പണമയയ്ക്കാന്‍ ഇന്റര്‍നെറ്റ്-മൊബൈല്‍ ബാങ്കിങ്‌

Posted on: 28 Jul 2012ഏതുസമയത്തും എവിടെയുമിരുന്ന് സുരക്ഷിതമായി പണം അയയ്ക്കാന്‍ ഇന്ന് ഏറെ സൗകര്യപ്രദമായ മാര്‍ഗങ്ങളാണ് ഇന്റര്‍നെറ്റ് ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങ്ങും.

ഇന്റര്‍നെറ്റ് ബാങ്കിങ്


ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നതിന് സ്വന്തം അക്കൗണ്ടില്‍ ഈ സൗകര്യം പ്രവര്‍ത്തന ക്ഷമമാക്കുകയാണ് ആദ്യ പടി. അക്കൗണ്ടുള്ള ശാഖയില്‍ തന്നെ ഇതിനായി അപേക്ഷ നല്‍കാം. ബാങ്ക് നല്‍കുന്ന യൂസര്‍ നെയിമും പാസ്‌വേര്‍ഡും മറക്കാതെ ഓര്‍മിച്ചു വെയ്ക്കുകയോ കുറിച്ചു വെയ്ക്കുകയോ ചെയ്യാം. ഇന്റര്‍നെറ്റ് ജീവിതത്തിന്റെ തന്നെ ഭാഗമായ ഇക്കാലത്ത് ബില്ലടയ്ക്കാനും, ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും പണം കൈമാറാനുമൊക്കെ ഈ മാര്‍ഗത്തിലൂടെ സാധ്യമാണ്. പക്ഷെ ഇന്റര്‍നെറ്റില്‍ തട്ടിപ്പു സൈറ്റുകള്‍ വ്യാപകമാണെന്നത് മറക്കരുത്. വെബ്‌സൈറ്റ് വിലാസം കൃത്യമായി തന്നെ ടൈപ്പ് ചെയ്ത് വിളിക്കുകയാണെങ്കില്‍ വ്യാജസൈറ്റുകളില്‍ കയറാതെ രക്ഷപ്പെടാം. സെര്‍ച്ച് എഞ്ചിനുകളില്‍ തിരഞ്ഞ് ലിങ്ക് വഴി കയറുമ്പോഴാണ് പലപ്പോഴും തട്ടിപ്പ് സൈറ്റുകളില്‍ ചെന്നുപെടുക. ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ക്ക് ബാങ്കുകള്‍ നിലവില്‍ ചാര്‍ജ്ജൊന്നും ഈടാക്കുന്നില്ല.

മൊബൈല്‍ ബാങ്കിങ്


ഇന്ന് എല്ലാവരുടെയും കൈയിലും മൊബൈല്‍ഫോണുണ്ട്. മൊബൈല്‍ ബങ്കിങ് സേവനങ്ങളെ ബാങ്കിങ് രംഗത്തെ വിപ്ലവമെന്ന് വിശേഷിപ്പിക്കാം. എസ്.എം.എസ് വഴി പണം കൈമാറാമെന്നതാണ് മൊബൈല്‍ ബാങ്കിങ്ങിന്റെ പ്രധാന ആകര്‍ഷണം. അതായത് സമയമോ അയയ്ക്കുന്നയാള്‍ എവിടെയാണെന്നതോ ഒന്നും പ്രശ്‌നമല്ലെന്നര്‍ത്ഥം. ഒട്ടും സമയദൈര്‍ഘ്യമെടുക്കാതെ 5000 രൂപ വരെയുള്ള കൈമാറ്റത്തിന് ഈ മാര്‍ഗം ഉപയോഗിക്കാം. പക്ഷെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള കൈമാറ്റത്തിന് പരിധി നിശ്ചയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ട്. നേരത്തെ ഒരു ഉപഭോക്താവിന് ഒരുദിവസം ഇത്തരത്തില്‍ കൈമാറാവുന്ന പരമാവധി തുക 50,000 രൂപയായിരുന്നു. നെറ്റ് ബാങ്കിങ് സൗകര്യത്തിനായി രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം.

പണം അയയ്ക്കുന്നതിന് പുറമെ ഷോപ്പിങ്ങിനും മൊബൈല്‍ ബാങ്കിങ് സേവനം ഉപയോഗിക്കാവുന്നതാണ്. ബില്ലടയ്ക്കാനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും മൊബൈല്‍ തന്നെ ഉപയോഗിക്കാം. നിലവില്‍ മൊബൈല്‍ ബാങ്കിങ് ഉപയോഗിക്കുന്നവരിലേറെയുംനഗരങ്ങളില്‍ ഉള്ളവരാണ്.

Tags: Two ways for speedy money transaction
»  News in this Section