രൂപ മെലിയുന്നു; പ്രവാസികള്‍ക്ക് ഇരട്ടിമധുരം

Posted on: 28 May 2012


ആര്‍.റോഷന്‍വിലയിടിവിനൊപ്പം ബാങ്കുകള്‍ പ്രവാസി നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ കൂടി ഉയര്‍ത്തിയതോടെ പ്രവാസിമലയാളികള്‍ക്ക് ഇരട്ടിമധുരം. കഴിഞ്ഞ ആഗസ്തിന് ശേഷം രൂപയുടെ മൂല്യം 25 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ഇതിന് പുറമെയാണ് എന്‍ആര്‍ഇ, എഫ്‌സിഎന്‍ആര്‍ തുടങ്ങിയ പ്രവാസി സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയത്.

ഇക്കഴിഞ്ഞ നവംബറില്‍ 3.5-3.8 ശതമാനമായിരുന്നു പ്രവാസി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്. പ്രവാസി നിക്ഷേപങ്ങളുടെ പലിശ നിശ്ചയിക്കുന്നതിലെ നിയന്ത്രണം റിസര്‍വ് ബാങ്ക് എടുത്തുകളഞ്ഞതോടെ ഇത് സാധാരണ ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുകള്‍ക്കൊപ്പമെത്തി. ചില ബാങ്കുകള്‍ ഇപ്പോള്‍ 10 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. രൂപയുടെ വിലയിടിവ് പിടിച്ചുനിര്‍ത്തുന്നതിനായി ആറ് മാസം മുമ്പാണ് റിസര്‍വ് ബാങ്ക് നിയന്ത്രണം എടുത്തുകളഞ്ഞത്.

2011 ഡിസംബറില്‍ ഒരു ലക്ഷം രൂപ ഒരു വര്‍ഷത്തേക്ക് എന്‍ആര്‍ഇ സ്ഥിരനിക്ഷേപം നടത്തിയയാളിന് 3. 82 ശതമാനം നിരക്കില്‍ 3,875 രൂപയാണ് പലിശ ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ 9. 25 ശതമാനം നിരക്കില്‍ നിക്ഷേപിക്കുമ്പോള്‍ 9, 576 രൂപ ലഭിക്കും. 5,701 രൂപയുടെ നേട്ടം. 10 ശതമാനമാണ് നിരക്കെങ്കില്‍ 10,381 രൂപ ലഭിക്കും. നേട്ടം 6,506 രൂപ.

വിദേശ കറന്‍സികളിലുള്ള സ്ഥിരനിക്ഷേപമായ എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്കും നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ഈ നിക്ഷേപങ്ങളുടെ പലിശ നിശ്ചയിക്കുന്നത് ലണ്ടന്‍ ഇന്റര്‍ബാങ്ക് വാഗ്ദാനം ചെയ്യുന്ന ലിബോര്‍ നിരക്കുകളുടെ അടിസ്ഥാനത്തിലാണ്. എഫ്‌സിഎന്‍ആര്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഈ നിരക്കിനെക്കാള്‍ 1. 25 ശതമാനം കൂടുതലായിരുന്നു നേരത്തെ പലിശ ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മൂന്ന് ശതമാനം വരെ കൂടുതല്‍ ലഭിക്കുന്നുണ്ട്. അതായത്, അമേരിക്കന്‍ ഡോളറിന്റെ അടിസ്ഥാനത്തിലുള്ള എഫ്‌സിഎന്‍ആര്‍ സ്ഥിര നിക്ഷേപത്തിന് ചില ബാങ്കുകള്‍ ഇപ്പോള്‍ നാല് ശതമാനത്തിലേറെ വരെ പലിശ നല്‍കുന്നു. എന്നാല്‍ അമേരിക്കയില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശ ഒരു ശതമാനത്തിനും താഴെയാണ്.

അതിനാല്‍, എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് പുറമെ എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളിലും വന്‍തോതില്‍ പണമൊഴുക്ക് ഉണ്ടാകുന്നുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യന്‍ പറഞ്ഞു.

രൂപയുടെ വിലയിടിവിന് പുറമെ പലിശ നിരക്കുകള്‍ കൂടി ഉയര്‍ന്നതോടെ വിദേശ ഇന്ത്യക്കാര്‍ വന്‍തോതില്‍ നാട്ടിലേക്ക് പണം അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഫെഡറല്‍ ബാങ്കിലെ അഡീഷണല്‍ ജനറല്‍ മാനേജര്‍ എ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ ഇന്ത്യയിലേക്ക് പ്രതിവര്‍ഷം അയയ്ക്കുന്ന വിദേശനാണ്യത്തിന്റെ ഏഴ് ശതമാനവും ഫെഡറല്‍ ബാങ്കിലൂടെയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

യുഎഇ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം പണമൊഴുക്കുള്ളതെന്ന് കാത്തലിക് സിറിയന്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ വി. പി. ഈശ്വര്‍ദാസ് പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കഴിഞ്ഞ റിപ്പോര്‍ട്ട് അനുസരിച്ച് 38,556 കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം. ഇത് ഇപ്പോള്‍ 50, 000 കോടി രൂപയിലെത്തിയിട്ടുണ്ടാവുമെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നേട്ടം എത്രത്തോളം?

അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും രൂപയുടെ വിലയിടിവ് നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഡോളറിന്റെ മൂല്യത്തിനനുസരിച്ച് ഗള്‍ഫ് കറന്‍സികളുടെ വിലയും ഉയര്‍ന്നതാണ് കാരണം.

എല്ലാ മാസവും 1,000 യുഎഇ ദിര്‍ഹം നാട്ടിലേക്ക് അയക്കുന്ന ഒരു വിദേശമലയാളിക്ക്, കഴിഞ്ഞ ആഗസ്ത് ഒന്നിന് 12, 000 രൂപ കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ 15,000 രൂപ ലഭിക്കും. അതായത് വെറും ആയിരം ദിര്‍ഹത്തിന്റെ മുകളില്‍ തന്നെ 3, 000 രൂപയുടെ നേട്ടം. പ്രതിമാസം 1000 ഡോളര്‍ അയയ്ക്കുന്ന അമേരിക്കന്‍ മലയാളിക്കാകട്ടെ, ആഗസ്ത് ഒന്നിന് 44, 080 രൂപയായിരുന്നു കിട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ 56, 220 രൂപ ലഭിക്കുന്നു. 12,140 രൂപയുടെ വര്‍ധന.


Tags: Weak Rupee brings cheer to NRIs
»  News in this Section