സമ്പൂര്‍ണ ബാങ്കിങ് @ എറണാകുളം

Posted on: 06 Nov 2012


ആര്‍ .റോഷന്‍



മെട്രോ നഗരമാകാന്‍ വെമ്പല്‍കൊള്ളുന്ന കൊച്ചിയുടെ നെറുകയില്‍ മറ്റൊരു പൊന്‍തൂവല്‍. എല്ലാ കുടുംബങ്ങളിലും ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന അപൂര്‍വ നേട്ടത്തിനരികെയാണ് എറണാകുളം ജില്ല. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ജില്ലയായി മാറാന്‍ പോകുകയാണ് എറണാകുളം.

അര്‍ത്ഥപൂര്‍ണമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (Meaningful Financial Inclusion) സാധ്യമായ രാജ്യത്തെ പ്രഥമ ജില്ലയായി എറണാകുളം മാറുന്നതു സംബന്ധിച്ച പ്രഖ്യാപനം നവംബര്‍ 22ന് കൊച്ചിയില്‍ നടക്കുമെന്ന് ലീഡ് ഡിസ്ട്രിക് മാനേജര്‍ കെ.ആര്‍.ജയപ്രകാശ് 'മാതൃഭൂമി'യോട് പറഞ്ഞു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവു, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (ആധാര്‍) ചെയര്‍മാന്‍ നന്ദന്‍ നിലേകനി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ.എം.മാണി, വിവിധ ബാങ്കുകളുടെ മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

2011 മാര്‍ച്ച് 22ന് എറണാകുളം ജില്ലയിലെ വേങ്ങൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവാണ് അര്‍ത്ഥപൂര്‍ണമായ സാമ്പത്തിക ഉള്‍പ്പെടുത്തലിന് ഇന്ത്യയില്‍ ഏറ്റവുമധികം സാധ്യത എറണാകുളത്തിനാണെന്ന് അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍, റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലയിലെ ലീഡ് ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സര്‍വേ സംഘടിപ്പിച്ചു. കൊച്ചി കോര്‍പ്പറേഷനിലും 11 മുനിസിപ്പാലിറ്റികളിലും 84 പഞ്ചായത്തുകളിലുമായി ആറു ലക്ഷത്തിലേറെ കുടുംബങ്ങളെ പങ്കെടുപ്പിച്ചുനടത്തിയ സര്‍വേ യൂണിയന്‍ ബാങ്കിന് വേണ്ടി കുടുംബശ്രീയാണ് നിര്‍വഹിച്ചത്. അഞ്ചു ശതമാനത്തോളം വീടുകളില്‍ ഒരാള്‍ക്കു പോലും ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് സര്‍വേയില്‍ കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ബോധവത്കരണ പരിപാടികളെത്തുടര്‍ന്ന് 1.23 ലക്ഷം പേര്‍ ബാങ്ക്അക്കൗണ്ട് തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഇതില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ഇതിനോടകം അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞു. ശേഷിച്ചവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അക്കൗണ്ട് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കുകളിലെ പൂജ്യം ബാലന്‍സ് അക്കൗണ്ടുകള്‍ കൂടുതല്‍ പേരെ അക്കൗണ്ട് തുടങ്ങാന്‍ സഹായിച്ചു.

നിലവില്‍ ഒമ്പതു ലക്ഷത്തോളം ബാങ്ക് അക്കൗണ്ടുകളാണ് ജില്ലയിലുള്ളത്. ഇതില്‍ ഒരാളുടെ പേരില്‍ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകളും ഒരു വീട്ടില്‍ ഒന്നിലേറെ പേര്‍ക്ക് അക്കൗണ്ടുള്ളതും ഉള്‍പ്പെടും. ഗ്രാമീണ മേഖലയില്‍ 6.73 ലക്ഷം ബാങ്ക് അക്കൗണ്ടാണ് ഉള്ളത്. ഇതില്‍ 4.03 ലക്ഷവും പുരുഷന്മാരുടെ പേരിലാണ്. 2.70 ലക്ഷം സ്ത്രീകളുടെ പേരിലും. മുനിസിപ്പാലിറ്റി മേഖലയില്‍ മൊത്തം ബാങ്ക് അക്കൗണ്ട് 1.26 ലക്ഷം (പുരുഷന്മാര്‍: 79,608, സ്ത്രീകള്‍: 46,648), കൊച്ചി കോര്‍പ്പറേഷനില്‍ മൊത്തം ബാങ്ക് അക്കൗണ്ട് 1,00,947 (പുരുഷന്മാര്‍: 65,147, സ്ത്രീകള്‍: 35,800).

എല്ലാ വില്ലേജിലും ബാങ്ക്ശാഖകളുള്ള ജില്ല എന്ന അപൂര്‍വ നേട്ടം കൂടി എറണാകുളത്തിന് ഈ മാസം സ്വന്തമാകും. കടമക്കുടി, വേങ്ങൂര്‍ വെസ്റ്റ്, കോതമംഗലത്തിനടുത്തുള്ള എരമല്ലൂര്‍ എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ബാങ്ക് ശാഖകള്‍ ഇല്ലാതിരുന്നത്. ഇതില്‍ വേങ്ങൂരില്‍ യൂണിയന്‍ ബാങ്കും ഫെഡറല്‍ ബാങ്കും ഓരോ ശാഖ വീതം തുറന്നുകഴിഞ്ഞു. കടമക്കുടി വില്ലേജിലെ പിഴലയില്‍ യൂണിയന്‍ ബാങ്ക് അതിസൂക്ഷ്മ ശാഖ തുറന്നിട്ടുണ്ട്. എരമല്ലൂരില്‍ 22ഓടെ തന്നെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) ശാഖ തുറക്കും.

നിലവില്‍ 43 ബാങ്കുകള്‍ക്ക് (വിദേശ ബാങ്കുകള്‍ ഉള്‍പ്പെടാതെ) സാന്നിധ്യമുള്ള ജില്ലയില്‍ 850 ബാങ്ക് ശാഖകളും ആയിരത്തിനടുത്ത് എടിഎമ്മുകളുമാണ് ഉള്ളത്. സഹകരണ ബാങ്കുകളുടെ സാന്നിധ്യവും ശക്തമാണ്.

ബാങ്കിങ് സേവനമെത്താത്ത വീടുകളില്‍, ബാങ്ക് അക്കൗണ്ടിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന്‍ റിസര്‍വ് ബാങ്കും ലീഡ് ബാങ്കായ യൂണിയന്‍ ബാങ്കും മറ്റു ബാങ്കുകളും നടത്തുന്ന ശ്രമങ്ങള്‍ക്ക് ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ശക്തമായ പിന്തുണയുണ്ടെന്ന് റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ.ഡി.ജോസഫ് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂര്‍, വാത്തുരുത്തി പ്രദേശങ്ങളില്‍ അവരുടെ ഭാഷയില്‍ തന്നെ ബോധവത്കരണം നടത്തുന്നുണ്ട്. ഇതിനിടെ, നിര്‍ജീവമായ ബാങ്ക് അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും വിജയകരമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ടിലൂടെ

സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇടനിലക്കാരുടെ ചൂഷണവും തട്ടിപ്പും ഒഴിവാക്കുന്നതിനാണ് ഇത്. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡി തുകകള്‍ ബാങ്ക് അക്കൗണ്ടിലൂടെ ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പെന്‍ഷന്‍, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആനുകൂല്യങ്ങള്‍ എന്നിവയും ബാങ്ക്അക്കൗണ്ടിലൂടെ നേരിട്ട് എത്തിക്കാനാണ് പദ്ധതി. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചായിരിക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക. ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പേയ്‌മെന്റുകളായാണ് തുക അക്കൗണ്ടില്‍ ലഭ്യമാക്കുക.

അതിനാല്‍ കുടുംബത്തിലെ ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൗണ്ട് വേണമെന്നത് അനിവാര്യമായിരിക്കുകയാണ്. അനായാസം കൃത്യതയോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നത് ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായകരമാകും. അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് ബാങ്കുകളും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) യും തമ്മില്‍ ധാരണയായിട്ടുണ്ട്. ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നതിന് ബാങ്കുകള്‍ അവസരമൊരുക്കിയിട്ടുണ്ട്.

ബ്ലേഡുകാരില്‍ നിന്ന് മോചനം

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചവര്‍ക്ക് ചെറുകിട വായ്പകള്‍ ലഭ്യമാക്കാന്‍ ലീഡ് ബാങ്കായ യൂണിയന്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്. അക്കൗണ്ടുകള്‍ തൃപ്തികരമായി ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഇത് ലഭ്യമാക്കുക. കൊള്ളപലിശയില്‍ നിന്നും കടക്കെണിയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ലീഡ് ഡിസ്ട്രിക് മാനേജര്‍ കെ.ആര്‍.ജയപ്രകാശ് പറഞ്ഞു.

ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരം ലീഡ് ബാങ്ക് നടത്തിയ സര്‍വേ പ്രകാരം ഗ്രാമീണ മേഖലയില്‍ 22,039 പേരും മുനിസിപ്പാലിറ്റികളില്‍ 5,342 പേരും കൊച്ചി കോര്‍പ്പറേഷനില്‍ 3,422 പേരും അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍/ വ്യക്തികളില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്.

ചെറുകിട വായ്പകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, പൂജ്യം-ബാലന്‍സ് അക്കൗണ്ട് ഉടമകള്‍ക്ക് ഉള്‍പ്പെടെ, ചെറിയ ആവശ്യങ്ങള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റായി ചില ബാങ്കുകള്‍ പണം കടംകൊടുക്കും. ചില ബാങ്കുകള്‍ 50,000 രൂപ വരെ വായ്പ നല്‍കും. കുടിശ്ശിക വരുത്താത്ത അക്കൗണ്ട് ഉടമകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡും കുടിശ്ശിക വരുത്താത്ത കര്‍ഷകര്‍ക്ക് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡും നല്‍കുന്നുണ്ട്.

ഇന്‍ഷുറന്‍സ് സംരക്ഷണം

അര്‍ത്ഥപൂര്‍ണമായ സാമ്പത്തിക ഉള്‍പ്പെടുത്തലിലൂടെ ചെറുകിട ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നീ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന, ചെറിയ പ്രീമിയം മാത്രം ഈടാക്കുന്ന പദ്ധതികള്‍ ഈ സ്ഥാപനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബാങ്ക്ശാഖകളിലൂടെതന്നെ ഈ പദ്ധതികളില്‍ ചേരാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങി എല്ലായിനം ഇന്‍ഷുറന്‍സ് പരിരക്ഷയും ഇത്തരത്തില്‍ ലഭ്യമാണ്.

എറണാകുളം ജില്ലയില്‍ നിലവില്‍ ഗ്രാമീണ മേഖലയില്‍ 4.92 ലക്ഷം പേര്‍ക്കും മുനിസിപ്പാലിറ്റികളില്‍ 84,000 പേര്‍ക്കും കൊച്ചി കോര്‍പ്പറേഷനില്‍ 57,000 പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.

ബാങ്കുകള്‍ ഇന്ന് ഫിനാന്‍ഷ്യല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍

നിക്ഷേപം നടത്താനും വായ്പയെടുക്കാനും മാത്രമുള്ള ഇടമല്ല ഇന്ന് ബാങ്കുകള്‍. മ്യൂച്വല്‍ ഫണ്ട് വിതരണം, ഇന്‍ഷുറന്‍സ് വിതരണം, സ്വര്‍ണനാണയങ്ങളുടെ വില്‍പന എന്നിവയും ബാങ്കുകള്‍ ഇപ്പോള്‍ നിര്‍വഹിക്കുന്നുണ്ട്. ഓഹരി വ്യാപാരത്തിന് ആവശ്യമായ ഡീമാറ്റ് അക്കൗണ്ടുകളും ബാങ്കുകളിലൂടെ ലഭ്യമാണ്. മണി റെമിറ്റന്‍സ് സംവിധാനവും മിക്ക ബാങ്കുകളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഫോമുകളും ഇപ്പോള്‍ ബാങ്കുകളിലൂടെ ലഭ്യമാണ്.

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍

ബാങ്ക് അക്കൗണ്ട് തുടങ്ങുക എന്നത് ഇന്ന് വളരെ ലളിതമാണ്. മിക്ക ബാങ്കുകളും ഇപ്പോള്‍ പൂജ്യം ബാലന്‍സ് അക്കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഒരു രൂപ പോലും ചിലവില്ലാതെ തന്നെ ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. നോ യുവര്‍ ക്ലയന്റ് (കെവൈസി) ഫോം പൂരിപ്പിച്ചുനല്‍കണം. ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്, വിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ ആവശ്യമാണ്. 10 വയസ്സിന് മുകളില്‍ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന കുട്ടികള്‍ക്കും സ്വന്തം നിലയില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാം.

Tags: Ernakulam to be first district with meaningful financial inclusion
»  News in this Section
ഗ്രാം2645.00
പവന്‍21160.00
വെള്ളി
ഗ്രാം47.00