ബാങ്കുകള്‍ സ്വര്‍ണനിക്ഷേപ പദ്ധതി അവതരിപ്പിക്കും

Posted on: 20 Nov 2012മുംബൈ: ചെറുകിട സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണനിക്ഷേപ പദ്ധതി അവതരിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിനും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വര്‍ണം നേരിട്ടു വാങ്ങുന്നത് വിപണിയിലേക്കുള്ള പണമൊഴുക്ക് തടയുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സ്വര്‍ണത്തിലെ അവധിവ്യാപാരത്തില്‍ നിക്ഷേപിക്കുന്ന ഗോള്‍ഡ് അക്യുമുലേഷന്‍ പ്ലാനിന് (ജിഎപി) തുടക്കമിടാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടത്. റെക്കറിങ് ഡെപ്പോസിറ്റിന്റെ മാതൃകയില്‍ മാസാമാസം നിശ്ചിത തുക നിക്ഷേപകരില്‍ നിന്ന് വാങ്ങി ആ തുകയ്ക്ക് സ്വര്‍ണ അവധി കരാറുകള്‍ വാങ്ങുന്നതാണ് പദ്ധതി. സ്വര്‍ണം നേരിട്ട് സൂക്ഷിക്കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.

ജിഎപി അക്കൗണ്ടിലൂടെ സ്വരൂപിക്കുന്ന സ്വര്‍ണം പണമായോ സ്വര്‍ണനാണയമായോ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതുവഴി വീടുകളില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി വെറുതേ സൂക്ഷിക്കുന്നത് തടയാനാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ. വിപണിയിലേക്കുള്ള പണമൊഴുക്കും കൂടും.

Tags: Banks to offer Gold Accumulation Plan
»  News in this Section