
മക്‌ഡൊണാള്‍ഡ്‌സിനെ മഞ്ഞ 'ന' എന്നു വിശേഷിപ്പിച്ചതിന്റെ കോപ്പിറൈറ്റ് പരേതനായ നടന്‍ മുരളിക്കാണ്. മഞ്ഞ 'ന'യുടെ ബിസിനസ് സീക്രട്ട് വെളിപ്പെടുത്തിയതിന്റെ കോപ്പിറൈറ്റ് റോബര്‍ട്ട് ടി. കിയൊസാക്കിക്കും. ലോകമെങ്ങും ബെസ്റ്റ് സെല്ലറായ
റിച്ച് ഡാഡ് പുവര്‍ ഡാഡ് എന്ന പുസ്തകത്തിലാണ് കിയൊസാക്കി ആ കഥ പറയുന്നത്.
''ഞാനേത് ബിസിനസ് രംഗത്താണെന്നറിയാമോ?''
മക്‌ഡൊണാള്‍ഡ്‌സിന്റെ സ്ഥാപകന്‍ റേ ക്രോക്ക് ഒരിക്കല്‍ ഒരു കൂട്ടം എംബിഎ വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ആ കുട്ടികള്‍ വിചാരിച്ചു അദ്ദേഹം അവരെ പരിഹസിക്കുകയാണെന്ന്. മക് ഡൊണാള്‍ഡ്‌സ് എന്നാല്‍ ഹംബര്‍ഗറിന്റെ പര്യായമാണെന്ന് ആര്‍ക്കാണറിയാത്തത് അല്ലേ?
''റിയല്‍ എസ്റ്റേറ്റാണ് എന്റെ ബിസിനസ്സ്'' റേ പറഞ്ഞു. മക്‌ഡൊണാള്‍ഡ്‌സിന്റെ ഫ്രാഞ്ചൈസി കൊടുക്കുമ്പോള്‍ ആ ഫ്രാഞ്ചൈസി കണ്ണായ സ്ഥലത്തായിരിക്കണമെന്നതാണ് റേയുടെ ഒന്നാമത്തെ നിബന്ധന. ഫ്രാഞ്ചൈസി എടുക്കുന്ന ആള്‍ ആ ബില്‍ഡിങ്ങിരിക്കുന്ന സ്ഥലം മക്‌ഡൊണാള്‍ഡ്‌സിന്റെ പേര്‍ക്കാക്കുകയും വേണം. അങ്ങനെയിപ്പോള്‍ മക്‌ഡൊണാള്‍ഡ്‌സ് ലോകത്തിലെതന്നെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഉടമയായെന്നാണ് കിയൊസാക്കി വിശദീകരിക്കുന്നത്. (ഒരു പക്ഷേ കത്തോലിക്കാ സഭയേക്കാള്‍ എന്നാണ് കിയൊസാക്കി എഴുതിയിരിക്കുന്നത്).
അമേരിക്കയിലെ പല പ്രധാന കവലകളിലെ മാത്രമല്ല, ലോകമെങ്ങുമുള്ള ഒരുപാട് കണ്ണായ സ്ഥലങ്ങളുടെയും ഉടമയാണ് മക്‌ഡൊണാള്‍ഡ്‌സ് എന്നു ചുരുക്കം. ബിസിനസ്സിന്റേയും ബ്രാന്‍ഡിങ്ങിന്റേയും ലോകത്തിന് കാണുന്നതിനേക്കാള്‍ ആഴവും പരപ്പമുണ്ടെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?
ചെറിയ മുതല്‍മുടക്കു കൊണ്ട് ആരംഭിക്കാവുന്നതാണ് ഫ്രാഞ്ചൈസി ബിസിനസ് എന്നു കരുതുന്നവരുണ്ട്. ചില ചെറുകിട ബ്രാന്‍ഡുകളുടെ കാര്യത്തില്‍ അത് ശരിയായിരിക്കാം. എന്നാല്‍ മക്‌ഡൊണാള്‍ഡ്‌സിനേപ്പോലുള്ള ആഗോളഭീമന്മാരുടെ ഫ്രാഞ്ചൈസി തുടങ്ങണമെങ്കില്‍ നല്ല മൂലധനം വേണ്ടിവരും.
ഫുഡ് റീടെയ്‌ലിങ്, ബ്യൂട്ടി സലൂണുകള്‍, ഫാഷന്‍, കൊറിയര്‍, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ഫ്രാഞ്ചൈസി ഏര്‍പ്പാടിന് കൂടുതല്‍ പ്രചാരമുള്ളത്. കേരളത്തിന്റെ സ്ഥിതി ഇക്കാര്യത്തില്‍ കഷ്ടമാണ്. നാഷണല്‍, മള്‍ട്ടിനാഷണല്‍ ബ്രാന്‍ഡുകളുടെയും സ്ഥാപനങ്ങളുടേയും ഫ്രാഞ്ചൈസികള്‍ ഏറ്റുവാങ്ങാനാണ് കേരളത്തിന്റെ വിധി. കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും ചെന്നെത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ആസ്ഥാനമുള്ള, ഫ്രാഞ്ചൈസികളായി വളര്‍ന്ന ബ്രാന്‍ഡുകള്‍ ഇല്ലെന്നു തന്നെ പറയാം.
ബാലരാമപുരം കൈത്തറിക്കും തിരുവില്വാമലയ്ക്കടുത്തുള്ള
കുത്താമ്പുള്ളി സാരിക്കും പാരീസിലേയോ ലണ്ടനിലേയോ ഏതെങ്കിലും ഫാഷന്‍ സ്ട്രീറ്റില്‍ ഫ്രാഞ്ചൈസി തുടങ്ങിയാല്‍ എങ്ങനെയിരിക്കും? ഇന്ത്യന്‍ കോഫീ ഹൗസ് മാത്രമല്ല പാലക്കാട്ടു നിന്നുള്ള പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലിയും ഇതുവരെ ന്യൂയോര്‍ക്കിലും സിംഗപ്പൂരും എത്തിച്ചേരാഞ്ഞതെന്ത്? എം. എഫ്. ഹുസൈന്റെ വരെ ആശീര്‍വാദം നേടിയിട്ടുള്ള കായിക്കയുടെ ബിരിയാണിക്ക് ഇന്ത്യയെങ്ങും ഗള്‍ഫ് നാടുകളിലും ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ കാലമായില്ലേ?
ഫ്രാഞ്ചൈസിയില്‍ ഒളിഞ്ഞിരിക്കുന്നത് പലപ്പോഴും ചില്ലറക്കച്ചവടത്തിന്റെ ലാഭം മാത്രമല്ല എന്നല്ലേ മക് ഡൊണാള്‍ഡ്‌സിന്റെ 'റിയല്‍' സ്റ്റോറി പറഞ്ഞു തരുന്ന പാഠം?