
റോക്ക്‌സ്റ്റാര്‍ എന്ന ആദ്യ ബോളീവുഡ് ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നായിക നര്‍ഗീസ് ഫഖ്രിക്ക് കോടികളുടെ പരസ്യ ഓഫര്‍. പ്രമുഖ റെഡിമെയ്ഡ് വസ്ത്ര ബ്രാന്‍ഡായ വാന്‍ ഹ്യൂസെന്റെ വനിതാ ശ്രേണി, ടാറ്റാ മോട്ടോഴ്‌സ്, മാരികോ പാരച്യൂട്ട് ഹെയര്‍ ഓയില്‍ എന്നിവയുടെ പരസ്യങ്ങളിലാവും നര്‍ഗീസ് പ്രത്യക്ഷപ്പെടുക. ഇതിനായുള്ള കരാര്‍ ഉടന്‍ ഒപ്പുവെയ്ക്കും.
മൂന്ന് ബ്രാന്‍ഡുകളുടെയുംകൂടി ബ്രാന്‍ഡ് അംബാസഡറാകുന്നതു വഴി ഒമ്പതു കോടി രൂപയാണ് ഈ അമേരിക്കന്‍ ഫാഷന്‍ മോഡലിന് ലഭിക്കുക. ഇതാദ്യമായാണ് ഒരു ബോളീവുഡ് നടിക്ക് ആദ്യ സിനിയോടെ തന്നെ മൂന്ന് പരസ്യക്കരാറുകള്‍ ലഭിക്കുന്നത്.
ഖ്വാന്‍ എന്ന സെലിബ്രിറ്റി മാനേജ്‌മെന്റ് സ്ഥാപനമാണ് ബോളീവുഡിലെ ഈ പുതിയ താരത്തിന്റെ പരസ്യക്കരാറുകള്‍ കൈകാര്യം ചെയ്യുന്നത്. റണ്‍ബീര്‍ കപൂറിന്റെ നായികയായാണ് നര്‍ഗീസ് റോക്ക്‌സ്റ്റാറില്‍ തിളങ്ങുന്നത്. റോക്ക്‌സ്റ്റാര്‍ വന്‍വിജയമായാല്‍ ഈ 32കാരിയുടെ പരസ്യ ഓഫറുകള്‍ ഇനിയും ഉയരുമെന്നാണ് സൂചന.
പാക് പിതാവിന്റെയും ചെക്ക് മാതാവിന്റെയും മകളായി ന്യൂയോര്‍ക്കില്‍ ജനിച്ചുവളര്‍ന്ന നര്‍ഗീസ് ഫാഷന്‍ മോഡല്‍ എന്ന നിലയില്‍ ഇതിനോടകം പേരെടുത്തിട്ടുണ്ട്. ബോളീവുഡ് താരമായതോടെ പ്രൊഫഷണല്‍ മോഡല്‍ എന്നതിനപ്പുറം മുന്‍നിര കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലേക്ക് ഉയരുകയാണ് ഈ സുന്ദരി.