സ്വാശ്രയ കുരുക്ക് അഴിക്കാന്‍ ഒരു ഫോര്‍മുല

Posted on: 22 Jun 2011


വി.ശാന്തകുമാര്‍



എല്ലാ വര്‍ഷവും പോലെ ഇപ്പോഴും സ്വാശ്രയ കോളേജിലെ അഡ്മിഷന്‍ വിവാദമായി കഴിഞ്ഞു. ഈ പ്രശ്‌നം നമ്മള്‍ സ്ഥിരമായി പരിഹരിക്കേണ്ട കാലം കഴിഞ്ഞു. അതിനു എന്ത് ചെയ്യാനാവും എന്ന് ചിന്തിക്കുകയാണ് ഈ കുറിപ്പ്.

ആദ്യമായി നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം ഈ അമ്പത് ശതമാനം സര്‍ക്കാരിനും ബാക്കി മാനേജ്‌മെന്റിനും എന്ന സമീപനം സാമൂഹ്യ നീതി നടപ്പാക്കാന്‍ വേണ്ടിയോ മെറിറ്റ് നിലനിര്‍ത്താനോ സഹായിക്കുന്ന ഒന്നല്ല എന്നതാണ്. പകുതി സീറ്റ് സര്‍ക്കാരിനു നല്‍കിയിട്ട് ബാക്കി ആര്‍ക്ക് വേണോ ഏതു വിലയ്ക്കും നല്‍കാം എന്ന നയത്തില്‍ മെറിറ്റിനു എന്ത് സ്ഥാനം? ഒരാള്‍ നല്‍കുന്ന പണത്തിന്റെ അളവ് നോക്കി അഡ്മിഷന്‍ കൊടുക്കണോ എന്ന് തീരുമാനിക്കുന്നതില്‍ മെറിറ്റിനു എന്ത് വില?

ഇനി സാമൂഹ്യ നീതിയുടെ കാര്യം നോക്കിയാലോ? ചില കുട്ടികളെ പഠിപ്പിക്കാന്‍ മറ്റു കുട്ടികള്‍ ഭാരം വഹിക്കണം എന്ന് പറയുന്നതില്‍ എന്താണ് സാമൂഹ്യ നീതി? ഏറ്റവും കഷ്ടം, കേരളത്തിന് പുറത്തു പോയി കഷ്ടപ്പെട്ടു പണിയെടുക്കുന്ന മറുനാടന്‍ മലയാളികള്‍, അങ്ങനെ പോകാത്ത ആളുകളുടെ കുട്ടികളെ പഠിപ്പിക്കാന്‍ വന്‍ ഫീസ് കൊടുക്കണം എന്ന് പറയുന്നതാണ്. പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാമ്പത്തിക കാരണങ്ങളാല്‍ കഴിഞ്ഞില്ല, അതിനാല്‍ അവരെ സഹായിക്കണം എന്ന് പറയുന്നത് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മറ്റു വിഭാഗങ്ങള്‍, പ്രത്യേകിച്ചും മുന്നോക്ക ഹിന്ദു സമുദായങ്ങള്‍, അവര്‍ക്ക് പോകമായിരുന്നിട്ടും നാട്ടിലെ സുഖം മതി (മറുനാട്ടിലെ കഷ്ടപ്പാട് വേണ്ട) എന്ന കാരണത്താല്‍ പോകാതിരുന്നവര്‍ ആണ്. ഈ 'സുഖിയന്മാരുടെ' മക്കളെ പഠിപ്പിക്കാന്‍ വിദേശത്ത് പോയി കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ ഉയര്‍ന്ന ഫീസ് നല്‍കണം എന്ന് പറയുന്നതില്‍ എന്താണ് സാമൂഹ്യ നീതി.

ചുരുക്കത്തില്‍ ഈ 50:50 എന്നത് ഒരു നല്ല സമീപനമേ അല്ല. ഒരു കാലത്ത് സ്വാശ്രയ കോളേജ് എന്ന സങ്കല്‍പ്പത്തോട് കേരളത്തില്‍ ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്ന കാലത്ത്, ആ എതിര്‍പ്പ് കുറക്കാന്‍ ഉദ്ദേശിച്ചാവണം ബഹുമാന്യനായ ശ്രീ എ.കെ.ആന്റണി അങ്ങനെ ഒരു ആശയം കൊണ്ടുവന്നത്. എന്നാല്‍ ഇതില്‍ അടിസ്ഥാനപരമായ പിശക് ഉണ്ടെന്നു പിന്നീടു കോടതികള്‍ക്കും മനസ്സിലായി. അതുകൊണ്ട് തന്നെ നമ്മുടെ സ്വാശ്രയ പ്രശ്‌നം പരിഹരിക്കാന്‍ നമ്മള്‍ ഈ അമ്പത്/അമ്പത് ഫോര്‍മുലയില്‍ നിന്നും പുറത്തു കടക്കണം.

പിന്നെ മെരിറ്റും സാമൂഹ്യ നീതിയും എങ്ങനെ നടപ്പാക്കും?
എ) അഡ്മിഷന്‍ എല്ലായിപ്പോഴും മെറിറ്റിനേയും കൃത്യമായി നിര്‍വചിക്കപ്പെട്ട സാമൂഹ്യ സാമ്പത്തിക (റിസര്‍വേഷന്‍ പോലുള്ള) പ്രശ്‌നങ്ങളും കണക്കിലെടുത്ത് കൊണ്ടായിരിക്കണം. അവിടെ എത്ര പണം കൊടുക്കാന്‍ കഴിയും എന്നത് കണക്കിലെടുക്കാന്‍ പാടില്ല. എല്ലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ സുതാര്യമായ മാര്‍ഗത്തിലൂടെ മാത്രം അഡ്മിഷന്‍ നടത്തുന്നൂവെന്ന് ഉറപ്പാക്കണം.

ബി) എന്നാല്‍ എങ്ങനെ അഡ്മിഷന്‍ കിട്ടാവുന്ന എല്ലാവരുടെ മേലും ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിനു ആവശ്യമായ ഫീസ് ചുമത്തേണ്ടി വരും. പ്രത്യേകിച്ചും സ്വാശ്രയ കോളേജില്‍. സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ നമ്മളുടെ നികുതി പണം ചെലവഴിക്കുന്നത് കൊണ്ട് മുഴുവന്‍ ചെലവും ഫീസ്സായി ഈടാക്കേണ്ടി വരുന്നില്ല.

സി) എങ്ങനെ വരുമ്പോള്‍ അഡ്മിഷന്‍ കിട്ടുന്ന ചില കുട്ടികള്‍ക്ക് ഫീസ്സും മറ്റു ചെലവുകളും താങ്ങാന്‍ കഴിയാതെ വരും. ഇവര്‍ ആരൊക്കെ എന്ന് സൂക്ഷ്മമായി വിലയിരുത്തപ്പെടണം. കാരണം ലക്ഷങ്ങള്‍ മുടക്കി എന്‍ട്രന്‍സ് കോച്ചിങ് എടുത്തവര്‍ക്കും അച്ഛനും അമ്മയ്ക്കും നല്ല സര്‍ക്കാര്‍ ജോലി ഉള്ളവരും, കല്യാണം കഴിപ്പിക്കാന്‍ നൂറു പവന്‍ സ്വര്‍ണം കൊടുക്കാന്‍ തയ്യാറുള്ളവരും എല്ലാം ഫീസ് കൊടുക്കുന്ന കാര്യം വരുമ്പോള്‍ സൗജന്യം കിട്ടണം എന്ന് പറഞ്ഞു വരും. എന്നാല്‍ ഫീസ് കൊടുക്കാനും ഹോസ്റ്റല്‍ ചെലവു വഹിക്കാനും കഴിയാത്ത ഒരു നല്ല പങ്കു കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഫെലോഷിപ്പും മറ്റു സഹായങ്ങളും കിട്ടണം.

ഇവരെ സഹായിക്കേണ്ട ചുമതല ആര്‍ക്കാണ്? അത് വിദ്യാഭാസ സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റുകളുടേത് മാത്രമാണോ? നൂറു പേര്‍ പഠിക്കുന്ന ഒരു സ്ഥാപനത്തില്‍ നാലോ അഞ്ചോ കുട്ടികളെ, വളരെ കുറഞ്ഞ ഫീസില്‍ പഠിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കാനുള്ള മൊത്തം ചുമതല ഈ സ്ഥാപനങ്ങളുടെ തലയില്‍ വയ്ക്കുന്നത് ശരിയല്ല. അല്ലെങ്കില്‍ അതിനായി നിങ്ങള്‍ കുറേ സീറ്റ് (അമ്പത് ശതമാനം) ആര്‍ക്കു വേണമെങ്കിലും എത്ര തുകക്കും വിറ്റോളൂ എന്ന് പറയേണ്ടി വരും. ഇത് അങ്ങേ അറ്റത്തെ നിരുത്തരവാദിത്വം ആണ്.

പാവപ്പെട്ട കുട്ടികളെ സഹായിക്കേണ്ട ചുമതല സമൂഹം ഒന്നിച്ചു ഏറ്റെടുക്കണം. അതിനു പല മാര്‍ഗങ്ങളുണ്ട്. സര്‍ക്കാര്‍ കുറെ പണം കണ്ടെത്തണം. ഇന്ന് സര്‍ക്കാര്‍ ചെയ്യുന്ന ആവശ്യമില്ലാത്ത പല കാര്യങ്ങളുമുണ്ട്. അവ ഒഴിവാക്കണം. സര്‍ക്കാര്‍ കോളേജുകളില്‍ പണമുള്ളവര്‍ പോലും വളരെ കുറഞ്ഞ തുകയാണ് ഫീസ് കൊടുക്കുന്നത്. ഈ സ്ഥിതി മാറണം. സര്‍ക്കാര്‍ കോളേജുകളില്‍ പഠിക്കുന്ന ഉയര്‍ന്ന ഇടത്തരക്കാരില്‍ നിന്നും സമ്പന്നന്മാരില്‍ നിന്നും ഉയര്‍ന്ന ഫീസ് ഈടാക്കണം. സമൂഹത്തില്‍ നിന്നും ഇക്കാര്യത്തിനായി കൂടുതല്‍ സഹായം പിരിച്ചെടുക്കണം. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കും ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയും.

ഇങ്ങനെ വിവിധ മാര്‍ഗങ്ങള്‍ മുഖേനെ ഒരു വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കണം. ഇത് പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന എന്നാല്‍ സ്വന്തമായി പഠന ചെലവു വഹിക്കാന്‍ കഴിയാത്ത (വിദ്യാഭ്യാസ ലോണ്‍ സംഘടിപ്പിക്കാന്‍ കഴിയാത്ത) കുട്ടികള്‍ക്ക് ഫെലോഷിപ്പ് നല്‍കാന്‍ ഉപയോഗ പെടുത്തണം.

ഈ ഒരു സമീപനം ഉപയോഗിച്ച് കേരളത്തിന്റെ സ്വാശ്രയ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുമോ, അത്രയും നന്ന്.

 
Tags: A solution for the self financing professional courses issue-By V Santhakumar
»  News in this Section