ക്രെഡിറ്റ് കാര്‍ഡ് ഇരട്ടി ഭാരമാകാം

Posted on: 04 Apr 2011


സന്ദീപ് സുധാകര്‍



സാമ്പത്തിക രംഗത്ത് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിപ്ലവമാണ് കാര്‍ഡ് ഉപയോഗിച്ചുള്ള പണവിനിമയം. കൈയ്യില്‍ കാശില്ലാത്ത അവസരത്തിലും കേവലം ഒരു പ്ലാസ്റ്റിക്ക് കാര്‍ഡ് ഉപയോഗിച്ച് മുന്നോട്ട് പോവാമെന്നതാണ് ഏവരെയും കാര്‍ഡുകളിലേക്ക് ആകര്‍ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഐ.ടി രംഗത്തടക്കം രാജ്യത്ത് നല്ല വരുമാനമുള്ള ഏല്ലാ വിഭാഗം ജീവനക്കാരിലും കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അതേസമയം, ക്രഡിറ്റ് കാര്‍ഡ് നമ്മുടെ അവശ്യങ്ങളെ പെരുപ്പിച്ച് കാണിക്കുകയാണോ എന്നതാണ് ചിന്തിക്കേണ്ട വസ്തുത.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയത്തിന് നല്‍കേണ്ട പലിശ നിരക്കിനെക്കുറിച്ച് ആരും കാര്യമായി ചിന്തിക്കാറില്ല. എന്നാല്‍, വിപണിയില്‍ നിലവില്‍ ലഭ്യമായിട്ടുള്ള വായ്പകളില്‍ ഏറ്റവും അധികം പലിശ ഈടാക്കുന്ന ഇടപാടുകളിലൊന്നാണ് കാര്‍ഡ് ഉപയോഗിച്ചുള്ള പണവിനിമയം. പ്രതിമാസം രണ്ടര മുതല്‍ മൂന്ന് ശതമാനം വരെ പലിശ നിരക്കായിരിക്കും കമ്പനികള്‍ വാഗ്ധാനം ചെയ്യുക. എന്നാല്‍ ഇത് പ്രതിവര്‍ഷം 30-36 ശതമാനത്തിലെത്തുമ്പോള്‍ കൈപൊള്ളും.

സമയത്ത് കാശ് തിരിച്ചടച്ചില്ലെങ്കിലോ. ആകെ പുലിവാലാവും. ലേറ്റ് പേമന്റ് ഫീസായി നല്ലൊരു തുക വേറെയും ചിലവിടേണ്ടി വരും അക്കൗണ്ട് തുടങ്ങുമ്പോള്‍ കമ്പനിയുടെ നിബന്ധനകള്‍ ശ്രദ്ധിച്ചു വായിച്ചു നോക്കുക മാത്രമാണ് ഇത്തരത്തിലുള്ള നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം. അതുകൊണ്ട് തന്നെ കടബാധ്യതയില്‍പ്പെട്ടുഴലുന്ന നിക്ഷേപനോട് കാര്‍ഡ് ഉപയോഗിച്ചുണ്ടായ ബാധ്യതകളില്‍ നിന്ന് ആദ്യം രക്ഷനേടാനാണ് പല സാമ്പത്തക സേവന കമ്പനികളും നിര്‍ദ്ദേശിക്കാറ്.

വളരെ ചെറിയ തുക വീതം തിരിച്ചടച്ചാല്‍ മതിയെന്നതടക്കം ഒട്ടേറെ ആകര്‍ഷകമായ ഓഫറുകളും കാര്‍ഡ് കമ്പനികള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്ന അവസരത്തില്‍ ബാക്കിയുള്ള തുക വരും മാസങ്ങളിലേക്ക് കുമിഞ്ഞ് കൂടുകയാണെന്ന് മനസ്സിലാക്കുന്നതില്‍ ഉപഭോക്താക്കള്‍ പലപ്പോഴും പരാജയപ്പെടുന്നു. പലിശയടക്കം കടം കുന്നുകൂടുമ്പോള്‍ ആഴമറിയാത്ത കടക്കയത്തിലേക്കായിരിക്കും ഇവര്‍ വീഴുക.

ഇതുകൊണ്ട് തന്നെ ഉത്പന്നങ്ങള്‍ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്ന അവസരത്തില്‍ ഇതിനായി എത്ര പലിശ നല്‍കേണ്ടി വരുമെന്നും ഇത് സ്വന്തം ബജറ്റില്‍ ഒതുങ്ങുമോയെന്നുമാണ് ആദ്യം മനസ്സിലാക്കേണ്ടത്.

എന്നാല്‍, സൂക്ഷിച്ചുപയോഗിച്ചാല്‍ ഈ പ്രശനങ്ങളൊന്നും തന്നെ തലവേദനയാവില്ലെന്നാണ് ഉപഭോക്താക്കളില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ഒരു മാസത്തെ ഇടവേളയില്‍ ക്രഡിറ്റ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങാമെന്നത് വലിയ സൗകര്യം തന്നെയാണെന്ന് ജി.ടി.എന്‍ ടെക്‌സറ്റൈല്‍ ഇന്‍ഡസ്ട്രിയുടെ കൊച്ചി വിഭാഗം ഡെപ്യൂട്ടി മാനേജര്‍ ഷാഹിദ് പറയുന്നു.

കാര്‍ഡ് ഉപയോഗിച്ച് രണ്ട് തവണ തുടരെ കടം വാങ്ങുമ്പോഴാണ് ഉപഭോക്താക്കള്‍ ഏറെ ശ്രദ്ധിക്കേണ്ടത്. ആദ്യം വാങ്ങിയ തുകയുടെ ബാധ്യത തീര്‍ക്കാത്ത പക്ഷം രണ്ടാമത് വാങ്ങുന്ന തുകയ്ക്ക് ഫ്രീ ക്രെഡിറ്റ് പിരീയഡ് ഉണ്ടാവില്ലെന്നതാണ് വസ്തുത. പലപ്പോഴും ഇത് മനസ്സിലാക്കാതെ കടക്കെണിയില്‍ വീഴുന്നവരാണ് പലരും. എന്നാല്‍, വളരെ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമായി ഉപയോഗം ചുരക്കിയാല്‍ വളരെ ഉപകാരപ്രധമായ സേവനമാണിത്.

ക്രഡിറ്റ് കാര്‍ഡ് ഉപകാരമാവുമ്പോള്‍ തന്നെ കാര്‍ഡ് ലഭിക്കാന്‍ കടമ്പകളേറെയുണ്ടെന്നതും ഉപഭോക്താക്കള്‍ മനസ്സിലാക്കിയിരിക്കണം. ഉപഭോക്താക്കളുടെ ക്രഡിറ്റ് റേറ്റിങ് അവലോകനം ചെയ്തതിന് ശേഷം മാത്രമേ കമ്പനികള്‍ കാര്‍ഡ് നല്‍കൂ. ശമ്പളത്തിന്റെ പത്തിരട്ടി വരെയാണ് കാര്‍ഡ് ഉപയോഗിച്ച് ലഭിക്കാവുന്ന വായ്പ. കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ കമ്പനികള്‍ നല്‍കുന്ന ഫ്രീ ക്രെഡിറ്റ് പിരീയഡില്‍ പലിശയൊന്നും നല്‍കേണ്ടതില്ലെന്നതാണ് ഈ സേവനത്തിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ ഒരോ ഇടപാടുകള്‍ക്കും പോയിന്റുകള്‍ നല്‍കി പിന്നീട് ഈ പോയിന്റുകള്‍ക്കനുസരിച്ച് പണം നല്‍കുന്ന പദ്ധതികളും കാര്‍ഡ് കമ്പനികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയൊക്കെ ലഭിക്കുമ്പോള്‍ പലപ്പോഴും കൈവിട്ടു ചിലവാക്കുന്ന സ്വഭാവമാണ് ഉപഭോക്താക്കളെ വെട്ടിലാക്കുന്നത്.



Tags: Credit card needs to be used responsibly
»  News in this Section