ഗള്‍ഫില്‍ പോകാന്‍ പാടില്ലാ എന്ന് നിയമം ഉണ്ടാക്കിയാലോ? കേരളത്തില്‍ എത്ര പാട്ടുകാര്‍ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ച് അത്രയും പേര്‍ മാത്രം അതിനു ശ്രമിച്ചാല്‍ മതിയെന്ന് ഉറപ്പാക്കിയാലോ?

നമ്മുടെ ചരിത്രാനുഭവം കാണിക്കുന്നത് ഇക്കാര്യങ്ങളിലൊന്നും തെറ്റുകൂടാതെ, വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കാതെ, തീരുമാനമെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിവില്ല എന്നാണ്.

 
Tags: Engineering courses in Kerala and concern about failures
»  News in this Section