മിന്നും ബ്രാന്‍ഡായി കത്രീന

Posted on: 10 Aug 2011



ബോളീവുഡിനുമപ്പുറം നല്ലൊരു വരുമാന മാര്‍ഗം കണ്ടെത്തിയ സന്തോഷത്തിലാണ് കത്രീന കൈഫ്. ഒരു പിടി കമ്പനികളുടെ എന്‍ഡോഴ്‌സ്‌മെന്റ് കരാറുകള്‍ ലഭിച്ചതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ വരെ കടത്തിവെട്ടാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് പകുതി കാശ്മീരിയും പകുതി ബ്രിട്ടീഷുകാരിയുമായ ഈ താരസുന്ദരി.

2011 ജനവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പരസ്യ വിപണിയിലെ പങ്കാളിത്തത്തിന്റെ കാര്യത്തിലാണ് കത്രീന, മാസ്റ്റര്‍ ബ്ലാസ്റ്ററെയും ഷാരൂഖ് ഖാനെയും മഹേന്ദ്ര സിങ് ധോനിയെയും പിന്തള്ളിയത്.

സെലിബ്രിറ്റി പരസ്യ രംഗത്ത് ജനവരി-ജൂണ്‍ കാലയളവില്‍ കത്രീനയുടെ പങ്കാളിത്തം 5.88 ശതമാനമായി ഉയര്‍ന്നു. ലോകമൊട്ടുക്ക് ആരാധകരുള്ള സച്ചിന്‍ തെണ്ടുല്‍ക്കറുടേത് 3.68 ശതമാനമാണെന്ന് ഓര്‍ക്കണം.

വാര്‍ഷിക അടിസ്ഥാനത്തില്‍ കത്രീനയുടെ പരസ്യരംഗത്ത് നിന്നുള്ള വരുമാനം 3-4 കോടി രൂപയ്ക്കിടയിലാണ്. ലോകകപ്പും ഐപിഎല്ലും നല്‍കിയ താരപ്പൊലിമയില്‍ നിന്നും ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിച്ചതിലുമേറെ സ്വീകാര്യത നേടാന്‍ കഴിഞ്ഞതിന് ലഭിച്ച പ്രതിഫലമാണിത്.

ഷാരൂഖ് ഖാന് പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം 6-8 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ 8-12 കോടി രൂപയുമായി ഇന്ത്യന്‍ നായകന്‍ ധോനിയാണ് തൊട്ടുപിന്നില്‍.

മുന്‍പ് ഐശ്വര്യ റായ് പ്രതിനിധീകരിച്ചിരുന്ന വജ്ര ബ്രാന്‍ഡായ നക്ഷത്രയെ കത്രീനയാണ് നിലവില്‍ പ്രതിനിധീകരിക്കുന്നത് . ശീതള പാനീയ കമ്പനികളില്‍ മാമ്പഴ പാനീയമായ സ്ലൈസിന്റെ വിപണനത്തിലും ഇവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇതുകൂടാതെ ഇത്തിഹാദ് എയര്‍വേയ്‌സ്, ലക്‌സ്, ഒലെ, പാന്റീന്‍, യൂണീബോള്‍, വീറ്റ്, റിഗ്ലീസ് ഡബിള്‍ മിന്റ്, യാര്‍ഡ്‌ലി എന്നീ പ്രമുഖ ബ്രാന്‍ഡുകളെയും കത്രീനയാണ് പ്രതിനിധീകരിക്കുന്നത്. പരസ്യ രംഗത്ത് ക്രിക്കറ്റ് താരങ്ങളെക്കാളേറെ സ്വീകാര്യത ബോളീവുഡ് നടിമാര്‍ക്കാണെന്ന് പരസ്യ രംഗത്തുള്ളവര്‍ പറയുന്നു.

Tags: Katrina breezes past Sachin in branding
»  News in this Section