ലക്ഷ്യമറിഞ്ഞ് നിക്ഷേപിക്കാം, വായ്പയ്ക്ക് വിട

Posted on: 24 Apr 2011



സ്വര്‍ണ വില ഉയരത്തിലാണ്. നിക്ഷേപത്തിന് ഒരു തിരുത്തലിനായി കാത്തിരിക്കണോ അതോ ഇപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങണോ? ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ജീവിതത്തിനായി എത്ര തുക മാറ്റി വെയ്‌ക്കേണ്ടി വരും? ഈ രണ്ടു ചോദ്യങ്ങളും തുല്യ പ്രാധാന്യമുള്ളവയാണെങ്കിലും നിക്ഷേപം ഒരു ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നുള്ളത് കൊണ്ട് രണ്ടാമത്തെ ചോദ്യമാണ് കൂടുതല്‍ പ്രസക്തം.

ഒരു കാര്‍ വാങ്ങണം, പുതിയ വീടു വാങ്ങണം... നിങ്ങളുടെ ലക്ഷ്യം എന്തുമാകട്ടെ. ഇതിനായി നേരത്തേ നിക്ഷേപം തുടങ്ങിയാല്‍ ഉദ്ദേശിച്ച സമയത്ത് വായ്പക്കായി നെട്ടോട്ടമോടേണ്ടി വരില്ല. ദീര്‍ഘകാല നിക്ഷേപത്തോടൊപ്പം തന്നെ ലക്ഷ്യാധിഷ്ടിതമായ ഹ്രസ്വകാല നിക്ഷേപത്തിലൂടെ ജീവിതത്തെ കുറച്ചുകൂടി സുഗമമായി നേരിടാമെന്ന് ചുരുക്കം. ഏതൊരുത്പന്നം വാങ്ങാന്‍ ഉദ്ദേശിക്കുമ്പോഴും ഇതിനായി നേരത്തേ തന്നെ നിക്ഷപമാരംഭിക്കാം. നിക്ഷേപം സ്വര്‍ണത്തിലോ, ഓഹരികളിലോ, മ്യൂച്വല്‍ ഫണ്ടുകളിലോ ആകട്ടെ ലക്ഷ്യപ്രാപ്തിക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അതുകൊണ്ട് നിക്ഷേപത്തില്‍ നിന്നുള്ള റിട്ടേണിനാവണം പ്രഥമ പരിഗണന.

ലക്ഷ്യാധിഷ്ഠിത നിക്ഷേപം എങ്ങനെ?

മിക്കവര്‍ക്കും എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്നതിനെ സംബന്ധിച്ചാണ് ധാരണയില്ലാത്തത്. ഓഹരി വിപണി മൂന്നോട്ട് കുതിക്കുന്ന അവസരത്തിലാണെങ്കില്‍ ഇവര്‍ ഒരു തിരുത്തലിനായി കാത്തു നില്‍ക്കും. ചിലരാകട്ടെ റിസ്‌ക്ക് കുറഞ്ഞ മാര്‍ഗമെന്ന രീതിയില്‍ ഇനീഷ്യല്‍ പബ്ലിക്ക് ഓഫറുകള്‍ക്കായും മറ്റും കാത്തിരിക്കുകയാണ് പതിവ്. മറ്റു ചിലര്‍ മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ അന്വേഷിച്ച് ഫണ്ട് ഹൗസുകളിലുമെത്തും. ഇവയെല്ലാം നിക്ഷേപത്തിനായ നല്ല മാര്‍ഗങ്ങളാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ആസ്തി എവിടെയെങ്കിലുമൊക്കെയായി നിക്ഷേപിക്കുന്നതിന് പകരം ക്രത്യമായ ലക്ഷ്യത്തോടെ മികച്ച രിതിയില്‍ നിക്ഷേപിക്കുകയാണ് അഭികാമ്യം.

അതുകൊണ്ട് തന്നെ നിക്ഷേപത്തിന് ഒരുങ്ങുമ്പോള്‍ വിരമിച്ചതിന് ശേഷമുള്ള ജീവിതത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. മകളുടെ വിവാഹത്തിനായുള്ള തുക കണ്ടെത്തുന്നത് പോലുള്ള കാര്യങ്ങള്‍ക്കായിരിക്കണം പിന്നീടുള്ള പരിഗണന. ഈ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തിയതിന് ശേഷം മാത്രമേ രണ്ടാമത് ഒരു വീട് വാങ്ങുന്നത് പോലെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാവൂ.

ഉദാഹരണത്തിന് മകന്റെ പത്ത് വര്‍ഷത്തേക്കുള്ള പഠനാവശ്യത്തിനാണ് തുക കണ്ടെത്തേണ്ടിയിരിക്കുന്നതെന്ന് കരുതുക. ഇതിനായി ഒഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയാവും നല്ലത്. അതല്ല രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു കാര്‍ വാങ്ങുകയാണ് ആവശ്യമെന്നിരിക്കട്ടെ. എങ്കില്‍ വലിയ തോതില്‍ ഡെബ്റ്റ് ഫണ്ടുകളിലും ചുരുങ്ങിയ ശതമാനം തുക ഓഹരി അധിഷ്ഠിത മ്യുച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാം. അതേസമയം, ഇത്തരം നിക്ഷേപങ്ങളൊക്കെ നഷ്ട സാധ്യതയ്ക്ക് വിധേയമാണെന്ന് ഓര്‍ത്തിരിക്കുകയും വേണം.

നിക്ഷേപത്തിനായുള്ള ഒരുക്കം

ഇതെല്ലാം മനസ്സിലാക്കി കഴിഞ്ഞാല്‍ നിക്ഷേപത്തിനായി തയ്യാറെടുക്കാം. ജീവിതത്തിന്റെ ഏതൊക്കെ ഘട്ടങ്ങളില്‍ വലിയ തോതില്‍ പണം ചെലവിടേണ്ടി വരുമെന്നാണ് ആദ്യമായി കണക്കുകൂട്ടേണ്ടത്. പലപ്പോഴും ഇത്തരം ചെലവുകള്‍ ശമ്പളത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിയില്ലെന്നതു കൊണ്ടാണിത്. മക്കളുടെ വിദ്യാഭ്യാസം, കല്യാണം എന്നിവയ്ക്കായുള്ള ചെലവ്, വിദേശ യാത്രകള്‍ക്കായുള്ള ചെലവ്, ഒരു വീടു വാങ്ങുമ്പോഴുണ്ടാവുന്ന ചെലവുകള്‍ എന്നിവയൊക്കെ ഈ ഗണത്തില്‍പ്പെടും.

ഉദാഹരണത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കാര്‍ വാങ്ങണമെന്നതാണ് നിങ്ങളുടെ ഇന്നത്തെ ആവശ്യമെന്നിരിക്കട്ടെ. ഇന്നത്തെ വിലയനുസരിച്ച് കാറിന് 4 ലക്ഷം രൂപചെലവാകുമെന്ന് കരുതുക. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ തുകയോട് പണപ്പെരുപ്പ ഇനത്തില്‍ എത്ര തുക കൂടി കൂടുമെന്നാണ് കണക്കാക്കേണ്ടത്. ശരാശരി അഞ്ച് ശതമാനം പണപ്പെരുപ്പം കൂടി കണക്കാക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 4.63 ലക്ഷം രൂപയായിരിക്കും കാറിന് നല്‍കേണ്ടി വരിക. അപ്പോള്‍ ഈ തുകക്ക് അനുസരിച്ചുള്ള റിട്ടേണ്‍ ലഭിക്കുന്ന രീതിയില്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് പിന്നീട് ചെയ്യേണ്ടത്. ഓരോ മാസവും 11,168 രൂപ ഇതിനായി ഓഹരികളില്‍ നിക്ഷേപിച്ചെന്നിരിക്കുക. ഇതിന് 9 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ കാര്‍ വാങ്ങാനുള്ള തുക സുഖമായി കണ്ടെത്താം.

Tags: Invest with a target, say bye to loans
»  News in this Section