പുതിയ ഇനം ചെക്കുകള്‍ ഏപ്രില്‍ മുതല്‍

Posted on: 15 Dec 2012മുംബൈ: ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പഴയ ഇനം ചെക്കുകള്‍ മൂന്നു മാസത്തേക്ക് കൂടി ഉപയോഗിക്കാം. 2013 ജനവരി ഒന്നിന് നടപ്പാക്കാന്‍ ഉദ്ദേശിച്ച ചെക്ക് ട്രക്ഷേഷന്‍ സംവിധാനം (സിടിഎസ്) മൂന്ന് മാസത്തേക്ക് റിസര്‍വ് ബാങ്ക് നീട്ടി. സിടിഎസ് ചെക്കുകള്‍ എന്ന് അറിയപ്പെടുന്ന പുതിയ ഇനം ചെക്കുകള്‍ ബാങ്കുകള്‍ക്ക് മുഴുവന്‍ ഇടപാടുകാരിലേക്കും എത്തിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് സമയപരിധി നീട്ടിയത്.

പഴയ ഇനം ചെക്കുകള്‍ സ്വീകരിക്കുന്നത് ജനവരി ഒന്നു മുതല്‍ അവസാനിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. ഇതെത്തുടര്‍ന്ന്, നിലവിലുള്ള നോണ്‍-സിടിഎസ് 2010 സ്റ്റാന്‍ഡേര്‍ഡ് ചെക്കുകള്‍ക്ക് പകരം ഏകീകൃത സ്വഭാവമുള്ള സിടിഎസ്-2010 ചെക്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ജനവരി ഒന്നോടെ പൂര്‍ണമായും സിടിഎസ്സിലേക്ക് മാറാന്‍ കഴിയില്ല എന്ന് ഉറപ്പായതോടെയാണ് തീയതി നീട്ടിയത്.

ചെക്ക് മുഖേനയുള്ള പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ സഹായിക്കുന്നതാണ് സിടിഎസ്. പുതിയ ചെക്ക്ബുക്ക് അതത് ബാങ്കുകളുടെ ശാഖകളില്‍ നിന്നല്ല അനുവദിക്കുന്നത്. ഓരോ ബാങ്കിന്റേയും ചെക്ക്ബുക്ക് ഇഷ്യു സെന്ററില്‍നിന്ന്് തപാല്‍ മുഖേനയാണ് വിതരണം ചെയ്യുന്നത്.

Also Read:
വരവായി....പുതിയ ചെക്കുകള്‍

Tags: RBI extends deadline for new cheque standards
»  News in this Section