തിരഞ്ഞെടുക്കാം മികച്ച ഇന്‍ഫ്ര ബോണ്ട്‌

Posted on: 13 Jan 2012ഏതാനും ദിവസങ്ങള്‍ക്കകം ക്ലോസ് ചെയ്യുന്ന ഐഎഫ്‌സിഐ ഫണ്ട് അടക്കം ആറ് ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ നിന്ന് ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന സംശയത്തിലാണ് ആദായനികുതി ഇളവു ലക്ഷ്യം വെയ്ക്കുന്ന നിക്ഷേപകര്‍.

എല്ലാ പദ്ധതിയിലുമുള്ള നിക്ഷേപത്തിനു ലഭിക്കുന്ന നികുതി ഇളവു തുല്യമാണ്. എന്നാല്‍ നിക്ഷേപം ദീര്‍ഘകാലത്തേയ്ക്കാണെന്നതിനാല്‍ ഏറ്റവും ഉയര്‍ന്ന നേട്ടവും സുരക്ഷിതത്വവും അടിസ്ഥാനമാക്കി വേണം ഫണ്ട് തിരഞ്ഞെടുക്കാന്‍. ഇതിനായി ഓരോ ഫണ്ടിനെ കുറിച്ചുമുള്ള വിവരങ്ങള്‍ ശരിയായി മനസിലാക്കി താരതമ്യം ചെയ്യണം.

പലിശ നിരക്ക്, കാലയളവ്, ലോക്- ഇന്‍-പിരീഡ്, ബൈ ബാക്ക് ഓഫര്‍, ഇഷ്യു ചെയ്യുന്ന കമ്പനിയുടെ ക്രെഡിറ്റ് റേറ്റിങ് എന്നിവയാണ് ഇവിടെ പ്രസക്തമായ ഘടകങ്ങള്‍. ഈ വിവരങ്ങളെല്ലാം ബോണ്ടിന്റെ പ്രോസ്‌പെക്ടസില്‍ ലഭ്യമായിരിക്കും.

കെയര്‍, ക്രിസില്‍, ഇക്ര, ഫിച്ച് എന്നിവയടക്കമുള്ള പ്രമുഖ ക്രെഡിറ്റ് റേറ്റിങ് സ്ഥാപനങ്ങള്‍ ഓരോ ഫണ്ടിനു നല്‍കിയിരിക്കുന്ന റേറ്റിങ് എന്താണെന്നു മനസിലാക്കണം. ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങുള്ള സ്ഥാപനത്തിന്റെ ബോണ്ട് വേണം തിരഞ്ഞെടുക്കാന്‍.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(ഐഎഫ്‌സിഐ), ശ്രേയ് ഇന്‍ഫ്രസ്ട്രക്ചര്‍ ഫിനാന്‍സ്,റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍(ആര്‍ഇസി), പിടിസി ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (പിഎഫ്എസ്), എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി, ഐഡിഎഫ്‌സി എന്നിവയുടെ ബോണ്ടുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്. ഇപ്പോള്‍ ബോണ്ടുമായി വിപണിയിലുള്ള ആര്‍ഇസി, ഐഎഫ്‌സിഐ എന്നിവ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. പിടിസി ഇന്ത്യ സര്‍ക്കാര്‍ പ്രൊമോട്ട് ചെയ്യുന്നതും പൊതു- സ്വകാര്യ പങ്കാളിത്തമുള്ളതുമായ കമ്പനിയാണ്. എല്‍ ആന്‍ഡ് ടിയും ശ്രേയ് ഇന്‍ഫ്രയും സ്വകാര്യ കമ്പനികളുമാണ്. ഇതില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത് ഐഎഫ്‌സിഐ ബോണ്ടിലാണ്. 9.09 മുതല്‍ 9.16 ശതമാനം വരെ. മറ്റുള്ളവര്‍ 8.7 മുതല്‍ 9.15 ശതമാനം വരെയാണ് നല്‍കുന്നത്.

റേറ്റിങ് അടിസ്ഥാനമാക്കിയാല്‍ ഐഡിഎഫ്‌സിയുടെയും നവരത്‌ന കമ്പനിയായ ആര്‍ഇസിയുടെയും ബോണ്ടുകളായിരിക്കും ഏറ്റവും സുരക്ഷിതം. എഎഎ റേറ്റിങ് അഥവാ ട്രിപ്പിള്‍ എ റേറ്റിങ് ആണ് ഈ ബോണ്ടിന് വിവിധ റേറ്റിങ് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ളത്. അതായത് നിശ്ചിതസമയത്ത് നിക്ഷേപവും പലിശയും ഏറ്റവും ഉറപ്പോടെ തിരിച്ചു നല്‍കുമെന്നതാണ് ഈ റേറ്റിങ് ഉറപ്പു നല്‍കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഎഫ്‌സിഐ, പിടിസി, എല്‍ ആന്‍ഡ് ടി, ശ്രേയ് എന്നിവയെക്കെല്ലാം കുറഞ്ഞ റേറ്റിങ്ങാണ് ഉള്ളത്. ഓരോ ബോണ്ടിനെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍പട്ടികയായി കൊടുത്തിരിക്കുന്നു.

Also Read:
ഇന്‍ഫ്ര ബോണ്ട്: ഒരേ സമയം നികുതി ഇളവും ആദായവുംTags: Best Infrastructure Bonds to invest in 2012
»  News in this Section