
നവവിധാനം അഥവാ ഇന്നൊവേഷന്റെ പ്രസക്തി ഇന്ത്യയില്‍ എത്രമാത്രമുണ്ടെന്ന് ഓര്‍ത്തു നോക്കുക. ഗവേഷണ - വികസനം (റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്) ഇന്ത്യയില്‍ ഒരു തമാശയാണ്. നമ്മള്‍ നമുക്കുവേണ്ടി സ്വന്തമായി സൃഷ്ടിക്കുന്നതിനു സമയം ചിലവഴിക്കുന്നതിനേക്കാള്‍ ഉപരി, മറ്റുള്ളവരുടെ ഉല്‍പ്പന്നങ്ങള്‍ കടം എടുത്ത് അതിന്റെ 'കോപ്പിക്യാറ്റ്' സൃഷ്ടിച്ചെടുക്കുന്ന നവവിധാനത്തിലാണ് നമുക്ക് താല്‍പ്പര്യം. ഇന്ത്യയുടെ ഏതു മേഖലയിലേക്കും നോക്കൂ. മറ്റുള്ളവരുടെ ഇന്നൊവേഷന്റെ മുദ്രകള്‍ എല്ലാ തുറകളിലും കണ്ടെന്നിരിക്കാം.
ദി ഇന്‍ഡസ് എന്‍ട്രപ്രണേഴ്‌സ് [ The Indus Entrepreneurs (TIE)] സിലിക്കോണ്‍ വാലി ശാഖയുടെ പ്രസിഡന്റ് വിഷ് മിശ്രയുടെ അഭിപ്രായം, അനുകൂല സാഹചര്യം ലഭ്യമല്ലെങ്കില്‍ കഴിവും കഠിനാദ്ധ്വാനവും വൃഥാവിലാകുമെന്നാണ്. ഇന്ത്യന്‍ ശാസ്ത്രസാങ്കേതിക വിദഗ്ധര്‍ക്ക് ഇന്നൊവേഷനുള്ള സാഹചര്യം, പണം, സ്വാതന്ത്ര്യം, പ്രോത്‌സാഹനം, ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കാതെയുള്ള അവസ്ഥ എന്നിവപോലുള്ള പ്രചോദനാന്മക കാര്യങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്നില്ല. അഥവാ, പ്രചോദനാന്മക അന്തരീക്ഷം സൃഷ്ടിച്ചാല്‍പ്പോലും 'ഇവിടെ ഇതൊക്കെ എന്തിന്' എന്ന മനോഭാവം ബാക്കിയും. എന്നാല്‍ ഈ ശാസ്ത്രസാങ്കേതിക വിദഗ്ധര്‍ ഇന്ത്യ വിട്ട് പുറത്തോട്ടിറങ്ങിയാല്‍ ഈ മനോവൈകൃതം മാറുന്നു. അനുകൂല സാഹചര്യം കൈവരിക്കുമ്പോള്‍ അവര്‍ അവരുടെ കര്‍മ്മത്തിന്റെ ഉന്നതങ്ങളില്‍ എത്തുന്നു.
അമേരിക്കയിലെത്തി, നോബല്‍ പ്രൈസ് നേടിയ ഇന്ത്യാക്കാരെ ശ്രദ്ധിച്ചു നോക്കൂ. സുബ്രഹ്മണ്യന്‍ ചന്ദ്രശേഖര്‍, ഹര്‍ഗോബിന്ദ് ഖൊറാന, വെങ്കി രാമകൃഷ്ണന്‍, അമര്‍ത്യ സെന്‍ എന്നിവരെ കൂടാതെ പെന്റിയം ചിപ്പ് സൃഷ്ടിച്ചെടുത്ത വിനോദ് ദാം, ഹോട്ട്‌മെയിലിന്റെ ഉപജ്ഞാതാവ് സബീര്‍ ഭാട്ടിയ, എ.ടി ആന്‍ഡ് ടിബെല്‍ ലാബ്‌സിന്റെ (അനേകം കമ്പ്യൂട്ടര്‍ പ്രോഗ്രാം ലാംഗ്വേജ് ഉണ്ടാക്കിയെടുത്തവര്‍) പ്രസിഡന്റ് അരുണ്‍ നേത്രാവല്ലി, മൈക്രോസോഫ്റ്റ് ടെസ്റ്റിങ്ങ് ഡയറക്ടര്‍ സജ്ഞയ് തേജ്‌രിക, സണ്‍ മൈക്രോസിസ്റ്റം കോ-ഫൗണ്ടര്‍ വിനോദ് ഖോസ്‌ല തുടങ്ങിയവര്‍ ഇന്ത്യയില്‍നിന്നും പോയവരാണ്.
32.2 ലക്ഷം ഇന്ത്യാക്കാരുള്ള അമേരിക്കയിലെ ഡോക്ടര്‍മാരില്‍ 38% വും, ശാസ്ത്രജ്ഞന്മാരില്‍ 12% വും, നാസ ശാസ്ത്രജ്ഞന്മാരില്‍ 36% വും, മൈക്രോസോഫ്റ്റ് ജീവനക്കാരില്‍ 34% വും, ഐബിഎം ജീവനക്കാരില്‍ 28% വും, ഇന്റെല്‍ ശാസ്ത്രജ്ഞന്മാരില്‍ 17% വും, സീറോക്‌സ് ജീവനക്കാരില്‍ 13% വും ഇന്ത്യന്‍ വംശജര്‍ തന്നെ. മാസച്ച്‌സെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ലബോറട്ടറിയുടെ ഡയറക്ടര്‍ ആനന്ദ് അഗര്‍വാള്‍ (ഏകദേശം 900 ശാസ്ത്രജ്ഞന്മാരുടെ മേല്‍നോട്ടം), ബരാക്ക് ഒബാമായുടെ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ഓണ്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രപ്രനേര്‍ഷിപ്പിന്റെ കോ-ചെയര്‍മാന്‍ ഗുരുരാജ് ദേശപാണ്ഡേ, യു.എസ്. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സുബ്ര സുരേഷ് തുടങ്ങിയവരും അമേരിക്കന്‍ ഇന്നൊവേഷനെ നിയന്ത്രിക്കുന്നവരാണ്.
അമേരിക്കയ്ക്കുള്ളപോലെ ഇന്നൊവേഷന്‍ ശേഷി നമ്മുടെ ഇന്ത്യയ്ക്കുമുണ്ട്. പക്ഷേ ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം ഇന്ത്യക്ക് പുറത്തുപോയി ഇന്നൊവേറ്റീവ് ആകാനാണ്. അവരെ ഇവിടെ പിടിച്ചു നിര്‍ത്താനോ അതുമല്ലെങ്കില്‍ വിദേശത്ത് സേവനം ചെയ്യുന്ന ഇന്ത്യന്‍ ശാസ്ത്രസാങ്കേതിക വിദഗ്ധരെ എങ്ങനെ ഇന്ത്യയിലേക്ക് തിരിച്ച് ആകര്‍ഷിക്കാമെന്നോ വേണ്ടപ്പെട്ടവര്‍ ചിന്തിക്കുന്നില്ല. അമേരിക്കയില്‍നിന്നും തിരിച്ചെത്തിയ സാം പിട്രോഡയെപ്പോലുള്ളവരെ എങ്ങനെ ഉപയോഗപ്പെടുത്തി നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് നാം ഓര്‍ക്കുക. മന്‍മോഹന്‍ സിങ് ഇപ്പോഴും സാം പിട്രോഡയെ കൈവിടാന്‍ തയാറായിട്ടില്ല. സാം പിട്രോഡയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഇന്നൊവേഷന്‍ കൗണ്‍സില്‍ 2010 - 2020 കാലഘട്ടത്തിലേക്കുള്ള ഇന്നൊവേഷന്‍ നടപ്പാക്കാന്‍ ചുമതല ഏറ്റെടുത്തിരിക്കുന്നത് വളരെ ആശ്വാസം പകരുന്നതാണ്.
ഇന്ത്യക്ക് ഇന്നാവശ്യം കൂടുതല്‍ ഇന്നൊവേറ്റേഴ്‌സിനേയും എന്‍ട്രപ്രനേഴ്‌സിനേയുമാണ്. ഇതില്ലാതെ തൊഴില്‍വളര്‍ച്ചയും, കയറ്റുമതിയും, സാമ്പത്തിക ഉന്നമനവും അസാദ്ധ്യമാണ്. മാര്‍ക്കറ്റുമായി ബന്ധപ്പെട്ടു വേണം ഇന്നൊവേഷന്‍ രൂപപ്പെടേണ്ടത്. എങ്കില്‍ മാത്രമെ വ്യവസായങ്ങള്‍ക്ക് അതുകൊണ്ട് ഫലമുണ്ടാവുകയുള്ളു. റിസര്‍ച്ചിലും ടെക്‌നോളജിയിലും ഇന്ത്യ വേണ്ടത്ര നിക്ഷേപം നടത്തുന്നില്ല. ടി.ഐ.ഇ സിലിക്കോണ്‍വാലി പ്രസിഡന്റ് വിഷ് മിശ്ര പറയുന്നത് ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേഷനുകളൊന്നും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിലേക്ക് വേണ്ടത്ര ധനം നീക്കിവയ്ക്കുന്നില്ലെന്നാണ്.
റിസര്‍ച്ച് ലാബുകള്‍ക്ക് ആവശ്യമായ പണവും ലഭിക്കുന്നില്ല. ലോകനിലവാരമുള്ള കുറച്ച് ഗവേഷണസ്ഥാപനങ്ങളേ ഇന്ത്യക്കുള്ളൂ. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിന് കൂടുതല്‍ തുക നീക്കി വയ്ക്കണം. അതിലും ഉപരി, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസംബന്ധവും നിയന്ത്രണപരവുമായ സ്വയംഭരണാവകാശം ഉണ്ടായിരിക്കണം. നല്ല വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും, ഗവേഷണസ്ഥാപനങ്ങളും, ഗവണ്മെന്റ് സഹായവും, അക്കാഡമിക് സ്വാതന്ത്ര്യവും വന്നു ചേരുമ്പോള്‍ ഇന്നൊവേഷനും വളര്‍ച്ച ഉണ്ടാകും.
രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ എത്ര മോശമായിരുന്നാല്‍പ്പോലും ഇന്നൊവേഷന് മനസ്സുണ്ടെങ്കില്‍ രാജ്യപുരോഗതി സുഗമമാകും. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഇന്നൊവേഷന് ആവശ്യമുള്ളത് നയരൂപീകരണമാണ്. അതിനു പറ്റിയ സാഹചര്യം ഒരുക്കുവാന്‍ പുതിയ നിയമങ്ങളുണ്ടാക്കുകയും ആവശ്യമില്ലാത്ത പഴയതെല്ലാം പൊളിച്ചു മാറ്റേണ്ടിയും വരും. പേറ്റന്റ് പ്രൊട്ടക്ഷന്‍, റിസര്‍ച്ച് എന്‍ജിനീയറിങ്, ഡിസൈന്‍ തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ നല്ല വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ആകര്‍ഷിക്കേണ്ടതായിട്ടുണ്ട്. ഇന്നൊവേഷനോട് ആഭിമുഖ്യമുള്ള ഒരു സമൂഹം (സ്വധര്‍മ്മം അനുഷ്ഠിക്കാത്ത ഒരു രാഷ്ട്രവ്യൂഹം ഇന്നൊവേഷന് എപ്പോഴും ഒരു ഭീഷണി ആയിരിക്കും.), പരിസ്ഥിതിസംരക്ഷണ താല്‍പര്യം എന്നിവയൊക്കെ ഈ രംഗത്ത് വികസിപ്പിക്കണം.
എല്ലാറ്റിനും തുടക്കം സ്‌കൂളുകളില്‍നിന്നും കോളെജുകളില്‍ നിന്നുമാകണം. ഇതിനായി നമ്മുടെ വിദ്യാഭ്യാസരംഗവും വളരെ മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് ഐഐടി പോലുള്ള സ്ഥാപനമുണ്ടെങ്കില്‍ അനേകം കേരളീയര്‍ ഈ രംഗത്ത് അവരുടെ കഴിവുകള്‍ തെളിയിച്ചെടുക്കുമെന്നുള്ളതില്‍ സംശയിക്കാനില്ല. ഇന്ത്യയിലെ ഐഐടികളിലും, ടി.ഐ.ഇയില്‍ നിന്നും ടെക്‌നോപാര്‍ക്ക് പോലുള്ളിടത്തും ഇന്നൊവേഷനും എന്‍ട്രപ്രനേഴ്‌സിനും സഹായകരമായ ഇന്‍ക്യുബേറ്റേഴ്‌സും മെന്ററിങ് പ്രോഗ്രാമും ലഭ്യമാകുന്നതുപോലെ യൂണിവേഴ്‌സിറ്റിതലത്തിലും ഇവ ലഭ്യമാക്കേണ്ടതാണ്.
ബ്രിട്ടീഷ് ഭരണത്തിനിടയില്‍ വളര്‍ന്നു പന്തലിച്ച 'ശിപായി' മെന്റാലിറ്റി ഇപ്പോഴും ധാരാളം ഇന്ത്യാക്കാരിലുണ്ട്. ബിസിനസ്സും സ്വയംതൊഴിലും എന്നുള്ളത് ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത പദങ്ങളായിരുന്നു. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ഒരു ബിസിനസ് തുടങ്ങുന്നതിന് (ബിസിനസ് തുടങ്ങാന്‍ മൂലധനം ഉണ്ടായിരുന്നാല്‍പോലും) അറയ്ക്കുമായിരുന്നു. ഇന്ത്യയിലെ ഓരോ കുടുംബവും എപ്പോഴും ആഗ്രഹിച്ചിരുന്നത് തന്റെ പുത്രന്‍ അല്ലെങ്കില്‍ പുത്രി ഗവണ്മെന്റ് ജീവനക്കാരനായിരുന്നാല്‍ മതിയെന്നുള്ളതായിരുന്നു. ഗവണ്മെന്റ് ജോലിക്കാരനായി പെന്‍ഷന്‍ പറ്റാനുള്ള ഇന്ത്യാക്കാരന്റെ അമിത മോഹത്തിന് ഇപ്പോള്‍ കുറച്ച് കുറവുണ്ടായിട്ടുണ്ടെന്നുള്ളത് പ്രതീക്ഷ നല്‍കുന്നു.
ആധുനിക ഇന്ത്യയുടെ പുതിയ എന്‍ട്രപ്രനേറിയല്‍ സ്പിരിറ്റുമായി എത്തിയത് നാരായണമൂര്‍ത്തിയും ഇന്‍ഫോസിസും വിപ്രോയുമൊക്കെയായിരുന്നു. ഇത് ധാരാളം ഔട്ട്‌സോഴ്‌സിങ്ങിന് കളമൊരുക്കി. ഇതേ പാത പിന്തുടര്‍ന്ന് മറ്റനേകം ഇന്ത്യാക്കാരും എന്‍ട്രപ്രനേറിയല്‍ സ്പിരിറ്റുള്ളവരായി. ധാരാളം പേര്‍ ഔട്ട്‌സോഴ്‌സിങ് കമ്പനിയുമായി എത്തി. ധാരാളം പേര്‍ക്ക് ജോലി കണ്ടെത്താന്‍ ഇന്ത്യയിലും പുറത്തും സഹായകമായി.
വികസിത രാജ്യങ്ങള്‍ ഇന്നൊവേഷനേയും ഹൈടെക് വിദ്യാഭ്യാസത്തേയും വളരെയധികം പ്രോല്‍സാഹിപ്പിക്കുന്നു. അമേരിക്കയിലുള്ള നാഷണല്‍ സയന്‍സ് ബോര്‍ഡിന്റെ കണക്കനുസരിച്ച് ശാസ്ത്ര സാങ്കേതിക രംഗത്തെ 57% പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രികളും 2006 ല്‍ നല്‍കിയത് സ്റ്റുഡന്റ് വിസയുമായി അമേരിക്കയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. 2004 നും 2007 നും ഇടക്ക് 89% ഇന്ത്യാക്കാര്‍ക്കും 90% ചൈനക്കാര്‍ക്കും ഡോക്ടറല്‍ ഡിഗ്രി അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍നിന്ന് ലഭിക്കുകയുണ്ടായി. ഇവരില്‍ ഭൂരിപക്ഷവും സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാതെ അമേരിക്കയില്‍തന്നെ ജോലി കണ്ടെത്തി. ഇവരെ തിരിച്ചു വിടാതിരിക്കാനും അമേരിക്കന്‍ ഗവണ്മെന്റ് വേണ്ട ഒത്താശകള്‍ ചെയ്യുന്നു. ലോകത്തിലെ പ്രതിഭകളെ പഠിപ്പിച്ചെടുത്ത് അമേരിക്കയില്‍ത്തന്നെ കാത്തുസൂക്ഷിക്കുമ്പോള്‍ പുതിയ സാമഗ്രികളുടെ കണ്ടുപിടുത്തങ്ങള്‍ സാധ്യമാകുമെന്ന് അവര്‍ കരുതുന്നു.
വിദേശരാജ്യങ്ങള്‍ നല്ല അവസരം വാഗ്ദാനം ചെയ്യുമ്പോള്‍ ആ അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ വിദഗ്ധര്‍ ശ്രമിക്കും. ഇന്ത്യയിലെ ഐഐടികളില്‍ പഠിച്ചു പാസ്സായവര്‍ വിദേശത്തേക്ക് പ്രത്യേകിച്ചും അമേരിക്കയിലേക്കും കാനഡായിലേക്കും കുടിയേറിയിരുന്നു. അവരെ സംബന്ധിച്ച് മെച്ചപ്പെട്ട ഒരു ജോലിയോ റിസര്‍ച്ചിനുള്ള സാഹചര്യമോ മത്രമാണവര്‍ ആശിച്ചിരുന്നത്. വന്‍കിട കമ്പനികള്‍ക്കുവേണ്ടി കൃത്യനിഷ്ഠയോടെ അവര്‍ ജോലി ചെയ്യുകയും അവസരങ്ങള്‍ തനിക്ക് അനുകൂലമാക്കുകയും ചെയ്തു. അടുത്തകാലത്ത് അമേരിക്കയിലെത്തുന്ന ഇന്ത്യാക്കാര്‍ സിലിക്കോണ്‍വാലിയില്‍ അനേകം കമ്പനികള്‍ സ്വന്തമായി സ്ഥാപിച്ച് പുതിയ പാതകള്‍ വെട്ടിത്തുറക്കുകയാണ്. ഇവര്‍ തിരിച്ചുവന്ന് ഇന്ത്യയില്‍ മൂലധനനിക്ഷേപം നടത്താനോ അതുമല്ലെങ്കില്‍ അവരുടെ കമ്പനികളുടെ എക്‌സ്‌റ്റെന്‍ഷന്‍ സ്ഥാപിക്കാനോ പ്രോല്‍സാഹിപ്പിച്ചാല്‍ മെച്ചപ്പെട്ട നേട്ടങ്ങള്‍ ഇന്ത്യക്ക് കൈവരിക്കാനാവും.
പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'പ്രെസിഷ്യന്‍ ഓട്ടമേഷന്‍ ആന്‍ഡ് റോബോട്ടിക്‌സ് ഇന്ത്യ' എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ രണ്‍ജിത് ദത്തെ അമേരിക്കയില്‍നിന്ന് റോബോട്ടിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഒരു സംരംഭകനാണ്. ഈ വര്‍ഷം അദ്ദേഹത്തിന്റെ കമ്പനി 67 മില്യണ്‍ ഡോളറിന്റെ റോബോട്ടിക്‌സ് ഉല്‍പ്പന്നങ്ങളാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.
ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യന്‍ കമ്പനികള്‍ അവരുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി രണ്‍ജിത് എടുത്തുപറയുന്നു. ഉയര്‍ന്ന സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ ഡിമാന്‍ഡ് കൂടുതലാണെന്നും, ഇന്ത്യന്‍ കമ്പനികള്‍ അതനുസരിച്ച് മല്‍സരബുദ്ധി പ്രകടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ചൈന 1.58 ട്രില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചപ്പോള്‍ ഇന്ത്യയുടെ കയറ്റുമതി 246 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. ഇന്നൊവേഷന്‍ മെച്ചപ്പെട്ടാല്‍ കൂടുതല്‍ എന്‍ജിനീയറിങ് സാമഗ്രികള്‍ ഇന്ത്യക്ക് കയറ്റുമതി ചെയ്യാനാവും.
വിദേശങ്ങളിലേക്ക് കുടിയേറിയ കുറച്ചു പേരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യയിലെ ഇന്നൊവേഷനും നന്നാകില്ലേ? അഥവാ, അവര്‍ സഹായിച്ചില്ലെങ്കിലും ഇന്ത്യയിലെ ശാസ്ത്രസാങ്കേതിക വിദഗ്ധര്‍ മല്‍സരബുദ്ധി വര്‍ദ്ധിപ്പിച്ച്, ഇന്നൊവേറ്റീവായി, നമ്മുടെ തൊഴില്‍രംഗവും കയറ്റുമതിയും എന്തുകൊണ്ട് മെച്ചമാക്കികൂടാ? ഇതിനായി ഗവണ്‍മെന്റ് സഹകരണവും ധനസഹായവും പിന്നെ, ചുവപ്പുനാടകളില്‍ കുരുങ്ങാത്ത സമീപനവും മാത്രം മതി. ബ്രെയിന്‍ ഡ്രെയിന്‍ നമുക്കൊരു വലിയ നഷ്ടം തന്നെ.