നോകിയയുടെ 'മൊബൈല്‍ പണം' വരുന്നു

Posted on: 03 Aug 2011പുണെ: മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ നോകിയ, മൊബൈല്‍ പണമിടപാട് രംഗത്തേക്ക് കടക്കുന്നു. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ബില്ലുകള്‍ അടയ്ക്കാനും ഷോപ്പിങ് നടത്താനും പണം അയയ്ക്കാനുമൊക്കെയുള്ള സേവനങ്ങളാണ് നോകിയ ഇതുവഴി ലഭ്യമാക്കുന്നത്. ഇതിനായി നോകിയ മൊബൈല്‍ പേയ്‌മെന്റ്‌സ് എന്ന പേരില്‍ പുതിയ കമ്പനി രൂപവത്കരിച്ചിട്ടുണ്ട്.

പുണെ, നാസിക്, ചാണ്ഢിഗഡ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന സേവനം ഉടന്‍ തന്നെ രാജ്യവ്യാപകമായി അവതരിപ്പിക്കാനാണ് നോകിയ ഒരുങ്ങുന്നത്. യെസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചേര്‍ന്നാണ് നോകിയ പുതിയ സേവനം ഒരുക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് മൊബൈല്‍ പണമിടപാടിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. നിലവില്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍, എയര്‍സെല്‍ എന്നീ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഇത് ആരംഭിച്ചിട്ടുണ്ട്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുമായി ചേര്‍ന്നാണ് ഇവരുടെ സേവനം.

മറ്റു മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കാവുന്ന തരത്തില്‍ ഓപ്പണ്‍ ആര്‍ക്കിടെക്ചര്‍ സാങ്കേതികതയിലാണ് നോകിയ, പുതിയ സേവനം ഒരുക്കുന്നത്. അതിനാല്‍ ഈ സേവനത്തില്‍ 'നോകിയ' എന്ന ബ്രാന്‍ഡ് നാമം ഉണ്ടാവില്ല. 'മണി' എന്ന ബ്രാന്‍ഡിലാണ് സേവനം ലഭ്യമാക്കുന്നത്.

ബാങ്ക് അക്കൗണ്ടിന്റെ ആവശ്യമില്ലെന്നതാണ് നോകിയ 'മൊബൈല്‍ മണി' സേവനത്തിന്റെ ഏറ്റവും വലിയ സവിശേഷത. നിലവില്‍ മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്.

നോകിയയുടെ 'മൊബൈല്‍ മണി', ബാങ്കിങ് സേവനമല്ലെന്ന് നോകിയ പേയ്‌മെന്റ്‌സ് ജനറല്‍ മാനേജര്‍ ഗാരി സിങ് പറഞ്ഞു. ബാങ്കിങ് സേവനം എത്തിയിട്ടില്ലാത്ത ഗ്രാമീണരുടെ ഇടയില്‍ പണത്തിന് പകരമായി ഉപയോഗിക്കാവുന്ന മാര്‍ഗ്ഗമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ പ്രതാപം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നോകിയയ്ക്ക് 'മൊബൈല്‍ മണി' പുതുജീവന്‍ നല്‍കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Tags: Nokia banking on Mobile Money to regain hold
»  News in this Section