|
|
തകഴി ശിവശങ്കരപ്പിള്ള, എം.ടി.വാസുദേവന്‍ നായര്‍ എന്നിവരോടൊപ്പം ലേഖകന്‍ കെ.എല്‍.മോഹനവര്‍മ്മ. അദ്ദേഹത്തിന്റെ ഫോട്ടോ ശേഖരത്തില്‍ നിന്ന് |
തകഴി ശിവശങ്കരപ്പിള്ള എന്ന മലയാളത്തിന്റെ വിശ്വപ്രസിദ്ധ കഥാകാരന്‍ വലിയ പിശുക്കനായിരുന്നു. അദ്ദേഹത്തിന്റെ പിശുക്കിന്റെ കഥകള്‍ കഴിഞ്ഞ മൂന്നു തലമുറകളിലെ മലയാളസാഹിത്യപ്രേമികളുടെ സദസ്സില്‍ സ്ഥിരം ചിരിക്കു വഴി വയ്ക്കുന്ന രസകരമായ സാന്നിധ്യമായിരുന്നു. പക്ഷെ ഇതില്‍ ഒരു തമാശയുണ്ട്. അദ്ദേഹത്തിന്റെ പിശുക്കിന് രൂപാ എന്ന വിനിമയവസ്തുവുമായേ ബന്ധമുണ്ടായിരുന്നുള്ളൂ. ഉത്പന്നങ്ങളുമായോ സേവനങ്ങളുമായോ ഒരു ബന്ധവുമില്ലായിരുന്നു. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് നമ്മുടെ നാട്ടിലെ ഉള്‍നാടന്‍ മേഖലകളില്‍ പണത്തിന് വളരെ കുറച്ച് ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. വെറും ബാര്‍ട്ടര്‍ രീതിയില്‍ ഒട്ടു മുക്കാലും അത്യാവശ്യസാധനങ്ങളും അത്യാവശ്യസേവനങ്ങളും ലഭിക്കുമായിരുന്നു. ജോലിക്കു കൂലി പണമായിട്ടായിരുന്നില്ല നല്‍കിയിരുന്നത്. ഉത്പന്നത്തിന്റെ ഒരു വീതമാണ് ജോലിക്കു കൂലി. ഉത്പാദനസ്‌പോട്ടില്‍നിന്നും ഉപഭോക്തൃസ്‌പോട്ടിലേക്കുള്ള ദൂരം വളരെ കുറച്ചേ അന്നുണ്ടായിരുന്നുള്ളു. റോട്ടി, കപ്ഡാ, മകാന്‍ മാത്രമല്ല, വിദ്യാഭ്യാസത്തിലെ പ്രധാന ഐറ്റമായ കളരിയാശാന്റെ ഫീസുപോലും നെല്ലും തോര്‍ത്തും പുര കെട്ടാനുള്ള ഉരുപ്പടികളിലും അളക്കപ്പെട്ടിരുന്നു. ഉത്പാദനമൂല്യം പ്രശ്‌നമായിരുന്നില്ല. അന്തിമ ഉപയോഗത്തിന്റെ മൂല്യത്തിനായിരുന്നു പ്രാധാന്യം. തിരുവിതാംകൂറില്‍ പദ്മനാഭന്റെ നാലു ചക്രം എന്ന ഭക്തിനിര്‍ഭരമായ മാസശമ്പളം സമൂഹത്തിലെ മാന്യതയുടെ അളവുകോലായതു മുതലാണ് രൂപാ സാധാരണക്കാരനെ അലട്ടാന്‍ തുടങ്ങിയത്. ആദ്യകാലത്ത് ശമ്പളം കിട്ടുന്ന സ്വര്‍ണ്ണ രാശിയും വെള്ളി പ്പണവും ചെമ്പു ചക്രവും ഒരിക്കലും വിനിമയത്തിന് ഉപയോഗിച്ചിരുന്നില്ല. ഇന്നത്തെ സ്വര്‍ണ്ണം പോലെ ഉപയോഗമില്ലാത്ത, പക്ഷെ വിലപിടിച്ച വസ്തു. ഒരിക്കലും അത് കളയാന്‍ പാടില്ല എന്ന ചിന്ത വെറും സ്വാഭാവികമായിരുന്നു.
മുപ്പതു കൊല്ലം മുമ്പു പോലും തകഴിച്ചേട്ടന്‍ പറയുമായിരുന്നത് ഓര്‍ക്കുന്നു.
വര്‍മ്മാ, എറണാകുളത്ത് വീട്ടില്‍ പറമ്പും തെങ്ങുമൊന്നുമില്ലല്ലോ. തേങ്ങാ കാശുകൊടുത്ത് വാങ്ങേണ്ടേ? ദേ, വണ്ടീല് സ്ഥലമുണ്ടല്ലോ. പത്തു തേങ്ങാ കൂടി എടുത്ത് ഇട്ടോളൂ. നല്ല വാളന്‍ പുളിയുണ്ട്. കുരു കുത്തിയതല്ല. അതും കുറച്ച് കൊണ്ടുപൊയ്‌ക്കൊള്ളൂ.
ഞാന്‍ ചോദിച്ചുവെന്നിരിക്കട്ടെ.
ചേട്ടാ, ഒരു പത്തു രൂപാ വേണമാരുന്നു. ഉണ്ടാകുമോ കൈയില് ?
ഒരു സംശയവുമില്ല. ഉത്തരം വരും.
ഇല്ലല്ലോ.
ഇന്ന് അദ്ഭുതമെന്ന് തോന്നിപ്പിക്കുന്ന പഴയ കാലം, ഒരു കല്പിത കഥയായേ ഇന്നത്തെ കുട്ടികള്‍ക്കു കാണാന്‍ പറ്റൂ. പണമില്ലാത്ത ഒരു കാലം അസ്തമിച്ചിട്ട് നൂറു കൊല്ലം പോലുമായില്ല എന്നു നമുക്കു പോലും വിശ്വസിക്കാന്‍ പറ്റില്ല.
എത്ര പെട്ടെന്നാണ് പണം നമ്മെ കീഴടക്കിയത്!
ഇന്ന് പണവുമായി ബന്ധപ്പെട്ടല്ലാതെ നമുക്കു ഒന്നിനെയും, ഭൗതികതയെയും വൈകാരികതയെയും ആത്മീയതയേയും പോലും, കാണാന്‍ പറ്റുന്നില്ല.
ഇന്ന് അനുദിനം സാധനങ്ങളുടെയും സേവനങ്ങളുടെയും വില കൂടിക്കൊണ്ടിരിക്കുന്നു. ആള്‍ക്കാരുടെ വരുമാനവും കൂടുന്നുണ്ട്. പക്ഷെ വില കൂടുന്ന അനുപാതത്തില്‍ വരുമാനം വര്‍ധിക്കുന്നില്ല. ഒപ്പം അനവധി പുതിയ, പണ്ട് ഒഴിവാക്കിയിരുന്ന, ആഡംബരങ്ങള്‍ മിക്കതും ഇന്ന് നമ്മുടെയെല്ലാം അത്യാവശ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്റര്‍ടെയിന്റ്‌മെന്റും ടൂറിസം യാത്രയും ഹോട്ടല്‍ വിശ്രമവും ഉന്നത വിദ്യാഭ്യാസവും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ഹൈ-ലെവല്‍ മതാചാരച്ചടങ്ങുകളും എല്ലാം ഇന്ന് മിഡില്‍ ക്ലാസിന്റെ മാത്രമല്ല, ബി.പി.എല്‍ സമൂഹത്തിന്റെയും കുടുംബ ബജറ്റിലെ മാറ്റിവയ്ക്കാന്‍ പറ്റാത്ത ഘടകങ്ങളാണ്.
രൂപയുടെ വില കുറയുന്നു. ഒപ്പം നമ്മുടെ ആഗ്രഹങ്ങള്‍ വര്‍ധിക്കുന്നു. അവ ആവശ്യങ്ങളായി മാറുന്നു.
|
|
തകഴിയും മോഹനവര്‍മ്മയും ഒരു പഴയകാല ചിത്രം. അഴീക്കോടും സി.പി.ശ്രീധരനും ഒപ്പം. |
അമേരിക്കയില്‍ സാമ്പത്തികമാന്ദ്യം സാധാരണക്കാരെ എങ്ങിനെ ബാധിച്ചു എന്നതിന്റെ കണക്ക് അവിടുത്തെ ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പുറത്തു വിട്ടത് വായിക്കുമ്പോള്‍ ആധുനിക സമൂഹത്തിന്റെ മനസ്സു നമുക്കു കാണാം.
2007 മുതല്‍ 2010 വരെ അമേരിക്ക സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ ആയിരുന്നല്ലോ. അക്കാലത്ത് ഒരു ശരാശരി അമേരിക്കന്‍ കുടുംബത്തിന്റെ ഉപഭോഗച്ചെലവ് 3.1 ശതമാനം കുറഞ്ഞു. ഈ സമയത്ത് ഉപഭോഗത്തിന്റെ വില 5.2 ശതമാനം കുറഞ്ഞതു കാരണം ശരിക്കും അതിനുള്ള ചെലവ് 8 ശതമാനമാണ് കുറഞ്ഞത്. പല ഇനങ്ങളിലും ആള്‍ക്കാര്‍ ഉപഭോഗം കുറച്ചു. രസകരമായ ചില കണക്കുകള്‍. വരുമാനം കുറഞ്ഞിട്ടും വില കൂടിയിട്ടും ഒട്ടും കുറയാത്തത് സ്ത്രീകളുടെ ആടയാഭരണച്ചിലവായിരുന്നത്രെ. അതുപോലെ നിക്കോട്ടിന്‍ വില 46 ശതമാനം കൂടിയിട്ടും പുകവലി 23 ശതമാനം മാത്രമേ കുറഞ്ഞുള്ളൂ. പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും വാങ്ങുന്നത് 9 ശതമാനം കൂടിയപ്പോള്‍ മധുരപലഹാരവും പഞ്ചസാരയും 6.5 ശതമാനം കുറഞ്ഞു. 2003 മുതല്‍ 2006 വരെ നിലനിന്ന നല്ലകാലത്ത് ഉപഭോക്തൃ ചെലവാക്കല്‍ 8.2 ശതമാനമാണ് കൂടിയത്. അന്ന് അമേരിക്കക്കാരുടെ മദ്യപാനം 19 ശതമാനം കൂടി. വീട്ടിലെ കസേരയും മെത്തയും കര്‍ട്ടനും വേണ്ടിയുള്ള ചെലവ് 13 ശതമാനം കൂടി. 2007-2010 ല്‍ മാന്ദ്യം വന്നപ്പോള്‍ ഇവയ്ക്കുവേണ്ടി ചെലവാക്കുന്നത് 16 ശതമാനം കുറഞ്ഞു. പക്ഷെ ആപ്പിള്‍ ഐ ഫോണും കിന്‍ഡില്‍ ഫയര്‍ നോട്ട് ബുക്കും കിന്‍ഡില്‍ റീഡറും സോണി പ്ലേ സ്റ്റേഷന്‍ വൈറ്റയും നിന്റന്‍ഡു തര്‍ഡ് ഗേമിങ് സിസ്റ്റവും, പുതിയ ഫോര്‍മാറ്റിലെ ഹൈ റെസല്യൂഷന്‍ ക്യാമറയും എല്ലാം ഇക്കാലത്ത് ആഗ്രഹങ്ങളില്‍ നിന്ന് ആവശ്യങ്ങളായി മാറുന്നതില്‍ സ്പീഡ് കുറച്ചതേയില്ല.
ഈ വിലക്കയറ്റത്തിനെ നേരിടാന്‍ ഇക്കണോമിക്‌സ് തിയറികള്‍ക്ക് പ്രവേശനമില്ലാത്ത മനസ്സുകളായിരുന്നു പിശുക്കിന്റേത്.
പക്ഷെ ഇനി പിശുക്കിന് രക്ഷയില്ല. കാരണം പിശുക്കിനെ നിലനിര്‍ത്തിയിരുന്ന ബാങ്കിങ് സിസ്റ്റം ഇന്ന് ഇല്ലാതായി. ബാങ്ക് എന്നാല്‍ സാധാരണക്കാരന് അവന്റെ പിശുക്കിനെ വളര്‍ത്തുന്ന നിക്ഷേപസൗഹൃദ സൂക്ഷിപ്പു കേന്ദ്രമായിരുന്നു. ആരും മോഷ്ടിക്കാത്ത, ഒരിക്കലും നഷ്ടപ്പെടാത്ത രീതിയില്‍ തന്റെ പണം ധൈര്യമായി വയ്ക്കാം. മുറയ്ക്ക് പലിശയും. ബാങ്കിന് കടം നല്‍കുന്ന പണി കൂടി ഉണ്ടെങ്കിലും ഇന്ത്യന്‍ ബാങ്കുകള്‍ വലിയ അക്കൗണ്ടുകള്‍ വയ്ക്കുന്ന കമ്പനികള്‍ക്കോ പണക്കാര്‍ക്കോ അല്ലാതെ കടം കൊടുക്കാനിഷ്ടപ്പെട്ടിരുന്നില്ല. സാധാരണക്കാരന്‍ അത്യാവശ്യം വന്നാല്‍പോലും കടം വാങ്ങാനായി ബാങ്കിനെ സമീപിക്കുന്നത് അവനും ബാങ്കും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ ആഗോള ന്യൂ ജനറേഷന്‍ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡും കാറും ബൈക്കും ഇന്‍ഷുറന്‍സും കൂട്ടിക്കലര്‍ത്തി ഇന്ത്യന്‍ പിശുക്കു മനസ്സിനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ യാഥാസ്ഥിതിക ബാങ്കുകള്‍ക്കും നിലനില്‍പ്പിന് തങ്ങളുടെ പ്രവര്‍ത്തനശൈലി മാറ്റേണ്ടി വന്നു. ഇനി പിശുക്കിന് പിടിച്ചു നില്‍ക്കാന്‍ ഉറച്ച മണ്ണില്ല.
ഞാന്‍ 'ഓഹരി' എന്ന നോവല്‍ എഴുതുന്നതിനെക്കുറിച്ച് അക്കാലത്ത് സൂചിപ്പിച്ചപ്പോള്‍ അത് തറവാട് വീതം വച്ച് കുടുംബാംഗങ്ങള്‍ക്ക് ഓഹരി നല്‍കുന്ന കഥയായിരിക്കുമെന്നാണ് തകഴിച്ചേട്ടന്‍ കരുതിയിയിരുന്നത്. പിശുക്ക് എന്ന സ്വഭാവവിശേഷത്തെ ഇല്ലാതാക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിക്കാന്‍ ഈ ഓഹരി വിപണി നിയന്ത്രിക്കുന്ന ഒരു സാമ്പത്തികശക്തിക്കു കഴിയും എന്ന് അദ്ദേഹത്തിലെ പ്രവാചകനായ കഥാകാരന്‍ നോവല്‍ വായിച്ചതിനുശേഷം പറയുകയുണ്ടായി.
പിശുക്ക് എന്ന വികാരം ഇന്ന് കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാകുന്നു. ഒന്നാലോചിച്ചാല്‍ അത് നല്ല ഒരു തുടക്കമല്ലേ ?