ബോളിവുഡ് സുന്ദരി ഐശ്വര്യ റായി ബിസിനസ്സിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. സ്വന്തം പേര് ബ്രാന്‍ഡായി ഉപയോഗിച്ചുകൊണ്ടുള്ള ആഡംബര വസ്ത്രശേഖരം ഇറക്കാനാണ് ഐശ്വര്യ പദ്ധതിയിട്ടിരിക്കുന്നത്. ഇവയുടെ വിപണനത്തിനായി രാജ്യത്തൊട്ടാകെ വസ്ത്ര റീട്ടെയില്‍ ശൃംഖല ഒരുക്കാനും ഹിന്ദി സിനിമാ പ്രേമികളുടെ സ്വന്തം 'ആഷി'ന് പ്ലാനുണ്ട്.
ജെന്നീഫര്‍ ലോപസ്, കേറ്റ് മോസ്, വിക്ടോറിയ ബെക്കാം തുടങ്ങിയ ഹോളിവുഡ് താരങ്ങളെയാണ് അപ്പാരല്‍ ബിസിനസ്സില്‍ ആഷ് മാതൃകയാക്കുന്നത്. ഇവര്‍ക്കൊക്കെ സ്വന്തം ബ്രാന്‍ഡില്‍ വസ്ത്ര ബിസിനസ്സുണ്ട്.
ബിസിനസ്സിലേക്കുള്ള ചുവടുവെയ്പ്പ് ആഷിനെ സംബന്ധിച്ചിടത്തോളം ഒരു എടുത്തുചാട്ടമല്ല. 10 വര്‍ഷത്തോളമായി ഐശ്വര്യ റായി ഇതെപ്പറ്റിയുള്ള ആലോചനയിലാണ്. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊന്നായ അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനുമായുള്ള വിവാഹത്തോടെ, ആഷ് സിനിമ വിടുമെന്നും ബിസിനസ്സിലേക്ക് ഇറങ്ങുമെന്നുമായിരുന്നു അടുത്ത സുഹൃത്തുക്കള്‍ നല്‍കിയ സൂചന. എന്നാല്‍ വിവാഹത്തിന് ശേഷവും നടി എന്ന നിലയില്‍ ആഷിന്റെ തിരക്ക് കുറഞ്ഞതേയില്ല. 2007ലായിരുന്നു ഐശ്വര്യയുടെ വിവാഹം.
സിനിമാ തിരക്കുകള്‍ കാരണമാണ് ഇതുവരെ ബിസിനസ് തുടങ്ങാനാവാത്തതെന്ന് ഒരു ചലച്ചിത്ര പ്രസിദ്ധികരണത്തോട് അവര്‍ പറഞ്ഞു.
താന്‍ ഏതൊരു കാര്യം ചെയ്താലും പൂര്‍ണമായും അതില്‍ അര്‍പ്പിക്കുന്ന ആളാണ്. അതിനാലാണ് തിരക്കുകള്‍ ഒഴിയാനായി കാത്തിരിക്കുന്നത്. എന്നാല്‍ വസ്ത്ര ബിസിനസ് എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാന്‍ 37കാരിയായ ആഷ് തയ്യാറായില്ല.
തനിക്ക് വ്യക്തമായ പദ്ധതികളും ആശയങ്ങളുമുണ്ടെന്നായിരുന്നു ബിസിനസ്സിനെക്കുറിച്ചുള്ള ചോദ്യത്തിന് അവരുടെ മറുപടി. പക്ഷെ ക്ലോത്തിങ് ലൈന്‍ ബിസിനസ് തന്നെയാണ് തന്റെ മനസ്സിലുള്ളതെന്ന് അവര്‍ പറഞ്ഞു.
അതിനിടെ, യൂറോപ്പിലെ പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളും ഇറ്റലിയിലേയും ന്യൂയോര്‍ക്കിലേയും ഡിസൈനര്‍മാരും ഐശ്വര്യയുമായി പങ്കാളിത്തത്തിനുള്ള ശ്രമത്തിലാണ് . പക്ഷെ, സ്വന്തം നിലയില്‍ ഒറ്റയ്ക്ക് ബിസിനസ് തുടങ്ങാനാണ് ഈ പഴയ ലോക സുന്ദരിക്ക് താത്പര്യം.
സിനിമയിലെന്ന പോലെ ബിസിനസ്സിലും തന്റെ ഭര്‍ത്താവ് അഭിഷേക് ബച്ചന്റെയും കുടുംബത്തിന്റെയും പിന്തുണയും പ്രോത്സാഹനവും ഒപ്പമുണ്ടാവുമെന്ന പ്രതീക്ഷയാണ് ഐശ്വര്യയ്ക്കുള്ളത്.