ഭയത്തിന്റെ ലാഭനഷ്ടങ്ങള്‍

Posted on: 31 Jan 2012



മുല്ലപ്പെരിയാര്‍ ഡാം
1962 ഫിബ്രവരി അഞ്ചിന് അഷ്ടഗ്രഹങ്ങള്‍ ഒന്നിച്ചു കൂടും. അന്ന് ദുരന്തങ്ങളും അപകടങ്ങളും തീര്‍ച്ചയാണ്. ലോകം അവസാനിക്കും എന്നുപോലും ഭവിഷ്യത് വാണി വന്നു. ഞാന്‍ തലേ ദിവസം ഫിബ്രവരി നാലിന് വൈകിട്ട് മദ്രാസ്-ഡല്‍ഹി ഡീലക്‌സ് എക്‌സ്പ്രസ്സില്‍ ഭോപാലില്‍ നിന്നു കയറുകയാണ്. യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ആഫീസില്‍ ആറിന് രാവിലെ ഐ.എ.എസ് ആന്‍ഡ് അലൈഡ് സര്‍വീസസിലെ ഇന്റര്‍ വ്യൂവാണ്. 80 സീറ്റു വീതമുള്ള 3 ബോഗികളാണ് അക്കാലത്ത് സാധാരണക്കാരനും എയര്‍ കണ്ടീഷന്‍ഡ് യാത്ര തരപ്പെടുത്താന്‍ പാകമായി പുതുതായി വന്ന ഡീലക്‌സ് ട്രെയിനിലുള്ളത്. 240 സീറ്റ്. ഞാന്‍ കയറിയ ബോഗിയില്‍ ഒറ്റ യാത്രക്കാരന്‍. ഞാന്‍ മാത്രം. പേടി തോന്നി. അടുത്ത ബോഗിയില്‍ ഭാഗ്യം, രണ്ടു പേരുണ്ട്. മൂന്നാമത്തെതില്‍ ആരുമില്ലെന്ന് ടിക്കറ്റ് ചെക്കര്‍ പറഞ്ഞു. ടിക്കറ്റ് ചോദിക്കാന്‍ പോലും മെനക്കെടാതെ അദ്ദേഹം കോറിഡോറിലെ സീറ്റില്‍ ഇരുന്നു. അപകടം വരും. വന്നാല്‍ തീവണ്ടി മറിയും. തീര്‍ച്ച. എടുത്തു ചാടണം.

1962 ഫിബ്രവരി 4, 5 തീയതികള്‍ ഇന്ത്യന്‍ റെയില്‍വെയ്ക്കും വിമാനക്കമ്പനികള്‍ക്കും മാത്രമല്ല, ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കും, വ്യാപാരികള്‍ക്കും, സേവനമേഖലയ്ക്കും എല്ലാം വരുത്തിയ നഷ്ടം ഒരു ഇക്കണോമിക്ക് തുലാസില്‍ കണക്കാക്കാന്‍ പറ്റാത്തത്ര വലുതായിരുന്നു.

ഭയം വരുത്തിയ നഷ്ടം.

ഒന്നര മാസം നീണ്ടുനിന്ന മുല്ലപ്പെരിയാര്‍ ഭീതി വരുത്തിയ സാമ്പത്തിക നഷ്ടം കേരളവും തമിഴ്‌നാടും അനുഭവിച്ചതു കണ്ടപ്പോള്‍ പഴയ 1962 ഓര്‍ത്തുപോയി.

ശബരിമലയിലെ നടവരവ് അപ്പത്തിനും പായസത്തിനും വില വര്‍ധിപ്പിച്ചിട്ടും കുറയുന്നു. പച്ചക്കറി തമിഴ്‌നാടില്‍ ഡിസ്ട്രസ് സെയില്‍. കേരളത്തില്‍ വാണം വിട്ട രീതിയില്‍ മേലോട്ട്. ഇരു ഭാഗത്തും പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും നേതാക്കള്‍ക്കും ചാകര.
Gloom and doom sells എന്നാണ് മാര്‍ക്കറ്റിങ്ങിലെ ഗീത.

മാനവസമൂഹത്തിന്റെ തുടക്കം മുതല്‍ ഇതുതന്നെയായിരുന്നു സ്ഥിതി. മിന്നലും വെള്ളിടിയും ഇരുട്ടും ഉയര്‍ത്തിയ ഭയം കാരണമാണ് ആദിമമനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചത്. പണം എന്ന മീഡിയത്തെക്കുറിച്ചുള്ള മനുഷ്യന് സങ്കല്‍പ്പം ഉണ്ടാകുന്നതിന് മുമ്പു തന്നെ ആരംഭിച്ച ആദ്യത്തെ ഇക്കണോമിക്ക് ആക്ടിവിറ്റിയും അന്ന് തുടങ്ങി.

വിശ്വാസികള്‍ പറയും. ദൈവം എല്ലാ കാര്യത്തിലും നേരത്തെ തന്നെ എങ്ങനെയാണ് സംഭവിക്കേണ്ടതെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ പിന്നെ നാം എന്തിന് ഭയപ്പെടണം? നമുക്കേവര്‍ക്കും, മാനവരാശിക്കു മാത്രമല്ല, പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ശാസ്ത്രം അതിന് വേഗത കൂട്ടുന്നു. നമുക്ക് അവ നല്ലതെന്നോ ചീത്തയെന്നോ തോന്നിയേക്കാം. നാണയത്തിന്റെ മൂല്യത്തകര്‍ച്ചയും, സാമ്പത്തികമാന്ദ്യവും, പുതിയ ആഗോളസമവാക്യങ്ങളും, യുദ്ധം ഉണ്ടായേക്കാമെന്ന ഭയവും, ഭക്ഷണവിദ്യാഭ്യാസാരോഗ്യ മേഖലകളിലെ അവകാശത്തെക്കുറിച്ചുള്ള ബോധവും, പുതിയ പുതിയ രോഗങ്ങളും, പകര്‍ച്ചവ്യാധികളും, ചിന്തിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യത്തിന്റെ പരിമിതികളും എല്ലാം പൂരകങ്ങളാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിത്തകര്‍ന്നാല്‍ ഉണ്ടാകാവുന്ന കെടുതികളെക്കുറിച്ചുള്ള ഭയം, അത് പൊട്ടുമോ എന്ന ഭയത്തെക്കാള്‍ പതിന്മടങ്ങ് ശക്തമാണ്. ബാങ്ക് പൊളിഞ്ഞേക്കാമെന്ന ഭയം നിക്ഷേപകരില്‍ കൊണ്ടു വന്നാല്‍ തീര്‍ച്ചയായും ബാങ്ക് പൊളിയും. കമ്പനി പ്രവര്‍ത്തനം മോശമാണെന്ന വാര്‍ത്ത പരത്തി ഭയം സൃഷ്ടിച്ചാല്‍ കമ്പനിയുടെ ഓഹരിവില പൊടുന്നനെ കുറയും. കമ്പനി നഷ്ടത്തില്‍ എത്തും.

ഭയം സൃഷ്ടിച്ച മാനുഷികസാമ്പത്തിക നഷ്ടത്തില്‍ ലോകചരിത്രത്തില്‍ ഒന്നാം സ്ഥാനം ഇറാഖ് യുദ്ധത്തിനാണ്.
അമേരിക്കയിലെയും ബ്രിട്ടനിലെയും രാഷ്ട്രീയ മിലിട്ടറി നേതൃത്വങ്ങള്‍ സദ്ദാം ഹുസൈന്റെ ഇറാഖി സര്‍ക്കാരിന്റെ കൈവശം ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉണ്ടെന്നും അവ ഉപയോഗിച്ച് അമേരിക്കയെയും സഖ്യരാജ്യങ്ങളെയും നശിപ്പിക്കാന്‍ ഇറാഖിനു കഴിയുമെന്നും അതിന് അവര്‍ തയാറായിക്കൊണ്ടിരിക്കുകയാണെന്നും കണക്കുകളും നിഗമനങ്ങളും നിരന്തരം കാട്ടി നിരന്തരം മീഡിയായിലൂടെ ലോകമെമ്പാടും പ്രചരിപ്പിച്ചു. യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം ഇറാഖിന്റെ ആയുധ ശേഖരം പരിശോധിച്ച വിദഗ്ദ്ധര്‍ക്ക് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെങ്കിലും ആ പരിശോധനപ്രക്രിയകളെക്കുറിച്ച് വൈകാരികവും സാങ്കേതികവുമായ ഇടപെടലുകളിലൂടെ ജനങ്ങളുടെ ഭയം നിലനിര്‍ത്താന്‍ മേല്‍പ്പറഞ്ഞ രാഷ്ട്രീയ മിലിട്ടറി നേതൃത്വങ്ങള്‍ക്കു കഴിഞ്ഞു. ഇറാഖില്‍ 2003 മാര്‍ച്ച് 20ന് ആരംഭിച്ച യുദ്ധം 2011 ഡിസംബര്‍ 18നാണ് അവസാനിച്ചത്. സദ്ദാം ഹുസൈന്‍ തടവിലാക്കപ്പെട്ടു. അവസാനം തൂക്കുമരമേറി.

ഇതിലെ ദു:ഖകരമായ തമാശ ഇറാഖില്‍ അമേരിക്കയും ബ്രിട്ടനും പ്രചരിപ്പിച്ച തരത്തിലുള്ള യാതൊരു ന്യൂക്ലിയര്‍ ആയുധശേഖരവും ഇല്ലായിരുന്നു എന്നതാണ്.

പക്ഷെ വാര്‍ത്തകളിലൂടെ അക്കാലത്ത് ലോകമനസ്സില്‍ ഉയര്‍ത്തിയ ഇറാഖിനോടുള്ള ഭയം വാസ്തവമായിരുന്നു. യുദ്ധത്തിന്റെ ആവശ്യമോ അനിവാര്യതയോ ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും തര്‍ക്കവിഷയമായിരുന്നില്ല. ഇറാഖിന്റെ കൈവശം ന്യൂക്ലിയര്‍ ആയുധശേഖരം ഉണ്ട്. സദ്ദാം ഹുസൈന്‍ എന്തിനും മടിക്കാത്ത നേതാവാണ്. ഇറാഖിനെ ഭയപ്പെടണം. ഇതായിരുന്നു ചിന്താഗതി.

ഫലം.
ലക്ഷക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അംഗഭംഗം വന്നു. അത് മാറ്റി നിര്‍ത്തി വെറും സാമ്പത്തികരംഗം പരിശോധിക്കാം.
ഈ ഭയത്തിന്റെ ഇക്കണോമിക്ക് വാല്യു.

അമേരിക്കയ്ക്കു മാത്രം നേരിട്ടുള്ള യുദ്ധച്ചിലവ് - 42 ലക്ഷം കോടി രൂപ.

അമേരിക്കന്‍ സാമ്പത്തികരംഗത്തിന് 150 ലക്ഷം കോടി രൂപയും.

മറ്റു രാഷ്ട്രങ്ങളുടെ സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കുകൂട്ടാന്‍ അസാദ്ധ്യമാണ്.

പക്ഷെ ഇറാഖ് യുദ്ധമുണ്ടായതിനാല്‍ ആയുധനിര്‍മ്മാണ വ്യവസായത്തിനും സഹായ വ്യവസായസേവന മേഖലയ്ക്കും ഉണ്ടായ മെച്ചം ലാഭക്കണക്കില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ല.

ഭയത്തിന് പക്ഷെ ഒരു വലിയ ഗുണമുണ്ട്. ഒരു കൂട്ടായ്മ ദൃഢമാക്കാന്‍, നാം അന്യോന്യം കാട്ടുന്ന അകല്‍ച്ചകള്‍ ഇല്ലാതാക്കാന്‍ ഭയത്തിനു കഴിയുന്നു. ഒന്നാലോചിച്ചാല്‍ കേരളീയസമൂഹം മുമ്പൊരിക്കലും ജാതിമത വര്‍ഗ്ഗരാഷ്ട്രീയ സാമ്പത്തിക ഭേദമെന്യേ ഇത്ര ഒറ്റക്കെട്ടായി നിന്ന് വിശ്വസിച്ച ഒരു വിഷയവും ഉണ്ടായിട്ടില്ല.

തമിഴ്‌നാടിനും ഇതേ വികാരമാണ്. ഒറ്റക്കെട്ടാണ്. പക്ഷെ വിശ്വാസം കേരളത്തിന്റേതിന് മറിച്ചാണ് എന്നു മാത്രം. ഇത് വിശ്വാസത്തിലോ രാഷ്ട്രീയക്കളിയിലോ ഒതുങ്ങിയില്ല. മലയാളി ശാസ്ത്രജ്ഞര്‍ക്ക് അണക്കെട്ട് പരിശോധനയ്ക്കു ശേഷം ഒരു സംശയവുമില്ല, അണക്കെട്ട് പൊട്ടും. തമിഴ് ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. അവര്‍ക്ക് ഒരു സംശയവുമില്ല. അണക്കെട്ട് പൊട്ടില്ല.

ഭയം വാസ്തവത്തില്‍ ശാസ്ത്രത്തെക്കാള്‍ എത്രയോ വലുതാണ്.

വികാരങ്ങള്‍ക്ക് മൂല്യം നിര്‍ണ്ണയിക്കാവുന്ന തലത്തിലേക്ക് നമ്മുടെ സാമ്പത്തികശാസ്ത്രം വളരുമ്പോഴേക്ക് ചിലപ്പോള്‍ നമുക്കു ഭയത്തിനെയും കൃത്യമായി അക്കങ്ങളില്‍ കൊണ്ടുവരാന്‍ സാധിച്ചേക്കും.
 
Tags: Profit and Loss of Fear-Article by KL Mohanavarma
»  News in this Section
ഗ്രാം2600.00
പവന്‍20800.00
വെള്ളി
ഗ്രാം52.00