ചില മാന്ദ്യകാല ചിന്തകള്‍

Posted on: 08 Aug 2011


വി.ശാന്തകുമാര്‍



അമേരിക്കയും യൂറോപ്പും വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തില്‍ ആകാന്‍ പോകുന്നു എന്ന സംശയം ബലപ്പെട്ടിടുണ്ട്. ഏതായാലും അവര്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ അടുത്ത ഭാവിയില്‍ പരിഹരിക്കപ്പെടാന്‍ പോകുന്നില്ല എന്നത് ഏതാണ്ട് ഉറപ്പിച്ച് പറയാന്‍ കഴിയും. (മാന്ദ്യത്തെ കുറിച്ച് ചില തെറ്റായ ധാരണകള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും കാലയലവളില്‍ ചുരുങ്ങിയതു ആറ് മാസമെങ്കിലും തുടര്‍ച്ചയായി ചുരുങ്ങുമ്പോഴാണ് മാന്ദ്യം ഉണ്ടാകുന്നത്. ഇന്ത്യയില്‍ ഇപ്പോഴെങ്ങും മാന്ദ്യം ഉണ്ടായിട്ടില്ല. നമ്മള്‍ മറ്റുള്ളവരുടെ മാന്ദ്യം കൊണ്ട് കുറച്ചു ബുദ്ധിമുട്ടനുഭവിച്ചു എന്ന് മാത്രമേ ഉള്ളൂ. അപ്പോഴും നമ്മുടെ സമ്പദ് വ്യവസ്ഥ അഞ്ചു ശതമാനമെങ്കിലും വളര്‍ന്നിരുന്നു.)

മാന്ദ്യത്തെ കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ നമുക്ക് എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ ചുരുങ്ങി പോവുന്നു. ഈ വികസിത രാജ്യങ്ങളിലേക്കുള്ള നമ്മുടെ കയറ്റുമതിയെ ബാധിക്കും. ആ കയറ്റുമതിയെ ആശ്രയിക്കുന്ന നമ്മുടെ കമ്പനികള്‍ക്കും അവിടെ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകും. അവര്‍ സമ്പദ് വ്യവസ്ഥയില്‍ ചെലവഴിക്കുന്ന പണം കുറയുന്നത് കാരണം പരോക്ഷമായ ചില നഷ്ടങ്ങളും ഉണ്ടാകും. മാന്ദ്യ രാജ്യങ്ങളില്‍ പണിയെടുക്കുന്ന ഇന്ത്യാക്കാര്‍ക്കും ബുദ്ധിമുട്ട് നേരിടേണ്ടി വരും. അതുകൊണ്ട് ഈ രാജ്യങ്ങള്‍ എന്തെങ്കിലും നടപടികള്‍ എടുത്ത്, എത്രയും പെട്ടെന്ന് മാന്ദ്യത്തില്‍ നിന്ന് പുറത്തുകടന്നാല്‍ മതി എന്നാണ് നമ്മുടെ ചിന്ത.

എന്നാല്‍ ഈ രാജ്യങ്ങളുടെ ചില ആഭ്യന്തര പ്രശ്‌നങ്ങളും അവ പരിഹരിക്കുന്നതില്‍ അവിടെയുള്ള വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന (ഉണ്ടാകാന്‍ ഇടയുള്ള) തര്‍ക്കങ്ങളുടെ ഒരു രാഷ്ട്രീയ സമ്പദ്ശാസ്ത്രം നാം കണക്കിലെടുക്കണം. ഇപ്പോള്‍ ഈ വികസിത രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലവിലുള്ള ചില അനാരോഗ്യ പ്രവണതകളുടെ പ്രതിഫലനം ആണ്. അതില്‍ വികസിത രാജ്യങ്ങളും ചൈനയെ പോലെ വളരെ വേഗം വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളും കുറ്റക്കാര്‍ ആണ്. ആദ്യം മാന്ദ്യം നേരിടുന്ന രാജ്യങ്ങളെ കണക്കിലെടുക്കാം.

ആഗോളീകരണ കാലത്ത് ഒരു രാജ്യത്തിന് (അത് എത്ര ശേഷിയുള്ള രാജ്യമായാലും) കടം വാങ്ങി തങ്ങളുടെ രാജ്യത്തു ഒരു ഉയര്‍ന്ന ജീവിത ശൈലി നിലനിര്‍ത്താന്‍ കഴിയില്ല എന്നതിന്റെ ഉദാഹരണം ആണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. അമേരിക്കയില്‍ ഒരു വിഭാഗത്തിന് അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ന്ന വരുമാനം തങ്ങളുടെ തൊഴില്‍ കൊണ്ടോ അല്ലെങ്കില്‍ കഴിഞ്ഞ കാലത്തുണ്ടാക്കിയ സമ്പത്തില്‍ നിന്നുള്ള വരുമാനം കൊണ്ടോ ഇന്നുണ്ട്. അവരുടെ തൊഴിലിനു ആഗോളീകരണം കൊണ്ട് കാര്യമായ കോട്ടം സംഭവിച്ചിട്ടില്ല. എന്നാല്‍ ഭൂരിപക്ഷം അല്ലെങ്കിലും നല്ലൊരു പങ്കു വരുന്ന മറ്റൊരു ഭാഗം ജനങ്ങള്‍ക്ക്, മറ്റു രാജ്യങ്ങളിലെ ആളുകള്‍ക്ക് ഉള്ളതിനേക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം ഉണ്ടായിരിക്കുന്നത് അവിടുത്തെ സര്‍ക്കാര്‍ കടം വാങ്ങി കൃത്രിമമായി സൃഷ്ടിച്ചിരിക്കുന്ന ഒരു 'സമ്പന്നത'യുടെ പുറത്താണ്. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന വിവിധ സഹായങ്ങള്‍, തൊഴില്‍ എടുക്കാതവര്‍ക്കും നഷ്ടപ്പെടുന്നവര്‍ക്കും നല്‍കുന്ന സഹായം, ആഗോള മത്സരത്തില്‍ കിട്ടുമായിരുന്ന വേതനത്തെക്കാള്‍ കൂടുതല്‍ നല്‍കുന്ന വേതനം, സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതു കൊണ്ട് മാത്രം ഉണ്ടാകുന്ന (അത് മറ്റു രാജ്യങ്ങളില്‍ നടത്തുന്ന യുദ്ധവുമാകാം) തൊഴിലുകള്‍, പ്രായമുള്ളവര്‍ക്ക് ആരോഗ്യ സംരക്ഷണത്തിനും മറ്റും നല്‍കുന്ന സഹായങ്ങള്‍ തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും. ഇവ സര്‍ക്കാരിനു സ്വാഭാവികമായി കിട്ടുന്ന നികുതി വരുമാനത്തില്‍ നിന്നാണ് നല്‍കിയിരുന്നതെങ്കില്‍ (അവിടെ നികുതി നിരക്ക് ഇന്ത്യയേക്കാള്‍ വളരെ ഉയര്‍ന്നതാണ് എന്നോര്‍ക്കുക) കാര്യമായ പ്രശ്‌നമില്ല. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ കടം വാങ്ങിയാണ് കൂടുതല്‍ ചെലവും ചെയ്യുന്നത്.

കടം വാങ്ങുന്നു എന്ന് മാത്രമല്ല, എന്നാല്‍ അതിനോടൊപ്പം കാര്യക്ഷമത കൂടാതിരിക്കുകയും ചെയ്യും. ഗ്രീസ് പോലെ പൊതുവെ കാര്യക്ഷമത കുറഞ്ഞ രാജ്യങ്ങള്‍ കൂടുതല്‍ കടം വാങ്ങി തങ്ങളുടെ 'സമ്പന്നത' നിലനിര്‍ത്തിയാല്‍ കുഴിയില്‍ ചാടും എന്ന് നാം കണ്ടു. എന്നാല്‍ അമേരിക്ക പോലെ കാര്യക്ഷമത ഉള്ള രാജ്യങ്ങളും ഇക്കാര്യത്തില്‍ വെല്ലുവിളികള്‍ നേരിടും. കാര്യക്ഷമത എന്നാല്‍ ഒരു സാധനം അല്ലെങ്കില്‍ സേവനം ഏറ്റവും കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിക്കുക എന്നതാണ്. ആഗോളീകരണം സജീവമാകുമ്പോള്‍, കുറഞ്ഞ ചെലവുള്ള രാജ്യങ്ങള്‍ കൂടുതലായി ആഗോള ഉത്പാദനത്തില്‍ പങ്കെടുക്കുമ്പോള്‍, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ കാര്യക്ഷമമായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പോലും ചെലവു കുറക്കേണ്ടി വരും. ആത്യന്തികമായി തങ്ങള്‍ക്കു എന്താണോ മറ്റുള്ളവരേക്കാള്‍ കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്നത് അത് മാത്രം ചെയ്യുകയും, മറ്റുള്ളവ പുറത്തു നിന്ന് ഇറക്കുമതി ചെയ്യുകയുമാണ് അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ചെയ്യേണ്ടത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍, ഒട്ടേറെ ആളുകള്‍ക്ക് താല്‍ക്കാലികമായി തൊഴില്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ തൊഴില്‍ മാറാനോ, കുറഞ്ഞ വേതനത്തിന് പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്യും. അപ്പോള്‍ സര്‍ക്കാര്‍ ഇടപെടലിനുള്ള മുറവിളി കൂടും. ഈ പ്രശ്‌നം വേണ്ട രീതിയില്‍ അമേരിക്കയോ യൂറോപ്പോ കൈകാര്യം ചെയ്തിട്ടില്ല. മറിച്ച് കടം വാങ്ങി കൃത്രിമ 'സമ്പന്നത' നിലനിര്‍ത്താനാണ് ശ്രമിച്ചത്.

എന്നാല്‍ ആഗോള സമ്പദ് വ്യവസ്ഥയിലെ മറ്റു ചില പ്രശ്‌നങ്ങള്‍ കാരണം, അമേരിക്കക്ക് കടം വാങ്ങിയാലും തടി കേടു കൂടാതെ സൂക്ഷിക്കാം എന്ന നിലയാണ് അടുത്ത കാലം വരെ ഉണ്ടായിരുന്നത്. ചൈന തങ്ങളുടെ കറന്‍സി ഒരു കമ്പോള നിയന്ത്രണത്തിന് വിധേയമാക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. അപ്പോള്‍, ചൈനയുടെ നാണയം വില കുറയാതിരിക്കാന്‍ അവര്‍ അമേരിക്കന്‍ ഡോളറില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തി. നാണയ മൂല്യ പ്രതിസന്ധി പേടിച്ചു വിവിധ രാജ്യങ്ങള്‍ അമേരിക്കന്‍ ഡോളറില്‍ നിക്ഷേപം നടത്തി. അറേബ്യന്‍ രാജ്യങ്ങളുടെ എണ്ണ വരുമാനത്തിന്റെ നല്ല പങ്കും ഡോളര്‍ നിക്ഷേപം ആയി തുടരുന്നു. ഇങ്ങനെ ഡോളറിനു ആവശ്യത്തില്‍ കൂടുതല്‍ ആളുകള്‍ വാങ്ങാന്‍ തയ്യാറായി നിന്നത് കാരണം കടത്തില്‍ മുങ്ങിയിട്ടും മറ്റു രാജ്യങ്ങള്‍ക്ക് സംഭവിക്കുന്ന തകര്‍ച്ച അമേരിക്കക്കുണ്ടായില്ല.

ആഗോളീകരണവുമായി പൊരുത്തപ്പെടുന്നതില്‍ അമേരിക്കയെക്കാള്‍ പ്രശ്‌നങ്ങള്‍ ആണ് ചില യൂറോപ്പ്യന്‍ രാജ്യങ്ങല്‍ക്കുള്ളത്. യൂറോപ് ഭൂഖണ്ഡം നോക്കിയാല്‍ ഭൂമധ്യ രേഖയോടു അടുക്കും തോറും സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമത കുറയുകയും കൃത്രിമ സമൃദ്ധി കൂടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ യൂറോപ്യന്‍ യൂണിയനും യൂറോയും നിലവില്‍ വന്നതോടെ ചില രാജ്യങ്ങളുടെ പാപങ്ങളുടെ ഫലം എല്ലാരും അനുഭവിക്കേണ്ട സ്ഥിതിയാണുള്ളത്.

അതുകൊണ്ട് തന്നെ അമേരിക്കക്കും യൂറോപ്പിനും ഈ പ്രതിസന്ധി മറികടക്കാന്‍ ഉള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എളുപ്പമല്ല. അമേരിക്കയില്‍ മാന്ദ്യം ഉണ്ടായാല്‍ കുറേപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കുറെപ്പേരുടെ ജീവിത നിലവാരം താഴും. അവര്‍ സര്‍ക്കാരിനെ ആശ്രയിക്കേണ്ടി വരും. എന്നാല്‍, മറ്റു ചിലര്‍ക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവില്ല. അപ്പോള്‍ അവിടെ തര്‍ക്കം രണ്ടു വിഭാഗങ്ങള്‍ തമ്മിലാകും. സര്‍ക്കാര്‍ വീണ്ടും കടം വാങ്ങി മാന്ദ്യം മറികടക്കാന്‍ ശ്രമിക്കുന്നതിനു ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ടാവില്ല. യൂറോപ്പില്‍ തര്‍ക്കം പ്രധാനമായും രാജ്യങ്ങള്‍ തമ്മിലാണ്. വീണ്ടും യൂറോപ്യന്‍ ബാങ്ക് കടം വാങ്ങി മാന്ദ്യം മറികടക്കാന്‍ ശ്രമിക്കുനതിനെ ഒരു വിഭാഗം രാജ്യങ്ങള്‍ പിന്തുണക്കില്ല.

ഈ സാഹചര്യം ഒരു അവസരമായി കാണാം. അമേരിക്കയും യൂറോപ്പും തങ്ങളുടെ കൃത്രിമ സമൃദ്ധി ഇല്ലാതാക്കണം. സമ്പദ് വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമാക്കണം. കടം വാങ്ങി ചില ആളുകളെയോ രാജ്യങ്ങളെയോ അമിതമായി സഹായിക്കുന്ന പതിവ് നിര്‍ത്തണം. സാമൂഹ്യ സുരക്ഷാ നടപടികള്‍ സര്‍ക്കാരിന്റെ നികുതി വരുമാനത്തിനുള്ളില്‍ ഒതുക്കണം.

 
Tags: Economic Recession Thoughts by V Santhakumar
»  News in this Section