കാര്‍ ലോണിന് ഇനി 2.5 ലക്ഷം വാര്‍ഷിക വരുമാനം വേണം

Posted on: 25 Jan 2012ന്യൂഡല്‍ഹി: വായ്പയെടുത്ത് കാര്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടി. 2.5 ലക്ഷം രൂപയെങ്കിലും വാര്‍ഷിക വരുമാനമുള്ളവര്‍ക്കേ ഇനി വാഹന വായ്പ ലഭിക്കുകയുള്ളൂ. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വാഹന വായ്പ എടുക്കുന്നവരുടെ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയായി ഉയര്‍ത്തിയതോടെയാണിത്. അതായത്, കാര്‍ ലോണ്‍ എടുക്കാന്‍ പ്രതിമാസം 21,000 രൂപയെങ്കിലും വരുമാനം വേണം.

നിലവില്‍ ഒരു ലക്ഷം രൂപയാണ് കാര്‍ വായ്പയ്ക്കുള്ള വരുമാന പരിധി. അതായത് പ്രതിമാസം 8,300 രൂപ മതിയായിരുന്നു.

ഏഴ് വര്‍ഷം കാലാവധിയുള്ള കാര്‍ വായ്പയായിരുന്നു എസ്ബിഐ ഈയിടെയായി ഏറ്റവുമധികം നല്‍കി വന്നിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 1,765 രൂപയാണ് പ്രതിമാസ തിരിച്ചടവ് (ഇഎംഐ). തിരിച്ചടവ് ശേഷിയില്ലാത്തവരും വായ്പ എടുക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വരുമാനപരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ബാങ്ക് ഈയിടെ വാഹന വായ്പയുടെ പലിശ മുക്കാല്‍ ശതമാനം വര്‍ധിപ്പിച്ച് 12 ശതമാനമാക്കിയിരുന്നു.

എസ്ബിഐയുടെ ചുവടുപിടിച്ച് മറ്റു ബാങ്കുകളും കാര്‍ ലോണിനുള്ള വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തിയേക്കും.

Tags: SBI hikes income floor for car loans to Rs 2.5 lakh
»  News in this Section