നമ്മുടെ സ്വാതന്ത്ര്യസമരകാലത്ത് അന്നത്തെ ദേശീയനേതാക്കളില്‍ എല്ലാവരും ഇടയ്ക്കിടയ്ക്ക് ഗാന്ധിജിയോടൊപ്പം താമസിക്കാനെത്തുമായിരുന്നു. ആദ്യകാലത്തെ അഹമ്മദാബാദിലെ സബര്‍മതിയിലും പിന്നീട് വാര്‍ദ്ധയിലെ സേവാഗ്രാം ആശ്രമത്തിലും അവര്‍ ആഴ്ചകളോളം കഴിച്ചുകൂട്ടും. ഗാന്ധിജിയുടെ ആശ്രമത്തില്‍ ഒരു മനുഷ്യന് മിനിമം ആവശ്യമായ സൗകര്യങ്ങള്‍ മാത്രമേ ഭക്ഷണത്തിലും വീട്ടുപകരങ്ങളിലും മറ്റും ലഭിച്ചിരുന്നുള്ളൂ. ഒരു ദരിദ്രനായ ഇന്ത്യന്‍ ഗ്രാമീണന് കിട്ടുന്നതില്‍ കൂടുതല്‍ സുഖഭോഗങ്ങള്‍ അവിടെ അനുവദനീയമായിരുന്നില്ല.
സ്വന്തനിലയില്‍ സമ്പന്നരും തങ്ങളുടെ ജീവിതരീതിയില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവരുമായ ഈ നേതാക്കള്‍ക്ക് ആശ്രമത്തിലെ ലളിതവും ദരിദ്രവുമായ ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ പാടു പെടേണ്ടിവന്നു. പക്ഷെ അവര്‍ തങ്ങളുടെ പ്രശ്‌നം ഒരിക്കലും പുറത്തു പറയാന്‍ ധൈര്യപ്പെട്ടില്ല. പക്ഷെ, ഈ പോരാളികള്‍ക്കിടയില്‍ ഗാന്ധിജിയെ തമാശയിലൂടെ കളിയാക്കാന്‍ ധൈര്യപ്പെട്ടിരുന്ന ഒരാളുണ്ടായിരുന്നു. പ്രശസ്ത കവയിത്രി ആയിരുന്ന സരോജിനി നായിഡു.
സരോജിനി നായിഡു ഒരിക്കല്‍ തമാശയായി പറഞ്ഞു.
ബാപ്പുജി, അങ്ങയെ ഇങ്ങനെ ദരിദ്രനായി നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് എത്ര പണം ചെലവാകുന്നു എന്നറിയാമോ?
ഗാന്ധിജി ചിരിച്ചു. മൂന്നാം ക്ലാസില്‍ ട്രെയില്‍ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷക്കായി ഒപ്പം അനവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതേ കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടാകും. ഗാന്ധിജി ആട്ടിന്‍ പാലേ കഴിക്കൂ. അപ്പോള്‍ ആടില്ലാത്തിടത്ത് ആടിനെ സംഘടിപ്പിക്കണം. ഫ്രഷ് ആയി ഉരകല്ലില്‍ സമയം കിട്ടിയാല്‍ തന്നത്താന്‍ പൊടിച്ച ഗോതമ്പുപൊടിയുടെ ചപ്പാത്തിയേ അദ്ദേഹം കഴിക്കൂ. അടുത്ത് ഉരകല്ലു വേണം. ഇതിനെല്ലാം ഓരോ സ്ഥലത്തും വേണ്ട അറേജ്‌മെന്റുകള്‍ക്ക് ഉള്ള ചെലവ് ഉദ്ദേശിച്ചാണ് സരോജിനി നായിഡു തമാശ പറഞ്ഞത്.
ദാരിദ്ര്യത്തിന്റെ വില. ലാളിത്യത്തിന്റെ വില.
നാല്‍പ്പതു കൊല്ലം മുമ്പാണ്. ഞാന്‍ ഗ്വാളിയറില്‍ ആയിരുന്നു. അവിടെ കേരളത്തില്‍ നിന്ന് അക്കാലത്ത് വളരെ പ്രസിദ്ധനായ ഒരു സെമി ജ്യോതിഷി-സന്ന്യാസി വന്നു. ആതിഥേയര്‍ വലിയ സ്വീകരണം നല്‍കി. വൈകീട്ട് ഭക്ഷണം എന്തു വേണമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
ഒന്നും വേണ്ട. ഞാന്‍ ഭക്ഷണപ്രിയനല്ല. വളരെ ലളിതമായ രീതിയാണ് എനിക്ക്. പൊടിയരിക്കഞ്ഞിയും നാലു കണ്ണിമാങ്ങാ ഉപ്പിലിട്ടതും രണ്ടു പപ്പടം ചുട്ടതും. എനിക്ക് ഈ ആഡംബര ഭക്ഷണരീതി ഒട്ടും ഇഷ്ടമല്ല.
പൊടിയരിയും കണ്ണിമാങ്ങാ ഉപ്പിലിട്ടതും നാടന്‍ പപ്പടവും ഗ്വാളിയറില്‍ കിട്ടാത്ത സാധനങ്ങളാണ്. ആ ലളിതമായ ഭക്ഷണം ദില്ലിയില്‍ നിന്ന് വരുത്തി സംഘടിപ്പിക്കാന്‍ ആതിഥേയര്‍ക്ക് ചിലവായത് അക്കാലത്തെ ആയിരങ്ങളായിരുന്നു.
ദാരിദ്ര്യത്തിന്റെ സാമ്പത്തികഅളവുകോല്‍ ഇന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജീവസന്ധാരണത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ മാത്രം കണക്കാക്കി അതിനെ ഒരു ഇക്കണോമിക്ക് പരാമീറ്ററില്‍ അളന്ന് ഒരു സമൂഹത്തിന്റെ സമ്പത്തു ശേഷി കണക്കാക്കുന്ന രീതി ഇപ്പോഴും നമ്മുടെ സാമ്പത്തിക ശൈലിക്ക് ബാഹ്യമാണ്. അതുകൊണ്ടാണ് ലോകമെമ്പാടും കാര്‍ഷിക വ്യാവസായികരംഗങ്ങളില്‍ വന്‍ വളര്‍ച്ചയുണ്ടായിട്ടും അതിന്റെ ഓഹരി ഏറ്റവും താഴേത്തട്ടിലുള്ള ജനത്തിന് പൂര്‍ണ്ണമായി ലഭിക്കാനുള്ള പ്ലാനിങ്ങിന് അടിസ്ഥാനഡാറ്റാ ഇല്ലാതെ പോയത്.
നമ്മുടെ വളര്‍ച്ചയുടെ അളവുകോല്‍ ഇന്നും ജിഡിപിയുടെയും ജിഎന്‍പിയുടെയും കോരിത്തരിപ്പിക്കുന്ന ആകര്‍ഷകമായ അക്കങ്ങളിലും ശതമാനങ്ങളിലും ഒതുങ്ങി സാമൂഹ്യനീതിയില്‍ നിന്ന് ശ്രദ്ധ തിരിക്കപ്പെട്ടിരിക്കുകയാണ്.
ഓരോ ഭാരതീയനും ഈ ഗ്രോസ് ഡൊമസ്റ്റിക്ക് പ്രോഡക്ട് കണക്കു പ്രകാരം ഇന്ന് ഒന്നര ലക്ഷം രൂപായുടെ സ്വത്തുണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി അവന്റെ സ്വത്ത് ഓരോ വര്‍ഷവും എട്ടര ശതമാനം വച്ച് വര്‍ധിക്കുന്നു. ഈ രീതിയില്‍ വര്‍ധിച്ചു കൊണ്ടേയിരിക്കും. ഇപ്പോള്‍ത്തന്നെ ഇന്ത്യ നോമിനല്‍ ജിഡിപി കണക്കു പ്രകാരം ലോകരാഷ്ട്രങ്ങളില്‍ പത്താമനും പര്‍ച്ചേസിങ് പൗവര്‍ പാരിറ്റി പ്രകാരം നാലാമനുമാണ്.
ഇക്കണോമിക്‌സിലെ ഏറ്റവും വലിയ ജനദ്രോഹപ്രക്രിയയാണ് ഈ ജിഡിപി അക്കങ്ങള്‍ അടിസ്ഥാനമാക്കി കഴിഞ്ഞ അഞ്ചു ദശകങ്ങളായി ലോകത്തെമ്പാടും നടന്നു കൊണ്ടിരിക്കുന്നത്. ജിഡിപി എന്ന ആശയം ആദ്യമായി 1934 ലാണ് ജനിച്ചത്. യുഎസ് കോണ്‍ഗ്രസ്സില്‍ അത് കൊണ്ടുവന്ന സൈമണ്‍ കുസ്‌നെറ്റസ് അന്നേ പറഞ്ഞു. ഇത് ഒരിക്കലും ഒരു രാജ്യത്തിന്റെ ക്ഷേമത്തിന്റെ അളവുകോലായി എടുക്കരുതെന്ന്. പക്ഷെ ലോകബാങ്കും ഐഎംഎഫും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പെട്ടെന്ന് കണ്ടുപിടിക്കാവുന്ന കണക്കുകളെ അടിസ്ഥാനമാക്കി ആധികാരികത നല്‍കിയപ്പോള്‍ വാസ്തവത്തില്‍ ഗ്ലോബല്‍ പ്ലാനിങ്ങിന് വികലമായ ഒരു ഇന്‍പുട്ടാണുണ്ടായത്.
ജിഡിപി കണക്കുകള്‍ വ്യക്തികളുടെ വരുമാനത്തിന്റെ വ്യത്യാസങ്ങളെയോ, തൊഴിലില്ലായ്മയേയോ, പോഷകാഹാരക്കുറവ്, പരിസ്ഥിതിമലിനീകരണം, സുരക്ഷ, സാക്ഷരത തുടങ്ങിയ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. ചൈന പരിസ്ഥിതി മലിനീകരണത്തിന്റെ നെഗറ്റീവ് കണക്കുകള്‍ ഉള്‍പ്പെടുത്താനും ബ്രിട്ടന്‍ സന്തോഷത്തിന് ഒരു സാമ്പത്തികമൂല്യം ചേര്‍ത്ത് ജിഡിപി പരിഷ്‌ക്കരിക്കാനും ശ്രമിക്കുന്നുണ്ട്. ഇന്നും ഡോളറിന്റെ വിനിമയമൂല്യം കണക്കുകളെ നയിക്കുമ്പോള്‍ ഒരു കറന്‍സിയുടെ ആന്തരികശക്തി ഒരിക്കലും ജിഡിപിയില്‍ പ്രതിഫലിക്കപ്പെടുന്നില്ല.

ഇന്ത്യയാണ് വാസ്തവത്തില്‍ പുതിയ ഒരു സാമ്പത്തിക കണക്കുകൂട്ടലിന് രൂപം നല്‍കാന്‍ മുന്‍കൈ എടുക്കേണ്ടത്.
ഇന്ത്യന്‍ ഗ്രാമീണകുടുംബങ്ങളിലെ മിക്കവാറും എല്ലാ സാമ്പത്തികമൂല്യമുള്ള പ്രവര്‍ത്തനങ്ങളും ഇന്ന് ജിഡിപി സമ്പത്തു കണക്കുകള്‍ക്കു പുറത്താണ്. 110 കോടി ജനം. അവരുടെ വസ്ത്രം ദിവസവും നനയ്ക്കപ്പെടുന്നു. 220 കോടി വസ്ത്രം. അവയില്‍ 75 ശതമാനവും ഗ്രാമീണമേഖലയില്‍ സോപ്പിനും പൈപ്പ് വെള്ളത്തിനും ധോബിയുടെ കൂലിക്കും പുറത്താണ്. അതുപോലെ സ്ത്രീകളുടെ വീട്ടുജോലികളുടെ സാമ്പത്തികമൂല്യം. അവ ഒരിക്കലും കണക്കില്‍ വരുന്നില്ല.
കീടനാശിനിയെയും രാസവളത്തെയും സെല്‍ഫോണിനെയും അക്ഷരങ്ങളെക്കാള്‍ ആവേശത്തോടെ സ്വന്തമാക്കിയ ദരിദ്രനായ ഗ്രാമീണനാണ് ഇന്ത്യയുടെ നട്ടെല്ല്. അവന്റെ സാമ്പത്തികശക്തിയുടെ കണക്കുകള്‍ അക്കത്തിലാക്കാനുള്ള വിദ്യ ഇനിയും കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളു. ഇന്ന് അഞ്ചു രൂപായ്ക്ക് ഇവിടെ ഒരു കാപ്പി കുടിക്കുന്നതും അതേ കാപ്പി വാഷിങ്ടണില്‍ രണ്ടര ഡോളറിന് കുടിക്കുന്നതും ഒരേ പ്രവര്‍ത്തനവും ഒരേ ഫലവുമാണ്. പക്ഷെ ജിഡിപി യില്‍ അത് പ്രതിഫലിക്കുന്നത് ഇന്ത്യയില്‍ 5:120 അനുപാതത്തിലാണ്.
ആകെ പാളുന്ന കണക്കുകള്‍.
ദാരിദ്ര്യത്തിന് വില ഇടാന്‍ ഇനിയും സാമ്പത്തികശാസ്ത്രം വളരേണ്ടിയിരിക്കുന്നു.