പ്രവാസികള്‍ക്കായി എന്‍.ആര്‍.ഐ ക്രെഡിറ്റ് കാര്‍ഡുകള്‍

Posted on: 02 Dec 2012പ്രവാസികള്‍ക്ക് മാത്രമായി പ്രത്യേകം തയ്യാറാക്കിയ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. എന്‍.ആര്‍.ഐകള്‍ക്ക് രാജ്യത്തെ ബാങ്കിങ് സംവിധാവുമായി വിദേശത്തിരുന്നും ബന്ധം പുലര്‍ത്താവുന്ന സംവിധാനമാണ് എന്‍.ആര്‍.ഐ ക്രെഡിറ്റ് കാര്‍ഡുകള്‍. പക്ഷെ ഇതിനായി അപേക്ഷിക്കും മുമ്പ് ഇതിനെ കുറിച്ച് വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ത്യയിലും വിദേശത്തും ഒരുപോലെ ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാര്‍ഡുകളാണ്് എന്‍.ആര്‍.ഐ ക്രെഡിറ്റ് കാര്‍ഡുകള്‍. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ മടങ്ങി എത്തുന്ന അവസരങ്ങളിലും ഇന്ത്യന്‍ രൂപ ഉപയോഗിച്ചു തന്നെ ക്രയവിക്രയങ്ങള്‍ സാധിക്കും എന്നതാണ് ഈ കാര്‍ഡിന്റെ സവിശേഷത.

ഉപയോക്താവിന് ഇന്ത്യയിലുള്ള എന്‍.ആര്‍.ഒ, എന്‍.ആര്‍.ഇ, എഫ്.സി.എന്‍.ആര്‍ അക്കൗണ്ടുകളില്‍ ഏതുവേണമെങ്കിലും ഈ കാര്‍ഡിനായി ഉപയോഗിക്കാം. അതേസമയം, ചില ഇടപാടുകള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാന്‍ പാടില്ലെന്നുമുണ്ട്. ലോട്ടറി ടിക്കറ്റെടുക്കുന്നതിനും മറ്റും ഈ കാര്‍ഡ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചില ബാങ്കുകള്‍ നിഷ്‌ക്കര്‍ഷിക്കുന്ന ചട്ടം. ബാങ്കുകള്‍ക്കനുസരിച്ച് ഇതില്‍ മാറ്റവുമുണ്ട്.

ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാന്‍ അപേക്ഷകന് ഇന്ത്യയില്‍ എന്‍.ആര്‍.ഇ അല്ലെങ്കില്‍ എന്‍.ആര്‍.ഒ അക്കൗണ്ട് ഉണ്ടാവണമെന്നത് നിര്‍ബന്ധമാണ്. ക്രെഡിറ്റ് കാര്‍ഡ് ലഭിക്കണമെങ്കില്‍ ഈ അക്കൗണ്ടില്‍ ഏപ്പോഴും മിനിമം തുകയായി ഒരു സംഖ്യ ഉണ്ടായിരിക്കണമെന്നും ചില ബാങ്കുകള്‍ നിര്‍ദ്ദേശിക്കുന്നു.

ഫീസും മറ്റു ചെലവുകളും


എന്‍.ആര്‍.ഐ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോഴും സേവനത്തിന് ഫീസിനത്തിലും മറ്റും ചെലവുകളുണ്ട്. അംഗത്വ ഫീസ്, വാര്‍ഷിക ഫീസ് എന്നിങ്ങനെ ഇത് വിവിധ ബാങ്കുകളുടെ മാനദണ്ഡങ്ങള്‍ ആശ്രയിച്ചിരിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എന്‍.ആര്‍.ഇ ക്രെഡിറ്റ് കാര്‍ഡിന് അംഗത്വ ഫീസായി 1500 രൂപയാണ് നല്‍കേണ്ടത്. ഇത് കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കേണ്ട ഒറ്റതവണ ചെലവ് മാത്രമാണ്. എസ്.ബി.ഐ എന്‍.ആര്‍.ഐ ക്രെഡിറ്റ് ഉപയോഗിച്ച് വിദേശത്ത് നടത്തുന്ന ഇടപാടുകള്‍ക്ക് 2.25 ശതമാനം കസ്റ്റംസ് തീരുവയും ഇടാക്കുന്നുണ്ട്. എ.ടി.എമ്മിലൂടെ തുക പിന്‍വലിയ്ക്കുന്നതിന് 2.5 ശതമാനം ഫീസും ഇടാക്കുന്നു.

പലിശ നിരക്ക്


ക്രെഡിറ്റ് കാര്‍ഡിലൂടെ വാങ്ങുന്ന വായ്പകള്‍ക്കും പലിശ നിരക്ക് ബാങ്കുകള്‍ക്ക് അനുസരിച്ച് മാറുമെന്നത് ശ്രദ്ധിക്കണം. കോട്ടക്ക് മഹീന്ദ്ര ബാങ്ക് ഈടാക്കുന്ന പലിശ പ്രതിമാസം 3.1 ശതമാനമാണെന്ന് വെയ്ക്കുക. എസ്.ബി.ഐ ഇതേ സൗകര്യം നല്‍കുന്നതിന് ഈടാക്കുന്ന പ്രതിമാസ പലിശ 1.99 ശതമാനമാണെന്നത് മറക്കരുത്. പണം കൈപ്പറ്റിയ തീയതി അടിസ്ഥാനപ്പെടുത്തിയാണ് വായ്പയ്ക്കുള്ള പലിശ തീരുമാനിക്കുക.

ഇന്ത്യയിലുള്ള പത്ത് ലക്ഷം വിസ എടിഎമ്മുകള്‍ക്ക് പുറമെ രാജ്യത്തിന് പുറത്തുള്ള മിക്കവാറും എടിഎമ്മുകളിലും എന്‍.ആര്‍.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിന് വേണ്ട പണം മാത്രം ചെലവാവുന്നുവെന്ന രീതിയിലേക്ക് ബജറ്റ് ക്രമീകരിക്കാന്‍ സഹായിക്കുന്നതാണ് എന്‍.ആര്‍.ഐ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രത്യേകത. പെട്രോള്‍ പമ്പുകളിലും തീവണ്ടിയാത്രയ്ക്കുമെല്ലാമുള്ള ചെലവുകള്‍ക്ക് പുറമെയുണ്ടാവുന്ന അമിത ചെലവ് കുറയ്ക്കാനും എന്‍.ആര്‍.ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായിക്കുന്നു. കൂടാതെ എന്‍.ആര്‍.ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം യാത്ര ഇന്‍ഷുറന്‍സും മിക്ക ബാങ്കുകളും നല്‍കുന്നുണ്ട്. യാത്രയ്ക്കിടയില്‍ കാര്‍ഡ് നഷ്ടപ്പെട്ടുണ്ടാവുന്ന നഷ്ടമുണ്ടാവാതിരിക്കാന്‍ ഈ സൗകര്യം പരിരക്ഷ നല്‍കുന്നു.


Tags: What is NRI credit cards
»  News in this Section