സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങാം

Posted on: 21 Jul 2011


സന്ദീപ് സുധാകര്‍കൈയിലുള്ള പണം തത്ക്കാലം എവിടെയെങ്കിലും സൂക്ഷിക്കണം. എന്നാല്‍, ആവശ്യം വരുമ്പോള്‍ എടുക്കുകയും വേണം. ഇതാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് നല്ലത്. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ ഉദ്ദേശമില്ലാത്ത പണം കൈയ്യില്‍ തന്നെ സൂക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ആവശ്യമില്ലാത്ത ചെലവുകളിലൂടെയും മോഷണത്തിലൂടെയും മറ്റും ഈ പണം നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്. സേവിങ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്നപക്ഷം പലിശ കൂടി ലഭിക്കുമെന്നിരിക്കെ ഇതു തന്നെയാണ് പണം സൂക്ഷിക്കാന്‍ ഏറ്റവും എളുപ്പമാര്‍ഗം. മാത്രമല്ല ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും ഒരു ബാങ്ക് അക്കൗണ്ട് അത്യാവശ്യമാണ്.

സേവിങ്‌സ് ബാങ്ക് അക്കൗണ്ട് എടുക്കാന്‍ തീരുമാനിച്ചാല്‍ ഇതിനായി ഏറ്റവും അടുത്ത ബാങ്കിനെ തന്നെ സമീപിക്കാം. താമസിക്കുന്ന സ്ഥലത്തിനടുത്ത ബാങ്കാണെങ്കില്‍ കൂടുതല്‍ നല്ലത്. ജോലി സ്ഥലത്തിനടുത്തുള്ള ശാഖയായാലും മതി.

അക്കൗണ്ട് തുറക്കാന്‍

അക്കൗണ്ട് തുറക്കേണ്ട ബാങ്ക്് തീരുമാനിച്ചു കഴിഞ്ഞാല്‍ ബാങ്കിലെത്തി ഇതിനായുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കാം. അപേക്ഷ ഉടന്‍ ബാങ്ക് സ്വീകരിക്കുമെന്ന് കരുതരുത്. അക്കൗണ്ട് തുറക്കുന്ന വ്യക്തിയെ ബാങ്കിനെ പരിചയപ്പെടുത്താന്‍ ബാങ്കിന് വിശ്വാസമുള്ള ഒരാളുടെ ആവശ്യമുണ്ട്. അതേ ശാഖയില്‍ ആറ് മാസത്തില്‍ കൂടുതലായി അക്കൗണ്ടുള്ള ഏതെങ്കിലും ഒരു വ്യക്തിയായിരിക്കണം ഇത്. പുതയ ഉപഭോക്താവിനെ പരിചയപ്പെടുത്തേണ്ടത്. വളരെ അടുത്ത സഹപ്രവര്‍ത്തകര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ശാഖയില്‍ അക്കൗണ്ടുണ്ടെങ്കില്‍ അവരുടെ സഹായം തേടാം. എന്നാല്‍ പട്ടണങ്ങളിലും മെട്രോ നഗരങ്ങളിലുമുള്ള ശാഖകളിലാണ് അക്കൗണ്ട് തുറക്കുന്നതെങ്കില്‍ ഇങ്ങനെ ഒരാളുടെ പരിചയപ്പെടുത്തല്‍ കൂടാതെ തന്നെ അക്കൗണ്ടിനായി അപേക്ഷിക്കാം.

അപേക്ഷ നല്‍കാന്‍ പോകുന്നതിന് മുന്‍പ് മേല്‍വിലാസം തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖ കൈയില്‍ കരുതണം. പാസ്‌പോര്‍ട്ടിന്റെ കോപ്പിയോ, വോട്ടേഴ്‌സ് കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവില്‍ ഏതിന്റെയെങ്കിലും പകര്‍പ്പോ നല്‍കാം. ഉന്നത കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ കമ്പനി ഐഡന്റിറ്റി കാര്‍ഡും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും. പാസ്‌പോര്‍ട്ടിന്റെ കോപ്പിയല്ലാതെ മറ്റെന്തെങ്കിലും രേഖയാണ് നല്‍കുന്നതെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റോ, സാലറി സ്ലിപ്പോ, ഇലക്ട്രിസിറ്റി ബില്ലിന്റെയോ ടെലിഫോണ്‍ ബില്ലിന്റെയോ കോപ്പിയും കൂടി നല്‍കണം. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് തിരച്ചറിയല്‍ രേഖയായി ബാങ്കുകള്‍ സ്വീകരിക്കുകയില്ലെന്നും പ്രത്യേകം ഓര്‍ക്കണം. അതുപോലെ മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവക്കും അക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ അപേക്ഷിക്കുകയാണ് നല്ലത്. ഇനി നിലവില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കേണ്ടതുണ്ടെങ്കില്‍ ഇതിനായി പ്രത്യേകം അപേക്ഷ നല്‍കാനും സൗകര്യമുണ്ട്. ഇതിനായി പ്രത്യേക സേവന ചാര്‍ജ്ജൊന്നും ഈടാക്കുകയില്ല.

സീറോബാലന്‍സ് അക്കൗണ്ട്

മുന്‍പ് സീറോബാലന്‍സ് അക്കൗണ്ട് ലഭിക്കുകയില്ലായിരുന്നുവെങ്കിലും ചുരുങ്ങിയ പണമിടപാട് നടത്തുവരുടെ സൗകര്യാര്‍ത്ഥം ഈ സേവനം നിലവില്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഇടപാട് സംബന്ധിച്ച് ചില നിബന്ധനകളുമുണ്ട്. സ്റ്റേറ്റ് ബാങ്കിന്റെ ജനപ്രിയ സീറോ ബാലന്‍സില്‍ ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റാണ് ഒരു വര്‍ഷം അനുവദിച്ചിട്ടുള്ളത്. ബാലന്‍സ് 50000ത്തിന് മുകളില്‍ പോകാതെ നോക്കുകയും വേണം. സാധാരണ സേവിങ്‌സ് അക്കൗണ്ടില്‍ ബാലന്‍സ് തുകയുടെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണമുണ്ട്. ചെക്കുള്ള അക്കൗണ്ടില്‍ ബാലന്‍സ് 1000 രൂപക്ക് താഴെയും ചെക്കില്ലാത്തതിന് 500 രൂപക്ക് താഴെയും പോകാതെ നോക്കണം. ഇങ്ങനെ വന്നാല്‍ ഇതിന് പ്രതിമാസഅടിസ്ഥാനത്തില്‍ ബാങ്ക് പിഴ ഈടാക്കും. മിനിമം ബാലന്‍സ് ഒരോ ബാങ്കിനും വ്യത്യസ്ഥമാണ്.Tags: How to open savings bank account
»  News in this Section