
എമര്‍ജിങ് കേരള ഭരണ മുന്നണിയിലും പ്രതിപക്ഷത്തും പൊതുസമൂഹത്തിലും വിവാദങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ കേരളം പോലുള്ള ഒരു സമൂഹത്തില്‍ സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ചു നാം കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
വിവിധ രാജ്യങ്ങളില്‍ പ്രത്യേകിച്ചും വികസ്വര സമൂഹങ്ങളില്‍, സര്‍ക്കാരുകള്‍ നിക്ഷേപകരെ ക്ഷണിച്ചുവരുത്തി സൗജന്യങ്ങള്‍ നല്‍കി വ്യവസായവത്കരണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആ കാലഘട്ടങ്ങളില്‍ അതാതിടത്ത് നിലനിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥകള്‍ താരതമ്യേന പിന്നോക്കമാണ്. ഒരു സമൂഹം ഭരിക്കുന്നത് അവിടെയുള്ള സമ്പന്നന്‍മാര്‍ ആയിരിക്കുമ്പോള്‍, അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ വേണ്ടത്ര മത്സരം ഇല്ലാതിരിക്കുമ്പോള്‍, അതുമല്ലെങ്കില്‍ രാഷ്ട്രീയ/സാമൂഹ്യ കാര്യങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ പറയുന്നതിന് അപ്പുറം സ്വതന്ത്രമായി ചിന്തിക്കുന്ന (അതിനനുസരിച്ച് വോട്ടു ചെയ്യന്ന) ഒരു മധ്യവര്‍ഗം ഇല്ലാതിരിക്കുമ്പോള്‍ ഒക്കെ, രാഷ്ട്രീയക്കാരും മുതലാളിമാരും തമ്മിലുള്ള സന്ധികളിലൂടെയും (കൊടുക്കല്‍ വാങ്ങല്‍ വഴിയും) വ്യവസായവത്ക്കരണം നടക്കും. ഇത് വിവിധ രാജ്യങ്ങളില്‍ നടന്നിട്ടുണ്ട്. എന്നാല്‍, കേരളത്തിനകത്ത്, കാര്യമായ സാമ്പത്തിക വളര്‍ച്ച ഉണ്ടായില്ലെങ്കിലും കേരളീയര്‍ വിദ്യാഭ്യാസത്തിലും മറ്റും ഉയര്‍ന്നുനില്‍ക്കുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്ന് ഉണ്ടാക്കിയ വരുമാനം മൂലം, ഒരു ശക്തമായ മധ്യവര്‍ഗം ഉണ്ടായിട്ടുണ്ട്. മാത്രമല്ല രാഷ്ട്രീയം വരേണ്യരുടെ കയ്യില്‍ നിന്നും മാറി സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്. രണ്ട് മുന്നണികള്‍ തമ്മില്‍ ശക്തമായ മത്സരം നിലനില്‍ക്കുന്നു. രാഷ്ട്രീയക്കാര്‍ പറയുന്നത് കേട്ട് വോട്ടു ചെയ്യുന്നവര്‍ മാത്രമല്ല, മറിച്ചു തങ്ങളുടെ താല്പര്യമെന്താണ് എന്ന് മാധ്യമങ്ങള്‍ വഴി രാഷ്ട്രീയക്കാരെ അറിയിക്കാനും അത് അവര്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ അവരെ തിരഞ്ഞെടുപ്പില്‍ ശിക്ഷിക്കാനും കഴിയുന്ന ഒരു പൊതുസമൂഹം കേരളത്തില്‍ വളര്‍ന്നിട്ടുണ്ട്. ഇത് കേരളത്തിന്റെ രാഷ്ട്രീയമായ പുരോഗമനത്തെയാണ് കാണിക്കുന്നത്.
ഇങ്ങനെ രാഷ്ട്രീയമായി പുരോഗമിച്ച ഒരു സമൂഹത്തില്‍ രാഷ്ട്രീയക്കാരും മുതലാളിമാരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ വഴി വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ഏറെ എതിര്‍പ്പ് നേരിടും. ഇക്കാര്യം ഇടതു വലതു മുന്നണികള്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എളമരം കരീമിന്റെ നേതൃത്വത്തില്‍ നടന്ന ചില ശ്രമങ്ങള്‍ക്ക് എതിരെയും ശക്തമായ എതിര്‍പ്പുണ്ടായി. ഇപ്പോള്‍ എമര്‍ജിങ് കേരള ശക്തമായ എതിര്‍പ്പ് നേരിടുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത്? കേരളത്തില്‍ വ്യവസായം എങ്ങനെ വരും?
ഒരു ആധുനിക സമൂഹത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട ചുമതലകള്‍ ഇവയാണ്.
ഒന്ന്. നിയമനിര്‍മാണവും നടപ്പാക്കലും. ഇവിടെ നടപ്പാക്കാന്‍ കഴിയുന്ന നിയമങ്ങള്‍ ഉണ്ടാക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മുദ്രാവാക്യം വിളിക്കുന്നതുപോലെ നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അവ നടപ്പാക്കാന്‍ കഴിയില്ല. അവ സമൂഹത്തിനു ദോഷം ഉണ്ടാക്കും.
രണ്ട്. പൊതുസംവിധാനങ്ങളുടെ നിര്‍മാണം. ഇവിടെ രണ്ട് കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം. പൊതു സംവിധാനങ്ങള്‍ സ്വകാര്യ നിക്ഷേപകരെ ഉപയോഗിച്ച് നടപ്പാക്കുന്നതിന് പരിമിതിയുണ്ട്. ഒരു സ്ഥലത്ത് ഒരു സംവിധാനം (റോഡ്, പാലം, എയര്‍പോര്‍ട്ട്) മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിനാല്‍ സ്വകാര്യ നിക്ഷേപകര്‍ കുത്തകയായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അത് നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണമെന്നില്ല. കഴിയുന്നതും പൊതു സംവിധാനങ്ങള്‍ക്ക് വേണ്ടി പൊതുപണം ഉപയോഗപ്പെടുത്തണം. (കേരളത്തില്‍ പൊതുപണം കാര്യക്ഷമമായി മാനേജ് ചെയ്യാത്തതുകൊണ്ടും പാവപ്പെട്ടവരല്ലാത്തവര്‍ക്ക് പോലും സബ്‌സിഡി നല്‍കാന്‍ ഉപയോഗിക്കുന്നതുകൊണ്ടും പ്രശ്‌നങ്ങളുണ്ട്.) രണ്ടാമത്, നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ കാര്യക്ഷമമായി ചെയ്യാന്‍ ശ്രമിക്കണം. കൊല്ലം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ബൈപ്പാസ് റോഡുകള്‍ (നാല് ദശകമായി ഇഴഞ്ഞു നീങ്ങുന്ന) പണി തീര്‍ക്കാന്‍ ശ്രമിക്കാതെ നാം ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ ചര്‍ച്ച ചെയ്യുന്നതില്‍ മണ്ടത്തരം ഏറെയുണ്ട്.

മൂന്ന്: ഏതു സമൂഹത്തിലും സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് ചില അനുവാദങ്ങളും ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും കിട്ടണം. ഇവിടെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ എത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നത് പ്രശ്‌നമാകുന്നത്. നിയമങ്ങള്‍ അനുസരിക്കുന്ന ഒരു പൗരനു എത്രയും വേഗം ഈ സേവനങ്ങള്‍ കിട്ടേണ്ടത് അത്യാവശ്യമാണ്. ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനും ഇത് അത്യാവശ്യമാണ്. ഒരു വമ്പന്‍ വ്യവസായിക്ക് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു കാര്യം സാധിക്കാന്‍ കഴിയുമ്പോഴല്ല, അല്ലെങ്കില്‍ അവര്‍ക്ക് ഭൂമി കുറഞ്ഞ വിലയ്ക്ക് കിട്ടുമ്പോഴല്ല, ഭരണം നിക്ഷേപസൗഹൃദപരമാകുന്നത്. നിയമങ്ങള്‍ പാലിക്കുന്ന അറിയപ്പെടാത്ത ഒരു നിക്ഷേപകനുപോലും തടസ്സം കൂടാതെ വേഗത്തില്‍ സാധാരണ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വേണ്ട പേപ്പറുകള്‍ ശരിയായി കിട്ടണം.
നാല്: ഏത് സമൂഹത്തിലും പാവപ്പെട്ടവരും സ്വന്തമായി പണിയെടുത്തു ജീവിക്കാന്‍ കഴിയാത്തവരുമായ കുറച്ച് ആളുകളുണ്ടാകും. അവര്‍ക്ക് ബുദ്ധിമുട്ടുകളുള്ള കാലത്ത് സര്‍ക്കാര്‍ വേണ്ടത്ര സഹായം ചെയ്യണം. പണിയെടുക്കാന്‍ കഴിയുന്നവരെ അതിനു പ്രാപ്തരാക്കണം. (അല്ലാതെ പണി എടുക്കാന്‍ കഴിയുന്നവരെ സര്‍ക്കാര്‍ സഹായം വഴി മടിയന്മാരാക്കരുത്.)
ഈ നാല് കാര്യങ്ങള്‍ വേണ്ട വിധത്തില്‍ ചെയ്യുക എന്നതാണു സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. എന്നാല്‍ ഇവ ശരിയായി ചെയ്യാതെ കേരളത്തിന്റെ ഭൂമി (സര്‍ക്കാര്‍ ഭൂമിയോ അല്ലെങ്കില്‍ സ്വകാര്യ ഭൂമി സര്‍ക്കാര്‍ കൈവശപ്പെടുത്തിയോ) കുറഞ്ഞ വിലയ്‌ക്കോ പാട്ടത്തിനോ നല്‍കി സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിച്ചു വ്യവസായവും പൊതു സംവിധാനങ്ങളും ഉണ്ടാക്കാം എന്നാണ് കേരളത്തിലെ രാഷ്ട്രീയക്കാരും അവരെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥരും വിചാരിക്കുന്നത്. ഈ രീതി മറ്റു പല സ്ഥലത്തും വിജയിച്ചിട്ടുണ്ടെങ്കിലും അത് കേരളത്തില്‍ നടപ്പാകാന്‍ പോകുന്നില്ല.
മുതലാളിമാരും രാഷ്ട്രീയക്കാരും കൂടിച്ചേര്‍ന്നു നടത്തുന്ന വ്യവസായവത്കരണത്തില്‍ അഴിമതിക്കുള്ള സാധ്യത കൂടുതലാണ്. ഇത് മറ്റു സമൂഹങ്ങള്‍ അംഗീകരിച്ചാലും, മധ്യവര്‍ഗത്തിന് മുന്‍തൂക്കമുള്ള കേരളത്തില്‍ ശക്തമായ എതിര്‍പ്പ് ഉണ്ടാക്കും. ഇനി യഥാര്‍ത്ഥത്തില്‍ അഴിമതി ഇല്ലെങ്കിലും അത് ഉണ്ടെന്നു പുകമറ ഉണ്ടാക്കാന്‍ - കടുത്ത രാഷ്ട്രീയ മത്സരവും മാധ്യമ മത്സരവും നിലനില്‍ക്കുന്ന - കേരളത്തില്‍ വളരെ എളുപ്പമാണ്.
മാത്രമല്ല, ഭൂമി സൗജന്യമായി നല്‍കുന്നതുപോലുള്ള കാര്യങ്ങള്‍ ദോഷം ചെയ്യും. ഒരു വ്യവസായത്തിന് എത്ര ഭൂമി വേണം, അത് ഒരു നില കെട്ടിടത്തില്‍ വേണോ അതോ ഇരുപതു നില കെട്ടിടത്തില്‍ വേണോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കപ്പെടേണ്ടത് ഭൂമിയുടെ വിലയെ (ക്ഷാമത്തെ) ആശ്രയിച്ചായിരിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍, ഭൂമി പോലുള്ള ലഭ്യത കുറവുള്ള വിഭവങ്ങള്‍ അതിന്റെ ശരിയായ മൂല്യം കണക്കിലെടുക്കാതെ ഉപയോഗപ്പെടുത്തും. ഇത് സമൂഹത്തിനും സാമ്പത്തിക വ്യവസ്ഥക്കും നഷ്ടം ഉണ്ടാക്കും.