|
|
ധീരുഭായി അംബാനി |
താങ്കളുടെ ബിസിനസ് രംഗത്തെ വിജയത്തിന്റെ രഹസ്യമെന്താണ്?
വികാരമായിരുന്നോ വിചാരമായിരുന്നോ താങ്കളെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നയിച്ചിരുന്നത് ?
താങ്കളുടെ കുടുംബവും, മറ്റു അടുപ്പമുള്ള വ്യക്തികളും താങ്കളുടെ വിജയത്തിന് എത്രത്തോളം കാരണക്കാരായിരുന്നു?
Behind every fortune there is a crime, എന്ന ഫ്രഞ്ച് എഴുത്തുകാരന്‍ ബാല്‍സക്കിന്റെ വരികള്‍, ഗോഡ് ഫാദര്‍ നോവലിന്റെ മുഖവാക്യമായി മാരിയോ പുസ്സോ പ്രകീര്‍ത്തിച്ചത്, താങ്കളുടെ കാര്യത്തില്‍ ശരിയാണോ ?
ബിസിനസ് രംഗത്തെ പശ്ചാത്തലമാക്കി നോവല്‍ രചിക്കുന്ന എഴുത്തുകാരന്‍ ആദ്യം ഉത്തരം തേടുന്ന ചോദ്യങ്ങളാണ്.
ഇരുപതു വര്‍ഷം മുമ്പാണ്. ഞാന്‍ 'ഓഹരി' എന്ന നോവലിന്റെ പണിപ്പുരയിലാണ്. കേരളം ബിസിനസ്സിനും വ്യവസായത്തിനും പറ്റിയ മണ്ണല്ലെന്ന് പരക്കെ വിശ്വസിച്ചിരുന്ന കാലം. സ്വന്തമായി എന്തു ബിസിനസ് തുടങ്ങുന്നവനെയും ഒരു തൊഴിലാളിയെ മാത്രം വച്ച് പെട്ടിക്കട നടത്തുന്നവനെപ്പോലും വര്‍ഗ്ഗശത്രുവായ ഭീകരമുതലാളിയായി കണ്ടിരുന്ന കാലം. സ്വതന്ത്രസംരംഭം തുടങ്ങി ആകെ നശിച്ച് നാറാണക്കല്ലുമായി കടക്കാരെയും പോലീസിനെയും ബന്ധുക്കളെയും കാണാതെ മുങ്ങിക്കഴിയുന്ന ഡസന്‍ കണക്കിന് സുഹൃത്തുക്കള്‍ അവരുടെ കഥകള്‍ ഞാനുമായി പങ്കുവയ്ക്കുക പതിവായിരുന്നു.
ഇടയ്ക്ക് ചില വിജയകഥകളും ഉണ്ടായിരുന്നു. പ്രവാസികളോ മറുനാടനോ അല്ലാത്ത കേരളത്തിന് പുറത്ത് പോകാതെ തന്നെ തങ്ങള്‍ തിരഞ്ഞെടുത്ത മേഖലയില്‍ ഇതേ കേരളമണ്ണില്‍ വിജയക്കൊടി പറത്തിയവര്‍.
സൗഹൃദം വര്‍ധിച്ചപ്പോള്‍ ഒരു ഡോക്ടറോടെന്നപോലെ ഈ വിജയികള്‍ തങ്ങളുടെ രഹസ്യങ്ങള്‍ എന്നോട് പറഞ്ഞു. നെല്ലും പതിരും ചേര്‍ന്നവ. ഞാന്‍ അവരുടെ കളിക്കളത്തില്‍ എതിരാളിയല്ല എന്നവര്‍ക്കറിയാം. എനിക്ക് അവര്‍ കഥാപാത്രങ്ങള്‍ മാത്രമായിരുന്നു. അവരുടെ ചെയ്തികളെ ഞാന്‍ ശരിതെറ്റുകളുടെ തുലാസില്‍ അളന്നില്ല. ഞാന്‍ എല്ലാവരെയും സന്തോഷത്തോടെ, നന്ദിയോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. ഒരിക്കലും അവരെ ഞാന്‍ ഒന്നിനും കുറ്റക്കാരായി കണ്ടില്ല. അവരുടെ അടുപ്പം കാരണം ഞാന്‍ കൂടുതല്‍ വിജ്ഞനും നല്ലവനും ആയി. എന്റെ കഥകള്‍ക്ക് ജീവന്‍ ലഭിച്ചു.
ഞാന്‍ അവരോടെല്ലാം മേല്‍ക്കൊടുത്ത ചോദ്യങ്ങള്‍ ചോദിച്ചു.
താങ്കളുടെ വിജയരഹസ്യമെന്താണ് ?
പണം ഉണ്ടാക്കിയതിലോ, ബിസിനസ് രംഗത്ത് ഉയര്‍ച്ച നേടിയതിലോ ?
രണ്ടിലും. രണ്ടും പൂരകങ്ങളാണല്ലോ.
അവരില്‍ ഒട്ടു മുക്കാലും പേര്‍ ബിസിനസ് പാരമ്പര്യമോ വലിയ ധനസ്ഥിതിയോ ഉള്ള കുടുംബത്തില്‍ നിന്നു വന്നവരായിരുന്നില്ല. ഉയര്‍ന്ന ടെക്‌നിക്കല്‍ പഠനം നടത്തിയവരുമായിരുന്നില്ല.
അവര്‍ പറഞ്ഞു.
ഞാന്‍ പല പരിപാടികളും നോക്കി. എല്ലാറ്റിലും പരാജയമായിരുന്നു.
പിന്നെ?
പരാജയത്തിന്റെ കാരണം അന്വേഷിച്ചു. മറ്റു പലരെയും സമൂഹത്തെയും
ദൈവത്തെയും എന്റെ ജാതകത്തെയും ഒക്കെ കുറ്റപ്പെടുത്തി നോക്കി. പക്ഷെ ഒരു അന്യനായി നിന്ന് അനലൈസ് ചെയ്തപ്പോള്‍ ഞാന്‍ തന്നെ ചെയ്ത തെറ്റുകള്‍ തന്നെയാണ് പരാജയത്തിന് കാരണമെന്ന് മനസ്സിലായി. കുറ്റം എന്റെ മഠയത്തരം തന്നെ ആയിരുന്നു. എന്നാള്‍ അത് അംഗീകരിക്കാന്‍ എനിക്കു വിഷമമായിരുന്നു. അംഗീകരിച്ചു കഴിഞ്ഞപ്പോള്‍ സമാധാനമായി. പിന്നെ എളുപ്പമായിരുന്നു.
എന്ത് ?
ആ തെറ്റ് ആവര്‍ത്തിച്ചില്ല. മൂന്നു നാലു സംരംഭം പൊളിഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു മാതിരി തെറ്റുകളെല്ലാം ഞാന്‍ കവര്‍ ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ ഇവിടെ വിജയിക്കാനുള്ള ശരികള്‍ കണ്ടുപിടിക്കാന്‍ എളുപ്പമായി. സ്വാഭാവികമായും ഞാന്‍ തിരഞ്ഞെടുത്ത ബിസിനസ്സില്‍ വിജയിച്ചു.
അതു കൊള്ളാം. ഇനി പണമോ ?
പണം ഉണ്ടാക്കുന്നത്. വെരി സിംപിള്‍. കൈയില്‍ കിട്ടിയാല്‍ പിന്നെ പണം ചിലവാക്കുന്നത് കഴിയുന്നത്ര നീട്ടുക. വരവ് കഴിയുന്നത്ര നേരത്തെ ആക്കുക. ഉത്പന്നത്തിനോ സേവനത്തിനോ വിലയിടുന്നതില്‍ ഒരു വൈകാരികതയും കാട്ടാതിരിക്കുക. പിന്നെ കഠിനാദ്ധ്വാനം, കര്‍മ്മനിരത, ബുദ്ധി, ആത്മാര്‍ത്ഥത, ദീര്‍ഘവീക്ഷണം, ദൈവവിശ്വാസം... പലതും പറയാം. കൂട്ടത്തില്‍ ഭാഗ്യവും. പക്ഷെ ഏറ്റവും പ്രധാനം വാക്കാണ്.
വാക്ക് ?
അതെ. വാക്ക്. വിശ്വാസ്യത. വാക്കു കൊടുത്താല്‍ നമുക്ക് നഷ്ടം വന്നാലും വാക്കു മാറ്റരുത്. വിശ്വാസ്യതയാണ് ഏറ്റവും പ്രധാനം. വിശ്വാസ്യതയുടെ സാമ്പത്തികമൂല്യം വളരെ വലുതാണ്. അത് അക്കങ്ങളില്‍ ഒതുക്കാന്‍ പറ്റുകയില്ല. എന്റെ കൈയില്‍ ഒരിക്കലും പണം കാണുകില്ല. പക്ഷെ എനിക്ക് എപ്പോഴും ആവശ്യത്തിന് പണം നല്‍കാന്‍ ബാങ്കുകളും ഫൈനാന്‍സ് കമ്പനികളും വ്യക്തികളും റെഡിയാണ്. ആകെ കൈവശമുള്ളത് വിശ്വാസ്യത മാത്രം.
ബിസിനസ്സിന് സ്വന്തം പണം ആവശ്യമില്ല എന്ന് ധീരുഭായി അംബാനി കാണിച്ചു തന്നു. പത്തു രൂപാ മുടക്കി ഒരു ഓഹരി വാങ്ങുന്ന ദരിദ്രനെ മൂലധനം മുടക്കുന്ന മുതലാളിയാക്കി മാറ്റിയപ്പോള്‍ ഉടന്‍ തന്നെ അവന് ബദലായി തിരിച്ചു നല്‍കിയത് റിലയന്‍സിന്റെ വിശ്വാസ്യത ആയിരുന്നു. ആ ശൈലി കഴിഞ്ഞ നാല്‍പ്പതു കൊല്ലത്തെ ഇന്ത്യന്‍ വ്യവസായമേഖലയുടെ വളര്‍ച്ചാശൈലിയായി മാറി. ടാറ്റയുടേതുപോലെയുള്ള പാരമ്പര്യ വ്യവസായ ഗ്രൂപ്പുകളുടെയും സ്വാതന്ത്യാനന്തര കാലഘട്ടത്തിലെ പൊതുമേഖലയുടെയും പ്രവര്‍ത്തനശൈലിയില്‍ നിന്ന് അംബാനി കൊണ്ടുവന്ന വ്യതിയാനം പലരും അംഗീകരിക്കാത്ത മറ്റൊരു വിഷയമാണ്. പക്ഷെ സമ്പത്തിനെ സംബന്ധിച്ചിടത്തോളം സാധാരണക്കാരന് ഏറ്റവും പ്രധാനം വിശ്വാസ്യത ആണെന്ന് അംബാനി കാട്ടിത്തന്നു.
ബംഗ്ലാദേശിന്റെ പ്രിയപ്പെട്ട നോബല്‍ ജേതാവ് മുഹമ്മദ് യൂനസ് കൊണ്ടുവന്ന് ഇന്ന് പല രാഷ്ട്രങ്ങളും അനുകരിക്കാന്‍ ശ്രമിക്കുന്ന നാടന്‍ ബാങ്കിങ് ശൈലിയും ഇതേ ആശയത്തിന്റെ വേറൊരു രൂപമാണ്. സ്വയം തൊഴിലെടുക്കാന്‍ സന്നദ്ധരായ ഒരേ ഗ്രാമവാസികളായ സ്ത്രീകള്‍ക്ക് ഒരു കൂട്ടായ്മയായി ചെന്നാല്‍ അവരുടെ വിശ്വാസ്യത മാത്രം സെക്യൂരിറ്റിയായി എടുത്ത്, കടം നല്‍കുന്ന ഗ്രാമീണബാങ്കുകള്‍ക്ക് ലോകബാങ്കിങ് രംഗത്തെ ഏറ്റവും ഉയര്‍ന്ന റിക്കവറി റേറ്റ് ലഭിച്ചു എന്ന് വാര്‍ത്ത കണ്ടു. 97 ശതമാനം. അയല്‍ക്കാരുടെ മുന്നില്‍ ബാലന്‍സ് ഷീറ്റില്‍ കൃത്രിമം നടക്കില്ലല്ലോ.
ഒന്നാലോചിച്ചാല്‍ മനസ്സിലാകും. സമീപകാലത്തുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഉറവിടം എവിടെ ആയിരുന്നു? ലേമാന്റെ വിശ്വാസ്യത തകര്‍ന്നപ്പോള്‍ സ്വാഭാവികമായും സമാന്തരസ്ഥാപനങ്ങളുടെ വിശ്വാസ്യതയും തകര്‍ന്നു.
തെറ്റ് സ്വയം ഏല്‍ക്കുന്നതിന്റെയും വിശ്വാസ്യതയുടെയും മൂല്യം അളക്കുന്ന സാമ്പത്തിക ശാസ്ത്രം താമസിയാതെ വരും. തീര്‍ച്ചയാണ്.