രാഷ്ട്രീയ കൊലപാതകങ്ങളും സാമൂഹ്യ സാമ്പത്തിക മാറ്റവും

Posted on: 23 May 2012


വി. ശാന്തകുമാര്‍



അതിദാരുണവും അതിനീചവും ആയ ഒരു കൊലപാതകം ആണല്ലോ ഇപ്പോള്‍ കേരളത്തെ മഥിക്കുന്ന പ്രധാന പ്രശ്‌നം. സാമൂഹ്യസാമ്പത്തിക മാറ്റത്തെ വിലയിരുത്തുന്ന ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ വിശകലന രീതി ഉപയോഗിച്ച് ഈ പ്രശ്‌നത്തെ മനസ്സിലാക്കാനാണ് ഈ കുറിപ്പ്.

മിക്കവാറും എല്ലാ അവികസിത സമൂഹങ്ങളിലും വ്യക്തികള്‍ തമ്മിലോ അല്ലെങ്കില്‍ ആളുകളുടെ കൂട്ടങ്ങള്‍ (ഗ്രൂപ്പുകള്‍) തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കാറുണ്ട്. ഇത് പലപ്പോഴും അക്രമാസക്തമാവുകയും പതിവാണ്. സമ്പത്തും, അതിന്റെ വിതരണത്തിലുള്ള വൈരുധ്യങ്ങളും സമ്പത്തിനോട് ചേര്‍ന്നതോ അല്ലാതെയോ ഉള്ള അധികാരതര്‍ക്കങ്ങളും ഒക്കെയാണ് ഈ സംഘര്‍ഷങ്ങള്‍ക്ക് കാരണം.

ഫ്യുഡല്‍ സംവിധാനത്തില്‍ നാടുവാഴികള്‍ സാധാരണക്കാരെ അക്രമിച്ച് അവരുടെ മേല്‍ അധികാരം നിലനിര്‍ത്തിയിരുന്നു. ഇതിനെതിരെ അടിച്ചമര്‍ത്തപ്പെട്ടവര്‍ ചെറുത്തുനില്‍ക്കുകയും അത് നീണ്ടകാലം സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നുമല്ലാതെ രണട് വ്യക്തികള്‍/ഗ്രൂപ്പുകള്‍ തമ്മിലുള്ള അഭിപ്രായ വ്യതാസങ്ങളും അക്രമത്തിലും കൊലപാതകത്തിലും എത്തിച്ചേരാറുണ്ട്.

മുപ്പതു വര്‍ഷം മുമ്പ് വരെ കേരളത്തിന്റെ മിക്ക ഗ്രാമങ്ങളിലും ഇത്തരം കൊലപാതകങ്ങള്‍ അല്ലെങ്കില്‍ അക്രമങ്ങള്‍ നടക്കാറുണ്ട്. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ എന്റെ കുടുംബവും നേരിട്ടല്ലെങ്കിലും ഭാഗഭാക്കായിട്ടുണ്ട് എന്നത് ഞാന്‍ ഓര്‍ക്കുന്നു. നാട്ടിന്‍പുറത്തെ നേതാവ് പറഞ്ഞാല്‍ 'ശത്രു' വിനെ തല്ലാന്‍/കൊല്ലാന്‍ തയ്യാറുള്ളവര്‍ അന്നുണ്ടായിരുന്നു.

ആധുനിക സമൂഹത്തില്‍ വിവിധ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. ഒന്നാമതായി പൊതു നീതിന്യായവ്യവസ്ഥയും ക്രമസമാധാന പാലനവും മെച്ചപ്പെടുമ്പോള്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചുമതല ഈ സംവിധാനങ്ങള്‍ക്ക് വിടാന്‍ ജനം തയ്യാറാകും. ആരെങ്കിലും കടുത്ത തെറ്റ് ചെയ്താല്‍ അവരെ ശിക്ഷിക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കാതെ, അത് ഭരണകൂടത്തിനു നല്‍കാന്‍ സമൂഹം തയ്യാറാകും.

എല്ലാം സാമ്പത്തിക അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ഇക്കാലത്ത് അക്രമത്തില്‍ എര്‍പ്പെടുന്നവര്‍ക്ക് നഷ്ടം മാത്രമായിരിക്കും ഫലം. സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി വന്നതാണ് ഈ മാറ്റം. ഇത് കേരളത്തിലും സംഭവിച്ചിട്ടുണ്ട്.

'പോയി അടിക്കെടാ' എന്ന് നേതാവ് പറഞ്ഞാല്‍ ചെയ്യാന്‍ തയ്യാറുള്ളവര്‍ ആവശ്യത്തിനു ഉണ്ടായിരുന്ന എന്റെ നാട്ടില്‍ ഇന്ന് കടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതിനു തയ്യാറാവില്ല. അവര്‍ തങ്ങളുടെ കുടുംബത്തിന്റെയും കുട്ടികളുടെയും സുരക്ഷിതത്വം, ജോലി നഷ്ടപെട്ടാല്‍, ജയിലില്‍ പോകേണ്ടി വന്നാലുള്ള നഷ്ടം/ക്ലേശം ഒക്കെ ഓര്‍ത്തു അക്രമത്തില്‍ നിന്ന് പിന്തിരിയും. ഇത് ഗുണപരമായ മാറ്റമാണ്. ഒരു പക്ഷെ കേരളത്തിലെ മിക്കവാറും പ്രദേശങ്ങളിലും ഇത്തരത്തിലുള്ള മാറ്റമുണ്ടായിട്ടുണ്ട്.

എന്നാല്‍ സാമൂഹ്യ സാമ്പത്തിക മാറ്റം ഉണ്ടായാലും ചില പ്രദേശങ്ങളില്‍, ചില ആളുകളില്‍ 'അക്രമ സ്വഭാവം' നില നില്‍ക്കുന്നതായി കാണാം. ഇത് എന്തുകൊണ്ടാണ്? ഈ പ്രശനം പൂര്‍ണമായി വിശകലനം ചെയ്യാന്‍ സാമ്പത്തിക ശാസ്ത്രത്തിനു കഴിയില്ല. പ്രാദേശിക സംസ്‌കാരവും ആശയപരമായ മസ്തിഷ്‌ക പ്രക്ഷാളനവും ഒക്കെ ഘടകങ്ങള്‍ ആണ്. സാമ്പത്തികവും സംഘടനാപരവും ആയ ചില ഘടകങ്ങള്‍ വേറെയുമുണ്ട്.

മുമ്പുണ്ടായിരുന്ന അക്രമി സംഘങ്ങള്‍ ആധുനിക സമ്പദ് വ്യവസ്ഥയില്‍ നിന്നും കാര്യമായ ലാഭം ഉണ്ടാക്കി തുടങ്ങിയാല്‍ അവ തഴചു വളരും. സാമ്പത്തിക പ്രവര്‍ത്തനത്തില്‍ നിന്നുള്ള ഇടനില ലാഭം അക്രമി സംഘങ്ങളിലേക്കു ചെന്നാല്‍, അവര്‍ പുതിയ ലോകത്തും പിടിച്ചു നില്‍ക്കും. തങ്ങളുടെ പ്രവര്‍ത്തന മേഖല വിവിധ രംഗങ്ങളില്‍ വ്യാപിപ്പിക്കും. ഇടക്കൊക്കെ പാര്‍്ട്ടിക്കും ഇടക്കൊക്കെ ഏതെങ്കിലും ബിസ്സിനെസ്സുകാരനും തങ്ങളുടെ സേവനം നല്‍കും. അത് വഴി സംരക്ഷണവും ആവശ്യത്തിനു പണവും നേടും.

അക്രമം അധികാരത്തിലേക്കുള്ള ഇടനാഴിയായാല്‍ അധികാരത്തിലെത്തുന്നവര്‍ക്ക് അക്രമകാരികളെ താങ്ങി നിറുത്തേണ്ടി വരും. അവര്‍ പോലീസിന്റെ കയ്യിലായാലും കോടതിയില്‍ വിചാരണ നേരിട്ടാലും ജയിലില്‍ കിടന്നാലും അധികാരത്തിന്റെ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പിന്തുണ നല്‍കേണ്ടി വരും.

സമൂഹം പൊതുവേ അക്രമത്തിന്റെ മാര്‍ഗം ഉപേക്ഷിച്ചു ജനാധിപത്യത്തിന്റെ രീതി സ്വീകരിക്കുമ്പോഴും ഇങ്ങനെ ചില ആളുകള്‍ ചില പ്രദേശങ്ങളില്‍ അക്രമങ്ങളില്‍ കുടുങ്ങി പോകും. ഇവര്‍ സമൂഹത്തിന്റെ മുന്നോട്ടു പോക്കിന് തടസ്സമായി തീരുകയും ചെയ്യും.

 

Tags: Economic change and its repercussion on Gundaism
»  News in this Section
ഗ്രാം2610.00
പവന്‍20880.00
വെള്ളി
ഗ്രാം53.00