ഒരു സിനിമാതാരമാകുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുക തന്റെ സ്വന്തം പ്രൊഫഷനു വേണ്ടിയായിരിക്കും. നല്ല വസ്ത്രങ്ങള്‍ വാങ്ങാനും മേക്കപ്പിനുമൊക്കെ. മലയാളത്തിന്റെ യുവതാരം റിമ കല്ലിങ്കലിന്റെ കാര്യവും വ്യത്യസ്തമല്ല.
സുഹൃത്തുക്കളുമൊത്ത് കറങ്ങിയടിച്ച് നടക്കാന്‍ ഇഷ്ടപ്പെടുന്ന ഈ സുന്ദരി ഇപ്പോള്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ ആവശ്യം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിന് റിമ നന്ദി പറയുന്നത് അച്ഛനോടും ജ്യേഷ്ഠനോടും. 'പണം എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്നൊക്കെ പ്ലാന്‍ ചെയ്യുന്നത് അച്ഛനാണ്.'
സ്വര്‍ണാഭരണങ്ങള്‍ അണിയാന്‍ വലിയ താത്പര്യമില്ലെങ്കിലും റിമയുടെ ഇന്‍വെസ്റ്റ്‌മെന്റിലേറെയും സ്വര്‍ണത്തിലാണ്. സ്വര്‍ണനാണയങ്ങള്‍ വാങ്ങിവെയ്ക്കുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടിന്റെ മാതൃകയിലുള്ള ഗോള്‍ഡ് ഇടിഎഫുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ, അതില്‍ നിക്ഷേപമില്ല. ഇനി അതിലൊന്ന് പരീക്ഷിച്ചു നോക്കണമെന്ന് റിമ പറയുന്നു.

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപമുണ്ട്. ബാംഗ്ലൂരില്‍ സ്വന്തമായി ഫ്‌ളാറ്റും തൃശ്ശൂരില്‍ വീടുമുണ്ട്. അത് അച്ഛനാണ് വാങ്ങിയത്. ഇനി തന്റെ സ്വന്തം പണം ഉപയോഗിച്ച് അച്ഛനും അമ്മയ്ക്കും ഒരു വീട് വാങ്ങിക്കൊടുക്കണമെന്നുണ്ട്. തൃശ്ശൂര് അച്ഛന്റെ വീടിനടുത്ത് കുറച്ച് സ്ഥലം വാങ്ങി.
മ്യൂച്വല്‍ ഫണ്ടുകളിലോ ഓഹരി വിപണിയിലോ ഇതുവരെ നിക്ഷേപിച്ചിട്ടില്ല. പക്ഷെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ട്. അത് വളരെ മുമ്പ് തന്നെ എടുത്തിരുന്നു. ഒരു നര്‍ത്തകി കൂടിയായ തനിക്ക് ഇന്‍ഷുറന്‍സ് അത്യാവശ്യമാണെന്ന് നല്ല ബോധ്യമുണ്ട്.
സ്‌പെന്‍ഡ് ത്രിഫ്റ്റ്
ജീവിതം ആസ്വദിക്കാനുള്ളതാണെന്ന പക്ഷക്കാരിയാണ് റിമ. അതിനാല്‍ തന്നെ ഇന്നത്തെ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാതെ മുഴുവന്‍ പണവും നാളേയ്ക്കായി കരുതി വയ്ക്കാന്‍ ഈ സുന്ദരിയ്ക്ക് താത്പര്യമില്ല. ഷോപ്പിങ്ങും കൂട്ടുകാരുമൊത്ത് ഹാങ് ഔട്‌സുമൊക്കെ ഏറെ ഇഷ്ടം. ഷൂട്ടിനിടെ രണ്ട് ദിവസത്തെ ഇടവേള കിട്ടിയാല്‍ നേരെ പറക്കും; ബാംഗ്ലൂര്‍ക്ക്. അവിടെ കൂട്ടുകാരുമായി അടിച്ചുപൊളിച്ച് പാറിനടക്കും. 'ഹാങ് ഔട്‌സ് കഴിഞ്ഞ് തിരികെയെത്തുമ്പോഴേക്കും പോക്കറ്റ് കാലി' റിമ ചിരിക്കുന്നു.
യാത്ര
യാത്രകള്‍ ഏറെ ഇഷ്ടമാണ് റിമയ്ക്ക്. വല്ലാത്തൊരു ഇമോഷണല്‍ അറ്റാച്‌മെന്റാണ് യാത്രകളോട്. അതിനാല്‍ തന്നെ യാത്രകള്‍ക്കായി പണം കൂട്ടിവയ്ക്കാറുണ്ട് ഈ 'ജിപ്‌സി'. സിനിമയിലെത്തിയ ശേഷം സ്വന്തം സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ ഫിയറ്റ് ലിനിയയിലാണ് ഇവിടെയുള്ള യാത്രകളേറെയും.
ഇനി സ്വന്തമായൊരു എസ്.യു.വി (സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം) വാങ്ങാനുള്ള ഒരുക്കത്തിലാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ അത് സ്വന്തമാക്കാനാണ് പ്ലാന്‍.
ഷൂട്ടിനും ഷോകള്‍ക്കുമായി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്; ലണ്ടന്‍, യുഎസ്, കാനഡ, ദുബായ്... ഷൂട്ടിനിടെയാണെങ്കില്‍ സൈറ്റ് സീയിങ്ങൊന്നും പലപ്പോഴും നടക്കാറില്ല. എന്നാല്‍ സ്‌റ്റേജ് ഷോകള്‍ക്കിടെ ഷോപ്പിങ്ങിനും സൈറ്റ് സീയിങ്ങിനുമൊക്കെ സമയം കണ്ടെത്താറുണ്ട്.
ഗ്രീസാണ് റിമയുടെ ഡ്രീം ഡെസ്റ്റിനേഷന്‍. അവിടെ സുഹൃത്തുക്കളുമൊത്ത് ഒരു അവധിക്കാലം ചെലവഴിക്കണമെന്നുണ്ട്. അതിനു വേണ്ടിയുള്ള ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയ്യാറാക്കി വരികയാണ് - റിമ കണ്ണിറുക്കുന്നു.
1. സെലിബ്രിറ്റിയാകുമ്പോള്‍ സ്വന്തം പ്രൊഫഷനുവേണ്ടിയാവണം ഇന്‍വെസ്റ്റ്‌മെന്റിന്റെ നല്ലൊരു പങ്കും
2. സ്വര്‍ണാഭരണങ്ങളോട് കമ്പമില്ലെങ്കിലും ഗോള്‍ഡില്‍ നിക്ഷേപമാവാം
3. ഗോള്‍ഡ് ഇടിഎഫും പരീക്ഷിക്കാവുന്നതാണ്
4. റിയല്‍ എസ്റ്റേറ്റ് നല്ല നിക്ഷേപമാര്‍ഗ്ഗമാണ്
5. ഓഹരി വിപണിയെക്കുറിച്ച് പഠിക്കണം
6. മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ച് അറിയണം
7. ഇന്‍ഷുറന്‍സ് അത്യാവശ്യം
8. പണം ചെലവഴിക്കേണ്ട അവസരത്തില്‍ പിശുക്കാതെ തന്നെ അത് ചെലവഴിക്കണം
9. സേവിങ്‌സ് പോലെ സ്‌പെന്‍ഡിങ്ങും പ്രധാനമാണ്
10. കടം വാങ്ങുന്നത് ഒഴിവാക്കണം