ജൂലായ് ഒന്നുമുതല്‍ പൊതുമേഖലാ ബാങ്കുകളില്‍ ഇ-പേയ്‌മെന്റ്‌

Posted on: 28 Jun 2012ന്യൂഡല്‍ഹി: ജൂലായ് ഒന്ന് മുതല്‍ പൊതുമേഖലാ ബാങ്കുകള്‍ നിര്‍ബന്ധമായും ഇ-പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടു. സാമ്പത്തികമാന്ദ്യത്തിനിടെ ചെലവുചുരക്കല്‍ നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്.

ഇടപാടുകാര്‍ക്ക് ചെക്കായി പണം നല്‍കുന്നതിന് പകരം ഇലക്ട്രോണിക് സംവിധാനത്തിലൂടെ പണം കൈമാറണമെന്നാണ് പൊതുമേഖലാ ബാങ്ക് ചെയര്‍മാന്മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ബാങ്കിന്റെ ഇടപാടുകാര്‍, ജീവനക്കാര്‍, വെണ്ടര്‍മാര്‍, സപ്ലൈയര്‍മാര്‍ എന്നിവര്‍ക്ക് പണം നല്‍കുമ്പോള്‍ അത് ചെക്കായി നല്‍കുന്നതിന് പകരം ഇലക്ട്രോണിക് രൂപത്തില്‍ കൈമാറേണ്ടതാണ്. വായ്പകള്‍ വിതരണം ചെയ്യുന്നതും ഇത്തരത്തിലായിരിക്കണം. ഇടപാടുകാര്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോഴും അവരുടെ അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് രൂപത്തില്‍ പണം നല്‍കണം.

ചെക്കുകള്‍ കൈകാര്യം ചെയ്യുന്ന വകയില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് പ്രതിവര്‍ഷം 4,000-8,000 കോടി രൂപ ചെലവുവരുന്നുണ്ട്. ഒരു ചെക്ക് കൈകാര്യം ചെയ്യുമ്പോള്‍ 25 രൂപ മുതല്‍ 40 രൂപ വരെ ചെലവുണ്ടാകുന്നു. ചെക്കിന്റെ അച്ചടി, സ്റ്റോറേജ്, ആവശ്യം കഴിഞ്ഞ് നശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ചെലവാണിത്.

ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി ബാങ്കുകള്‍ വന്‍തുക മുതല്‍മുടക്കിയിട്ടുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

പൊതുമേഖലാ ബാങ്കുകള്‍ക്ക് പുറമെ ഗ്രാമീണ ബാങ്കുകളും ഇത്തരത്തിലേക്ക് മാറണം.

Tags: e-Payment must for public sector banks from July 1
»  News in this Section