ഇന്‍ഫ്ര ബോണ്ട്: നികുതി ഇളവും ആദായവും

Posted on: 13 Jan 2012


രാജ്യശ്രീ.എസ്‌മാര്‍ച്ച് അടുത്തെത്തിയതോടെ പരമാവധി നികുതി ഇളവ് ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് നികുതിദായകര്‍. അത്തരക്കാര്‍ക്ക് ഏറെ ആകര്‍ഷകമായ നിക്ഷേപമാര്‍ഗമാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍. പ്രത്യേകിച്ച് 30 ശതമാനം സ്ലാബില്‍ നികുതി നിരക്ക് ബാധകമായവര്‍ക്ക്. കാരണം 20,000 രൂപയുടെ നിക്ഷേപത്തിന് 6,180 രൂപയുടെ നികുതി ഇളവു ഉറപ്പാക്കാം. ഒപ്പം നിക്ഷേപത്തിന് 19 ശതമാനം എന്ന ആകര്‍ഷകമായ ആദായവും ഈ ബോണ്ട് നല്‍കുന്നു.

80 സി പ്രകാരം ഒരു ലക്ഷം രൂപ നിക്ഷേപത്തിനു ലഭിക്കുന്ന ഇളവിനു പുറമെയാണ് ഇന്‍ഫ്രാ ബോണ്ടിലെ നിക്ഷേപത്തിനുള്ള ഇളവ് എന്നതും ഇതിനെ ആകര്‍ഷകമാക്കുന്നു. 20,000 രൂപ വരെയുള്ള നിക്ഷേപത്തിനെ നികുതി ഇളവുള്ളൂ എന്നത് ഒരു പരിമിതിയായി തോന്നാമെങ്കിലും ഉയര്‍ന്ന സ്ലാബിലുള്ളവര്‍ക്ക് ഇതുവഴി 6000 രൂപയിലധികം ഇളവു നേടാം എന്നതാണ് ആകര്‍ഷണീയത.

ഇന്‍ഫ്ര ബോണ്ട് എന്ത്? എങ്ങനെ?

അടിസ്ഥാനസൗകര്യ വികസന മേഖലയിലെ പദ്ധതികള്‍ക്ക് പണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പൊതു, സ്വകാര്യ കമ്പനികള്‍ ഇത്തരം ബോണ്ട് ഇറക്കി വിഭവസമാഹരണം നടത്തുന്നുണ്ട്. എന്നാല്‍ വളരെ ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് ഉള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ബോണ്ട് ഇറക്കാന്‍ സെബി അനുമതി നല്‍കുകയുള്ളൂ. ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയുടെ വികസനത്തിന് ഫണ്ട് ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യം പരിഗണിച്ചാണ് കഴിഞ്ഞ ബജറ്റില്‍ ഇത്തരം ബോണ്ടുകള്‍ക്ക് ആദായനികുതി ഇളവ് വാഗ്ദാനം ചെയ്തത്.

10 വര്‍ഷം, 15 വര്‍ഷം എന്നിങ്ങനെ രണ്ടു കാലാവധിയിലാകും ബോണ്ടുകള്‍ ലഭ്യമാകുക. എട്ടു മുതല്‍ 9.5 ശതമാനം വരെ നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നവയാണ് ഇവ. പബ്ലിക് ഇഷ്യു സമയത്ത് ഈ ബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് മുഖവിലയ്ക്ക് ലഭ്യമാകും. ദീര്‍ഘമായ കാലവധിയിലുള്ളവയാണെങ്കിലും നിശ്ചിത സമയത്തിനു ശേഷം കമ്പനി തന്നെ ബോണ്ടുകള്‍ തിരിച്ചു വാങ്ങും. 10 വര്‍ഷ ബോണ്ടില്‍ അഞ്ചു വര്‍ഷത്തിനു ശേഷവും 15 വര്‍ഷ ബോണ്ടില്‍ ഏഴു വര്‍ഷത്തിനു ശേഷവുമായിരിക്കും ഈ ബൈ ബാക്ക് ഓഫര്‍. മാത്രമല്ല അഞ്ചു വര്‍ഷം എന്ന ലോക്-ഇന്‍-പിരീഡ് കഴിഞ്ഞാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്യുമെന്നതിനാല്‍ അവശ്യസമയത്ത് വിറ്റ് പണമാക്കാനും അവസരമുണ്ട്. പലിശ വാര്‍ഷികമായി കൈപ്പറ്റാം. അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശയടക്കം മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങുകയുമാകാം.

ഒരു ബോണ്ടിന്റെ മുഖവില 1000 രൂപയോ 5000 രൂപയോ ആയിരിക്കും. കുറഞ്ഞ നിക്ഷേപം 5000 രൂപയും. ബോണ്ടില്‍ പരമാവധി നിക്ഷേപത്തിനു പരിധിയില്ലെങ്കിലും 20,000 രൂപ വരെയേ ആദായനികുതി ഇളവു ലഭിക്കൂ.
ഡീമാറ്റ് രൂപത്തിലോ പേപ്പര്‍ രൂപത്തിലോ നിക്ഷേപം നടത്താം. ബോണ്ട് ഇഷ്യു ചെയ്യുന്ന കമ്പനി വഴി നേരിട്ടോ ഓണ്‍ലൈനായോ നിക്ഷേപം സാധ്യമാണ്. വിവിധ ബാങ്കുകളും ഏജന്റുമാരും ഇത്തരം ബോണ്ടുകള്‍ വില്‍ക്കുന്നുണ്ട്.

പലിശ നിരക്ക്, ഇഷ്യു ചെയ്യുന്ന കമ്പനിയുടെ ക്രെഡിറ്റ് റേറ്റിങ് എന്നിവ വിലയിരുത്തി നിക്ഷേപം നടത്തിയാല്‍ സുരക്ഷയും ഉയര്‍ന്ന നേട്ടവും ഉറപ്പാക്കാന്‍ കഴിയുന്നവയാണ് ഇന്‍ഫ്രാ ബോണ്ടുകള്‍ എന്നതിനാല്‍ നികുതി ഇളവ് ആവശ്യമില്ലാത്തവര്‍ക്കും ആകര്‍ഷകമാണ് ഇവ.

ഉയര്‍ന്ന സുരക്ഷ, മികച്ച നേട്ടം

ആദായനികുതി ഇളവു ലഭിക്കുന്ന മറ്റ് നിക്ഷേപപദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഫ്രാ ബോണ്ടുകള്‍ക്ക് ഒട്ടേറെ മേന്മകളുണ്ട്. നികുതി ഇളവിനു ശേഷം 19 ശതമാനം വാര്‍ഷിക നേട്ടം നല്‍കുന്ന ഈ ബോണ്ടുകള്‍ ഏറ്റവും സുരക്ഷിതമാണ് എന്നതാണ് അതില്‍ എടുത്തു പറയേണ്ടത്. ഉയര്‍ന്ന നേട്ടത്തിനു സാധ്യതയുള്ളതും ഇളവു ലഭിക്കുന്നതുമായ പദ്ധതികളാണ് മ്യൂച്വല്‍ ഫണ്ട്, യുലിപ് എന്നിവ. പക്ഷേ ഇവയില്‍ ആദായത്തിനു മാത്രമല്ല നിക്ഷേപത്തുകയ്ക്ക് പോലും റിസ്‌ക്കുണ്ട്. അതേസമയം ഇന്‍ഫ്രാ ബോണ്ടുകളില്‍ മൂലധനത്തിന് പൂര്‍ണ ഗ്യാരന്റിയുണ്ട്. ആദായത്തിനും റിസ്‌ക് ഇല്ലെന്നു തന്നെ പറയാം. കാരണം ഏറ്റവും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് ഉള്ള കമ്പനികള്‍ക്കേ ബോണ്ട് ഇഷ്യു ചെയ്യാന്‍ അനുവാദം ലഭിക്കൂ.

ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. അതിനാല്‍ പലിശയ്ക്കും നികുതിയിളവുള്ള പിപിഎഫ് പോലുള്ള പദ്ധതികളുമായി താരതമ്യം ചെയ്തു വേണം നിക്ഷേപം നടത്താന്‍. പക്ഷേ ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശയ്ക്കും നികുതി ബാധകമാണെന്നോര്‍ക്കണം. നിലവില്‍ ബാങ്ക് പലിശ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇളവിനായി അത്തരം നിക്ഷേപം ആയിരിക്കും കൂടുതല്‍ പേരും പരിഗണിക്കുക. എന്നാല്‍ ബാങ്ക്, പിപിഎഫ് നിക്ഷേപങ്ങള്‍ 80 സി പ്രകാരമുള്ള ഒരു ലക്ഷത്തില്‍ പെടുമ്പോള്‍ ബോണ്ടിലെ 20,000 രൂപ അതില്‍ പെടില്ലെന്നതു കൂടി ഇവിടെ ഓര്‍മിക്കണം.

19 ശതമാനം നേട്ടം?

ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ബോണ്ടുകള്‍ പരമാവധി വാഗ്ദാനം ചെയ്യുന്നത് 9.16 ശതമാനം മാത്രമാണ്. പക്ഷേ ലഭിക്കുന്ന നേട്ടം 19 ശതമാനം വരെയാണെന്നാണ് ഏജന്റുമാര്‍ അവകാശപ്പെടുന്നത്. ഇതെങ്ങനെ?
30 ശതമാനം എന്ന ഉയര്‍ന്ന ടാക്‌സ് ബ്രാക്കറ്റിലുള്ളവര്‍ക്കാണ് ഈ ഉയര്‍ന്ന നേട്ടം ലഭിക്കുക. അതായത് 20,000 രൂപ നിക്ഷേപിക്കുമ്പോള്‍ 6,180 രൂപയുടെ നികുതി ഇളവ് ലഭിക്കും. അതായത് യഥാര്‍ത്ഥ നിക്ഷേപം 13,820 രൂപ മാത്രം. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ നിക്ഷേപത്തിനും 9.16 ശതമാനം നിരക്കില്‍ പലിശ ലഭിക്കുമെന്നതിനാല്‍ നേട്ടം 19 ശതമാനത്തോളം വരും.

Also Read:
തിരഞ്ഞെടുക്കാം മികച്ച ഇന്‍ഫ്ര ബോണ്ട്

Tags: How to invest in Infrastructure Bonds to save tax
»  News in this Section