സുരക്ഷിതമായി വേഗത്തില്‍ പണമയക്കാം

Posted on: 21 Jun 2012പണ്ടൊക്കെ ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെങ്കില്‍ നൂലാമാലകളേറെയായിരുന്നു. ചെക്കോ, ഡി.ഡിയോ എടുത്തുള്ള കാതിരിപ്പ്. വലിയ തുകയ്ക്കുള്ള ചെക്കാണെങ്കില്‍ അക്കൗണ്ട് ഉടമ തന്നെ ബാങ്കില്‍ നേരിട്ട് ചെല്ലണമെന്ന വ്യവസ്ഥ. ഇങ്ങനെ സമയം ഒരുപാട് കളയുന്ന കാര്യങ്ങള്‍ ഏറെയായിരുന്നു. എന്നാലിന്ന് ആര്‍.ടി.ജി.എസും നെഫ്റ്റുമൊക്കെ ഞൊടിയിടയില്‍ പണം കൈമാറാനുള്ള അവസരമൊരുക്കുന്നു. പക്ഷെ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് പലപ്പോഴും ഉപഭോക്താക്കള്‍ ഈ സൗകര്യങ്ങളൊന്നും ഉപയോഗിക്കാതിരിക്കുന്നത്. എന്നാല്‍, ഒട്ടൊന്ന് ശ്രദ്ധിച്ചാല്‍ ഈ സൗകര്യങ്ങള്‍ കാര്യക്ഷമമായി തന്നെ ഉപയോഗിക്കാവുന്നതാണ്.

ആര്‍.ടി.ജി.എസ്

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് അതാണ് ആര്‍.ടി.ജി.എസിന്റെ പൂര്‍ണ രൂപം. പേര് സൂചിക്കുംപോലെ തന്നെ ഇലക്ട്രോണിക്ക് രീതയില്‍ പണം കൈമാറാന്‍ ഏറ്റവും വേഗതയേറിയ മാര്‍ഗമാണിത്. ഈ രീതിയില്‍ കൈമാറാവുന്ന മിനിമം തുക 2 ലക്ഷം രൂപയാണെന്ന് മാത്രം. 2 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള ആര്‍.ടി.ജി.എസ് ഇടപാടിന് 25 രൂപ മാത്രമാണ് ബാങ്കുകള്‍ ഈടാക്കുന്നത്. 5 ലക്ഷത്തിന് മുകളിലാണെങ്കില്‍ 50 രൂപയാണ് നിരക്ക്.

നെഫ്റ്റ്

നാഷണല്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ അഥവാ എന്‍.ഇ.എഫ്.ടി സമയപരിധിയുള്ള സംവിധാനമാണ് . തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെയും ശനിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. പക്ഷെ തിങ്കള്‍ മുതല്‍ വെള്ളി വരെ ആറ് മണിക്ക് ശേഷവും ശനിയാഴ്ചകളില്‍ ഒരു മണിയ്ക്ക് ശേഷവുമുള്ള ഇടപാടുകള്‍ തൊട്ടടുത്ത പ്രവൃത്തി ദിവസമായിരിക്കും സെറ്റില്‍ ചെയ്യുക. ഈ മാര്‍ഗം ഉപയോഗിച്ച് ചെറിയ തുകയും കൈമാറാന്‍ കഴിയും.

പണം അയക്കുന്ന വ്യക്തിയുടെ പേര്, കൈപ്പറ്റുന്ന വ്യക്തിയുടെ ബാങ്ക്, അക്കൗണ്ട് നമ്പര്‍, ബാങ്ക് ശാഖയുടെ ഐ.എഫ്.എസ്.സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം)കോഡ് എന്നിവ ആര്‍.ടി.ജി.എസിനും നെഫ്റ്റിനും ആവശ്യമാണ്.

Tags: How to transfer funds through RTGS and NEFT
»  News in this Section