പത്മപ്രിയയ്ക്ക് പ്രിയം സ്മാര്‍ട്ട് ഇന്‍വെസ്റ്റ്‌മെന്റ്‌

Posted on: 07 Apr 2010


ആര്‍.റോഷന്‍



പണം സമ്പാദിക്കുന്നതുപോലെ എളുപ്പമല്ല അത് മാനേജ് ചെയ്യുന്നത്. സിനിമാതാരങ്ങളാവുമ്പോള്‍ അതിന് പലപ്പോഴും സമയം കിട്ടാറില്ല. എന്നാല്‍ തെന്നിന്ത്യന്‍ സിനിമാതാരം പത്മപ്രിയ ഇക്കാര്യത്തില്‍ മറ്റുള്ള സിനിമാതാരങ്ങളില്‍ നിന്ന് വ്യത്യസ്തയാണ്. പണം ചെലവഴിക്കുന്ന കാര്യത്തിലും ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി സേവ് ചെയ്യുന്ന കാര്യത്തിലുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുണ്ട് ഈ സുന്ദരിക്ക്. അതെക്കുറിച്ച് ബോള്‍ഡായി പറയാനും ഇവര്‍ക്ക് മടിയില്ല.

ഓഹരി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന പത്മപ്രിയയ്ക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി പോലുള്ള പരമ്പരാഗത മാര്‍ഗങ്ങളിലും നിക്ഷേപമുണ്ട്. പക്ഷേ, സ്വര്‍ണത്തോട് വലിയ കമ്പമില്ല.
സേവിങ്‌സ് ആയി 1000 രൂപ കൈയിലുണ്ടെങ്കില്‍ അത് മൂന്നായി തിരിച്ച് ഉയര്‍ന്ന നഷ്ടസാധ്യതയുള്ളതിലും ഇടത്തരം നഷ്ടസാധ്യതയുള്ളതിലും കുറഞ്ഞ നഷ്ടസാധ്യതയുള്ളതിലുമായി നിക്ഷേപിക്കുമെന്ന് പത്മപ്രിയ പറയുന്നു. ഇടത്തരം നഷ്ടസാധ്യതയുള്ളതിലായിരിക്കും ഏറ്റവും കൂടുതല്‍ നിക്ഷേപിക്കുക; 400 രൂപ വരെ. ഹൈ - റിസ്‌ക് മാര്‍ഗങ്ങളില്‍ 300-350 രൂപയും ലോ-റിസ്‌ക് മാര്‍ഗങ്ങളില്‍ 200-250 രൂപയും മുതല്‍മുടക്കും.

നഷ്ടസാധ്യത ഏറുന്നതിനനുസരിച്ച് റിട്ടേണ്‍ കൂടാനുള്ള സാധ്യതയുണ്ട്. വൈവിദ്ധ്യമാര്‍ന്ന നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ നഷ്ടസാധ്യത വലിയൊരളവോളം കുറയ്ക്കാനാകും.

ഓഹരിയിലെ നിക്ഷേപത്തിലും പത്മപ്രിയ ഇതേ നയമാണ് സ്വീകരിച്ചിട്ടുള്ളത്. എല്ലാ പണവുംകൂടി ഏതെങ്കിലും ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിക്കാതെ വൈവിദ്ധ്യമാര്‍ന്ന ഓഹരികളിലും സെക്ടറുകളിലുമാണ് നിക്ഷേപം. ഇഷ്ടപ്പെട്ട സെക്ടര്‍ ഏതാണെന്ന് ചോദിച്ചാല്‍ പത്മപ്രിയ പറയും 'ഐടി ഒഴികെ എല്ലാം'. ഈ മേഖലയിലെ ഓഹരികളില്‍ നിക്ഷേപം തീരെ കുറവാണ്. ഇഷ്ടപ്പെട്ട ഓഹരി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്.

മ്യൂച്വല്‍ ഫണ്ടുകളില്‍ ഇക്വിറ്റി ഫണ്ടുകളിലാണ് കൂടുതല്‍ മുതല്‍മുടക്കിയിരിക്കുന്നത്. നികുതി ഒഴിവ് ലഭിക്കുന്ന ഫണ്ടുകളും വാങ്ങിയിട്ടുണ്ട്.

ഇന്‍ഷൂറന്‍സ് പോളിസികളും ഈ നടി എടുത്തിട്ടുണ്ട്. എല്‍ഐസിയുടെ പോളിസികളാണ് അവ. സ്വകാര്യ കമ്പനികളുടെ പോളിസികളില്‍ താത്പര്യമില്ല. ഹെല്‍ത്ത് ഇന്‍ഷൂറന്‍സും എടുത്തിട്ടില്ല.

പണം ഫലപ്രദമായ മാനേജ് ചെയ്യുന്നതുകൊണ്ടുതന്നെ പത്മപ്രിയയ്ക്ക് വായ്പകള്‍ തീരെയില്ല. റിയല്‍ എസ്റ്റേറ്റാണ് മറ്റൊരു ഇന്‍വെസ്റ്റ്‌മെന്റ്. തമിഴ്‌നാട്ടില്‍ ഒരു വീടും കര്‍ണാടകത്തിലെ മൈസൂരില്‍ സ്ഥലവുമുള്ള പത്മപ്രിയയുടെ സ്വദേശം ഹൈദരാബാദാണ്. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ ഒരു വീട് വാങ്ങണമെന്ന് ആഗ്രഹമുണ്ട്. കിര്‍ലോസ്‌കര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ശേഷം ലോകപ്രശസ്ത വ്യവസായ ഗ്രൂപ്പായ ജിഇ ഗ്രൂപ്പില്‍ ജോലി ചെയ്തിട്ടുള്ള പത്മപ്രിയയുടെ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ പിതാവ് തന്നെ.

 

Tags: Padmapriya
»  News in this Section