
സിനിമാതാരമെന്ന ജാഡയൊന്നും ഭാവനയെ തൊട്ടുതീണ്ടിയിട്ടില്ല. മുഖത്തെ നിഷ്‌കളങ്കത അതുപോലെ സംസാരത്തിലും. പക്ഷേ നിക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒട്ടൊരു ഗൗരവം. സമ്പാദ്യമെങ്ങനെ നിക്ഷേപിക്കുന്നു എന്നത് പ്രധാനമാണെന്ന കാര്യത്തില്‍ ഭാവനയ്ക്ക് ഒട്ടും സംശയമില്ല.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലാണ് താത്പര്യമെങ്കിലും ഒരുപാട് ഭൂമിവാങ്ങിക്കൂട്ടുന്നതില്‍ അര്‍ഥമില്ലെന്ന് ഭാവന പറയുന്നു. ഒരുപാടു കൊടുക്കല്‍ വാങ്ങലുകളിലൂടെ ലാഭമുണ്ടാക്കുന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തില്‍ താത്പര്യമില്ല. നിക്ഷേപസംബന്ധമായ കാര്യങ്ങള്‍ എല്ലാം അച്ഛന് വിട്ടുകൊടുത്തിരിക്കുകയാണ് ഈ താരം. മറ്റ് കാര്യങ്ങള്‍ക്കെന്ന പോലെ നിക്ഷേപത്തിലും അച്ഛന്‍ തന്നെയാണ് വഴികാട്ടി.
സ്വര്‍ണാഭരണങ്ങളോട് ഒട്ടും താത്പര്യമില്ലെന്ന് ഭാവന. ഫാഷനബിള്‍ ആയ വലിയ കമ്മലുകളോടും മറ്റുമാണ് ക്രേസ്. എവിടെ പോയാലും ഇത്തരം ആഭരണങ്ങള്‍ വാങ്ങിക്കുട്ടാന്‍ സമയം കണ്ടെത്തും.
പിന്നെ പ്രിയം കാറുകളോടും വസ്ത്രങ്ങളോടുമാണ്. വസ്ത്രങ്ങള്‍ വാങ്ങുന്നതില്‍ പിശുക്കു കാട്ടാറില്ല. കാറുകളുടെ കാര്യത്തില്‍ അത്ര ലാവിഷ് അല്ലെന്ന് ഇവര്‍ സമ്മതിക്കുന്നു. കാരണം മറ്റൊന്നുമല്ല. ഇഷ്ടമുള്ള കാറുകള്‍ വാങ്ങാനൊരുങ്ങിയാല്‍ അത് ഒന്നില്‍ നില്‍ക്കില്ല. നിലവില്‍ ടൊയോട്ട കൊറോളയുടെ ഉടമയായ ഭാവനയുടെ സ്വപ്നം ബി.എം.ഡബ്ലുവിന്റെ എസ്.യു.വി സ്വന്തമാക്കുകയാണ്. ബെന്‍റ്‌ലി, ഓഡി എന്നീ കാര്‍ ബ്രാന്‍ഡുകളോടാണ് പിന്നെ ഏറെ ഇഷ്ടം.
പുസ്തകങ്ങള്‍ വാങ്ങാന്‍ പണം ചെലവിടുന്നതിലും ഭാവന ഒട്ടും പിശുക്ക് കാണിക്കാറില്ല. പക്ഷേ ഏതെങ്കിലുമൊരു നോവലിസ്റ്റിന്റെ ഒരുപാട് പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്ന സ്വഭാവമില്ലെന്നും താനൊരു സീരിയസ് വായനക്കാരിയല്ലെന്നും ഭാവന പറയുന്നു.
പുസ്തകങ്ങള്‍ പലപ്പോഴും സുഹൃത്തുക്കളാണ് നിര്‍ദേശിക്കാറുള്ളത്. ചേതന്‍ ഭഗതിന്‍േറയും ഖാലിദ് ഹൊസെയിനിയുടെയും നോവലുകളാണ് ഏറെ ആകര്‍ഷിച്ചവ. ചെലവിന് കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട് ഈ താരസുന്ദരി.