മീരാ നന്ദന്‍ ലാവിഷ് ആണോ?

Posted on: 24 Apr 2010


ആര്‍.റോഷന്‍



മുല്ലയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി തമിഴിലും സാന്നിധ്യമായി മാറിയ യുവ നടി മീരാ നന്ദന്‍ പ്ലസ് വണ്ണിന് പഠിക്കുന്ന കാലത്ത് തന്നെ പണം സമ്പാദിക്കാന്‍ തുടങ്ങിയതാണ്. അന്ന് ടിവി പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന കാശ് മീര അച്ഛന്റെ കൈയ്യിലാണ് കൊടുത്തത്. ഇന്നും ആ പതിവിന് മാറ്റമില്ല.

'പണം സംബന്ധിയായ കാര്യങ്ങളൊക്കെ നോക്കുന്നത് സത്യം പറയുകയാണെങ്കില്‍ അച്ഛനും അമ്മയുമാണ്' മീര പറയുന്നു. ബാങ്കില്‍ സേവിങ്‌സ് അക്കൗണ്ടുണ്ട്. ആവശ്യമുള്ളപ്പോള്‍ അതില്‍ നിന്ന് പണമെടുക്കും; ഷോപ്പിങ്ങിനും മറ്റുമൊക്കെ.

പണം ചെലവഴിക്കുന്ന കാര്യത്തിലും മീര 'ലാവിഷ് ' അല്ല. കുട്ടിക്കാലം മുതല്‍ അച്ഛനും അമ്മയും ഓവര്‍ ആയി കാശ് തന്ന് ശീലിപ്പിച്ചിട്ടില്ല. എങ്കിലും ഷൂട്ടിങ്ങിനായി വിദേശത്തൊക്കെ പോകുമ്പോള്‍ അനിയന് എന്തൊങ്കിലുമൊക്കെ വാങ്ങിക്കൊണ്ടു വരാന്‍ മീര പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഏവിടെയൊക്കെയാണ് നിക്ഷേപം എന്നു ചോദിച്ചാല്‍ മീര കുഴങ്ങിയതുതന്നെ.ഇടയ്ക്കിടെ സ്വര്‍ണം വാങ്ങാറുണ്ട്. അത് ഒരു നിക്ഷേപം കൂടിയാണല്ലോ? ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍ഷുറന്‍സുമുണ്ട്.

ഓഹരിയില്‍ നേരിട്ട് നിക്ഷേപിച്ചിട്ടില്ലെങ്കിലും മ്യൂച്വല്‍ ഫണ്ടുകള്‍ എടുത്തിട്ടുണ്ട്.

മലയാളത്തില്‍ മുല്ല, കറന്‍സി, പുതിയ മുഖം എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച മീരാ നന്ദന്‍ തമിഴിലും സജീവമാണ്. അയ്യനാര്, സൂര്യനഗരം എന്നിവയാണ് തമിഴിലെ പുതിയ ചിത്രങ്ങള്‍.

തമിഴ് നടന്‍ ശരത് കുമാര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരോടൊപ്പം ഒരിടൊത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. മീരയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്.

കൊച്ചിയില്‍ സെന്റ് തെരേസാസ് കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായ മീര എറണാകുളത്ത് എളമക്കരയിലാണ് താമസം.
Tags: Meera Nandan, Malayalam Tamil Actress, Celebrity Money
»  News in this Section