പാഴാകാതെ പോയ ആരോഗ്യസൂത്രമാണ് കാമസൂത്രയെയും മൂഡ്‌സിനേയും എല്ലാം വിപണിയില്‍ ഇത്രയും സജീവമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കോണ്ടം ബ്രാന്‍ഡായ കാമസൂത്രയ്ക്ക് ഇരുപത് വയസ് തികയുന്നു. ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ഇന്ത്യ വാതില്‍ തുറന്നിട്ട 1991 ലാണ് വസ്ത്ര വിപണനരംഗത്തെ വമ്പന്‍മാരായ റെയ്മണ്ട് ഗ്രൂപ്പും വിദേശകമ്പനിയായ ആന്‍സലും ചേര്‍ന്നുള്ള ഈ സംയുക്ത സംരംഭത്തിന് തുടക്കമിടുന്നത്. വാണിജ്യതന്ത്രങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് ലഭിച്ച ആഗോളവല്‍ക്കരണകാലം പരസ്യങ്ങളിലൂടെയും ടെലിവിഷന്റെ പ്രചാരത്തിലൂടെയും കാമസൂത്രയെ വിപണിയിലെ സൂപ്പര്‍ ബ്രാന്‍ഡാക്കി മാറ്റി.
മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് കാമസൂത്രയുടെ മാനുഫാക്ചറിങ് യൂണിറ്റ് തുടങ്ങിയത്. 1996ല്‍ ജെ.കെ. കെമിക്കല്‍സ് ലിമിറ്റഡ് എന്ന സബ്‌സിഡിയറി കമ്പനിയായി കോണ്ടം ഉല്‍പാദന യൂണിറ്റിനെ റെയ്മണ്ട് പുനര്‍ രജിസ്റ്റര്‍ ചെയ്തു. പരസ്യങ്ങളാണ് കാമസൂത്രയെ വിപണനത്തിലെ ഹോട്ട് ബ്രാന്‍ഡാക്കി മാറ്റിയത്. കാമസൂത്രയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ഇന്ത്യന്‍ മോഡലുകളെ അക്കാലത്ത് അത്ഭുതത്തോടെയാണ് ഇന്ത്യന്‍ ജനത നോക്കിക്കണ്ടത്. താല്‍ക്കാലിക ജനന നിയന്ത്രണോപാധി എന്ന നിലയിലും എയ്ഡ്‌സ് പോലുള്ളവയെ ചെറുക്കുക എന്നതും കോണ്ടത്തിനോടുള്ള മാനസിക വിരക്തി ഒരു പരിധിവരെ ഇല്ലാതാക്കി. പിന്നീട് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ കോണ്ടം വെന്റിങ് മെഷീനുകള്‍ രാജ്യം മുഴുവന്‍ വ്യാപകമായി സ്ഥാപിക്കുകയും ചെയ്തു.
നിരോധ് എന്ന ഗര്‍ഭനിരോധന മാര്‍ഗമാണ് അതുവരെ ഇന്ത്യ കണ്ടിരുന്നത്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഈ നിര്‍മ്മിതിയാണ് ഇന്ത്യന്‍ സമൂഹത്തില്‍ കോണ്ടം കുത്തക ഏറ്റെടുത്തത്. 1991 ന് ശേഷം ഇന്ത്യന്‍ വിപണി സമവാക്യങ്ങളില്‍ വന്ന മാറ്റം ശക്തമായ കിടമത്സരത്തിലേക്ക് ഇത്തരം ഉല്‍പ്പന്നങ്ങളേയും എത്തിച്ചുവെന്നതാണ് സത്യം. അങ്ങനെയാണ് കാമസൂത്രയോട് പിടിച്ചുനില്‍ക്കാന്‍ നിരോധിന് പുറമേ മൂഡ്‌സ് കോണ്ടവുമായി ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് കളത്തിലിറങ്ങിയത്. മികച്ച മാര്‍ക്കറ്റിങ് തന്ത്രങ്ങളും പരസ്യവും ടെലിവിഷന്റെ പ്രചാരവും മൂഡ്‌സിനെ നമ്പര്‍ വണ്‍ ബ്രാന്‍ഡ് ആക്കി മാറ്റി.
പൂജ ബേദി അഭിനയിച്ച കാമസൂത്രാ പരസ്യം
ബോളിവുഡ് താരം പൂജ ബേദിയും മാര്‍ക്ക് റോബിന്‍സണുമാണ് ആദ്യത്തെ കാമസൂത്രാ പരസ്യത്തില്‍ അഭിനയിച്ചത്. ഇത് വന്‍ വാര്‍ത്താപ്രാധാന്യവും അത്ഭുതവും സിനിമാലോകത്തും വാണിജ്യമേഖലയിലും ഉണ്ടാക്കി. പിന്നീടങ്ങോട്ട് ഇന്ത്യയിലെ മികച്ച മോഡലുകളെ പരസ്യചിത്രീകരണത്തിന് എത്തിച്ച് കാമസൂത്ര വിജയത്തിന്റെ പടവുകള്‍ കയറി. മലയാളത്തിലെ ശ്രദ്ധേയ താരം ശ്വേതാമേനോന്‍ അടക്കമുള്ളവര്‍ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച് പ്രശസ്തരും ചിലര്‍ക്ക് മുന്നില്‍ കുപ്രസിദ്ധരുമായി. മധു സാപ്രേ, മിലിന്ദ് സോമന്‍ തുടങ്ങി നിരവധി സൂപ്പര്‍ മോഡലുകള്‍ കാമസൂത്രയെ വില്‍ക്കാന്‍ ക്യാമറയ്ക്ക് മുന്നിലെത്തി. കോണ്ടം വാങ്ങുന്നത് മോശം കാര്യമായി കരുതിയിരുന്ന സമൂഹം കുറച്ചൊക്കെ അതില്‍ നിന്ന് ഭിന്നരാകാന്‍ തുടങ്ങി.
മെഡിക്കല്‍ ഷോപ്പില്‍ പോയി രഹസ്യമായി മാത്രം പൊതിഞ്ഞുവാങ്ങി വരുന്ന എന്തോ ഒരു 'അസാന്‍മാര്‍ഗിക സാധനം' ആയാണ് ഇപ്പോഴും പൊതുവില്‍ സമൂഹം കാണുന്നതെങ്കിലും പുതിയ തലമുറ ധൈര്യമായി ചോദിച്ചുവാങ്ങി ഉപയോഗിക്കുന്നതിനുള്ള ആര്‍ജ്ജവം കാണിക്കുന്നതിലേക്ക് വളര്‍ന്നു. അതിന് പരസ്യവും മാധ്യമങ്ങളും സാമൂഹിക ബോധവല്‍ക്കരണവും വലിയ പിന്തുണയേകി. കോണ്ടം എന്ന ഉല്‍പ്പന്നത്തിന് തന്നെ വിവിധ വൈവിധ്യങ്ങള്‍ മാര്‍ക്കറ്റിലെത്തി. ഡോട്ടഡ്, ഫ്ലേവര്‍, എക്‌സ്ട്രാ ലൂബ്രിക്കേറ്റഡ്, സ്മൂത്ത്, റിബ്ഡ് എന്നിങ്ങനെയുള്ള പുതുമകള്‍ അവര്‍ പരീക്ഷിച്ചു വിജയിച്ചു. എങ്കിലും ഇപ്പോഴും നമ്മുടെ നാട്ടിന്‍പുറ സംസ്‌കാരം കോണ്ടത്തെ അംഗീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാള സിനിമയില്‍ നായിക ഒരു മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് ഡോട്ടഡ് കോണ്ടം ചോദിക്കുമ്പോള്‍ കടക്കാരന്‍ അമ്പരന്ന് നില്‍ക്കുന്ന രംഗമുണ്ട്. ഇത് ഈ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ ഒരു സൂചകമാണ്. മതബന്ധമായ സാമൂഹികാവസ്ഥയും ഇതിനെ ഒരുപരിധി വരെ ചെറുത്തു. ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണ് ഗര്‍ഭധാരണം എന്നും അതിനെ ചെറുക്കുന്നത് പ്രകൃതിവിരുദ്ധമാണ് എന്നും കരുതിപ്പോന്ന മത'സ്ഥാപനങ്ങള്‍' ഗര്‍ഭച്ഛിദ്രത്തെ പോലെ തന്നെ കോണ്ടത്തെയും അനുകൂലിച്ചിരുന്നില്ല. എന്നാല്‍ കാലം മാറി. ഗര്‍ഭച്ഛിദ്രവും കോണ്ടവും ഒരേ തുലാസില്‍ തൂക്കാനുള്ള നീക്കത്തില്‍ അവര്‍ സ്വയം ബോധ്യത്തിലേക്കെത്തി. കോണ്ടത്തെ പൂര്‍ണ്ണമായും എതിര്‍ക്കുന്ന നിലപാട് ക്രിസ്ത്യന്‍ സഭ പുനഃപരിശോധിച്ചു. ഇതൊരു ചരിത്രസംഭവമായിരുന്നു.
മാര്‍പാപ്പയുടെ പ്രത്യേക ഉത്തരവ് വത്തിക്കാനില്‍ നിന്ന് പുറത്തുവന്നത് കഴിഞ്ഞവര്‍ഷമാണ്. 2010 നവംബറില്‍ പോള്‍ ബെനഡിക്ട് പതിനാറാമന്റെ നിലപാട് മാറ്റം സംബന്ധിച്ച വാര്‍ത്ത ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. എയ്ഡ്‌സിന്റെ വ്യാപനം തടയുക എന്ന സാമൂഹിക ഉത്തരവാദിത്തമാണ് കോണ്ടത്തോടുള്ള 'നയഭിന്നത' അവസാനിപ്പിക്കാന്‍ സഭയെ പോലും പ്രേരിപ്പിച്ചത്. സഭയുടെ വിലക്ക് സാങ്കേതികമായി അതോടെ നീങ്ങിയെന്ന് ചുരുക്കം.
1880 കളോടെ കോണ്ടം ഒരു ഉല്‍പ്പന്നമാകുകയും അതിന് വിപണന സാധ്യതയുണ്ടാക്കാന്‍ കഴിയുമെന്ന് ന്യൂയോര്‍ക്ക് കമ്പനിയായ ജൂലിയസ് ഷിമിഡ് ഇന്റര്‍നാഷണല്‍ തെളിയിച്ചിടത്തുനിന്ന് ഇന്ത്യന്‍ ഗ്രാമങ്ങളിലും ആഫ്രിക്കയിലും വിറ്റഴിക്കപ്പെടുന്ന വസ്തുവായി മാറാന്‍ അതിന് കഴിഞ്ഞു. ആഫ്രിക്കയിലെ എയ്ഡ്‌സ് വ്യാപനം കോണ്ടം വിതരണത്തിന് ആക്കംകൂട്ടി. ലോകാരോഗ്യസംഘടനയുടെ പ്രത്യേക പ്രോജക്ടുകള്‍ ഇതിന് കൂട്ടായി.
എന്നാല്‍ ഒരു സംഭവത്തെ മോശമാക്കി ചിത്രീകരിക്കാന്‍ കോണ്ടം കണക്ക് വെളിപ്പെടുത്തുന്ന പതിവിന് ഇപ്പോഴും ഇന്ത്യയില്‍ കുറവൊന്നും വന്നിട്ടില്ല. കോമണ്‍വെല്‍ത്ത് ഗെയിംസിന് റെക്കോര്‍ഡ് കോണ്ടം വില്‍പ്പനയായിരുന്നുവെന്ന വാര്‍ത്താകൗതുകം ഇത്തരമൊരു മനസ്സിന്റെ സൃഷ്ടിയാണ്. വാലന്റൈന്‍സ് ഡേയിലെ വില്‍പ്പന, എന്‍.ജി.ഒ. സമരങ്ങളിലെ കോണ്ടം വില്‍പ്പന എന്ന് തുടങ്ങിയ വാര്‍ത്തകള്‍ ലക്ഷ്യംവെക്കുന്നതും ഇത്തരം അപകീര്‍ത്തികള്‍ ഉദ്ദേശിച്ചുതന്നെയാണ്. പല സമരങ്ങളുമായി ബന്ധപ്പെട്ടും ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാന്‍കൂവര്‍ വിന്റര്‍ ഒളിമ്പിക്‌സില്‍ നാല് ദിവസം കൊണ്ട് ഒരു ലക്ഷം കോണ്ടം വിറ്റഴിഞ്ഞുവെന്നും വാര്‍ത്ത വന്നിരുന്നു.
വില്‍പ്പന കുറയുമ്പോള്‍ ഓരോ സെക്‌സ് സ്‌പെഷല്‍ ഇറക്കുന്ന മാഗസിന്‍തന്ത്രങ്ങളുടെ കാലത്ത് വിപണിയിലെ ഓരാ രസതന്ത്രവും കോണ്ടം കമ്പനികളെ കൂടുതല്‍ വളര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍ ഉല്‍പ്പന്ന വിപണിയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്ന കാഴ്ച്ചയും ഉദാരവല്‍ക്കരണം സൃഷ്ടിക്കുന്നു എന്നതും ഒരു സത്യവാണ്. ലൈംഗികത ഏറ്റവും വലിയ മാര്‍ക്കറ്റിങ് വസ്തുവായി മാറിക്കൊണ്ടിരിക്കുമ്പോള്‍ 2011 സപ്തംബര്‍ 5 ന് വന്ന ഒരു വാര്‍ത്ത ലൈംഗിക സുഖാനുഭൂതി സൃഷ്ടിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ചെന്നൈയില്‍ കൊഴുക്കുന്നു എന്നതാണ്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനശാല എന്ന എടുത്തുചാട്ടത്തിലേക്ക് കൂടി ഇന്ത്യന്‍-ദക്ഷിണേന്ത്യന്‍ വിപണി തയ്യാറെടുക്കുകയാണ് എന്ന് വ്യക്തമാക്കുന്നു ഈ വാര്‍ത്ത.
ഗര്‍ഭധാരണ മാര്‍ഗങ്ങളും ലൈംഗിക ഉത്തേജക ഔഷധങ്ങളും ഒരുപോലെ വന്‍ വിപണന സാധ്യതയാണ് ഇന്ത്യയില്‍ ഇപ്പോള്‍ നേടുന്നത്. കോടികളുടെ കൊയ്ത്താണ് വ്യാജ ലൈംഗിക മരുന്നുകളുടെ പേരില്‍ കമ്പനികള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ സൗജന്യവിതരണം നില്‍നില്‍ക്കുന്നുണ്ടെങ്കിലും സ്വകാര്യ കാമസൂത്രയുടേയും മൂഡ്‌സ്, കോഹിന്നൂര്‍ എന്നിവയുടേയുമെല്ലാം കോണ്ടം വില്‍പ്പന കോടിക്കണക്കിന് രൂപയാണ് നേടുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം എണ്‍പത് കോടി കോണ്ടം വിറ്റഴിക്കപ്പെടുന്നുവെന്നാണ് കണക്ക്. ആരോഗ്യസുരക്ഷാ സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ഇതൊരു നല്ല സൂചകമാണെന്നാണ് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രോജക്ട് ഡയറക്ടര്‍ മീനാക്ഷി ദത്ത ഘോഷ് പറയുന്നത്. ഏതായാലും ലൈംഗികത അത്ര പാപമൊന്നുമല്ലെന്ന് തിരിച്ചറിയുന്ന പുതിയ സമൂഹം കോണ്ടം കമ്പനികള്‍ക്ക് വിപണനത്തിന്റ പുതിയ ഉയിരും വാഴ്‌വും സൃഷ്ടിക്കുമ്പോള്‍ കാമസൂത്രയും വിജയത്തിന്റെ ഇരുപത് വര്‍ഷം പിന്നിടുന്നു.